Wednesday, March 11, 2026 Last Updated 14 Min 1 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.36 PM

ലാറ്റിന്‍ അമേരിക്ക ഞെട്ടലില്‍; യു.എസിനെ നേരിടാന്‍ ഒരുക്കം

വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡൂറോയെ യു.എസ്‌. സൈന്യം പിടിച്ചുകൊണ്ടുപോയത്തിന്റെ ആഘാതത്തില്‍ ലാറ്റിനമേരിക്കന്‍ രാജ്യങ്ങള്‍. ആദ്യം പതറിയ നേതാക്കള്‍ ഇപ്പോള്‍ വെല്ലുവിളികള്‍ നേരിടാനുള്ള ഒരുക്കത്തിലാണ്‌. കൊളംബിയ, ക്യൂബ, മെക്‌സിക്കോ എന്നീ രാജ്യങ്ങളിലെ ഭരണകൂടങ്ങള്‍ 'ശരിയായ പാതയിലേക്ക്‌ വരാന്‍' യു.എസ്‌. പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ ആവശ്യപ്പെട്ടതിനെ ഒരു മുന്നറിയിപ്പായാണ്‌ അവര്‍ കരുതുന്നത്‌. മയക്കുമരുന്ന്‌ കടത്ത്‌ തടയുകയും അമേരിക്കന്‍ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുകയും ചെയ്യുക എന്നതാണു തന്റെ ലക്ഷ്യമെന്നാണു ട്രംപിന്റെ നിലപാട്‌. ഈ പ്രസ്‌താവനകള്‍ ലാറ്റിന്‍ അമേരിക്കയിലെ അമേരിക്കന്‍ ഇടപെടലിനെക്കുറിച്ചുള്ള പഴയ സംഘര്‍ഷങ്ങള്‍ വീണ്ടും ഉണര്‍ത്തുന്നു. ട്രംപ്‌ ലക്ഷ്യമിടുന്ന പല രാജ്യങ്ങളിലെയും ഭരണകൂടങ്ങള്‍ക്ക്‌ വാഷിങ്‌്ടണിന്റെ ഇടപെടലില്‍ വലിയ താല്‍പ്പര്യമില്ല. പക്ഷേ, അമേരിക്കന്‍ സൈന്യത്തെ നേരിടാന്‍ അവര്‍ക്കുകഴിവില്ലെന്നത്‌ മറ്റൊരു കാര്യം. എങ്കിലും വെനസ്വേലയിലേതുപോലെ മണിക്കൂറുകള്‍ക്കുള്ളില്‍ അമേരിക്കയ്‌ക്ക് കീഴടങ്ങരുതെന്നു മറ്റു രാജ്യങ്ങള്‍ക്കു നിര്‍ബന്ധമുണ്ട്‌.
ലാറ്റിന്‍ അമേരിക്കയുടെ
സൈനിക ശേഷി

ലോകത്തിലെ ഏറ്റവും ശക്‌തമായ സൈന്യം അമേരിക്കയുടേതാണ്‌. ലോകത്തിലെ ഏറ്റവും വലിയ 10 സൈനികശക്‌തികളുടെ മൊത്തം ബജറ്റിനേക്കാള്‍ കൂടുതലാണ്‌ അമേരിക്ക പ്രതിരോധത്തിനായി ചെലവഴിക്കുന്നത്‌. 2025ല്‍ അമേരിക്കയുടെ പ്രതിരോധ ബഡ്‌ജറ്റ്‌ 89,500 കോടി ഡോളറായിരുന്നു, ഇത്‌ അവരുടെ മൊത്ത ആഭ്യന്തര ഉത്‌പാദനത്തിന്റെ ഏകദേശം 3.1 ശതമാനമാണത്‌. 2025ലെ ഗേ്ലാബല്‍ ഫയര്‍പവര്‍ റാങ്കിങ്‌ അനുസരിച്ച്‌, ലാറ്റിന്‍ അമേരിക്കയിലെ ഏറ്റവും ശക്‌തമായ സൈന്യം ബ്രസീലിന്റേതാണ്‌, ലോക റാങ്കിങ്ങില്‍ അവര്‍ 11-ാം സ്‌ഥാനത്താണ്‌.
മെക്‌സിക്കോ ലോക റാങ്കിങ്ങില്‍ 32-ാം സ്‌ഥാനത്തും, കൊളംബിയ 46-ാം സ്‌ഥാനത്തും, വെനസ്വേല 50-ാം സ്‌ഥാനത്തും, ക്യൂബ 67-ാം സ്‌ഥാനത്തുമാണ്‌. സജീവ സൈനികരുടെ എണ്ണം, സൈനിക വിമാനങ്ങള്‍, യുദ്ധ ടാങ്കുകള്‍, നാവിക സേന, സൈനിക ബജറ്റ്‌ എന്നിവയുള്‍പ്പെടെയുള്ള എല്ലാ മാനദണ്ഡങ്ങളിലും ഈ രാജ്യങ്ങളെല്ലാം അമേരിക്കന്‍ സൈന്യത്തേക്കാള്‍ വളരെ പിന്നിലാണ്‌.
ടാങ്കുകള്‍, വിമാനങ്ങള്‍, നാവിക ശക്‌തി എന്നിവ ഉള്‍പ്പെടുന്ന ഒരു സാധാരണ യുദ്ധത്തില്‍, അമേരിക്കയ്‌ക്ക് അമിതമായ മേല്‍ക്കൈയുണ്ട്‌.
ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്ക്‌ അമേരിക്കയേക്കാള്‍ മേല്‍ക്കൈയുള്ള ഒരേയൊരു ശ്രദ്ധേയമായ മാനദണ്ഡം അവരുടെ പാരാമിലിട്ടറി സേനകളാണ്‌. ഇവ സാധാരണ സൈന്യത്തോടൊപ്പം പ്രവര്‍ത്തിക്കുകയും, പലപ്പോഴും പരമ്പരാഗത സൈനിക തന്ത്രങ്ങള്‍ക്കെതിരേ അപ്രതീക്ഷിത യുദ്ധതന്ത്രങ്ങളും അസാധാരണമായ രീതികളും ഉപയോഗിക്കുകയും ചെയ്യുന്നു.

ലാറ്റിന്‍ അമേരിക്കയിലെ പാരാമിലിട്ടറി വിഭാഗം

പല ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങള്‍ക്കും ദീര്‍ഘകാലമായി പാരാമിലിട്ടറി, അനധികൃത സായുധ ഗ്രൂപ്പുകളുടെ ചരിത്രമുണ്ട്‌. അവര്‍ പലപ്പോഴും ആ രാജ്യങ്ങളിലെ ആഭ്യന്തര സുരക്ഷയില്‍ ഒരു പങ്കുവഹിച്ചിട്ടുണ്ട്‌. ഈ ഗ്രൂപ്പുകള്‍ സാധാരണയായി ആയുധധാരികളും സംഘടിതരുമായിരിക്കും, രാഷ്‌ട്രീയ സ്വാധീനവും ഉണ്ടായിരിക്കും. എന്നാല്‍, സാധാരണ സൈനിക നേതൃത്വത്തിനു പുറത്താണ്‌ ഇവ പ്രവര്‍ത്തിക്കുന്നത്‌.
ഗേ്ലാബല്‍ ഫയര്‍പവര്‍ റിപ്പോര്‍ട്ട്‌ അനുസരിച്ച്‌, ലോകത്തിലെ മൂന്നാമത്തെ വലിയ പാരാമിലിട്ടറി സേന ക്യൂബയിലാണ്‌, ഇതില്‍ 11.4 ലക്ഷത്തിലധികം അംഗങ്ങളുണ്ട്‌. ഈ ഗ്രൂപ്പുകളില്‍ രാജ്യത്തിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലുള്ള സായുധ സംഘങ്ങളും പ്രതിരോധ കമ്മിറ്റികളും ഉള്‍പ്പെടുന്നു. ഇവ ബാഹ്യ ഭീഷണിയെ നേരിടാനോ ആഭ്യന്തര പ്രതിസന്ധികളില്‍ സഹായിക്കാനോ ഉള്ള ഒരു സിവില്‍ റിസര്‍വ്‌ ആയി പ്രവര്‍ത്തിക്കുന്നു.
വെനസ്വേലയില്‍, 'കൂട്ടക്കൊലയാളികള്‍' എന്നറിയപ്പെടുന്ന ഭരണകൂടത്തെ പിന്തുണയ്‌ക്കുന്ന സായുധ സിവില്‍ ഗ്രൂപ്പുകള്‍ രാഷ്‌ട്രീയ നിയന്ത്രണം നടപ്പിലാക്കുകയും എതിരാളികളെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നതായി ആരോപണങ്ങളുണ്ട്‌. ഔദ്യോഗികമായി സൈന്യത്തിന്റെ ഭാഗമല്ലെങ്കിലും, പ്രത്യേകിച്ച്‌ മഡൂറോയുടെ ഭരണത്തിന്‍ കീഴിലുള്ള അസ്വസ്‌ഥതാ കാലഘട്ടങ്ങളില്‍, അവര്‍ക്കു ഭരണകൂട പിന്തുണ ലഭിച്ചു.
കൊളംബിയയില്‍, 1980കളില്‍ ഇടത്‌ പക്ഷ വിമതരെ നേരിടാന്‍ വലതുപക്ഷ പാരാമിലിട്ടറി ഗ്രൂപ്പുകള്‍ ഉയര്‍ന്നുവന്നു. 2000ന്റെ മധ്യത്തില്‍ ഔദ്യോഗികമായി പിരിച്ചുവിട്ടെങ്കിലും, പലരും പിന്നീട്‌ ക്രിമിനല്‍ സംഘടനകളായി പുനര്‍ജനിച്ചു, ഗ്രാമപ്രദേശങ്ങളില്‍ സജീവമായി തുടര്‍ന്നു. ആദ്യകാല ഗ്രൂപ്പുകള്‍ ശീതയുദ്ധ കാലഘട്ടത്തില്‍ അമേരിക്കന്‍ കൗണ്ടര്‍ ഇന്‍സര്‍ജന്‍സി ഉപദേശകരുടെ മാര്‍ഗനിര്‍ദേശത്തില്‍ കൊളംബിയന്‍ സൈന്യത്തിന്റെ സഹായത്തോടെ സംഘടിപ്പിക്കപ്പെട്ടവയായിരുന്നു.
മെക്‌സിക്കോയില്‍, മയക്കുമരുന്ന്‌ സംഘങ്ങള്‍ ശക്‌തമായ ആയുധങ്ങളോടെ പ്രവര്‍ത്തിക്കുന്നതിനാല്‍ അവ യഥാര്‍ത്ഥത്തില്‍ പാരാമിലിട്ടറി സേനകളായി പ്രവര്‍ത്തിക്കുന്നു. യഥാര്‍ത്ഥത്തില്‍ മുന്‍ സൈനികര്‍ രൂപീകരിച്ച സെറ്റാസ്‌ പോലുള്ള ഗ്രൂപ്പുകള്‍ സൈനിക നിലവാരമുള്ള ആയുധങ്ങള്‍ കൈവശംവയ്‌ക്കുകയും പ്രാദേശിക പോലീസിനെ പലപ്പോഴും തോല്‍പ്പിക്കുകയും ചെയ്യാറുണ്ട്‌. പ്രദേശിക ഭരണകൂടത്തെ വെല്ലുവിളിച്ച്‌ അവര്‍ ചില പ്രദേശങ്ങള്‍ നിയന്ത്രിക്കുകയും ചെയ്യുന്നു. മെക്‌സിക്കന്‍ സൈന്യം ക്രമസമാധാന പരിപാലനത്തിലാണ്‌ ഇപ്പോള്‍ കൂടുതല്‍ ശ്രദ്ധിക്കുന്നത്‌.

ലാറ്റിന്‍ അമേരിക്കയിലെ അമേരിക്കന്‍ ഇടപെടല്‍

കഴിഞ്ഞ രണ്ട്‌ നൂറ്റാണ്ടുകളായി, അമേരിക്ക ലാറ്റിന്‍ അമേരിക്കയില്‍ ആവര്‍ത്തിച്ച്‌ ഇടപെട്ടിട്ടുണ്ട്‌.
19-ാം നൂറ്റാണ്ടിന്റെ അവസാനത്തിലും 20-ാം നൂറ്റാണ്ടിന്റെ തുടക്കത്തിലും, 'ബനാന യുദ്ധങ്ങള്‍' എന്നറിയപ്പെട്ട കാലഘട്ടത്തില്‍, കോര്‍പ്പറേറ്റ്‌ താല്‍പ്പര്യങ്ങളെ സംരക്ഷിക്കാന്‍ അമേരിക്കന്‍ സേനയെ മധ്യ അമേരിക്കയിലുടനീളം വിന്യസിച്ചു.
1934ല്‍, പ്രസിഡന്റ്‌ ഫ്രാങ്ക്‌ളിന്‍ റൂസ്‌വെല്‍റ്റ്‌ ആ നയത്തില്‍ മാറ്റം കൊണ്ടുവന്നു. അയല്‍ക്കാരുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടില്ലെന്ന നിലപാടായിരുന്നു അതില്‍ പ്രധാനം.
എന്നിരുന്നാലും, ശീതയുദ്ധ കാലഘട്ടത്തില്‍, തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരുകളെ അട്ടിമറിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക്‌ അമേരിക്ക ധനസഹായം നല്‍കി, പലപ്പോഴും 1947ല്‍ സ്‌ഥാപിതമായ സി.ഐ.എ. ആണ്‌ ഇവ ഏകോപിപ്പിച്ചത്‌.
1989ല്‍ പ്രസിഡന്റ്‌ ജോര്‍ജ്‌ എച്ച്‌.ഡബ്ലൂ. ബുഷിന്റെ കീഴില്‍ പനാമ പ്രസിഡന്റ്‌ മാനുവേല്‍ നോറിയേഗയെ പുറത്താക്കി അമേരിക്ക നയവ്യതിചലനം പരസ്യമാക്കി. നോറിയേഗ പിന്നീട്‌ മയക്കുമരുന്ന്‌ കടത്ത്‌ ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ക്ക്‌ ശിക്ഷിക്കപ്പെട്ടു.

Ads by Google
Sunday 11 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW