Wednesday, March 11, 2026 Last Updated 4 Min 11 Sec ago English Edition
Todays E paper
Ads by Google
Wednesday 07 Jan 2026 11.59 PM

ഇംഗ്ലീഷും മലയാളിയും

മലയാളിയുടെ ഇംഗ്ലീഷ്‌!
സത്യത്തില്‍ അങ്ങനെയൊന്നുണ്ടോ?
ഉണ്ടെന്നു വേണം കരുതാന്‍. ഓരോ ജനസമൂഹത്തിന്റെയും തനതായ സ്വഭാവഗുണങ്ങള്‍ക്കനുസരിച്ച്‌ ഉച്ചാരണവും പ്രയോഗങ്ങളും മാനറിസങ്ങളും വ്യത്യാസപ്പെട്ടിരിക്കില്ലേ? ഉദാഹരണത്തിന്‌ 'സീറോ' എന്ന വാക്ക്‌ ഉത്തരേന്ത്യയിലെ ചില പ്രദേശങ്ങളില്‍ പല രീതിയിലാണ്‌ ഉച്ചരിക്കുന്നത്‌.
സാധാരണ മലയാളികളുടെ ഇംഗ്ലീഷിന്‌ ഒരു സവിശേഷ താളമുണ്ട്‌. പലരുടേയും ഇംഗ്ലീഷ്‌ പ്രയോഗങ്ങള്‍ അതീവ മാരകമാണു താനും. അടുത്തയിടെ ഒരു യുവനേതാവിന്റെ ആംഗലവാണികള്‍ സൃഷ്‌ടിച്ച ന്യൂനമര്‍ദം വലിയ ട്രോള്‍മഴയ്‌ക്ക്‌ കാരണമായല്ലോ. ട്രോളുകളുടെ പേമാരി ഇപ്പോഴും തോര്‍ന്നിട്ടുമില്ല.
അപചയത്തിന്റെ ആരംഭം

പഴയകാലത്ത്‌ ഇംഗ്ലീഷിന്‌ ഇത്രമാത്രം ദുരന്തം നേരിട്ടിരുന്നില്ല. ഇംഗ്ലീഷ്‌ പഠിച്ചവര്‍ ന്യൂനപക്ഷമായിരുന്നെങ്കിലും അവര്‍ നന്നായി ഭാഷ കൈകാര്യം ചെയ്യാന്‍ കഴിവു നേടി.
രണ്ടാം ലോകമഹായുദ്ധത്തില്‍ പങ്കെടുത്ത നമ്മുടെ കൂലിപ്പട്ടാളക്കാരും കുശിനിക്കാരും പഴയ കണക്കപ്പിള്ളമാരും സ്‌പോക്കണ്‍ ഇംഗ്ലീഷില്‍ സമര്‍ത്ഥരായി വിളങ്ങി. സ്‌കൂളിന്റെ പടികടക്കാത്ത നേതാക്കള്‍ പോലും കിടിലന്‍ ഇംഗ്ലീഷില്‍ പ്രസംഗിച്ചു ഖ്യാതി നേടി.
കോളജുകളില്‍ മാത്രമല്ല, ഹൈസ്‌കൂളുകളില്‍പ്പോലും പ്രഗത്ഭരായ ഇംഗ്ലീഷ്‌ അധ്യാപകരുണ്ടായിരുന്നു. സയന്‍സ്‌, കണക്ക്‌, ചരിത്രം എന്നിവയില്‍ ബിരുദം നേടിയവരും ഇംഗ്ലീഷ്‌ പഠിപ്പിക്കുന്നതില്‍ സമര്‍ത്ഥരായിരുന്നു. ഷേക്‌സ്‌പിയര്‍ കൃഷ്‌ണപിള്ള, ഹോമര്‍ നാരായണന്‍ നായര്‍ തുടങ്ങിയ അപരനാമങ്ങളില്‍ പ്രശസ്‌തരായിരുന്ന സാറന്മാര്‍ വിളയാടിയിരുന്നക്ല ാസുമുറികളെക്കുറിച്ച്‌ കേട്ടിട്ടുണ്ട്‌.
ഇതൊക്കെ എഴുപതുകളിലെ കാര്യം. ആ കാലം പോയ്‌ മറഞ്ഞിരിക്കുന്നു.
എണ്‍പതുകള്‍ മുതലാണ്‌ നമ്മുടെ ഭാഷാപഠനരീതികളില്‍ മാറ്റം സംഭവിച്ചുതുടങ്ങിയത്‌. അധ്യാപകരെല്ലാം അവരുടേതായ വിഷയങ്ങളില്‍ ഒതുങ്ങി. അറിവുനേടുന്നതിന്‌ അതിര്‍ത്തികള്‍ വന്നു. ഇംഗ്ലീഷിന്‌ പ്രത്യേകം അധ്യാപകര്‍ നിര്‍ബന്ധമായി. ഭാഷാപഠനം വെറും വഴിപാടും വിദ്യാഭ്യാസം വെറും അഭ്യാസവുമായി മാറി.
അതോടെ കലാലയരാഷ്‌ട്രീയത്തിന്‌ പഠനത്തേക്കാള്‍ പ്രാധാന്യം ലഭിച്ചു. എല്ലാ വിഷയത്തിനും ജയിച്ചില്ലെങ്കിലും കുട്ടികള്‍ക്ക്‌ അടുത്തക്ല ാസിലേക്ക്‌ പ്രമോഷന്‍ കിട്ടുമെന്ന സ്‌ഥിതിയും വന്നു. സമസ്‌തമേഖലകളിലേയും അപചയത്തിന്റെ ആരംഭമായിരുന്നു അത്‌.
ഇന്ദുലേഖയും ഇംഗ്ലീഷും

ഫ്യൂഡല്‍ നന്മകള്‍ വിരിഞ്ഞിരുന്ന ആംഗലേയ ഭാഷാഭൂമിയിലെവിടെയോ ഒരു ചന്തുമേനോനും 'ഇന്ദുലേഖ'യും വരേണ്യതയുടെ നവബിംബങ്ങളായി നിറഞ്ഞുനില്‍ക്കുന്നുണ്ട്‌.
മലയാളത്തിലെ ആദ്യത്തെ ലക്ഷണമൊത്ത നോവലായ ഈ പുസ്‌തകം പുറത്തിറങ്ങിയിത്‌ 1889-ലായിരുന്നു. അക്കാലത്ത്‌ ചന്തുമേനോന്‍ വിഷയമാക്കിയത്‌ ഇംഗ്ലീഷറിയാത്ത കീഴാളരുടെ ചരിതമല്ല, ആംഗലേയ നാഗരികതയെ സ്വാംശീകരിക്കാന്‍ ആഗ്രഹിച്ച സവര്‍ണനാടന്‍ ഭൂപ്രഭുക്കന്മാരുടെ നവോത്ഥനകഥയാണ്‌. അക്കാലത്ത്‌ തറവാടിത്തത്തിന്റെ അടയാളമായി അകത്തളങ്ങളില്‍ ഇംഗ്ലീഷ്‌ സ്‌ഥാനം പിടിച്ചു. സംസ്‌കൃതം രണ്ടാം ഭാഷയായി സൂരിനമ്പൂതിരിപ്പാടിനെപ്പോലെ തലകുനിച്ചു. ഇതൊരു സാമൂഹിക വിപ്ലവത്തിന്റെ തുടക്കമായിരുന്നു. ചരിത്രഗതി മാറ്റിയ തോക്കും പീരങ്കിയും ഇംഗ്ലീഷിനൊപ്പം കടന്നുവന്നുവെന്നും ഓര്‍മിക്കണം.
നമ്മുടെ കഥാനായികയായ ഇന്ദുലേഖ സുന്ദരിയും ധനികയും ഇംഗ്ലീഷ്‌ പഠിച്ചവളുമായിരുന്നു. അവളുടെ കാമുകനായ മാധവനും ഇംഗ്ലീഷ്‌ അറിയാമായിരുന്ന ശ്രേഷ്‌ഠ യുവാവാണ്‌. ഇവര്‍ രണ്ടു പേരും ആദരണീയരും ആരാധ്യരുമാകുന്നത്‌ ഇംഗ്ലീഷിന്റെ ബലത്തിലാണ്‌. ഇംഗ്ലീഷിന്റെ കരുത്തില്‍ ഇരുവരും പഴയ സാമൂഹിക ക്രമങ്ങളെയും വിശ്വാസങ്ങളേയും വെല്ലുവിളിക്കുന്നു.
'ഇന്ദുലേഖ'യുടെ വരവ്‌ ഒരൊന്നൊന്നര വരവാണെന്ന്‌ അക്കാലത്ത്‌ ചന്തുമേനോന്‍ പോലും കരുതിക്കാണില്ല. ഇംഗ്ലീഷ്‌ നോവലുകളുടെ ചുവടുപിടിച്ച്‌, ഇംഗ്ലീഷറിയാത്ത കൂട്ടുകാര്‍ക്കു വേണ്ടി, വേറെ ദുരുദ്ദേശങ്ങളാന്നുമില്ലാതെയാണ്‌ 'ഇന്ദുലേഖ'യെ സൃഷ്‌ടിച്ചതെന്ന്‌ മേനോന്‍ പറഞ്ഞിട്ടുണ്ട്‌.
ട്യൂഷന്‍ കൊടുത്ത്‌ ദിവാനായി

തിരുവിതാംകൂര്‍ രാജകുടുംബം പണ്ടുതൊട്ടേ ഇംഗ്ലീഷ്‌ പഠിച്ചിരുന്നു. ഇംഗ്ലീഷ്‌ വിദ്യാഭ്യാസം വ്യാപിപ്പിക്കുന്നതില്‍ സ്വാതിതിരുനാള്‍ മഹാരാജാവ്‌ ഏറെ ശ്രമിക്കുകയുണ്ടായി. ഇദ്ദേഹം തുടങ്ങിയ ആദ്യത്തെ ഇംഗ്ലീഷ്‌ സ്‌കൂളാണ്‌ യൂണിവേഴ്‌സിറ്റി കോളജായി മാറിയത്‌.
തിരുവിതാംകൂര്‍ രാജാക്കന്മാര്‍ക്ക്‌ പ്രത്യേകം ഇംഗ്ലീഷ്‌ ട്യൂട്ടര്‍ ഉണ്ടായിരുന്നു. ഈ ട്യൂഷന്‍ മാസ്‌റ്റര്‍മാരില്‍ രണ്ടു പേര്‍ രാജ്യം ഭരിച്ച ദിവാന്മാരായി മാറിയെന്ന അത്ഭുതവും സംഭവിച്ചിട്ടുണ്ട്‌. സ്വാതിതിരുനാളിനെ ഇംഗ്ലീഷ്‌ പഠിപ്പിക്കാന്‍ റസിഡന്റ്‌ കേണല്‍ മണ്‍ട്രോ തെരഞ്ഞെടുത്തത്‌ തഞ്ചാവൂര്‍ക്കാരനായ പണ്ഡിതന്‍ സുബ്ബരായരെ ആയിരുന്നു. 'ഇംഗ്ലീഷ്‌ സുബ്ബരായര്‍' എന്നറിയപ്പെട്ട ഇദ്ദേഹം നാളുകള്‍ക്കു ശേഷം ദിവാനായി. തിരുവിതാംകൂറിലെ രാജകുമാരന്മാരുടെ അധ്യാപകനായി മദ്രാസില്‍ നിന്നെത്തിയ ആളായിരുന്നു പിന്നീട്‌ ദിവാനായിത്തീര്‍ന്ന സര്‍.ടി. മാധവറാവു എന്ന ചരിത്രപുരുഷന്‍.
തിരുവിതാംകൂറിലെ അവസാനത്തെ മഹാരാജാവായ ചിത്തിര തിരുനാള്‍ ബാലരാമവര്‍മ, അമ്മ മഹാറാണി സേതു പാര്‍വതീബായിക്കും അനുജന്‍ ഉത്രാടം തിരുനാളിനും ദിവാനായ സി.പി. രാമസ്വാമി അയ്യര്‍ക്കുമൊപ്പം
യൂറോപ്യന്‍ പര്യടനം നടത്തിയത്‌ തിരുവിതാംകൂറില്‍ വലിയ സാമൂഹിക മാറ്റങ്ങള്‍ക്ക്‌ കാരണമായെന്ന്‌ കരുതണം. 1933-ല്‍ നടത്തിയ ഈ യാത്രയില്‍ ഇംഗ്ലണ്ട്‌, ബെല്‍ജിയം, ജര്‍മനി, സ്വിറ്റ്‌സര്‍ലന്‍ഡ്‌, ഇറ്റലി തുടങ്ങിയ രാജ്യങ്ങള്‍ അവര്‍ സന്ദര്‍ശിച്ചു, ലണ്ടനില്‍ ജോര്‍ജ്‌ രാജാവിനെയും വത്തിക്കാനില്‍ പോപ്പിനെയും കണ്ടു,
ഈ 'പഠന-വിനോദയാത്ര' കഴിഞ്ഞു മടങ്ങിവന്ന രാജാവ്‌ ഇംഗ്ലീഷ്‌ രീതികള്‍ പലതും സ്വീകരിച്ചതോടെ നാടിനും നാട്ടാര്‍ക്കും തിരുവിതാംകൂര്‍ രാഷ്ര്‌ടീയത്തിനും ഗുണം ചെയ്‌തു.
കൊച്ചിയും ഇംഗ്ലീഷും

ബ്രിട്ടീഷുകാരുടെ സ്വന്തം നഗരമായിരുന്നു ഫോര്‍ട്ടു കൊച്ചി. വെള്ളക്കാരെ ശീമക്കാരെന്നും കൊച്ചിയെ 'കൊച്ചിശീമ' എന്നുമായിരുന്നു വിളിച്ചിരുന്നത്‌. ഇംഗ്ലണ്ടിലെ ഒരു ഗ്രാമംപോലെ ബ്രിട്ടീഷുകാര്‍ ഈ പ്രദേശത്തെ മാറ്റിയെടുത്തു.
കൊച്ചി ആക്രമിച്ച ഡച്ചുസൈന്യം കൊടുങ്ങല്ലൂര്‍ കോട്ടയും തുടര്‍ന്ന്‌ കൊച്ചിക്കോട്ടയും കീഴടക്കി പോര്‍ച്ചുഗീസുകാരെ തുരത്തിയപ്പോള്‍ ഭീതിപൂണ്ട കൊച്ചിരാജാവ്‌ ഡച്ചുഭാഷയും പിന്നീട്‌ ഇംഗ്ലീഷും പഠിക്കാന്‍ തുടങ്ങിയെന്നത്‌ വെറും കഥയാണെന്നു കരുതിയാല്‍ മതി.
നമ്മുടെ സാക്ഷരതായജ്‌ഞങ്ങളുടെ തുടക്കം കൊച്ചിയിലെ ഡച്ചുകാരില്‍ നിന്നാണ്‌. അവര്‍ മതപഠനം ലക്ഷ്യമാക്കി സ്‌ഥാപിച്ച വിദ്യാലയങ്ങള്‍ നാട്ടുകാര്‍ക്ക്‌ അറിവുകള്‍ പകര്‍ന്നു നല്‍കി. ലന്തക്കാര്‍ക്കു ശേഷം ഈ യജ്‌ഞം ബ്രിട്ടീഷ്‌ മിഷനറിമാര്‍ ഏറ്റെടുത്തു.
മലബാറില്‍ അവസ്‌ഥ മറ്റൊന്നായിരുന്നു. അവിടെ പലപ്പോഴായി ആധിപത്യം നേടിയ ഫ്രഞ്ച്‌ - പോര്‍ട്ടുഗീസ്‌ - ഡച്ച്‌ ദേശീയതകള്‍ വളര്‍ത്തിയ സംസ്‌കാരങ്ങളും ഭാഷാരീതികളും ബ്രിട്ടീഷ്‌ അധിനിവേശത്തോടെ ഇംഗ്ലീഷിന്‌ വഴിമാറിക്കൊടുക്കുകയായിരുന്നു.
ഇംഗ്ലീഷ്‌ സിന്ദാബാദ്‌!

ഇംഗ്ലീഷിനോടുള്ള നമ്മുടെ മനോഭാവം രണ്ടു രൂപത്തില്‍ കാണേണ്ടതുണ്ട്‌. ഇംഗ്ലീഷിനെ എതിര്‍ക്കുന്നത്‌ ഒരു കാര്യം. അനുകൂലിക്കുന്നത്‌ മറ്റൊരു സംഗതി.
ഇംഗ്ലീഷിന്‌ സിന്ദാബാദ്‌ വിളിക്കുന്നവരെക്കുറിച്ചു പറയുമ്പോള്‍ നാട്ടുമ്പുറത്ത്‌ കാണാറുണ്ടായിരുന്ന ഗ്രാമസേവകനെയാണ്‌ ഓര്‍മവരുന്നത്‌. കുറച്ചു നാളുകള്‍ക്കു മുമ്പ്‌ നാട്ടില്‍ ഗ്രാമസേവകര്‍ക്കു പകരം ഉഗ്രന്‍മാരായ 'വില്ലേജ്‌ എക്‌സ്‌റ്റന്‍ഷന്‍ ഓഫീസര്‍മാര്‍' അവതരിക്കുകയുണ്ടായി. 'ഗ്രാമസേവകന്‍' എന്ന പേര്‌ അപമാനകരമാണെന്ന്‌ ചിലര്‍ പറഞ്ഞതുകൊണ്ട്‌ അതേ തസ്‌തികയ്‌ക്ക്‌ ഒരു കിടിലന്‍ ഇംഗ്ലീഷ്‌പേര്‌ നല്‍കുകയായിരുന്നു. പിന്നീട്‌ ഈ തസ്‌തിക തന്നെ ഇല്ലാതായെന്നാണ്‌ കേട്ടിരിക്കുന്നത്‌. ഇംഗ്ലീഷിനോടുള്ള നമ്മുടെ അടിമമനോഭാവത്തിന്റെ ഇരയല്ലേ, സാധുവായ ഗ്രാമസേവകന്‍?
ബിലാത്തിയില്‍ പോയി ഇംഗ്ലീഷ്‌ വിദ്യാഭ്യാസം നേടി തിരിച്ചുവന്ന ഒറ്റപ്പാലത്തേയും കോഴിക്കോട്ടേയും മേനോന്‍മാരാണ്‌ ഒരിക്കല്‍ ഡല്‍ഹിയിലെ ഭരണചക്രം തിരിച്ചിരുന്നതെന്ന്‌ ഒരു മേനിപറച്ചില്‍ എങ്ങും കേട്ടിരുന്നു.
എന്തായാലും കേരളത്തിലെത്തിയ വിദേശമിഷണറിമാര്‍ നൂറ്റാണ്ടുകള്‍ക്കു മുമ്പു തുടങ്ങിയ ഇംഗ്ലീഷ്‌ വിദ്യാഭ്യാസസ്‌ഥാപനങ്ങളാണ്‌ നവോത്ഥാനത്തിന്‌ തുടക്കം കുറിച്ചതെന്ന കാര്യം ഇംഗ്ലീഷിന്‌ സിന്ദാബാദ്‌ വിളിച്ചു കൊണ്ടുതന്നെ പറയണം.
ആഗോള ആശയവിനിമയം, മെച്ചപ്പെട്ട തൊഴില്‍ സാധ്യതകള്‍, വിദ്യാഭ്യാസ അവസരങ്ങള്‍ ,ആത്മവിശ്വാസം വര്‍ധിപ്പിക്കല്‍ തുടങ്ങിയ നിരവധി ഗുണങ്ങള്‍ ഇംഗ്ലീഷ്‌ പഠനം വഴി ഉറപ്പാണെന്ന വിശ്വാസത്തിനും ഉടനെങ്ങും ഇളക്കം തട്ടുമെന്നും തോന്നുന്നില്ല. സര്‍വകലാശാലകളില്‍ സ്‌പോക്കണ്‍ ഇംഗ്ലീഷ്‌ കോഴ്‌സുകള്‍ കൂടി വേണമെന്നു മാത്രം.
ഇംഗ്ലീഷ്‌ മുര്‍ദാബാദ്‌!

ബന്ധുക്കളുണ്ടെങ്കില്‍ ശത്രുക്കളും ഉണ്ടാകാതെ തരമില്ല. അതാണ്‌ പ്രകൃതിനിയമം.
ഈ ഉലകത്തിലെ സകല പ്രശ്‌നങ്ങള്‍ക്കും കാരണം ഇംഗ്ലീഷാണെന്നു പറയുന്ന ഒരമ്മാവനെക്കുറിച്ച്‌ പ്രഫ. ആനന്ദക്കുട്ടന്‍ എഴുതിയിട്ടുണ്ട്‌. ഇംഗ്ലീഷിലെ 'ആര്‍' എന്ന അക്ഷരം ചേര്‍ന്ന വാക്കാണ്‌ പ്രശ്‌നങ്ങള്‍ക്കൊക്കെ ഹേതുവെന്ന്‌ ഈ അമ്മാവന്‍ കരുതുന്നു. ഒന്ന്‌ - ൈഡ്രവര്‍, രണ്ട്‌ - മോട്ടോര്‍, മൂന്ന്‌ - റബര്‍!
തോമസ്‌ മെക്കോളെ പ്രഭുവിന്റെ ഇംഗ്ലീഷ്‌ വിദ്യാഭ്യാസ സമ്പ്രദായത്തിന്റെ ഫലമായി കുടുംബം തകരാറിലാക്കിയ ഒരു മകന്റെ കഥ ഇ.എം. കോവൂരിന്റേതായുണ്ട്‌. തന്റെ കുടുംബത്തിന്റെ ദുരവസ്‌ഥയുടെ ഉത്തരവാദി മെക്കോളെയാണെന്നാണ്‌ കഥയിലെ പ്രധാന കഥാപാത്രം ആരോപിക്കുന്നത്‌.
നമ്മുടെ പഴയ എഴുത്തുകാരില്‍ പലര്‍ക്കും ഇംഗ്ലീഷ്‌ അത്ര പിടിയില്ലായിരുന്നു. പി. കേശവദേവിനും ഉറൂബിനും ഇടശ്ശേരിക്കും കുഞ്ഞുണ്ണിക്കും ആംഗലേയ പ്രാവീണ്യം ഉണ്ടായിരുന്നില്ല. മഹാകവി പി. കുഞ്ഞിരാമന്‍നായരുടെ ഏറ്റവും വലിയ മേന്മ അദ്ദേഹത്തിന്‌ ഇംഗ്ലീഷ്‌ അറിഞ്ഞുകൂടായിരുന്നു എന്നതാണെന്ന്‌ ഒരു നിരൂപകന്‍ എഴുതിയിട്ടുണ്ട്‌. ഇവരില്‍ പലര്‍ക്കും സംസ്‌കൃതം അറിയാമായിരുന്നതിനാല്‍ കേരളത്തിനു പുറത്ത്‌ അവര്‍ ദേവഭാഷ ആശയവിനിമയത്തിന്‌ ഉപയോഗിച്ചു. എന്നാല്‍ എം.ടിയെപ്പോലുള്ള എഴുത്തുകാര്‍ ഇംഗ്ലീഷില്‍ ചിന്തിച്ചവരായിരുന്നു. ഒരു നോവലിനെക്കുറിച്ച്‌ ആദ്യം മനനം ചെയ്‌തപ്പോള്‍ 'സോള്‍ ഓഫ്‌ ഡാര്‍ക്‌നസ്‌' എന്നാണ്‌ അദ്ദേഹം പേരിട്ടത്‌. അതായത്‌ - 'ഇരുട്ടിന്റെ ആത്മാവ്‌!'
'കാസ്‌പീസ്‌' പഠിക്കുന്ന കുട്ടികള്‍

ഇംഗ്ലീഷ്‌ വിദ്യാഭ്യാസം ലഭിച്ച യുവാക്കളെ ബ്രീട്ടീഷ്‌ പക്ഷപാതികളാക്കി നിലനിര്‍ത്തുന്നതിന്‌ വേണ്ടിയാണ്‌ എ. ഒ. ഹ്യൂം കോണ്‍ഗ്രസ്‌ രൂപീകരിച്ചതെന്ന്‌ ചില ഇംഗ്ലീഷ്‌ വൈരികള്‍ പഴി പറഞ്ഞിട്ടുണ്ട്‌. 'എബിസിഡി കാശിനു ബീഡി, കിളവന്റെ താടിക്ക്‌ തീപിടിച്ചു-' - എന്നൊരു പരിഹാസപ്പാട്ട്‌ ഇവരെപ്പാലുള്ളവര്‍ മലബാര്‍ ഭാഗങ്ങളില്‍ പാടിയിരുന്നു.
'കാസ്‌പീസ്‌!' എന്നാണ്‌ ഇംഗ്ലീഷിനെക്കുറിച്ച്‌ പ്രചാരമുള്ള മറ്റൊരു പ്രയോഗം. 'കാസ്‌പീസ്‌' പഠിക്കുന്ന പിഞ്ചുകുട്ടികളെക്കുറിച്ച്‌ വള്ളത്തോള്‍ എഴുതി:
'ആശ്‌ചര്യമുണ്ടഞ്ചു വയസ്സിലേ
തായ്‌ മുലപ്പാല്‍ച്ചുവ മാറാത്ത
പിഞ്ചുനാവാല്‍ കാസുപീസോതുന്നു -
ണ്ടാണ്‍കുഞ്ഞും പെണ്‍കുഞ്ഞു-
മാസുരമാണിന്നത്തെ പാഠരീതി!'
മലയാളം പോയി, മംഗ്ലീഷ്‌ വന്നു

ഇപ്പോഴത്ത ഏറ്റവും പുതിയ തലമുറയ്‌ക്ക്‌ മലയാളം അറിയില്ലെങ്കിലും ഇംഗ്ലീഷ്‌ നിശ്‌ചയമാണ്‌. ഏതാണ്ട്‌ തൊണ്ണൂറുകളോടെ നാട്ടില്‍ മുളച്ചു പൊന്തിയ കേന്ദ്ര സിലബസിലുള്ള ഇംഗ്ലീഷ്‌മീഡിയം വിദ്യാലയങ്ങളാണ്‌ ഇതിന്‌ കാരണമായത്‌. അക്കാലം മുതല്‍ സാധാരണക്കാര്‍ പോലും മക്കളെ ഇത്തരം സ്‌ഥാപനങ്ങളില്‍ ചേര്‍ത്തുതുടങ്ങി. പഴയ സ്‌കൂളുകളിലും ഇംഗ്ലീഷ്‌ പഠനം മെച്ചപ്പെടുത്താന്‍ ശ്രമങ്ങളുണ്ടായി. പക്ഷേ, ഈ തത്രപ്പാടില്‍ മലയാളപഠനം പിന്നോട്ടുപോയി. മലയാളവും ഇംഗ്ലീഷും ഒരുപോലെ കൈകാര്യം ചെയ്‌തിരുന്ന ഒരു തലമുറ മംഗ്ലീഷിലേക്ക്‌ കാലുമാറി. മാതൃഭാഷ 'മംഗ്ലീഷാ'യി വികസിച്ചപ്പോള്‍ കടിച്ചതുമില്ല, പിടിച്ചതുമില്ല എന്ന അവസ്‌ഥ!
'കറന്റടിച്ചു', 'ബോറടിച്ചു', 'സെന്റിയടിച്ചു' - എന്നൊക്കെയുള്ള പ്രയോഗങ്ങളിലെ തമാശ മറ്റൊരു വിഷയമാണ്‌. 'സ്വിച്ചി'ന്‌ 'വൈദ്യുതി ആഗമനിഗമന നിയന്ത്രണ യന്ത്ര'മെന്ന്‌ പറയണമോയെന്ന ശരാശരി മലയാളിയുടെ ചോദ്യവും ഒരു കീറാമുട്ടിയാണ്‌.
എന്തായാലും ഇക്കാര്യങ്ങളില്‍ തമിഴരെ വണങ്ങാതെ നിര്‍വാഹമില്ല. അവര്‍ ഇംഗ്ലീഷ്‌ പദങ്ങള്‍ക്ക്‌ തുല്യമായ ഒരെണ്ണം ഉടനെ പടച്ചുണ്ടാക്കുന്നു. വാട്ടര്‍ടാങ്ക്‌ എന്നത്‌ 'തണ്ണിത്തൊട്ടി'യായതും ടൂത്ത്‌പേസ്‌റ്റിന്‌ 'പല്‍പ്പശ' എന്ന പേരു വന്നതും കാണാതിരിക്കരുത്‌. ഇതാണ്‌ ശരിയായ സ്വത്വബോധം.

ത്സണ്മത്സന്റണ്ഡഗ്നഗ്മ്രണ്ഡനുഗ്നദ്ദണ്ഡന്റദ്ധ.്യഗ്നണ്ഡ

Ads by Google
Wednesday 07 Jan 2026 11.59 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW