-->
വ്യത്യസ്തമായ പ്രേമേയങ്ങൾ കൊണ്ട് വെള്ളിത്തിരയ്ക്ക് മികച്ച സിനിമകൾ സമ്മാനിച്ച സംവിധായകനാണ് വിനയൻ. സാധാരണക്കാരുടെ കഥകൾ അതിസാധാ രണമായി പറഞ്ഞ വിനയന്റെ മിക്ക സിനിമകളും പ്രേക്ഷകർ ഹൃദയത്തോട് ചേർത്തു നിർത്തുന്നതാണ്.
വിനയന്റെ ഒട്ടു മിക്ക സിനിമകളിലും വലുതും ചെറുതുമായ റോളുകളിൽ അഭിനയിച്ചിട്ടുള്ള നടനാണ് കലാഭവന്‍ മണി. 12 സിനിമകളിലധികം ഇരുവരും ഒന്നിച്ചു പ്രവർത്തിച്ചിട്ടുണ്ട്. കലാഭവൻ മണിക്ക് അഭിനയ സാധ്യതയുള്ള മികച്ച കഥാപാത്രങ്ങൾ വിനയന്റെ സംവിധാനത്തിലാണ് പ്രേക്ഷകർ കണ്ടിട്ടുള്ളത്.
ഇപ്പോഴിതാ കലാഭവൻ മണിയെയും തമിഴ് താരം വിക്രത്തിനെയും താരതമ്യപെടുത്തുന്ന വിനയന്റെ ഒരു ഫേസ്ബുക്ക് കുറിപ്പ് ചലച്ചിത്രലോകത്തും സോഷ്യൽ മീഡിയയിലും പുതിയ ചർച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.
കാശി സിനിമയുടെ സെറ്റില്‍ വിക്രമിനൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിനയൻ തന്റെ ഓർമ്മകള്‍ കുറിച്ചത്.
"തമിഴ് ചിത്രം 'കാശി' യുടെ സെറ്റിൽ നടൻ വിക്രമിനോടൊപ്പം..
'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിലെ കലാഭവൻ മണിയുടെ രാമുവിന്റെ മാർക്ക് ഞാൻ വിക്രമിന്റെ കാശിക്കു കൊടുക്കില്ലെങ്കിലും... പ്രതീക്ഷിച്ചതിലും ഭംഗിയായി വിക്രം ആ വേഷം ചെയ്ത് കയ്യടി നേടി തമിഴകത്തിന്റെ താര പദവിയിൽ എത്തി..
മാത്രമല്ല ആ വർഷത്തെ നല്ല നടനുള്ള തമിഴനാട് സ്റ്റേറ്റ് അവാർഡ് വിക്രമിനു കിട്ടി..
അപ്പഴും ഇവിടെ കേരളത്തിൽ കലാഭവൻ മണിയെ ജൂറി പരാമർശത്തിൽ നിർത്തി…" എന്നാണ് ത്രോ ബാക്ക് ചിത്രം പങ്കിട്ട് വിനയൻ കുറിച്ചിരിക്കുന്നത്.
വിനയന്റെ തമിഴിലെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വിക്രം നായകനായ 'കാശി'. കലാഭവൻ മണി നായകനായെത്തിയ 'വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും' എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു ഇത്. റീമേക്ക് ആയിട്ടും കാശിയിലെ അഭിനയത്തിന് വിക്രമിന് ആ വർഷത്തെ തമിഴനാട് സ്റ്റേറ്റ് അവാർഡ് ലഭിച്ചിരുന്നു. പക്ഷേ കേരളത്തില്‍ കലാഭവൻ മണിയ്ക്ക് ജൂറി പരാമർശം മാത്രമാണ് ഉണ്ടായത്. അതിനെ വിമർശിച്ചാണ് വിനയന്റെ ഈ സോഷ്യൽ മീഡിയ കുറിപ്പ്.
കുറിപ്പിന് താഴെ നിരവധി പേര് ഈ വിമർശനത്തെ പിന്തുണച്ച് കമന്റുകൾ കുറിക്കുന്നുണ്ട്. കലാഭവൻ മണി എന്ന അതുല്യ പ്രതിഭയെ മലയാള സിനിമ ലോകം തിരിച്ചറിഞ്ഞിട്ടില്ല എന്നതടക്കമാണ് കമന്റുകൾ.