-->
മലയാളത്തിൽ ത്രില്ലർ സിനിമകൾക്ക് പുതിയൊരു ബെഞ്ച്മാർക്ക് നൽകിയ ചിത്രമായിരുന്നു മോഹൻലാൽ - ജീത്തുജോസഫ് കൂട്ടുകെട്ടിലൊരുങ്ങിയ ദൃശ്യം. ആദ്യ ഭാഗത്തിന്റെ സസ്പെന്‍സും ത്രില്ലും പ്രേക്ഷകര്‍ ഹൃദയത്തിലേറ്റിയതു കൊണ്ട് രണ്ടാം ഭാഗവും പിന്നീട് പ്രേക്ഷകര്‍ക്ക് മുന്നിലെത്തി. ഒടിടി റിലീസായി എത്തിയ രണ്ടാം ഭാഗവും സൂപ്പര്‍ഹിറ്റായി. അതോടെ മൂന്നാം ഭാഗം എന്നെത്തുമെന്ന് പ്രേക്ഷകര്‍ ആവേശത്തോടെ ചോദിച്ചു തുടങ്ങി.
ജീത്തു ജോസഫും മോഹന്‍ലാലും സിനിമയുടെ അണിയറപ്രവര്‍ത്തകരും ദൃശ്യം 3 ന്റെ അപ്ഡേറ്റുകളും ഷൂട്ടിംഗ് വിശേഷങ്ങളും പങ്കിടുമ്പോള്‍ ഏറെ ആവേശത്തോടെയാണ് ആരാധകര്‍ ഏറ്റെടുത്തിരുന്നത്. സിനിമയുടെ പാക്കപ്പ് അടക്കം മോഹന്‍ലാല്‍ സോഷ്യല്‍ മീഡിയയില്‍ പങ്കിട്ടിരുന്നു. അതോടെ സിനിമയ്ക്കായുള്ള കാത്തിരിപ്പിലായി ആരാധകര്‍.
ഇപ്പോഴിതാ ദൃശ്യം 3 ഏപ്രിലില്‍ ആരാധകര്‍ക്ക് മുന്നിലെത്തുമെന്ന് പറയുകയാണ് സംവിധായകൻ ജീത്തു ജോസഫ്. കൊച്ചിയിൽ രാജഗിരി ആശുപത്രിയിൽ നടന്ന ചടങ്ങിലാണ് പ്രതികരണം. ആദ്യമായാണ് ചിത്രത്തിന്റെ റിലീസിനെക്കുറിച്ച് ജീത്തു ജോസഫ് വെളിപ്പെടുത്തുന്നത്.
‘‘സിനിമയിലെ അപ്രതീക്ഷിത ട്വിസ്റ്റുകൾ പോലെയാണ് ജീവിതത്തിൽ രോഗങ്ങൾ കടന്നുവരുന്നത്. എന്നാൽ ആത്മവിശ്വാസത്തോടെ പോരാടുക എന്നതാണ് പ്രധാനം.
ദൃശ്യം ഒരുപാട് ആളുകളെ സ്വാധീനിച്ച സിനിമയാണ്. അതിന്റെ തന്നെ വലിയ ഭാരം ഉള്ളിലുണ്ട്. വലിയ പ്രതീക്ഷകളില്ലാതെ ഏപ്രിൽ ആദ്യവാരം നിങ്ങൾക്ക് വന്ന് ദൃശ്യം 3 കാണാം. ഔദ്യോഗിക പ്രഖ്യാപനം ഉടനുണ്ടാവും. നാളിതുവരെ തന്ന എല്ലാ പിന്തുണയ്ക്കും നന്ദി പറയുന്നു.
ജനുവരി 30-ന് വേറൊരു സിനിമ റിലീസ് ചെയ്യുന്നുണ്ട്. ബിജു മേനോനും ജോജു ജോർജും ഒന്നിച്ചഭിനയിച്ച ‘വലതുവശത്തെ കള്ളൻ’. ഒരു നല്ല സിനിമയായിരിക്കും, എനിക്കു നല്ല ആത്മവിശ്വാസമുണ്ട്. കഴിഞ്ഞ ദിവസം ടീസർ പുറത്തിറങ്ങി. ദൃശ്യം മാത്രമല്ല കേട്ടോ, ഞാൻ വേറേയും സിനിമകൾ ചെയ്യുന്നുണ്ട്...’’ ചിരിച്ചു കൊണ്ട് തമാശരൂപേണ ജീത്തു ജോസഫ് പറഞ്ഞു.
രാജഗിരി ആശുപത്രിയിൽ ആരംഭിച്ച സെന്റർ ഫോർ അഡ്വാൻസ്ഡ് യൂറോ-ഓങ്കോളജിയുടെ ഉദ്ഘാടന വേദിയിലാണ് ജീത്തു ജോസഫ് ഇക്കാര്യം പറഞ്ഞത്. ‘ദ്യശ്യം 3’നായി കാത്തിരിക്കുകയാണെന്ന് സ്വാഗത പ്രസംഗത്തിൽ യൂറോളജി വിഭാഗം മേധാവി ഡോ. ബാലഗോപാൽ നായർ പറഞ്ഞതിന്റെ മറുപടിയായിട്ടാണ് ജീത്തു ജോസഫ് ഇത് പറഞ്ഞത്.
ഇന്ത്യൻ സിനിമയിൽ തന്നെ ഏറ്റവും കൂടുതൽ പ്രേക്ഷകർ കാത്തിരിക്കുന്ന ചിത്രമാണ് ദൃശ്യം 3. മലയാളത്തിൽ ആദ്യം പുറത്തിറങ്ങിയ ചിത്രം പിന്നീട് നിരവധി ഭാഷകളിലാണ് റീമേയ്ക്ക് ചെയ്ത് പുറത്തിറങ്ങിയത്. അജയ് ദേവ്ഗൺ നായകനാകുന്ന ഹിന്ദി പതിപ്പിന്റെ റിലീസ് ഒക്ടോബറിലാണ്.