-->
തിരുവനന്തപുരം: ശബരിമലയിലേയും മറ്റ് ക്രമക്കേടുകളില്‍ നിന്നും വലിയ രീതിയില്‍ പണം സമ്പാദിച്ചുവെന്ന സംശയത്തില്‍ മുരാരി ബാബുവിനെ ഇ.ഡി. വീണ്ടും ചോദ്യം ചെയ്യും. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി മുരാരി ബാബുവിന് സാമ്പത്തിക ഇടപാടുകള്‍ ഉളളതായും 2019- 2015 കാലയളവില്‍ സ്വത്തുക്കളില്‍ വന്‍ വര്‍ധനവുണ്ടായെന്ന് ഇ ഡി കണ്ടെത്തി.
2021-ല്‍ വീട് നിര്‍മ്മിച്ചതില്‍ അടക്കം അന്വേഷണമുണ്ടാകും. ഇന്നലെ മുരാരിബാബുവിനെ ഇ.ഡി. ചോദ്യം ചെയ്യലിന് വിധേയമാക്കിയിരുന്നു. ഏഴ് മണിക്കൂര്‍ ചോദയം ചെയ്തിട്ടും സ്വത്തുക്കള്‍ സംബന്ധിച്ച് കൃത്യമായ മറുപടി നല്‍കാന്‍ കഴിഞ്ഞില്ലെന്നും ഇ.ഡി. പറയുന്നു. മുരാരിബാബുവിന്റെ സാമ്പത്തിക ഇടപാടുകളില്‍ ദുരൂഹതയുണ്ടെന്ന സംശയിക്കുന്ന സാഹചര്യത്തിലാണ് വീണ്ടും ചോദ്യം ചെയ്യല്‍.
സ്വര്‍ണക്കൊള്ള കേസില്‍ ജാമ്യം കിട്ടിയതിന് പിന്നാലെ ശബരിമല മുന്‍ അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ എസ് ശ്രീകുമാറിനെയും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് ഉടന്‍ ചോദ്യം ചെയ്യും. ഈ ആഴ്ച തന്നെ ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇ ഡി നിര്‍ദേശം നല്‍കിയിരിക്കുന്നത്. കൊല്ലം വിജിലന്‍സ് കോടതി ഇക്കഴിഞ്ഞ ജനുവരി 29നായിരുന്നു ശ്രീകുമാറിന് ജാമ്യം ലഭിച്ചത്.
ദ്വാരപാലക കേസില്‍ മാത്രമാണ് ശ്രീകുമാര്‍ പ്രതി. ജാമ്യം ലഭിച്ചതോടെ അറസ്റ്റിലായി 43-ാം ദിവസം ശ്രീകുമാര്‍ ജയില്‍ മോചിതനായിയുന്നു. സ്വര്‍ണക്കൊളള കേസില്‍ അറസ്റ്റുകള്‍ അവസാനിപ്പിച്ച് കുറ്റപത്രം തയ്യാറാക്കുന്നതിലേക്ക് കടക്കാനുള്ള നീക്കത്തിലാണ് എസ്‌ഐടിയും. മാര്‍ച്ച് ആദ്യം ഇടക്കാല കുറ്റപത്രം സമര്‍പ്പിക്കും. എസ്ഐടി സാക്ഷിപ്പട്ടിക തയ്യാറാക്കി.
പാളികള്‍ ഏറ്റുവാങ്ങിയ അനന്തസുബ്രമണ്യവും രമേശ് റാവുവും സ്വര്‍ണ്ണം ബെല്ലാരിയില്‍ എത്തിച്ച കല്‍പ്പേഷും കേസിലെ സാക്ഷികളാണ്. എഫ്ഐആറില്‍ പ്രതികളായ മറ്റ് മുന്‍ ഉദ്യോഗസ്ഥരും സാക്ഷികളാകും. ഇടക്കാല കുറ്റപത്രത്തിന്റെ കരട് സ്പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ക്ക് അയക്കും. നിയമോപദേശത്തിന് ശേഷമായിരിക്കും തുടര്‍നടപടികള്‍.