-->
കൊച്ചി: ശബരിമല സ്വര്‍ണക്കൊള്ളയില്‍ കേസെടുത്ത് ഇ.ഡി.യും. കള്ളപ്പണ നിരോധന നിയമപ്രകാരം കൊച്ചി യൂണിറ്റാണ് കേസെടുത്തത്. ക്രിമിനല്‍ കേസുകള്‍ അന്വേഷിക്കാന്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിന് സമാനമായ നടപടിയാണിത്.
കേസില്‍ പ്രധാന പ്രതികളാക്കിയവരുടെ സ്വത്ത് കണ്ടുകെട്ടും. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റി, ചെന്നൈ സ്മാര്‍ട്ട് ക്രിയേഷന്‍സ് ഉടമ പങ്കജ് ഭണ്ഡാരി, ബെള്ളാരിയിലെ ജ്വല്ലറി ഉടമ ഗോവര്‍ധന്‍ എന്നിവര്‍ നടത്തിയ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച രേഖകള്‍ ആദ്യഘട്ടത്തില്‍ പരിശോധിക്കും. അതിനിടയില്‍ കേസില്‍ ഡി മണിക്ക് പങ്കില്ലെന്ന പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഡി മണി തിരുവനന്തപുരത്ത് വന്നതില്‍ ദുരൂഹത ഇല്ലെന്നും ഹൈക്കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.
ശബരിമല സ്വര്‍ണക്കൊള്ളയില്‍ ഡി മണിക്ക് പങ്കില്ലെന്നാണ് വിലയിരുത്തല്‍. ഡി മണി തലസ്ഥാനത്ത് വന്നതില്‍ ദുരൂഹതയില്ലെന്നും തിരുവനന്തപുരത്ത് വ്യക്തിപരമായ കാര്യത്തിനാണ് വന്നതെന്നും എസ്ഐടി കണ്ടെത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘം മുന്‍ ദേവസ്വം സെക്രട്ടറി എസ്.ജയശ്രീയെ ഇന്നും ചോദ്യം ചെയ്തു. ഈഞ്ചയ്ക്കല്‍ ക്രൈംബ്രാഞ്ച് ഓഫീസില്‍ വെച്ചായിരുന്നു ഇന്നത്തേയും ചോദ്യം ചെയ്യല്‍.
ദേവസ്വം ബോര്‍ഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ സ്വര്‍ണപ്പാളികള്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കൊടുത്തു വിടാനുള്ള ഉത്തരവിറക്കിയത് ജയശ്രീയാണ്. ബോര്‍ഡ് യോഗത്തിന്റെ തീരുമാനം അനുസരിച്ചു ഉത്തരവിറക്കുക മാത്രമാണ് താന്‍ ചെയ്തതെന്നാണ് ജയശ്രീയുടെ വാദം. സുപ്രീംകോടതിയില്‍ നിന്നും മുന്‍കൂര്‍ ജാമ്യം നേടിയ ജയശ്രീ കോടതി നിര്‍ദ്ദേശ പ്രകാരമാണ് ചോദ്യം ചെയ്യലിന് ഹാജരാകുന്നത്.