-->
പ്രകൃതി സമ്പത്തിനാല്‍ അനുഗ്രഹിക്കപ്പെട്ട ലോകത്തെ അപൂര്‍വം മലനിരകളില്‍ ഒന്നായ പശ്‌ചിമഘട്ടത്തിന്റെ സുഹൃത്തും സംരക്ഷകനുമായി നിലകൊണ്ട മാധവ് ഗാഡ്‌ഗില്‍ പ്രകൃതിചൂഷകരുടെ കൊടിയ ശത്രുവുമായിരുന്നു.
കൈയേറ്റക്കാരും ക്വാറി-റിസോര്‍ട്ട് മാഫിയകളുമാണ് ഗാഡ്‌ഗിലിനെതിരായ പടനീക്കത്തില്‍ മുന്നില്‍നിന്നത്.
ചില രാഷ്‌ട്രീയ കക്ഷികളെയും സമുദായ സംഘടനകളേയും കൂട്ടുപിടിച്ച്, പശ്‌ചിമഘട്ടത്തിലെ കര്‍ഷകര്‍ക്ക് കുടിയൊഴിയേണ്ടി വരുമെന്ന ഭീതിപരത്തിയത് ഈ സംഘങ്ങളാണ്. കേരളം കണ്ട ഏറ്റവും വലിയ കര്‍ഷക പ്രക്ഷോഭമായി അത് വളര്‍ത്തിയെടുക്കാന്‍ അവര്‍ക്ക് കഴിഞ്ഞു. ജലഗോപുരമായ പശ്‌ചിമഘട്ടം ഇന്ത്യയിലെ കോടിക്കണക്കിനു ജനങ്ങളുടെ കുടിവെള്ള -ജീവസന്ധാരണ സ്രോതസാണെന്ന തിരിച്ചറിവാണ് പൂനെയില്‍ ജനിച്ചുവളര്‍ന്ന മാധവ് ധനഞ്‌ജയ ഗാഡ്‌ഗിലിനെ പശ്‌ചിമഘട്ട സംരക്ഷണത്തിനു വേണ്ടി ജീവിക്കാന്‍ പ്രേരിപ്പിച്ചത്.-പരിസ്‌ഥിതി സംരക്ഷണ പ്രവര്‍ത്തകനായ ജോണ്‍ പെരുവന്താനം ഓര്‍ക്കുന്നു.
2002-ലെ ഇന്ത്യ ബയോഡൈവേഴ്‌സിറ്റി ആക്‌ട് ഉണ്ടാക്കിയ സമിതിയില്‍ ഡോ. ഗാഡ്‌ഗില്‍ അംഗമായിരുന്നു. പശ്‌ചിമഘട്ടത്തിലെ ജൈവവൈവിധ്യം നിരീക്ഷിക്കാനുള്ള വിദ്യാഭ്യാസസ്‌ഥാപനങ്ങളുടെ ശൃംഖലയിലും അദ്ദേഹം സജീവമായി. തദ്ദേശവാസികളുടെ അറിവുകള്‍ ആധുനിക അറിവുകളുമായി കോര്‍ത്തിണക്കി പ്രകൃതിവിഭവങ്ങള്‍ കൈകാര്യം ചെയ്യാന്‍ ഉപയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു. നാട്ടുജൈവവൈവിധ്യത്തിന്റെ പട്ടിക ഉണ്ടാക്കാനുള്ള ദേശവ്യാപകമായുള്ള പദ്ധതിയിലും പശ്‌ചിമഘട്ട ജൈവ വിദഗ്‌ദസമിതിയുടെ തലവനായിരുന്ന ഡോ. ഗാഡ്‌ഗില്‍ സജീവമായിരുന്നു.
മാധവ് ഗാഡ്‌ഗില്‍, കസ്‌തൂരിരംഗന്‍ എന്നിവര്‍ പശ്‌ചിമഘട്ട സംരക്ഷണത്തിനായി വ്യത്യസ്‌ത റിപ്പോര്‍ട്ടുകളാണ് നല്‍കിയത്.
ഗാഡ്‌ഗില്‍ കമ്മിറ്റി കൂടുതല്‍ കര്‍ശനമായ പരിസ്‌ഥിതി സംരക്ഷണ ശുപാര്‍ശകള്‍ മുന്നോട്ട് വച്ചപ്പോള്‍, കസ്‌തൂരിരംഗന്‍ കമ്മിറ്റി ജനങ്ങളുടെ ആശങ്കകള്‍ പരിഗണിച്ച് അവയില്‍ ചില ഇളവുകള്‍ നിര്‍ദ്ദേശിച്ചു. ഗാഡ്‌ഗില്‍ റിപ്പോര്‍ട്ടിനെതിരായ ജനരോഷം കാരണം കസ്‌തൂരിരംഗന്‍ കമ്മിറ്റിയെ നിയോഗിക്കുകയായിരുന്നു. അത് ഗാഡ്‌ഗില്‍ ശുപാര്‍ശകളെക്കാള്‍ കുറഞ്ഞ നിയന്ത്രണങ്ങളോടെയുള്ള ശുപാര്‍ശകള്‍ നല്‍കി.
ഗാഡ്‌ഗില്‍ റിപ്പോര്‍ട്ട് ദീര്‍ഘനാളായിട്ടും വനം-പരിസ്‌ഥിതി മന്ത്രാലയം പ്രസിദ്ധീകരിക്കാതെ വന്നപ്പോള്‍ വിവരാവകാശ നിയമത്തിലൂടെ റിപ്പോര്‍ട്ട് പുറത്ത് കൊണ്ടുവരേണ്ടി വന്നതും വിവാദങ്ങള്‍ക്കു വഴിവച്ചു. പൊതുഭൂമി സ്വകാര്യവത്‌കരിക്കാന്‍ പാടില്ല എന്ന ഗാഡ്‌ഗില്‍സമിതി നിര്‍ദേശം ഭൂരഹിതരുടെ ഉടമസ്‌ഥാവകാശത്തിന് എതിരാണെന്നും വാദിക്കപ്പെട്ടു.
ഗാഡ്‌ഗില്‍ സമിതിയില്‍ പരിസ്‌ഥിതി മൗലികവാദികള്‍ മാത്രമാണ് ഉണ്ടായിരുന്നതെന്നും ഇടുക്കി പോലെയുള്ള ജില്ലകളില്‍ കര്‍ഷകരോട് കൂടിയാലോചനകളൊന്നും തന്നെ സമിതി നടത്തിയില്ല എന്ന തര്‍ക്കമായിരുന്നു മറ്റൊന്ന്. റിപ്പോര്‍ട്ട് നടപ്പാക്കിയാല്‍ ആശുപത്രികള്‍, പാല്‍ സംസ്‌കരണ കേന്ദ്രങ്ങള്‍, അറവുശാലകള്‍ എന്നീ റെഡ് കാറ്റഗറി വ്യവസായങ്ങള്‍ ഇല്ലാതാവുമെന്നും പ്രചരണം ഉണ്ടായി. റിപ്പോര്‍ട്ട് നടപ്പാക്കുന്നതിനെതിരെ സര്‍ക്കാരിന് ശക്‌തമായ താക്കീത് നല്‍കി ഇടുക്കി രൂപത കുര്‍ബാനമധ്യേ ഇടയലേഖനം വായിച്ചതും വിവാദമായിരുന്നു.
രാജു പോള്‍