Saturday, March 14, 2026 Last Updated 20 Min 17 Sec ago English Edition
Todays E paper
Ads by Google
Sunday 11 Jan 2026 11.26 AM

മണ്ണിനടിയിലെ എഞ്ചിനീയര്‍! മറ്റുജീവജാലങ്ങള്‍ക്കും വാസസ്ഥലം ഒരുക്കും ഈ ആമകള്‍

gopher, tortoise, life

ഗോഫര്‍ മരത്തെക്കുറിച്ച് കേട്ടിട്ടുണ്ടെങ്കിലും ഗോഫര്‍ ആമകളെകുറിച്ച് അധികമാരും കേട്ടിട്ടുണ്ടാവില്ല. യുഎസിലെ പൈന്‍ കാടുകളും കുറ്റിക്കാടുകളും നിറഞ്ഞ മണല്‍പ്രദേശങ്ങളില്‍ കാണപ്പെടുന്ന ഒരു സവിശേഷ ആമയാണു ഗോഫര്‍. പ്രത്യേക ആകൃതിയിലുള്ള പുറന്തോടാണ് ഇവയുടെ പ്രത്യേകത. 15 ഇഞ്ച് വരെ നീളം വയ്ക്കുന്ന ഈ പുറന്തോടിനൊപ്പം മണ്ണുമാന്താന്‍ പാകത്തിലുള്ള, മണ്‍കോരിയുടെ രൂപത്തിലുള്ള കരുത്തുറ്റ മുന്‍കാലുകളും ഇവയ്ക്കുണ്ട്. ഗോഫര്‍ ആമകളെ സംബന്ധിച്ച ഏറ്റവും പ്രധാനപ്പെട്ട കാര്യം അവ നിര്‍മിക്കുന്ന മാളങ്ങളാണ്. മുന്‍കാലുകള്‍ ഉപയോഗിച്ച് കുഴിക്കുന്ന ഈ മാളങ്ങള്‍ക്ക് മണ്ണിന്റെ ഘടനയും ആമയുടെ വലുപ്പവും അനുസരിച്ച് 40 അടി വരെ നീളവും 10 അടി വരെ ആഴവുമുണ്ടാകാം.

ആമയ്ക്ക് എളുപ്പം കടന്നുപോകാന്‍ പാകത്തില്‍ അര്‍ധചന്ദ്രാകൃതിയിലാണ് മാളങ്ങളുടെ പ്രവേശനകവാടം. കടുത്ത ചൂടില്‍നിന്നും തണുപ്പില്‍നിന്നും ഇരപിടിയന്മാരില്‍നിന്നും കാട്ടുതീയില്‍നിന്നും ഈ മാളങ്ങള്‍ ആമകള്‍ക്ക് സുരക്ഷ നല്‍കും. വേനല്‍ക്കാലത്തോ ശൈത്യകാലത്തോ ഭൂമിക്കടിയിലേക്ക് പിന്‍വാങ്ങി ശരീരത്തിലെ താപനില ക്രമീകരിക്കാനും ഇവയ്ക്ക് സാധിക്കുന്നു. ഒരൊറ്റ ആമ അതിന്റെ അധീനപ്രദേശത്ത് ഒന്നിലധികം മാളങ്ങള്‍ നിര്‍മിച്ച് പരിപാലിക്കാറുണ്ട്.മാളങ്ങള്‍ മറ്റു നിരവധി ജീവികള്‍ക്കും വാസസ്ഥലം ഒരുക്കുന്നു. തവളകള്‍, പാമ്പുകള്‍, മുയലുകള്‍ എന്നിവയുള്‍പ്പെടെ 350ല്‍ അധികം ജീവിവര്‍ഗങ്ങള്‍ ഈ മാളങ്ങളില്‍ താമസിക്കാറുണ്ട്. ഇക്കാരണത്താല്‍ ഗോഫര്‍ ആമകളെ 'ആവാസവ്യവസ്ഥയുടെ എന്‍ജിനീയര്‍' എന്നും വിശേഷിപ്പിക്കാറുണ്ട്.

ഈ മാളങ്ങള്‍ക്കുള്ളിലെ ഈര്‍പ്പവും താപനിലയും ഇന്‍ഡിഗോ പാമ്പ്, ഗോഫര്‍ തവള തുടങ്ങിയ ജീവികളുടെ പ്രജനനത്തിനും നിലനില്‍പ്പിനും ആവശ്യമാണ്. ആമകള്‍ മണ്ണ് കുഴിക്കുന്നതിലൂടെ മണ്ണിന്റെ ഉറപ്പ് കുറയുകയും പോഷക ചംക്രമണം മെച്ചപ്പെടുകയും ചെയ്യും. ഈ മാളങ്ങളില്ലെങ്കില്‍, ആശ്രിത ജീവികളില്‍ പലതിനും മേഖലയിലെ കഠിനമായ പരിസ്ഥിതി അതിജീവിക്കാന്‍ കഴിയില്ല. ഒറ്റയ്ക്ക് ജീവിക്കുന്ന സ്വഭാവമാണ് ഗോഫര്‍ ആമകള്‍ക്ക്. പ്രായപൂര്‍ത്തിയായ ആണ്‍ ആമകള്‍ കൂടുതല്‍ ആഴമുള്ള മാളങ്ങള്‍ നിര്‍മിക്കും. പെണ്‍ ആമകള്‍ മുട്ടയിടാന്‍ സൗകര്യപ്രദമായ, ആഴം കുറഞ്ഞ മാളങ്ങളാണുണ്ടാക്കുന്നത്. വസന്തകാലത്തെ പ്രജനനകാലത്ത് മാളത്തിന്റെ പ്രവേശന കവാടത്തിനടുത്തുള്ള മണല്‍ത്തിട്ടകളില്‍ ഇവ മുട്ടയിടും. സൂര്യരശ്മിയേറ്റ് 80100 ദിവസങ്ങള്‍ക്കുള്ളില്‍ മുട്ടകള്‍ വിരിയും.

മാളങ്ങള്‍ വൃത്തിയായി സൂക്ഷിക്കുന്നതില്‍ ഗോഫര്‍ ആമകള്‍ അതീവ ശ്രദ്ധാലുക്കളാണ്. മാലിന്യങ്ങള്‍ സ്ഥിരമായി നീക്കം ചെയ്യുകയും തുരങ്കങ്ങള്‍ വികസിപ്പിക്കുകയും ചെയ്തുകൊണ്ടിരിക്കും. എന്നാല്‍, മനുഷ്യന്റെ ഇടപെടല്‍ മൂലമോ ചുറ്റുമുള്ള സസ്യങ്ങള്‍ ഇടതൂര്‍ന്ന് വളര്‍ന്നാലോ ഇവ മാളങ്ങള്‍ ഉപേക്ഷിച്ച് പുതിയ സ്ഥലം തേടിപ്പോകും. പുല്ലുകളും പയര്‍വര്‍ഗങ്ങളും പഴങ്ങളും ഭക്ഷിക്കുന്ന ഈ സസ്യാഹാരികള്‍, വിത്തുവിതരണത്തിലും സസ്യവൈവിധ്യം നിലനിര്‍ത്തുന്നതിലും നിര്‍ണായക പങ്കുവഹിക്കുന്നു. 60 വര്‍ഷത്തിലേറെ കാട്ടില്‍ ജീവിക്കാന്‍ കഴിവുള്ള ഗോഫര്‍ ആമകള്‍ 1015 വയസ്സിലാണ് പ്രായപൂര്‍ത്തിയാകുന്നത്. ആവാസവ്യവസ്ഥയുടെ നാശം കാരണം ഇവയുടെ എണ്ണം ഗണ്യമായി കുറഞ്ഞതിനാല്‍ പലയിടങ്ങളിലും ഇവ ഫെഡറല്‍ നിയമപ്രകാരം സംരക്ഷിക്കപ്പെട്ട ജീവിവര്‍ഗമാണ്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW