Wednesday, March 11, 2026 Last Updated 4 Min 51 Sec ago English Edition
Todays E paper
Ads by Google
Thursday 08 Jan 2026 11.33 PM

ഒഴുക്കിനെതിരേ നീങ്ങിയ വര്‍ഗീസ്‌, മംഗളം സ്‌ഥാപക പത്രാധിപര്‍ എം.സി. വര്‍ഗീസ്‌ അന്തരിച്ചിട്ട്‌ ഇന്ന്‌ 20 വര്‍ഷം

uploads/news/2026/01/819782/lk1.jpg

പത്രപ്രവര്‍ത്തനം സാമൂഹിക സേവനമാണെന്ന്‌ തെളിയിച്ച പത്രാധിപരായിരുന്നു എം.സി. വര്‍ഗീസ്‌. സ്വന്തം പത്രത്തിന്റെയും പ്രസിദ്ധീകരണങ്ങളുടെയും വളര്‍ച്ചയ്‌ക്കൊപ്പം കേരളത്തിലെ സാമൂഹിക ജനവിഭാഗങ്ങളുടെ പുരോഗതിയും ലക്ഷ്യമാക്കി പ്രവര്‍ത്തിച്ച അദ്ദേഹം നമ്മളില്‍നിന്ന്‌ വേര്‍പിരിഞ്ഞിട്ട്‌ രണ്ടു പതിറ്റാണ്ട്‌ തികയുകയാണ്‌.
'മംഗളം' എന്ന പ്രസിദ്ധീകരണത്തിലൂടെ സാമൂഹികസേവനത്തിന്‌ പുതിയ അര്‍ഥതലങ്ങള്‍ കണ്ടെത്തി അത്‌ വായനക്കാരുമായി പങ്കുവച്ച്‌ നിരാലംബരായ നിരവധി ആളുകളുടെ ജീവിതത്തിന്‌ താങ്ങും തണലുമേകിയ സ്‌നേഹസമ്പന്നന്‍ എന്ന ഒറ്റ വാചകത്തിലൂടെ മാത്രമേ വര്‍ഗീസിനെ വിശേഷിപ്പിക്കാനാകൂ. മാധ്യമലോകത്ത്‌ ഉയരങ്ങളില്‍ എത്തിനില്‍ക്കുമ്പോഴും സാധാരണക്കാരുടെയും നിരാലംബരുടെയും കണ്ണീരൊപ്പാന്‍ അദ്ദേഹം സദാ ജാഗരൂകനായിരുന്നു.
സമൂഹവിവാഹം സംഘടിപ്പിക്കുക, ദുരിതാശ്വാസ സംരംഭങ്ങള്‍ ആസൂത്രണം ചെയ്യുക തുടങ്ങി ജീവിതത്തിന്റെ പ്രയാസകരമായ ചുറ്റുപാടുകളെ ശ്രദ്ധിക്കാനും പദ്ധതികള്‍ ആവിഷ്‌കരിച്ച്‌ നടപ്പാക്കാനും അദേഹത്തിനായി.
ഈ കാലഘട്ടത്തില്‍ എം.സി. വര്‍ഗീസിന്റെ ജീവിതം ഓരോ മലയാളിക്കും പ്രചോദനം നല്‍കുന്നതാണ്‌. പത്രപ്രവര്‍ത്തനത്തില്‍ പരമ്പരാഗത ശൈലികളെ മാറ്റിമറിച്ച്‌ വേറിട്ട വഴി സ്വീകരിച്ച അദ്ദേഹം ഒഴുക്കിനൊത്തു നീന്താതെ മൂല്യാധിഷ്‌ഠിത നിലപാടുകളുമായി ഉറച്ചുനിന്നു. അധഃസ്‌ഥിതര്‍ക്കും സമൂഹത്തിലെ പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട ജനവിഭാഗത്തിനും വേണ്ടിയാണ്‌ അദേഹം ശബ്‌ദമുയര്‍ത്തിയത്‌. മംഗളത്തിന്റെ ഓരോ വാര്‍ത്തയിലും ഈ നിലപാട്‌ ഇപ്പോഴും തുടരുന്നു.
വര്‍ഗീസുമായി വളരെ അടുത്ത ബന്ധമാണ്‌ എനിക്കുണ്ടായിരുന്നത്‌. അദ്ദേഹവുമൊന്നിച്ച്‌ റഷ്യ സന്ദര്‍ശിച്ചത്‌ ജീവിതത്തിലെ മറക്കാനാകാത്ത ഏടുകളിലൊന്നാണ്‌. റഷ്യന്‍ സന്ദര്‍ശന വേളയില്‍ ഞാനും ഞങ്ങള്‍ക്കൊപ്പമുണ്ടായിരുന്ന ടി.എം.ജേക്കബുമൊക്കെ കാഴ്‌ചകളുടെ ലോകത്ത്‌ ചുറ്റിക്കറങ്ങിയപ്പോള്‍ താന്‍ കണ്ട കാഴ്‌ചകള്‍ തന്റെ സ്‌ഥാപനത്തിനും സമൂഹത്തിനും എങ്ങനെ പ്രയോജനപ്പെടുത്താമെന്നതായിരുന്നു വര്‍ഗീസിന്റെ ചിന്ത. കാണുന്ന സ്‌ഥലങ്ങളില്‍ അതീവ ഗൗരവത്തോടെ കയറിയിറങ്ങി കാര്യങ്ങള്‍ ചോദിച്ചു മനസിലാക്കുന്ന വര്‍ഗീസിനെ ഞാന്‍ ഇപ്പോഴും ഓര്‍ക്കുകയാണ്‌. അച്ചടിമേഖലയിലെ നൂതന സാങ്കേതികവിദ്യകള്‍ മനസിലാക്കാനുള്ള ശ്രമത്തിലായിരുന്നു അപ്പോഴും അദ്ദേഹം. റഷ്യന്‍ പ്രസിദ്ധീകരണ മേഖലയിലെ പുതിയ മാറ്റങ്ങള്‍ സസൂക്ഷ്‌മം പഠിക്കാന്‍ അദ്ദേഹം കാണിച്ച ശുഷ്‌കാന്തി എന്നെ അത്ഭുതപ്പെടുത്തി. കാര്യങ്ങള്‍ പഠിക്കാനുള്ള ആ വാസന അന്യാദൃശ്യമായിരുന്നു. പകലുകളില്‍ ഗൗരവക്കാരനായി കാണപ്പെട്ട അദേഹം സന്ധ്യകളില്‍ പാടിയ പഴയ നാടകഗാനങ്ങള്‍ ഇപ്പോഴും മനസില്‍ പച്ചപിടിച്ചു നില്‍ക്കുന്നു.
കലാഹൃദയമുള്ള ഒരു പത്ര ഉടമ കൂടിയായിരുന്നു അദ്ദേഹം. പ്രതിബദ്ധത, ആത്മാര്‍ത്ഥത, സ്‌നേഹം, അര്‍പ്പണബോധം, സാഹസിക എന്നിവയെല്ലാം കൂടി ചേര്‍ന്നതായിരുന്നു എം.സി. വര്‍ഗീസ്‌. പ്രതിസന്ധികളില്‍ പതറാത്ത അദേഹത്തിന്റെ സവിശേഷതയാണ്‌ മംഗളം ഗ്രൂപ്പെന്ന മഹാ പ്രസ്‌ഥാനം കെട്ടിപ്പടുക്കുന്നതിനു പ്രേരകമായത്‌. അര്‍പ്പണബോധമുള്ളവനേ വിജയിക്കൂ എന്നതായിരുന്നു അദ്ദേഹത്തിന്റെ കാഴ്‌ചപ്പാട്‌. ആത്മാര്‍ഥതയില്ലാതെ ഒന്നും ചെയ്യരുതെന്നതായിരുന്നു നിഷ്‌ഠ. ജീവിതാവസാനം വരെ അതു പാലിക്കാന്‍ വര്‍ഗീസിന്‌ കഴിഞ്ഞു.
എം.സി.വര്‍ഗീസ്‌ ഓര്‍മ്മയായെങ്കിലും 'മലയാളത്തില്‍ വായനാശീലം വര്‍ധിപ്പിച്ച സാമൂഹിക പ്രതിബദ്ധതയുണ്ടായിരുന്ന പത്രാധിപര്‍' എന്ന്‌ കാലം അദ്ദേഹത്തെ അനുസ്‌മരിക്കും.

പി.കെ. കുഞ്ഞാലിക്കുട്ടി

Ads by Google
Thursday 08 Jan 2026 11.33 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW