Wednesday, March 11, 2026 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.34 PM

തെരുവുനായ്‌ക്കള്‍ക്ക്‌ മുന്നില്‍ തോല്‍ക്കുന്നു?

uploads/news/2026/01/819785/ed.jpg

തെരുവുനായ പ്രശ്‌നം പരിഹരിക്കുന്നതില്‍ കേരളം ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങള്‍ പരാജയപ്പെട്ടതിന്റെ ചിത്രമാണ്‌ സുപ്രീം കോടതിയില്‍ തെളിഞ്ഞത്‌. നിര്‍ദേശങ്ങളും നടപടികളും ഫലം കാണാതെ വന്നതോടെയാണ്‌ ആളുകളെ കടിക്കാതിരിക്കാന്‍ നായ്‌ക്കള്‍ക്കു കൗണ്‍സിലിങ്‌ നല്‍കുക മാത്രമാണ്‌ ഇനി പോംവഴിയെന്നു സുപ്രീം കോടതിക്കു പരിഹസിക്കേണ്ടിവന്നത്‌. നിയമങ്ങള്‍ നടപ്പിലാക്കുന്നതില്‍ അധികൃതര്‍ പരാജയമാണെന്നു ജസ്‌റ്റിസ്‌ വിക്രംനാഥ്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ചിനു വിമര്‍ശിക്കേണ്ടിവന്നു.
തെരുവുനായ ആക്രമണത്തെത്തുടര്‍ന്ന്‌ പേവിഷബാധയേറ്റു മരിച്ചവരുടെയടക്കം കണക്കുകള്‍ ഉയരുന്നതിന്റെയും അതിനൊപ്പം പെരുകുന്ന ആശങ്കയുമാണ്‌ ഇന്ന്‌ രാജ്യത്താകെയുള്ളത്‌. ഇനി എത്രപേര്‍ക്കു കടിയേറ്റാല്‍ സംവിധാനങ്ങള്‍ ഉണരുമെന്നത്‌ പൊതുചോദ്യമാകുന്നു. പ്രായോഗിക ബുദ്ധിമുട്ടുകള്‍ നിരവധിയുണ്ടെങ്കിലും പരിഹാരമില്ലാത്ത പ്രശ്‌നമായി ഇതിനെ കാണാന്‍ തുടങ്ങിയാല്‍ അഭിമുഖീകരിക്കേണ്ടിവരിക കനത്ത വെല്ലുവിളിയാകും. തെരുവുനായ്‌ക്കളെ ഷെല്‍റ്ററില്‍ അടയ്‌ക്കണമെന്നു സുപ്രീം കോടതി കഴിഞ്ഞ നവംബറില്‍ സംസ്‌ഥാനങ്ങള്‍ക്കു നിര്‍ദേശം നല്‍കിയിരുന്നു. ഇതിനെതിരേ ഉയര്‍ത്തിയ വാദങ്ങള്‍ സുപ്രീം കോടതി പരിശോധിക്കുകയുണ്ടായി. ശത്രുതാ മനോഭാവത്തോടെ നായ്‌ക്കളെ സമീപിക്കരുതെന്നും 'പിടികൂടുക, വന്ധ്യംകരിക്കുക, വാക്‌സിന്‍ കുത്തിവയ്‌ക്കുക വിട്ടയക്കുക' (സി.എസ്‌.വി.ആര്‍) എന്ന രീതിയാണ്‌ വേണ്ടതെന്നു നായസ്‌നേഹികള്‍ക്കുവേണ്ടി ഹാജരായ കപില്‍ സിബല്‍ വാദിക്കുകയുണ്ടായി. രാജ്യത്ത്‌ ഒന്നരക്കോടിയിലേറെ തെരുവുനായ്‌ക്കള്‍ ആളുകള്‍ക്കു ഭീഷണിയായി അലഞ്ഞുതിരിഞ്ഞു നടക്കുന്നതായാണ്‌ കണക്ക്‌. സുപ്രീം കോടതി നിര്‍ദേശിച്ചതുപോലെ ഇവയെ പിടിച്ചു ഷെല്‍റ്ററില്‍ അടയ്‌ക്കുന്നതും മൃഗസ്‌നേഹികള്‍ പറയുന്നതുപോലെ വന്ധ്യംകരണവും എത്രമാത്രം പ്രായോഗികമാണ്‌?. കോടതിയില്‍ അവതരിപ്പിച്ച കണക്കുകള്‍ പ്രകാരം 200 നായ്‌ക്കളെ വീതം സംരക്ഷിക്കാന്‍ 77,347 ഷെല്‍റ്ററുകള്‍ വേണ്ടിവരും. ഒരു നായയ്‌ക്ക് ഭക്ഷണത്തിനു കണക്കാക്കിയത്‌ 40 രൂപയാണ്‌. ഇത്തരത്തില്‍ പ്രതിദിനം 61.81 കോടി രൂപയോളം വേണ്ടിവരും. തെരുവുനായ്‌ക്കള്‍ രാജ്യത്തു സൃഷ്‌ടിച്ചിരിക്കുന്നത്‌ കനത്ത വെല്ലുവിളിയാണെന്നു ഈയൊരു കണക്കുകള്‍ പറയുന്നു.
കേരളത്തിലെ അനിമല്‍ ബര്‍ത്ത്‌ കണ്‍ട്രോള്‍ (എ.ബി.സി) കേന്ദ്രങ്ങളുടേയും ഷെല്‍റ്ററുകളുടേയും കുറവ്‌ അമിക്കസ്‌ ക്യൂറി ഗൗരവ്‌ അഗര്‍വാള്‍ നല്‍കിയ റിപ്പോര്‍ട്ടില്‍ പ്രത്യേകം ചൂണ്ടിക്കാട്ടിയിട്ടുണ്ട്‌. നിലവിലുള്ള എ.ബി.സി കേന്ദ്രങ്ങള്‍പോലും പൂര്‍ണതോതിലല്ല പ്രവര്‍ത്തിക്കുന്നത്‌. തെരുവുനായ്‌ക്കളെ പേടിച്ച്‌ ആളുകള്‍ പുറത്തിറങ്ങാന്‍ ഭയപ്പെടുന്ന അവസ്‌ഥയിലും നിലവിലുള്ള സംവിധാനങ്ങള്‍ കുറ്റമറ്റ രീതിയില്‍ കൊണ്ടുപോകാന്‍ ശ്രമിക്കാത്തത്‌ വലിയ പോരായ്‌മയാണ്‌. കോടതി നിര്‍ദേശിച്ചാല്‍ ഉദ്യോഗസ്‌ഥരുടെ സഹകരണത്തോടെ ഇത്തരം കേന്ദ്രങ്ങള്‍ ഫലപ്രദമായി പ്രവര്‍ത്തിപ്പിക്കുന്നതിനുള്ള ബുദ്ധിമുട്ടുകള്‍ പരിഹരിക്കുന്നതിനു നടപടി സ്വീകരിക്കാമെന്നും അമിക്കസ്‌ ക്യുറി കോടതിയെ അറിയിക്കുകയുണ്ടായി.
എഴുപതുശതമാനത്തോളം നായ്‌ക്കള്‍ക്ക്‌ വാക്‌സിന്‍ നല്‍കിയാല്‍ പേവിഷബാധ 2-3 വര്‍ഷത്തിനുള്ളില്‍ ഇല്ലാതാക്കാമെന്നും 10 വര്‍ഷംകൊണ്ട്‌ തെരുവുനായ പ്രശ്‌നം ഇല്ലാതാക്കാനാകുമെന്നുമാണ്‌ കപില്‍ സിബല്‍ കോടതിയില്‍ പറഞ്ഞത്‌. നിര്‍ദേശങ്ങള്‍ ഉണ്ടാകുന്നതല്ലാതെ നടപടികള്‍ കാര്യക്ഷമമാകുന്നില്ലെന്നതാണ്‌ ഈയൊരു വിഷയത്തിലെ ഏറ്റവും വലിയ പോരായ്‌മ. പല നിര്‍ദേശങ്ങളും കര്‍ശനവും വിചിത്രവും അപ്രായോഗികവുമാണെന്നതാണ്‌ യാഥാര്‍ഥ്യം. തെരുവുനായ്‌ക്കള്‍ക്കു മുന്നില്‍ ജനങ്ങള്‍ക്ക്‌ തോല്‍വി സമ്മതിക്കേണ്ടിവരുന്ന സാഹചര്യമുണ്ടാകരുത്‌. യുദ്ധകാലാടിസ്‌ഥാനത്തിലുള്ള നടപടികള്‍ക്കു വേണ്ടിയുള്ള ആത്മര്‍ത്ഥ ശ്രമമാണ്‌ ഉണ്ടാകേണ്ടത്‌. നിലവില്‍ തെരുവുനായ്‌ക്കള്‍ക്കു മുന്നില്‍ ജനങ്ങള്‍ തോല്‍ക്കുന്ന സ്‌ഥിതിയാണുള്ളതെന്നു പറയേണ്ടിവരുന്നു.

Ads by Google
Thursday 08 Jan 2026 11.34 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW