-->
സ്വര്‍ണത്തിനുമാത്രമല്ല, സകലതിനും പിടിവിട്ട രീതിയിലാണു വിലക്കയറ്റം. സാധാരണക്കാരുടെ കുടുംബ ബജറ്റ് താളംതെറ്റുകയും പ്രതിസന്ധി കനത്ത് ഹോട്ടലുകള്‍ അടക്കം നിരവധി കച്ചവടസ്‌ഥാപനങ്ങള്‍ പൂട്ടേണ്ടിവരുകയും ചെയ്യുന്ന സാഹചര്യമാണു സംസ്‌ഥാനത്തേത്. എന്നാല്‍, നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്കു സര്‍ക്കാരും പ്രതിപക്ഷവും കടന്നതോടെ ഇത്തരം ജനകീയ വിഷയങ്ങള്‍ സകലരും മറന്ന മട്ടാണ്. വിപണിയില്‍ കൃത്യമായി ഇടപെടല്‍ നടത്തി വിലക്കയറ്റം പിടിച്ചുനിര്‍ത്താനായില്ലെങ്കില്‍ ദുരിതക്കയത്തില്‍ നിന്നുകൊണ്ടാകും ജനങ്ങള്‍ വോട്ട് ചെയ്യാന്‍ നിശ്‌ചയിക്കുകയെന്നു സര്‍ക്കാരിനെ ഓര്‍മിപ്പിക്കട്ടെ.
ഉപ്പ് തൊട്ട് കര്‍പ്പൂരം വരെ എന്ന നിലയിലാണ് വിലക്കയറ്റം വ്യാപിക്കുന്നത്. വീട്ടുസാധനങ്ങളുടെ വിലക്കയറ്റവും പാചകവാതകത്തിനുണ്ടായ വിലവര്‍ധനയും ഒരേസമയത്ത് ഭാരമാകുന്നു. വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക വില ഒറ്റയടിക്ക് 111 രൂപയാണ് വര്‍ധിപ്പിച്ചത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ ഒരു തവണ കുറവു വരുത്തിയെങ്കില്‍ നാലു തവണയാണ് പകരംവീട്ടുന്ന തരത്തില്‍ കൂട്ടിയത്. സാധനങ്ങള്‍ക്കൊപ്പം പാചക വാതകത്തിന്റെ വില കൂട്ടിയത് ഹോട്ടല്‍, ബേക്കറി ബിസിനസുകളെ ഏറെ ബാധിച്ചിരിക്കുന്നു. അരിക്കും പലവ്യഞ്‌ജനങ്ങള്‍ക്കും പുറമേ മീന്‍, മുട്ട, ഇറച്ചി എന്നിവയ്‌ക്കും വിലയേറി. നോണ്‍ വെജ് ഹോട്ടലുകളിലെയും തട്ടുകടകളിലെയും മുഖ്യ വിഭവം കോഴി ഇറച്ചി ആയതുകൊണ്ടുതന്നെ ഇറച്ചിക്കോഴി വിലയിലുണ്ടായ മാറ്റം കച്ചവടക്കാര്‍ക്കാകെ തിരിച്ചടിയാണ്. ഒക്‌ടോബര്‍-നവംബര്‍ മാസങ്ങളില്‍ ശരാശരി 140 രൂപയായിരുന്നു വിലയെങ്കില്‍ നിലവില്‍ 40 രൂപയോളം വിലവര്‍ധനയാണ് ഉണ്ടായിരിക്കുന്നത്. വില കൂടിയതോടെ വ്യാപാരം 30 ശതമാനം കുറയുകയും ചെയ്‌തു. ഇത് സംസ്‌ഥാനത്തെ ചിക്കന്‍ ഫാമുകളെയും പ്രതിസന്ധിയിലാക്കി. കോട്ടയം ജില്ലയില്‍മാത്രം പതിനഞ്ചോളം സ്‌ഥാപനങ്ങള്‍ അടച്ചുപൂട്ടിയതായാണ് റിപ്പോര്‍ട്ട്.
വീണ്ടും സംസ്‌ഥാനത്തു പക്ഷിപ്പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതോടെ നാടന്‍ കോഴി വിലയും മുകളിലേക്കുതന്നെ. വിപണിയില്‍ കൃത്രിമ ദൗര്‍ലഭ്യം സൃഷ്‌ടിച്ചു വില കൂട്ടാന്‍ ഇതര സംസ്‌ഥാന ലോബി നീക്കം നടത്തുന്നതായും ആക്ഷേപമുണ്ട്. ഇത്തരം സന്ദര്‍ഭങ്ങളില്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്കു ജാഗ്രതയില്ലെങ്കില്‍ ജനങ്ങള്‍ അനുഭവിക്കുകതന്നെ ചെയ്യേണ്ടിവരും.
വിലക്കയറ്റത്തിനൊപ്പം ഭക്ഷണസാധനങ്ങള്‍ക്കു വില കൂട്ടി വില്‍ക്കുന്ന തന്ത്രമാണ് ഹോട്ടലുകളും റെസ്‌റ്റോറന്റുകളും തട്ടുകടകളും പതിവായി ചെയ്യുന്നത്. ഇത്തവണയും അതേ മാര്‍ഗം പലരും സ്വീകരിച്ചുകഴിഞ്ഞു. ഹോട്ടലുകളിലെ ഭക്ഷണത്തിന്റെ വിലയുടെ കാര്യത്തില്‍ സര്‍ക്കാരുകള്‍ക്കു യാതൊരു നിയന്ത്രണവും കൊണ്ടുവരാന്‍ സാധിച്ചിട്ടില്ല. ഹോട്ടല്‍ ഉടമകള്‍ ആവശ്യപ്പെടുന്ന യാതൊന്നും ചെയ്‌തുകൊടുക്കാന്‍ സര്‍ക്കാരുകള്‍ക്കും കഴിഞ്ഞിട്ടില്ല. ഈയൊരു വിലവര്‍ധനയെക്കുറിച്ച് ചോദിക്കുമ്പോള്‍ സാധനങ്ങളുടെ വിലക്കയറ്റത്തിനൊപ്പം ജോലിക്കാരുടെ കൂലി, കെട്ടിടവാടക എന്നിങ്ങനെ നിരവധി 'തലവേദന'കളാണ് കച്ചവടക്കാന്‍ ഉപഭോക്‌താക്കള്‍ക്കു മുന്നില്‍ പതിവായി നിരത്തുക. എന്നാല്‍, ദിവസ വരുമാനത്തില്‍ ഒരു പൈസപോലും വര്‍ധന ഉണ്ടാകാത്ത സാധാരണക്കാര്‍ എന്തുചെയ്യും?. അതിനുള്ള ഉത്തരം കച്ചവടസ്‌ഥാപന നടത്തിപ്പുകാര്‍ക്കോ സര്‍ക്കാരിനോ ഇല്ലതാനും.
വീട്ടിലേക്കുള്ള സാധനങ്ങള്‍ വാങ്ങാനോ പുറത്തുനിന്ന് അത്യാവശ്യ ഘട്ടത്തില്‍ ഭക്ഷണം കഴിച്ചു വിശപ്പു മാറ്റാനോ കഴിയാത്ത ആളുകളുടെ എണ്ണം വര്‍ധിക്കുകയാണ്. ഈയൊരു സാഹചര്യത്തെയും വലിയ വരുമാനമുള്ളവരും വമ്പന്‍ ഹോട്ടലുകളും സ്‌ഥാപനങ്ങളും അതിജീവിക്കും. എന്നാല്‍, സാധാരണക്കാരും ചെറുകിട കച്ചവടക്കാരുമാണ് താഴെപ്പോകുന്നത്. ഓരോ വിലക്കയറ്റ സീസണുശേഷവും സംസ്‌ഥാനത്തു താഴുവീഴുന്ന കച്ചവട സ്‌ഥാപനങ്ങളുടെ പട്ടിക പരിശോധിച്ചാല്‍ ഇതു വ്യക്‌തമാകും.
സര്‍ക്കാരിന്റെ, അതിദാരിദ്രമുള്ളവരുടെ പട്ടികയില്‍ പേര് ഇല്ലാത്തവരെല്ലാം സുഭിക്ഷമായിട്ടല്ല കഴിയുന്നത്. മുണ്ട് മുറുക്കി ഉടുക്കാന്‍ നിര്‍ബന്ധിതരായ ആളുകളെ കൂടുതല്‍ വരിഞ്ഞുമുറുക്കുന്നതാണ് ഇപ്പോഴത്തെ പോക്ക്.