-->
ശബരിമല സ്വര്‍ണക്കൊള്ള കേസിലെ വഴിത്തിരിവുകള്‍ ഭക്‌തസമൂഹത്തെ ആശങ്കപ്പെടുത്തുന്ന വിധം ശക്‌തമായിരിക്കുന്നു. തന്ത്രി കണ്‌ഠരര്‍ രാജീവരരുടെ അറസ്‌റ്റ് ഏറെ നിര്‍ണായകമാണ്. ക്ഷേത്ര മൂര്‍ത്തിയുടെ പിതൃസ്‌ഥാനീയെന്‍ എന്ന് വിശ്വാസികള്‍ കരുതുന്ന തന്ത്രി തന്നെ ഇത്തരത്തില്‍ ഒരു കേസില്‍ അറസ്‌റ്റിലായതോടെ ഇനി ആരെല്ലാം അകത്താകുമെന്ന ആകാംക്ഷ വര്‍ധിച്ചു. കൂടാതെ, സംസ്‌ഥാനത്ത് രാഷ്‌ട്രീയ വിവാദത്തിന് ചൂട് വര്‍ധിക്കാനും തന്ത്രിയുടെ അറസ്‌റ്റ് കാരണമായിട്ടുണ്ട്.
ശ്രീകോവിലിന്റെ കട്ടിള പാളിയില്‍ നിന്നും സ്വര്‍ണം കവര്‍ന്ന കേസില്‍ പതിമൂന്നാം പ്രതിയായാണ് ചെങ്ങന്നൂര്‍ താഴമണ്‍ മഠത്തിലെ തന്ത്രി കണ്‌ഠരര്‍ രാജീവരെ പ്രത്യേക അന്വേഷണസംഘം (എസ്.ഐ.ടി ) അറസ്‌റ്റ് ചെയ്‌തത്. ആചാരലംഘനത്തിനു രാജീവര്‍ കൂട്ടുനിന്നെന്നും പ്രധാന പ്രതിയായ ഉണ്ണികൃഷ്‌ണന്‍ പോറ്റിക്ക് സ്വര്‍ണമുള്ള കട്ടിളപ്പാളികള്‍ കൈമാറിയത് താന്ത്രിക വിധികള്‍ പാലിക്കാതെയാണെന്നുമാണ് റിമാന്‍ഡ് റിപ്പോര്‍ട്ട്. നേരത്തേ തന്നെ കേസില്‍ പ്രതികളാക്കപ്പെട്ട ഉണ്ണികൃഷ്‌ണന്‍ പോറ്റിയുടേയും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് എ. പത്മകുമാറിന്റെയും മൊഴികളാണ് തന്ത്രിക്ക് കുരുക്ക് ആയത്. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങള്‍ക്കും തന്ത്രിയുടെ അനുമതി ആവശ്യമാണ്. എന്നാല്‍ , തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം സംശയാസ്‌പദമാണെന്നാണ് എസ്. ഐ.ടി റിപ്പോര്‍ട്ട്.
ശബരിമലയിലെ പ്രധാന ആചാരങ്ങളും കര്‍മ്മങ്ങളും നിര്‍വഹിക്കാനുള്ള അധികാരം താഴമണ്‍ തന്ത്രി കുടുംബത്തിനാണ്. 1902 ലും 1950 ലും ശബരിമല ക്ഷേത്രം അഗ്നിക്കിരയായപ്പോള്‍ താഴമണ്‍ തന്ത്രിമാരാണ് പുനപ്രതിഷ്‌ഠ നടത്തിയത്. ഇതോടെയാണ് ശബരിമലയിലെ താന്ത്രിക അവകാശം താഴമണ്‍ കുടുംബത്തിന് ഉറപ്പിക്കപ്പെടുന്നതെന്നാണ് ചരിത്ര റിപ്പോര്‍ട്ടുകള്‍. അയ്യപ്പ ഭക്‌തരുടെ മനസുകളില്‍ അത്രയേറെ സ്‌ഥാനമുള്ള തന്ത്രി കുടുംബാംഗങ്ങള്‍ കേസുകളില്‍ പ്രതിയാക്കപ്പെടുന്നത് ഇതാദ്യമല്ല. കേസില്‍പെട്ട് സ്‌ഥാനനഷ്‌ടം വരെ ഉണ്ടായിട്ടുണ്ട്. അയ്യപ്പക്ഷേത്രത്തിന്റെ വിശുദ്ധി കാത്തുസൂക്ഷിക്കാന്‍ പ്രതിജ്‌ഞാബദ്ധരാണ് തന്ത്രിമാരെന്നിരിക്കേ അതില്‍ വീഴ്‌ച ഉണ്ടായിരിക്കുന്നു എന്നാണ് തുടര്‍ വിവാദങ്ങളും അറസ്‌റ്റും വ്യക്‌തമാക്കുന്നത്. ശബരിമല ഉള്‍പ്പെടെ ദേവാലയങ്ങളുടെ ഭരണതലത്തിലും ആചാരാനുഷ്‌ഠാനങ്ങളിലും വീഴ്‌ച ഉണ്ടാകുന്നത് അത്യന്തം ഗൗരവമേറിയ കാര്യമാണ്. ആളുകളുടെ വിശ്വാസത്തെ ചൂഷണം ചെയ്യുന്നവര്‍ക്ക് കൃത്യമായ ഒരു പാഠമായി സ്വര്‍ണക്കൊള്ള കേസിന് മാറ്റാന്‍ അന്വേഷണ ഉദ്യോഗസ്‌ഥര്‍ക്ക് കഴിയണം.
തന്ത്രിയ പൂട്ടിയത് മന്ത്രിയെ രക്ഷിക്കാന്‍ ആണെന്ന തരത്തിലുള്ള ആരോപണം നിയമസഭാ തെരഞ്ഞെടുപ്പിന് ഒരുങ്ങുന്ന കേരള രാഷ്‌ട്രീയത്തെ നിയന്ത്രിക്കാന്‍ ശക്‌തമായ വിധം ഉയര്‍ന്നു കഴിഞ്ഞു. ഭരണത്തണലില്‍ ആരെയെങ്കിലും രക്ഷിക്കാന്‍ ശ്രമം നടക്കുന്നുണ്ടെങ്കില്‍ അത് ഭക്‌ത സമൂഹം ഒരിക്കലും പൊറുക്കില്ല. രാഷ്‌ട്രീയനേട്ടത്തിന് വേണ്ടിയുള്ള കളികള്‍ കേസില്‍ ഉണ്ടാകുന്നുണ്ടോയെന്ന് ജനങ്ങള്‍ സാകൂതം ശ്രദ്ധിക്കുന്ന കാര്യമാണ്. സംസ്‌ഥാന ഭരണത്തിന് നേതൃത്വം നല്‍കുന്ന സി.പി.എമ്മിന്റെ രണ്ടു പ്രമുഖ നേതാക്കള്‍ ജയിലില്‍ ആയതിനുശേഷമാണ് തന്ത്രിയുടെ അറസ്‌റ്റ് ഉണ്ടായത്. നേതാക്കളുടെയും തന്ത്രിയുടെയും അറസ്‌റ്റിനോട് വ്യത്യസ്‌ത പ്രതികരണമാണ് രാഷ്‌ട്രീയപാര്‍ട്ടികളിലടക്കം കാണാനാകുന്നത്. നേതാക്കളുടെ അറസ്‌റ്റില്‍ പ്രതിരോധത്തിലായ സി.പി.എമ്മിന്റെ അണികള്‍ തന്ത്രിയുടെ അറസ്‌റ്റില്‍ സാമൂഹിക മാധ്യമങ്ങളിലൂടെ വലിയ ആഘോഷമാണ് നടത്തുന്നത്. എന്നാല്‍, നേതാക്കളുടെ പ്രതികരണത്തില്‍ മിതത്വം പ്രകടം. കേസില്‍ വമ്പന്‍ സ്രാവുകള്‍ ഇനിയും കുടുങ്ങാന്‍ ഉണ്ടെന്നും മന്ത്രിമാര്‍ അറിയാതെ യാതൊന്നും നടക്കില്ലെന്നുമാണ് കോണ്‍ഗ്രസ് നിലപാട്. സ്വര്‍ണക്കൊള്ളയില്‍ ഇനിയും ശക്‌തന്മാര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് തന്നെയാണ് ഭക്‌തരും കരുതുന്നത്. അവര്‍ ആരെല്ലാം എന്നതിന് അന്വേഷണ സംഘമാണ് ഉത്തരം നല്‍കേണ്ടത്.
ശബരിമലമായി ബന്ധപ്പെട്ട വിവാദങ്ങള്‍ കത്തി നില്‍ക്കുമ്പോഴും ഇത്തവണയും അയ്യപ്പനെ തൊഴാനുള്ള ഭക്‌തജനങ്ങളുടെ ഒഴുക്ക് വര്‍ധിച്ചിട്ടേ ഉള്ളൂ. ഭക്‌തജനങ്ങള്‍ കാണിക്കയായി നല്‍കിയ ഭഗവാന്റെ സ്വത്ത് മോഷ്‌ടിച്ചവര്‍ ആരായാലും ശിക്ഷിക്കപ്പെടണമെന്ന പ്രാര്‍ത്ഥനയാണ് എല്ലാവര്‍ക്കും. തെറ്റുകാര്‍ ആരായാലും ഒരാളും നിയമത്തിന് അതീതരല്ലെന്നും അങ്ങനെയുള്ളവര്‍ ശിക്ഷിക്കപ്പെടുമെന്നും ഭക്‌തര്‍ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.