-->
തിരുവനന്തപുരം: രാഹുല്‍ മാങ്കൂട്ടത്തില്‍ എം.എല്‍.എയ്‌ക്കെതിരേ തിരുവല്ല സ്വദേശിനി മുഖ്യമന്ത്രിക്കു നല്‍കിയ പരാതിയിലും അന്വേഷണസംഘത്തിനു നല്‍കിയ മൊഴിയിലും വിവരിക്കുന്നത് താന്‍ നേരിടേണ്ടിവന്ന ക്രൂരപീഡനവും വഞ്ചനയും. ആദ്യകൂടിക്കാഴ്‌ചയില്‍ത്തന്നെ അതിക്രൂരമായി മര്‍ദിച്ചെന്നും ബലാത്സംഗം ചെയ്‌തെന്നും പരാതിയില്‍ പറയുന്നു.
വിവാഹബന്ധത്തില്‍ പ്രശ്‌നങ്ങള്‍ നേരിട്ട സമയത്താണ് രാഹുലിനെ പരിചയപ്പെട്ടത്. പ്രണയത്തിലായതോടെ വിവാഹബന്ധം വേര്‍പെടുത്താന്‍ രാഹുല്‍ ആവശ്യപ്പെട്ടെന്നും യുവതി മൊഴി നല്‍കി. ബന്ധം നിലനിര്‍ത്താനും വിവാഹം കഴിക്കാനും കുഞ്ഞ് വേണമെന്നു വിശ്വസിപ്പിച്ചു. തുടര്‍ന്ന്, തിരുവല്ലയിലെ ഹോട്ടലിന്റെ പേര് നിര്‍ദേശിച്ച് മുറി ബുക്ക് ചെയ്യാന്‍ ആവശ്യപ്പെട്ടു. മുറിയിലെത്തിയയുടന്‍ സംസാരിക്കാന്‍പോലും തയാറാകാതെ ശാരീരികമായി കടന്നാക്രമിച്ചെന്നും ബലാത്സംഗം ചെയ്‌തെന്നും മൊഴിയില്‍ പറയുന്നു.
ഗര്‍ഭത്തിന്റെ ഉത്തരവാദിത്വത്തില്‍നിന്ന് ഒഴിയാന്‍ രാഹുല്‍ പിന്നീട് ശ്രമിച്ചതായും മറ്റാരുടെയെങ്കിലും കുഞ്ഞാകാമെന്നു പറഞ്ഞ് അധിക്ഷേപിച്ചതായും യുവതി ആരോപിച്ചു. ഡി.എന്‍.എ. പരിശോധനയ്‌ക്കു യുവതി തയാറായെങ്കിലും രാഹുല്‍ സഹകരിച്ചില്ല. ഗര്‍ഭഛിദ്രത്തിനു സമ്മര്‍ദം ചെലുത്തിയതായും യുവതി അന്വേഷണസംഘത്തെ അറിയിച്ചു. രാഹുല്‍ പലപ്പോഴായി ഭീഷണിപ്പെടുത്തി പണം കൈക്കലാക്കിയെന്നും യുവതി ആരോപിക്കുന്നു.
ചെരുപ്പ് വാങ്ങാനെന്ന പേരില്‍ 10,000 രൂപ വാങ്ങി. ആഡംബര വാച്ചും സൗന്ദര്യവര്‍ധകവസ്‌തുക്കളും വാങ്ങിപ്പിച്ചു. പീഡനവിവരം പുറത്തുപറഞ്ഞാല്‍ സഹോദരിയുടെ വിവാഹം മുടക്കുമെന്നു ഭീഷണിപ്പെടുത്തി. പീഡനവിവരം യൂത്ത് കോണ്‍ഗ്രസ് നേതാവ് ഫെനി നൈനാനും അറിയാമായിരുന്നെന്നാണ് യുവതിയുടെ മൊഴി. ലോക്‌സഭാ തെരഞ്ഞെടുപ്പുകാലത്ത് വടകരയിലേക്കു വരാന്‍ പലവട്ടം ആവശ്യപ്പെട്ടു. പാലക്കാട് ഉപതെരഞ്ഞെടുപ്പിനുശേഷം വീണ്ടും ബന്ധം സ്‌ഥാപിക്കാന്‍ ശ്രമിച്ചു. പാലക്കാട് ഫ്‌ളാറ്റ് വാങ്ങി ഒന്നിച്ചു ജീവിക്കാമെന്നു പറഞ്ഞെങ്കിലും നടന്നില്ലെന്നു യുവതിയുടെ മൊഴിയിലുണ്ട്.
സുനില്‍ ജെ. സണ്ണി