-->
തെന്നിന്ത്യന്‍ താരസുന്ദരിയായ ശ്രീലീല തന്റെ തന്റെ തകർപ്പൻ നൃത്തച്ചുവടുകളിലൂടെയും അഭിനയത്തിലൂടെയും സിനിമാ പ്രേമികളുടെ ഹരമായി മാറിയ താരമാണ്. താരം തിളങ്ങുന്നത് തെലുങ്കിലും കന്നഡത്തിലുമാണെങ്കിലും മലയാളികള്‍ക്കും ഏറെയിഷ്ടമുള്ള യുവതാരമാണ് ശ്രീലീല. താരത്തിന്റെ ഏറ്റവും പുതിയ സിനിമ ശിവകാർത്തികേയൻ നായകനാകുന്ന ബിഗ് ബജറ്റ് ചിത്രം ‘പരാശക്തി’യാണ്. ഈ സിനിമയുടെ പ്രൊമോഷനു വേണ്ടി താരം കേരളത്തിലും എത്തിയിട്ടുണ്ട്.
ഇക്കഴിഞ്ഞ ദിവസം എറണാകുളം സെന്റ് തെരേസാസ് കോളേജിലും പരാശക്തി ടീം പ്രൊമോഷനു വേണ്ടി എത്തിയിരുന്നു. ശിവകാർത്തികേയനും രവി മോഹനും അഥർവയും ശ്രീലീലയുമാണ് സെന്റ് തെരേസാസില്‍ എത്തിയത്.
ഇപ്പോഴിതാ ആവേശകരമായ പ്രമോഷൻ ചടങ്ങിനിടെ ശ്രീലീലയ്ക്ക് പറ്റിയ അമളിയാണ് സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. വിദ്യാർഥികളുമായി സംവദിക്കുന്നതിനിടെയാണ് ശ്രീലീലയ്ക്ക് അമളി പറ്റിയത്. രവി മോഹനും അഥർവയും ശിവകാർത്തികേയനുമുള്ള വേദിയിൽവെച്ച് വിദ്യാർഥികളോട് സംസാരിക്കാൻ ശ്രീലീലയോട് ആവശ്യപ്പെട്ടു.
വിദ്യാർഥികളെ അഭിസംബോധന ചെയ്ത താരം, തനിക്ക് മുന്നിൽ കൂടിയിരിക്കുന്നവരിൽ എത്ര ഡോക്ടർമാർ ഉണ്ടെന്ന് ചോദിച്ചു. അല്പനേരം മറുപടിക്കായി താരം കാത്തുനിന്നു. ചോദ്യത്തിന് പിന്നാലെ വിദ്യാർഥികള്‍ ചിരിച്ചതോടെ സഹതാരങ്ങളായ ശിവകാർത്തികേയനോടും രവി മോഹനോടും കാര്യം ചോദിച്ചപ്പോള്‍, ‘ഇത് ആർട്‌സ് കോളേജ് ആണ്' എന്ന് ശ്രീലീലയോട് പറഞ്ഞു. ഇതുപറഞ്ഞ ശിവകാർത്തികേയനും അഥർവ്വയ്ക്കും ചിരിയടക്കാനായില്ല. രവി മോഹനും ഇരുവർക്കുമൊപ്പം കൂടി. അബന്ധം മനസിലായി താരം ചിരിയടക്കാനാവാതെ പൊട്ടിപൊട്ടിച്ചിരിക്കുന്നത് വീഡിയോയില്‍ കാണാം. ശിവകാർത്തികേയനും അഥർവ്വയ്ക്കും ചിരിയടക്കാനായില്ല. രവി മോഹനും ഇരുവർക്കുമൊപ്പം കൂടുന്നതും ദൃശ്യങ്ങളില്‍ കാണാം.
വീഡിയോ വൈറലായതോടെ ട്രോളുകളും നിറഞ്ഞു. ‘താനെത്തിയ കോളേജ് ഏതെന്ന് പോലും അറിയാത്ത നിഷ്കളങ്ക, ഹോട്ടലാണെന്ന് കരുതി ബാര്‍ബര്‍ ഷോപ്പില്‍ എത്തിയ വൃദ്ധന്‍ എന്തുണ്ട് കഴിക്കാന്‍. കടയുടമ, കട്ടിങ്ങും ഷേവിങ്ങും.രണ്ടും ഓരോ പ്ലേറ്റ് പോരട്ടെ...ഹ ഹ ഹ..., ശ്രീ ലീല ബി ലൈക്ക്: തമാശ നല്ലതല്ലേ?, മലയാളം അറിയാത്തത് കൊണ്ടല്ലേ, വിട്ടേക്ക്...’ എന്നിങ്ങനെ ട്രോളുകളും തമാശ കമന്റുകളും നിറയുകയാണ്.
കര്‍ണാടകയിലെ പ്രശസ്തയായ ഗൈനക്കോളജിസ്റ്റ് ഡോ.സ്വര്‍ണലതയുടെ മകളായ ശ്രീലീല ജനിച്ചത് അമേരിക്കയിലാണ്. അമ്മയുടെ പാത പിന്തുടര്‍ന്ന് ഡോക്ടറാവുകയെന്ന ലക്ഷ്യത്തോടെ താരം 2021 ല്‍ ബെംഗളൂരുവില്‍ നിന്ന് എംബിബിഎസ് പൂർത്തിയാക്കി. അതിനു ശേഷം അവിചാരിതമായിട്ടാണ് താരം അഭിനയ രംഗത്തേക്ക് എത്തുന്നത്. കിസ് എന്ന കന്നഡ ചിത്രമാണ് ശ്രീലീലയുടെ ആദ്യ സിനിമ. തെലുങ്കിലും കന്നഡത്തിലും തിളങ്ങി നില്‍ക്കുന്ന താരത്തിന്റെ ആദ്യ തമിഴ് ചിത്രമാണ് പരാശക്തി.
ശിവകാർത്തികേയനെ നായകനാക്കി സുധ കൊങ്കര സംവിധാനംചെയ്യുന്ന തമിഴ് ചിത്രമാണ് ‘പരാശക്തി’. വിജയ് ചിത്രം ‘ജനനായകന്’ ഒപ്പം ക്ലാഷ് റിലീസ് വെച്ചതിനെത്തുടർന്ന് ചിത്രം വിവാദത്തില്‍ പെട്ടിരുന്നു. പൊങ്കല്‍ റിലീസായി ഇറങ്ങേണ്ട ‘പരാശക്തി’ക്ക് ഇതുവരെയും സെന്‍സര്‍ബോര്‍ഡ് സര്‍ട്ടിഫിക്കറ്റ് നല്‍കിയിട്ടില്ല. അതിനാല്‍ തന്നെ റിലീസ് തീയതിയില്‍ മാറ്റമുണ്ടാവാന്‍ സാധ്യതയുണ്ട്.