-->
നാം 2026-ലേക്കു ചുവടുവയ്‌ക്കുമ്പോള്‍, ഇന്ത്യയിലെ പൊതുസംവാദങ്ങള്‍ അല്‍പം അച്ചടക്കത്തോടെ ആരംഭിക്കേണ്ടതുണ്ട്. പരിശോധനകളെയും കടുത്ത വിമര്‍ശനങ്ങളെയും നാം സ്വാഗതം ചെയ്യണം. എന്നാല്‍, വാദമുഖങ്ങള്‍ ഉത്തരവാദിത്വമുള്ളതാകണമെന്ന നിര്‍ബന്ധവും നമുക്കുവേണം. 140 കോടിയിലധികം ജനങ്ങളുള്ള റിപ്പബ്ലിക്കിനെ ദോഷൈകദൃഷ്‌ടികൊണ്ടു പരിഷ്‌കരിക്കാനാകില്ല. തൊഴിലവസരങ്ങള്‍, ഉത്‌പാദനക്ഷമത, കയറ്റുമതി, ഏവരെയും ഉള്‍ക്കൊള്ളുന്ന വികസനം എന്നിവ മെച്ചപ്പെട്ട സാഹചര്യങ്ങളില്‍പ്പോലും എളുപ്പമല്ല. രൂപകല്‍പന, നടപ്പാക്കല്‍, തിരുത്തല്‍, വ്യാപിപ്പിക്കല്‍ എന്നിങ്ങനെ ആഡംബരമില്ലാത്ത കഠിനാധ്വാനത്തിലൂടെയാണു പുരോഗതി കൈവരുന്നത്. സംശയത്തെ ശുഭാപ്‌തി വിശ്വാസമില്ലായ്‌മയില്‍നിന്ന് വേര്‍തിരിക്കേണ്ട നിമിഷം കൂടിയാണ് പുതുവര്‍ഷം.
'ബിയോണ്ട് ഗുഡ് ആന്‍ഡ് ഈവിള്‍' എന്ന കൃതിയില്‍ ഫ്രീഡറിക് നീറ്റ്‌ഷെ എഴുതിയതിങ്ങനെ: "തത്വചിന്തകന്‍ മൂല്യങ്ങളുടെ സ്രഷ്‌ടാവാകണം;വെറുമൊരു വിമര്‍ശകനോ കാഴ്‌ചക്കാരനോ ആകരുത്. അദ്ദേഹം ജീവിതത്തിനെതിരായല്ല;മറിച്ച്, ജീവിതത്തിന്റെ പക്ഷത്തുനിന്നാണ് ചിന്തിക്കേണ്ടത്." പൊതുനയങ്ങള്‍ക്കും ഇതേ മനോഭാവം ആവശ്യമാണ്. വിമര്‍ശനങ്ങള്‍ സ്വാഗതം ചെയ്യപ്പെടണം. എന്നാല്‍, അതു വസ്‌തുതകളില്‍ അധിഷ്‌ഠിതമാകണം. വൈവിധ്യമാര്‍ന്നതും സങ്കീര്‍ണവുമായ ജനാധിപത്യത്തെ ഭരിക്കുമ്പോഴുള്ള യാഥാര്‍ഥ്യത്തോടെയുള്ള നിയന്ത്രണങ്ങള്‍ അത് അംഗീകരിക്കണം. സംശയം നിലപാടായി മാറുമ്പോള്‍, പരിഷ്‌കരണം സാധ്യമാക്കുന്ന സ്‌ഥാപനങ്ങളിലുള്ള ആത്മവിശ്വാസത്തെ അത് ഇല്ലാതാക്കുന്നു.
സമീപകാലങ്ങളില്‍, വിപണികള്‍ സംശയത്തെ ബൗദ്ധിക മികവായി കാണുന്ന ഒരുതരം വ്യാഖ്യാനം ഉയര്‍ന്നുവന്നിട്ടുണ്ട്. ഇത് പരിഷ്‌കരണ പ്രവര്‍ത്തനങ്ങളെ കേവലം പരിഹാസ്യരൂപത്തില്‍ ചിത്രീകരിക്കുകയും, ഓരോ അപൂര്‍ണമായ മാറ്റത്തെയും ശാശ്വത പരാജയത്തിന്റെ തെളിവായി കണക്കാക്കുകയും ചെയ്യുന്നു. കൂടാതെ, പരിചിതമായ ആശ്വാസവാക്കും ഇവ മുന്നോട്ടുവയ്‌ക്കുന്നു: ഇന്ത്യ സ്വന്തം നയരൂപകര്‍ത്താക്കളാല്‍ തകരാന്‍ വിധിക്കപ്പെട്ട രാജ്യമാണത്രേ. ഈ നിലപാടിന് ഗുരുതരമായ പ്രത്യാഘാതങ്ങളുണ്ട്. ഇത് സ്‌ഥിതിവിവരക്കണക്കുകളിലും വിപണികളിലുമുള്ള വിശ്വാസത്തെ തകര്‍ക്കുന്നു;സംരംഭകര്‍ക്കും നിക്ഷേപകര്‍ക്കും ഇടയില്‍ നിരാശാബോധം വളര്‍ത്തുന്നു;കൂടാതെ ഇന്ത്യയെ സമ്മര്‍ദത്തിലാക്കാന്‍ കാത്തിരിക്കുന്ന വിദേശ ശക്‌തികള്‍ക്ക് കൃത്യമായൊരു തിരക്കഥ ഒരുക്കിനല്‍കുകയും ചെയ്യുന്നു. വൈദഗ്‌ധ്യം എപ്പോഴും വസ്‌തുതകളോട് ഉത്തരവാദിത്വമുള്ളതായിരിക്കണം.
ശക്‌തമായ പ്രഫഷണല്‍-അക്കാദമിക് പശ്‌ചാത്തലമുണ്ടെന്ന് അവകാശപ്പെടുന്ന ചില നിരീക്ഷകര്‍ ഇത്തരമൊരു നിലപാടിലേക്ക് തരംതാഴ്‌ന്നത് ആശങ്കാജനകമാണ്. എനിക്ക് വ്യക്‌തിപരമായി അറിയാവുന്ന, ഇന്ത്യയെ തങ്ങളുടെ അടയാളമായും വിശ്വാസ്യതയുടെ ആധാരമായും കണ്ടിരുന്ന ചിലര്‍, ഇപ്പോള്‍ രാജ്യത്തെ മോശമായി ചിത്രീകരിക്കുന്നത് ജീവിതോപാധി ആക്കി മാറ്റാന്‍ ശ്രമിക്കുകയാണ്. ഒരുപക്ഷേ, ഇപ്പോള്‍ ഗവണ്‍മെന്റിന്റെ ഭാഗമല്ലാത്തതിനാല്‍ ശ്രദ്ധ പിടിച്ചുപറ്റാനോ പ്രസക്‌തി നിലനിര്‍ത്താനോ ഉള്ള ശ്രമമായിരിക്കാം ഇത്.
ഇന്ത്യയുടെ വിവരശേഖരങ്ങള്‍ വിശ്വസനീയമല്ലെന്ന ഇവരുടെ ആരോപണം നിലവിലെ പുരോഗതിയുടെ ദിശയുമായി ഒത്തുപോകുന്നതല്ല. ചരക്ക് സേവന നികുതി, ഒരു പതിറ്റാണ്ട് മുമ്പ് നിലവിലില്ലാതിരുന്ന ദേശീയ ഇന്‍വോയ്‌സ് സംവിധാനവും നിയമങ്ങള്‍ പാലിക്കുന്ന സംസ്‌കാരവും സൃഷ്‌ടിച്ചു. 2024-25 കാലയളവില്‍ ആകെ ജി.എസ്.ടി. സമാഹരണം, പ്രതിമാസം ശരാശരി 1.8 ലക്ഷം കോടി രൂപ എന്ന നിലയില്‍, 22 ലക്ഷം കോടി രൂപ കടന്നു. ഡിജിറ്റല്‍ പണമിടപാടുകള്‍ മറ്റൊരു പരിശോധനാപാത സൃഷ്‌ടിച്ചു. 2025 നവംബറില്‍, 26 ലക്ഷം കോടി രൂപ മൂല്യമുള്ള 20 ശതകോടി ഇടപാടുകളാണ് യു.പി.ഐ. വഴി നടന്നത്. ഇവയെല്ലാം വലുതും പരിശോധിച്ചുറപ്പിക്കാവുന്നതുമായ സംവിധാനങ്ങളാണ്;അവ കൃത്യമായ അളവുകള്‍ക്കും പരസ്‌പരപരിശോധനകള്‍ക്കും തിരുത്തലുകള്‍ക്കുമുള്ള അവസരം വര്‍ധിപ്പിക്കുന്നു.
ക്ഷേമപദ്ധതികളിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിലുമുണ്ടായ ഫലങ്ങള്‍ ഇത്തരം നിരാശാവാദത്തെ പാടേ തള്ളിക്കളയുന്നതാണ്. നിതി ആയോഗിന്റെ ദേശീയ ബഹുമുഖ ദാരിദ്ര്യസൂചിക പ്രകാരം, 2013-14-നും 2022-23-നും ഇടയില്‍ ഏകദേശം 24 കോടി ഇന്ത്യക്കാര്‍ ബഹുതലദാരിദ്ര്യത്തില്‍നിന്ന് മുക്‌തരായി. ദാരിദ്ര്യത്തിന്റെ തോത് 30 ശതമാനത്തില്‍നിന്ന് 11 ശതമാനമായി കുറഞ്ഞു. നേരിട്ടുള്ള ആനുകൂല്യക്കൈമാറ്റം വിതരണശൃംഖലയെ കൂടുതല്‍ കാര്യക്ഷമമാക്കി. 2025-ആയപ്പോള്‍ ആകെ ഡി.ബി.ടി. 45 ലക്ഷം കോടി രൂപ കവിഞ്ഞു;ചോര്‍ച്ചകള്‍ തടഞ്ഞതിലൂടെ 3.5 ലക്ഷം കോടിയിലധികം രൂപ ലാഭിക്കാനും കഴിഞ്ഞു. 56 കോടിയിലധികം ജന്‍ ധന്‍ അക്കൗണ്ടുകളോടെ, സാമ്പത്തിക ഉള്‍പ്പെടുത്തല്‍ ഇപ്പോള്‍ പൊതു അടിസ്‌ഥാനസൗകര്യമായി മാറിയിരിക്കുന്നു.
സാമ്പത്തിക അച്ചടക്കത്തിനായി കൊണ്ടുവന്ന പരിഷ്‌കാരങ്ങള്‍ വ്യക്‌തമായ ഫലങ്ങള്‍ നല്‍കി. ഷെഡ്യൂള്‍ഡ് വാണിജ്യബാങ്കുകളുടെ മൊത്തം നിഷ്‌ക്രിയ ആസ്‌തി 2018-ലെ 11.2 ശതമാനത്തില്‍നിന്ന് 2025-ല്‍ 2.1 ശതമാനമായി കുറഞ്ഞു. ഇത് വെറും ആഗ്രഹം കൊണ്ട് സംഭവിച്ചതല്ല. നീക്കിയിരിപ്പുപത്രികകള്‍ ശുദ്ധീകരിക്കുന്നതിനായി നടത്തിയ നിരന്തരമായ പരിശ്രമങ്ങളുടെയും, കരുത്തുറ്റ മേല്‍നോട്ടത്തിന്റെയും, വായ്‌പകള്‍ അനാവശ്യമായി പുതുക്കി നല്‍കുന്നതും നഷ്‌ടങ്ങള്‍ ഒളിച്ചുവയ്‌ക്കുന്നതും തടഞ്ഞ മികച്ച സംവിധാനത്തിന്റെയും പ്രതിഫലനമാണിത്. രാജ്യത്ത് പരിഷ്‌കാരങ്ങള്‍ നടപ്പാക്കാന്‍ സാധിക്കില്ല എന്ന് വിമര്‍ശകര്‍ പറയുമ്പോള്‍, നിശബ്‌ദമായി കൈവരിച്ച ഈ മുന്നേറ്റമാണ് അതിനുള്ള ആദ്യ മറുപടി.
ഇന്ത്യക്ക് വലിയ തോതിലുള്ള നിര്‍മാണം സാധ്യമല്ല എന്ന പരിഹാസം, ഉത്‌പാദനമേഖലയിലുണ്ടായ മാറ്റങ്ങളെ വിസ്‌മരിക്കുന്നതാണ്. ഉത്‌പാദനബന്ധിത ആനുകൂല്യ പദ്ധതികള്‍ക്ക് കീഴില്‍ 14 മേഖലകളിലായി രണ്ടു ലക്ഷം കോടി രൂപയുടെ നിക്ഷേപം യാഥാര്‍ത്ഥ്യമായി. ഇത് 18 ലക്ഷം കോടിയിലധികം രൂപയുടെ അധിക ഉത്‌പാദനത്തിനും വില്‍പനയ്‌ക്കും വഴിതെളിക്കുകയും 12 ലക്ഷത്തിലധികം തൊഴിലവസരങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു. ഇലക്‌ട്രോണിക്‌സ് മേഖലയാണ് ഇതിന്റെ ഏറ്റവും വലിയ ഉദാഹരണം: 2024-25 കാലയളവില്‍ ഇലക്‌ട്രോണിക്‌സ് ഉത്‌പാദനം 11 ലക്ഷം കോടി രൂപയും, മൊബൈല്‍ ഫോണ്‍ ഉത്‌പാദനം 5.5 ലക്ഷം കോടി രൂപയും, മൊബൈല്‍ കയറ്റുമതി ഏകദേശം രണ്ടു ലക്ഷം കോടി രൂപയും കടന്നു. ഏറ്റവും കടുപ്പമേറിയ വിപണി പരീക്ഷണങ്ങളെയാണ് ഇന്ത്യ ഇപ്പോള്‍ വിജയകരമായി നേരിട്ടുകൊണ്ടിരിക്കുന്നത്.
കച്ചവടത്തിലെ സ്വാധീനം കെട്ടിപ്പടുക്കുന്നത് പ്രകടനത്തിലൂടെയും സ്‌ഥിരതയിലൂടെയുമാണ്;മറിച്ച്, നിരാശ പ്രകടിപ്പിക്കുന്നതിലൂടെയല്ല. 2024-25 കാലയളവില്‍ ചരക്ക്-സേവന കയറ്റുമതി 825 ശതകോടി അമേരിക്കന്‍ ഡോളര്‍ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തി. തീരുവകളും സംരക്ഷണവാദങ്ങളും നിലനില്‍ക്കുന്ന ലോകത്ത്, പങ്കാളികളായ രാജ്യങ്ങള്‍ നമ്മുടെ കാര്യക്ഷമതയെയാണ് മാനിക്കുന്നത്. വന്‍തോതില്‍ ഉത്‌പാദിപ്പിക്കുകയും വ്യാപാരം നടത്തുകയും ഉള്‍ക്കൊള്ളുകയും ചെയ്യുന്ന വിപണിയായി ഇന്ത്യ മാറുന്നതും, പ്രധാന മേഖലകളില്‍ വൈവിധ്യമാര്‍ന്ന വിതരണശൃംഖലകള്‍ വാഗ്‌ദാനം ചെയ്യാന്‍ ഇന്ത്യക്കു കഴിയുന്നതും ആഗോളതലത്തില്‍ രാജ്യത്തിന്റെ നിലപാട് ശക്‌തമാക്കുന്നു. ആഭ്യന്തര പരിഷ്‌കാരങ്ങളും വിദേശ ഇടപെടലുകളും ഒത്തുചേരുമ്പോള്‍ അത് പ്രതിരോധശേഷിയേകുന്നു. ആ കരുത്താണ് നമുക്ക് രാജ്യാന്തര തലത്തില്‍ സ്വാധീനം നല്‍കുന്നത്.
മത്സരക്ഷമത എന്നത് ഒരു പദ്ധതിയോ ഒരു മന്ത്രാലയമോ കൊണ്ട് മാത്രം ഉറപ്പാക്കാന്‍ കഴിയുന്ന ഒന്നല്ല. അടിസ്‌ഥാനസൗകര്യങ്ങള്‍, ലോജിസ്‌റ്റിക്‌സ്, ഭരണപരമായ പരിഷ്‌കാരങ്ങള്‍ എന്നിവയുടെയെല്ലാം കൂട്ടായ ഫലമാണത്. വ്യാവസായിക ഇടനാഴികളുടെ വ്യാപനം, മെച്ചപ്പെട്ട ചരക്കുനീക്ക സംവിധാനങ്ങള്‍, തുറമുഖ ബന്ധങ്ങള്‍, സമയം ലാഭിക്കുന്ന ഏകീകൃത ആസൂത്രണവേദികള്‍ എന്നിവയില്‍ ഈ നേട്ടങ്ങള്‍ പ്രകടമാണ്. എല്ലാ തടസ്സങ്ങളും നീങ്ങി എന്നല്ല ഇതിനര്‍ത്ഥം. മറിച്ച്, സംവിധാനങ്ങള്‍ കെട്ടിപ്പടുക്കാനും പ്രക്രിയകള്‍ ലഘൂകരിക്കാനും വിതരണശൃംഖലകള്‍ വിപുലീകരിക്കാനുമുള്ള കഴിവ് രാജ്യം തെളിയിച്ചു കഴിഞ്ഞു എന്നതാണ്. ആഴ്‌ചകള്‍ കൊണ്ടല്ല, വര്‍ഷങ്ങളിലൂടെയുള്ള ഇത്തരം ചെറിയ മാറ്റങ്ങളിലൂടെയാണ് ഉത്‌പാദനക്ഷമത വര്‍ധിക്കുന്നത്.
കാര്‍ഷിക മേഖലയെയും ഗ്രാമീണ അതിജീവനശേഷിയെയും കുറിച്ച് പറയുമ്പോള്‍, അവിടത്തെ പോരായ്‌മകള്‍ അക്കമിട്ടു നിരത്തി, ഒന്നും ശരിയാക്കാന്‍ കഴിയില്ല എന്നു വിധിയെഴുതാന്‍ എളുപ്പമാണ്. എന്നാല്‍, ഉത്‌പാദനക്ഷമതയും അന്തസ്സും വര്‍ധിപ്പിക്കുന്ന അടിസ്‌ഥാന സേവനങ്ങള്‍ ഉറപ്പാക്കുന്നതിനൊപ്പം, കൃത്യമായ ലക്ഷ്യത്തോടു കൂടിയ പിന്തുണയും ആസ്‌തിസൃഷ്‌ടിയുമാണ് നയപരമായ ദിശയായി സ്വീകരിച്ചിട്ടുള്ളത്. ഔദ്യോഗിക വിവരങ്ങള്‍ പ്രകാരം, ജല്‍ ജീവന്‍ മിഷന്‍ 12.5 കോടിയിലധികം ഗ്രാമീണ കുടുംബങ്ങള്‍ക്ക് ടാപ്പിലൂടെ കുടിവെള്ളം ലഭ്യമാക്കി. ഇത് പൊതുജനാരോഗ്യം മെച്ചപ്പെടുത്തുന്നതിനൊപ്പം കുടുംബങ്ങളുടെ സമയനഷ്‌ടം കുറയ്‌ക്കാനും സഹായിക്കുന്നു.
ആരോഗ്യം, പാര്‍പ്പിടം, ഊര്‍ജം എന്നീ മേഖലകളിലും എല്ലാവരെയും ഉള്‍ക്കൊള്ളുന്ന വികസനത്തിന്റെ കഥ ദൃശ്യമാണ്. ആയുഷ്‌മാന്‍ ഭാരത് പി.എം.-ജെ.എ.വൈ പ്രകാരം 42 കോടിയിലധികം കാര്‍ഡുകള്‍ നല്‍കിക്കഴിഞ്ഞു;ഇത് ചികിത്സാച്ചെലവുകള്‍ മൂലം തകരുന്ന കുടുംബങ്ങള്‍ക്ക് വലിയ സാമ്പത്തിക സംരക്ഷണം നല്‍കുന്നു. പി.എം. ആവാസ് പദ്ധതിക്ക് കീഴില്‍ ഏകദേശം മൂന്നു കോടി വീടുകള്‍ പൂര്‍ത്തിയാക്കി, ഓരോ കുടുംബത്തിനും ഒരു ആസ്‌തിയും മുന്നേറാനുള്ള അടിത്തറയും നല്‍കി. പി.എം. ഉജ്വല യോജന വഴി 10 കോടിയിലധികം എല്‍.പി.ജി. കണക്‌ഷനുകള്‍ നല്‍കിയതിലൂടെ, പുകയും കഷ്‌ടപ്പാടും നിറഞ്ഞ അടുക്കളകളില്‍നിന്ന് മോചനം ലഭിച്ചു. ഈ നേട്ടങ്ങള്‍ കേവലം ആശയങ്ങളല്ല, മറിച്ച് ജനങ്ങളുടെ അഭിലാഷങ്ങള്‍ക്കും ഉത്‌പാദനക്ഷമതയ്‌ക്കും താങ്ങായി നില്‍ക്കുന്ന പ്രായോഗികമായ അടിത്തറയാണ്.
ഏറ്റവും രൂക്ഷമായ നിരാശാവാദം പലപ്പോഴും സംസ്‌ഥാനങ്ങളെക്കുറിച്ചാണ് ഉയരാറുള്ളത്;140 കോടി ജനങ്ങളെ ഒരൊറ്റ മാതൃകയിലൂടെ ഭരിക്കണമെന്ന വാശിയിലാണ് ഇത് സംഭവിക്കുന്നത്. ഇന്ത്യയുടെ ഫെഡറലിസം ശബ്‌ദമയമാണെങ്കിലും അത് സാഹചര്യങ്ങള്‍ക്കനുസരിച്ച് മാറാന്‍ കഴിവുള്ളതുമാണ്. മെച്ചപ്പെട്ട ക്രമസമാധാന നില, വേഗത്തിലുള്ള അനുമതികള്‍, തടസ്സമില്ലാത്ത അടിസ്‌ഥാനസൗകര്യ വികസനം എന്നിവയിലൂടെ നിക്ഷേപങ്ങളെയും ഔദ്യോഗിക തൊഴിലവസരങ്ങളെയും ആകര്‍ഷിക്കാന്‍ കഴിയുമെന്ന് ഉത്തര്‍പ്രദേശ്, ബിഹാര്‍, മധ്യപ്രദേശ്, രാജസ്‌ഥാന്‍ തുടങ്ങിയ പല സംസ്‌ഥാനങ്ങളും തെളിയിച്ചു കഴിഞ്ഞു. സംസ്‌ഥാനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താവുന്ന ദേശീയ പ്ലാറ്റ്‌ഫോമുകള്‍ നിര്‍മിച്ചും, കൃത്യമായ ഫലങ്ങള്‍ നല്‍കുന്നവര്‍ക്ക് സാമ്പത്തിക സഹായം നല്‍കിയും, പരിഷ്‌കാരങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ സുതാര്യമാക്കുന്നതിലൂടെ ജനങ്ങള്‍ക്ക് പ്രകടനം വിലയിരുത്താന്‍ അവസരമൊരുക്കിയും കേന്ദ്രം ഈ 'മത്സരാധിഷ്‌ഠിത ഫെഡറലിസത്തെ' ശക്‌തിപ്പെടുത്തിയിട്ടുണ്ട്.
ഇന്ത്യയുടെ കഥ ഇനിയും അവസാനിച്ചിട്ടില്ല;അത് എപ്പോഴും സംവാദങ്ങള്‍ക്ക് വഴിതുറന്നുകൊണ്ടേയിരിക്കും. എന്നാല്‍, പുതുവര്‍ഷം ആരംഭിക്കുമ്പോള്‍ നാം തെരഞ്ഞെടുക്കുന്ന സംവാദങ്ങളുടെ ഗുണനിലവാരമാണ് പ്രധാന ചോദ്യം. പ്രഗത്ഭരായ പ്രഫഷണലുകള്‍ വെറും ആരോപണങ്ങളെ വിശകലനങ്ങളായി അവതരിപ്പിക്കുമ്പോള്‍, പരിഷ്‌കാരങ്ങള്‍ സാധ്യമാക്കുന്ന പ്രസ്‌ഥാനങ്ങളെത്തന്നെയാണ് അവര്‍ ദുര്‍ബലപ്പെടുത്തുന്നത്. നീറ്റ്‌ഷെയുടെ ഓര്‍മപ്പെടുത്തല്‍ ഇവിടെ പ്രസക്‌തമാണ്: ഗൗരവമായി ചിന്തിക്കുന്ന ഒരാള്‍ സമൂഹത്തെ ജീവിക്കാനും മുന്നേറാനും സഹായിക്കുന്ന മൂല്യങ്ങളാണ് സൃഷ്‌ടിക്കുന്നത്. ഇന്ത്യ തെരഞ്ഞെടുത്തത്, പ്രായോഗികമായി നടപ്പാക്കുക എന്ന കഠിനമായ പാതയാണ്. ഈ പ്രവര്‍ത്തനങ്ങളുടെ ഫലങ്ങള്‍ കണക്കുകളിലൂടെ പരിശോധിക്കപ്പെടുകയും വീടുകളില്‍ നേരിട്ട് അനുഭവപ്പെടുകയും ചെയ്യുന്നവയാണ്. അത് ഏതുതരം നിരാശാവാദത്തെയും അതിജീവിക്കും. 2026-ല്‍ ഇന്ത്യക്കാവശ്യം നയങ്ങള്‍ മെച്ചപ്പെടുത്തുന്ന വിമര്‍ശനങ്ങളാണ്;മറിച്ച്, കൈയടികള്‍ക്കായി ആത്മവിശ്വാസം തകര്‍ക്കുന്ന വ്യാഖ്യാനങ്ങളല്ല. ആ നിലവാരം പുലര്‍ത്തുന്നത് രാജ്യത്തെ പരിഷ്‌കാരങ്ങള്‍ക്കും നിക്ഷേപങ്ങള്‍ക്കും ജനാധിപത്യപരമായ തെരഞ്ഞെടുപ്പുകള്‍ക്കും സംരക്ഷണമേകും.
ഹര്‍ദീപ് എസ്. പുരി
(കേന്ദ്ര പെട്രോളിയം-പ്രകൃതിവാതക
മന്ത്രിയാണ് ലേഖകന്‍.)