-->
പാലക്കാട്: ബിനോയ് വിശ്വത്തെ വിമര്‍ശിച്ചതിന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് അംഗത്തെ തിരുത്തി സിപിഐഎം സംസ്ഥാന നേതൃത്വം. ബിനോയ് വിശ്വം നാലാംകിട രാഷ്ട്രീയക്കാരനെ പോലെ പെരുമാറുന്നുവെന്ന പ്രസ്താവനയാണ് വിമര്‍ശനത്തിന് ഇരയായത്.
ബിനോയ് വിശ്വത്തെ പോലെ ഒരു നേതാവിനെ അറിയാതെ പോലും ആക്ഷേപിക്കരുതെന്നും എസ് അജയകുമാര്‍ തിരുത്തണമെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ്ബാബു പറഞ്ഞു. സിപിഐയും സിപിഐഎമ്മും വളരെ ഊഷ്മളമായ ബന്ധമാണുള്ളതെന്നും അത് സഹോദര തുല്യമാണെന്നും അതിനെ എതിര്‍ക്കുന്ന പ്രസ്താവനകള്‍ സി പി എം തള്ളി കളയുമെന്നും അദ്ദേഹം പറഞ്ഞു.
പ്രസംഗിക്കുന്നതിനിടയില്‍ ആവേശം കൊണ്ട് പറഞ്ഞതാകും. എന്നാല്‍ അതുപോലും അംഗീകാരിക്കാനാകില്ലെന്നും ഇ.എന്‍. സുരേഷ്ബാബു പറഞ്ഞു. കഴിഞ്ഞ ദിവസം സിപിഐഎം പരിപാടിയിലായിരുന്നു എസ് അജയകുമാറിന്റെ രൂക്ഷവിമര്‍ശനവും പരിഹാസവും.
ഉത്തരം താങ്ങുന്ന പല്ലിയുടെ മാനസികാവസ്ഥയാണ് സിപിഐയ്‌ക്കെന്നും തോറ്റാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്വം സിപിഐഎമ്മിനും ജയിച്ചാല്‍ ക്രെഡിറ്റ് സിപിഐക്കുമാണ് എന്നാണ് സിപിഐ സമീപനമെന്നും പറഞ്ഞു. ചിറ്റൂരില്‍ മന്ത്രി കൃഷ്ണന്‍ കുട്ടി മത്സരിക്കാന്‍ ഇല്ലെങ്കില്‍ സിപിഐഎം ചിറ്റൂര്‍ ഏറ്റെടുക്കുന്ന കാര്യം ആലോചനയില്‍ ഇല്ലെന്നും വ്യക്തമാക്കി.
നിയമസഭാ തിരഞ്ഞെടുപ്പില്‍ പാലക്കാട് ജില്ലയിലെ സ്ഥാനാര്‍ഥികളെ സംബന്ധിച്ച് ഒരു ചര്‍ച്ചയും നടന്നിട്ടില്ലെന്നും പറഞ്ഞു. ആരൊക്കെ മത്സര രംഗത്ത് ഉണ്ടാകും എന്ന് ഇപ്പോള്‍ പറയാന്‍ പറ്റില്ല. ആലോചനകള്‍ പോലും നടന്നിട്ടില്ല.