Tuesday, March 17, 2026 Last Updated 28 Min 41 Sec ago English Edition
Todays E paper
Ads by Google
സുനില്‍ ജെ. സണ്ണി
Saturday 10 Jan 2026 10.11 AM

'ദൈവതുല്യന്‍' കുടുങ്ങിയത്‌ പത്മകുമാറിന്റെ അറസ്‌റ്റോടെ; തന്ത്രി ശമ്പളം കൈപ്പറ്റുന്നയാള്‍, അഴിമതി നിരോധനനിയമത്തിന്റെ പരിധിയില്‍ വരുമെന്ന്‌ എസ്‌.ഐ.ടി.

തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം അതീവ സംശയാസ്‌പദമാണെന്ന കണ്ടെത്തലാണ്‌ കേസിന്റെ ദിശ മാറ്റിയത്‌. തന്ത്രിക്കെതിരേ ശബരിമലയിലെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്‌.
Sabarimala

തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡില്‍നിന്ന്‌ ശമ്പളം കൈപ്പറ്റുന്നതിനാല്‍ അഴിമതി നിരോധനനിയമത്തിന്റെ പരിധിയില്‍ തന്ത്രിയും ഉള്‍പ്പെടുമെന്ന്‌ എസ്‌.ഐ.ടി. ചൂണ്ടിക്കാട്ടുന്നു. അന്വേഷണത്തിന്റെ ഭാഗമായി കഴിഞ്ഞ നവംബറില്‍ എസ്‌.ഐ.ടി. തന്ത്രി രാജീവരുടെ മൊഴിയെടുത്തിരുന്നു.

ക്ഷേത്രത്തിലെ സ്‌ഥാവര, ജംഗമസ്വത്തുക്കളുടെ ചുമതല ദേവസ്വം ബോര്‍ഡിനാണെന്നും അറ്റകുറ്റപ്പണി ആവശ്യപ്പെട്ട്‌ ദേവസ്വം ഉദ്യോഗസ്‌ഥരാണ്‌ തന്നെ സമീപിച്ചതെന്നുമാണ്‌ തന്ത്രി നേരത്തേ പറഞ്ഞിരുന്നത്‌. ബോര്‍ഡ്‌ ആവശ്യപ്പെട്ടപ്പോള്‍ ദേവന്റെ അനുജ്‌ഞ നല്‍കുക മാത്രമാണ്‌ ചെയ്‌തത്‌. ദ്വാരപാലകശില്‍പത്തിലെ സ്വര്‍ണ അങ്കിയുടെ നിറം മങ്ങിയതിനാല്‍ നവീകരിക്കാമെന്ന അനുമതിയാണ്‌ നല്‍കിയത്‌. തന്റെ അനുമതിയില്ലാതെയാണ്‌ പാളികള്‍ സ്വര്‍ണം പൂശാന്‍ ചെന്നൈയിലേക്ക്‌ കൊണ്ടുപോയത്‌. സന്നിധാനത്ത്‌ നവീകരണം നടത്താനാണ്‌ അനുമതി നല്‍കിയതെന്നുമായിരുന്നു തന്ത്രി അന്വേഷണസംഘത്തോട്‌ പറഞ്ഞത്‌.

ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റ്‌ എ. പത്മകുമാറിന്റെ അറസ്‌റ്റോടെയാണ്‌ തന്ത്രി അന്വേഷണവലയിലായത്‌. ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിയെ ശബരിമലയിലെത്തിച്ചത്‌ തന്ത്രിയാണെന്നായിരുന്നു പത്മകുമാറിന്റെ മൊഴി. പത്മകുമാര്‍ മാധ്യമങ്ങളോടു പരാമര്‍ശിച്ച 'ദൈവതുല്യന്‍' തന്ത്രിയായിരുന്നെന്ന സൂചനയും ഇതോടെ ശക്‌തമായി. പോറ്റിയെ ശബരിമലയില്‍ എത്തിച്ചത്‌ താനല്ലെന്നായിരുന്നു തന്ത്രിയുടെ വാദം.

തന്ത്രി നല്‍കിയ അനുമതികളില്‍ മൂന്നെണ്ണം അതീവ സംശയാസ്‌പദമാണെന്ന കണ്ടെത്തലാണ്‌ കേസിന്റെ ദിശ മാറ്റിയത്‌. ശബരിമലയുമായി ബന്ധപ്പെട്ട എല്ലാ നടപടികള്‍ക്കും തന്ത്രിയുടെ അനുമതി നിര്‍ബന്ധമാണെന്നിരിക്കേ, ചില സ്‌പോണ്‍സര്‍ഷിപ്പുകള്‍ക്ക്‌ നല്‍കിയ അനുമതികള്‍ അന്വേഷണത്തില്‍ നിര്‍ണായകമായി. പാളികള്‍ പുറത്തേക്ക്‌ കൊണ്ടുപോകാന്‍ അനുമതി നല്‍കിയിട്ടില്ലെന്ന തന്ത്രിയുടെ വാദം തെറ്റാണെന്ന്‌ രേഖകളും സാക്ഷിമൊഴികളും വ്യക്‌തമാക്കുന്നതായി എസ്‌.ഐ.ടി. അവകാശപ്പെടുന്നു. തട്ടിപ്പില്‍ തന്ത്രിക്കു പങ്കില്ലെന്ന ദേവസ്വം വിജിലന്‍സിന്റെ നിഗമനം തെറ്റാണെന്ന്‌ തെളിയിക്കുന്ന വിവരങ്ങളാണ്‌ ഇപ്പോള്‍ പുറത്തുവന്നത്‌.

തന്ത്രിക്കെതിരേ ശബരിമലയിലെ ജീവനക്കാരും മൊഴി നല്‍കിയിട്ടുണ്ട്‌. മുഖ്യപ്രതി ഉണ്ണിക്കൃഷ്‌ണന്‍ പോറ്റിക്കു ശബരിമലയിലുള്ള സ്വാധീനത്തിനു പിന്നില്‍ തന്ത്രിയാണെന്നാണ്‌ ജീവനക്കാരുടെ മൊഴി. പോറ്റിക്ക്‌ സ്‌പോണ്‍സറായി വഴിയൊരുക്കിയത്‌ തന്ത്രിയാണെന്നും എസ്‌.ഐ.ടി. കണ്ടെത്തി.

Ads by Google
Ads by Google
LATEST NEWS
TRENDING NOW