-->
പുതുവര്‍ഷത്തിനൊപ്പം കേരളം അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിനുള്ള ഒരുക്കത്തിലേക്ക് ആവേശപൂര്‍വം കടന്നിരിക്കുന്നു. എല്‍.ഡി.എഫ്., യു.ഡി.എഫ്., എന്‍.ഡി.എ. മുന്നണികള്‍ക്കുള്ളില്‍ ചര്‍ച്ചകള്‍ക്ക് തുടക്കമായി. ഒപ്പം സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ പ്രചരിക്കാനും തുടങ്ങിയിട്ടുണ്ട്. സംസ്‌ഥാനത്ത് ഭരണത്തുടര്‍ച്ചയോ മാറ്റമോ എന്നുള്ള നിര്‍ണായക ചോദ്യത്തിന് ഉത്തരം തേടുകയാകും രാഷ്‌ട്രീയ കേരളം ഇനിയുള്ള ദിവസങ്ങളില്‍.
എല്‍.ഡി.എഫിനെ ഇത്തവണയും തെരഞ്ഞെടുപ്പില്‍ പിണറായി വിജയന്‍ തന്നെ നയിക്കുമെന്ന് ഉറപ്പായി കഴിഞ്ഞു. മൂന്നാമൂഴം ലക്ഷ്യമിടുന്ന എല്‍.ഡി.എഫിനെ പുറത്താക്കി 100 സീറ്റുകളോടെ വമ്പന്‍ തിരിച്ചുവരവാണ് യു.ഡി.എഫിന്റെ ലക്ഷ്യം. അതേസമയം, കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പിലെ പ്രകടനത്തിന്റെ പശ്‌ചാത്തലത്തില്‍ പത്തോളം സീറ്റുകളില്‍ പ്രതീക്ഷ പുലര്‍ത്തി എന്‍.ഡി.എയും പടയൊരുക്കത്തിലാണ്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുമോ അതോ മത്സരരംഗത്ത് നിന്ന് മാറി പ്രചാരണം നയിക്കുക മാത്രമാകുമോ ചെയ്യുകയെന്ന കാര്യത്തിലാണ് തീരുമാനം ഉണ്ടാകാനുള്ളത്. സി.പി.എം. സംസ്‌ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍ തെരഞ്ഞെടുപ്പ് ഗോദയില്‍ ഉണ്ടാകില്ലെന്ന് ഉറപ്പായിട്ടുണ്ട്. സി.പി.എമ്മിന്റെ നിലവിലെ എം.എല്‍.എമാരില്‍ എത്രപേര്‍ക്ക് വീണ്ടും അവസരം ലഭിക്കുമെന്ന കാര്യത്തില്‍ വൈകി മാത്രമേ ചിത്രം തെളിയൂ. വിജയം ലക്ഷ്യമിട്ട് രണ്ട് ടേം വ്യവസ്‌ഥയില്‍ ഇളവ് നല്‍കാന്‍ പാര്‍ട്ടിയില്‍ ധാരണയായിട്ടുണ്ട്. എന്നാല്‍, ചിലയാളുകള്‍ക്ക് മാത്രം ഇളവ് നല്‍കി പലരേയും ഒതുക്കാനും വെട്ടിനിരത്താനുമുള്ള മാര്‍ഗമായി ടേം വ്യവസ്‌ഥ മാറാനുള്ള സാധ്യതയും ചര്‍ച്ചയായി കഴിഞ്ഞു.
സ്‌ഥാനാര്‍ഥി നിര്‍ണയത്തില്‍ പുറകോട്ട് പോകുന്ന പതിവിന് മാറ്റം ഉണ്ടാക്കാനുള്ള കഠിന ശ്രമത്തിലാണ് യു.ഡി.എഫ്. തദ്ദേശ തെരഞ്ഞെടുപ്പില്‍ സ്‌ഥാനാര്‍ഥികളെ മുന്‍കൂട്ടി നിശ്‌ചയിച്ച് പ്രചാരണത്തിന് ഇറങ്ങിയ കോണ്‍ഗ്രസിന് അതിന്റെ നേട്ടം ഉണ്ടാക്കാനും കഴിഞ്ഞിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ സംസ്‌ഥാന പര്യടനത്തിനു മുമ്പായി ഏറ്റവും പ്രതീക്ഷയുള്ള 55 മണ്ഡലങ്ങളിലെ സ്‌ഥാനാര്‍ത്ഥികളെ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് അവര്‍. പുതുമുഖങ്ങള്‍ക്കും സ്‌ത്രീകള്‍ക്കും പ്രത്യേക പരിഗണന നല്‍കുമെന്നാണ് വി.ഡി. സതീശന്‍ പറഞ്ഞത്. കോണ്‍ഗ്രസിനുള്ളില്‍ ഇത് എത്രമാത്രം പ്രാവര്‍ത്തികമാക്കാനാകുമെന്ന് കണ്ടറിയേണ്ടിവരും. സീറ്റ് വിഭജനവും സ്‌ഥാനാര്‍ഥി നിര്‍ണയവും കോണ്‍ഗ്രസിന്റെ സ്വപ്‌നങ്ങളെ വലിയ രീതിയില്‍ തന്നെ സ്വാധീനിക്കുന്ന ഘടകമാകും. രാഹുല്‍ മാങ്കൂട്ടത്തില്‍ വിജയിച്ച പാലക്കാട് നിയമസഭാ സീറ്റില്‍ ഇത്തവണ കോണ്‍ഗ്രസ് സ്‌ഥാനാര്‍ത്ഥി ആരാകുമെന്നതില്‍ സംസ്‌ഥാനത്തെ ജനങ്ങള്‍ക്കാകെ ആകാംക്ഷയുണ്ടാകും . കേസില്‍ നിന്ന് രക്ഷപ്പെട്ടാല്‍ രാഹുല്‍ തന്നെ പാലക്കാട് സ്‌ഥാനാര്‍ത്ഥിയാകുമെന്ന വാര്‍ത്ത വന്നതോടെ കോണ്‍ഗ്രസ് ജില്ലാ നേതൃത്വം മറ്റൊരു സ്‌ഥാനാര്‍ഥിയെ നിര്‍ദേശിച്ചു രംഗത്തെത്തിയത് വരാന്‍ പോകുന്ന രാഷ്‌ട്രീയ അങ്കങ്ങളുടെ സൂചനയായി കാണാം.
തിരുവനന്തപുരം ജില്ലയിലെ പരമാവധി സീറ്റുകളിലും ജയമാണ് ബി.ജെ.പിയുടെ പ്രതീക്ഷ. നേമത്ത് ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ സ്‌ഥാനാര്‍ഥിത്വം പ്രഖ്യാപിച്ചു കഴിഞ്ഞു . പാലക്കാട് ഉള്‍പ്പെടെ ബി.ജെ.പിക്ക് കണ്ണുള്ള മണ്ഡലങ്ങളില്‍ ഇത്തവണ മത്സരം തീപാറുമെന്നുറപ്പ്.
നിലവിലെ സൂചന അനുസരിച്ച് ഏപ്രില്‍ രണ്ടാം വാരം സംസ്‌ഥാനത്ത് തെരഞ്ഞെടുപ്പ് നടക്കാനാണ് സാധ്യത. അര്‍ഹരായ എല്ലാ ആളുകള്‍ക്കും വോട്ടു ചെയ്യാനുള്ള അവസരം തെരഞ്ഞെടുപ്പില്‍ ഉണ്ടാകണം. അതിനാവശ്യമായി നടപടികള്‍ അടിയന്തരമായി സ്വീകരിക്കേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. മതിയായ രേഖ കൈവശം ഇല്ലാത്തവര്‍ക്ക് യുദ്ധകാല അടിസ്‌ഥാനത്തില്‍ രേഖകള്‍ ലഭ്യമാക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാന്‍ സര്‍ക്കാര്‍ ജില്ലാ കലക്‌ടര്‍മാര്‍ക്ക് നല്‍കിയ നിര്‍ദേശം സ്വാഗതാര്‍ഹമാണ്. കുറ്റമറ്റൊരു വോട്ടേഴ്‌സ് ലിസ്‌റ്റ് തെരഞ്ഞെടുപ്പ് പ്രക്രിയയെ സുഗമമാക്കുകയും ജനാധിപത്യത്തെ ശക്‌തിപ്പെടുത്തുകയും ചെയ്യും.