-->
കായികതാരമെന്ന നിലയില്‍ സുരേഷ് കല്‍മാഡി നേട്ടമൊന്നും ഉണ്ടാക്കിയില്ല. പക്ഷേ, അധികാര രാഷ്‌ട്രീയത്തില്‍ അദ്ദേഹം ഒരു ഫുട്‌ബോള്‍ താരത്തെപ്പോലെയായിരുന്നു. ക്ലബുകള്‍ മാറും പോലെ പാര്‍ട്ടികള്‍ മാറി. കളിക്കളത്തില്‍ അനുയോജ്യമായ ഇടംകണ്ടത്തുന്നതുപോലെ രാഷ്‌ട്രീയത്തില്‍ തനിക്കുയോജിച്ച ഇടങ്ങള്‍ അദ്ദേഹം തെരഞ്ഞെടുത്തു. ആരോപണങ്ങളെന്ന പരുക്കുകളേറ്റെങ്കിലും അതിനെ അതിജീവിക്കാനുള്ള മിടുക്കും കല്‍മാഡിക്കുണ്ടായിരുന്നു. തന്റെ ഊര്‍ജസ്വലതയിലൂടെ ഇന്ത്യന്‍ കായികരംഗത്തും രാഷ്‌ട്രീയത്തിലും വിജയങ്ങളും വിവാദങ്ങളും അദ്ദേഹം ഒരുപോലെ സൃഷ്‌ടിച്ചു. രണ്ടു പതിറ്റാണ്ടിലേറെ കാലം ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ട കായിക ഭരണാധികാരികളില്‍ ഒരാളായി അദ്ദേഹം നിറഞ്ഞുനിന്നു.
1944ല്‍ മംഗളുരുവില്‍ ജനിച്ച അദ്ദേഹം കന്നഡ, തുളു, മറാത്തി, ഹിന്ദി, ഇംഗ്ലിഷ് എന്നീ ഭാഷകള്‍ അനായാസം സംസാരിക്കുമായിരുന്നു. ദേശീയ രാഷ്‌ട്രീയത്തില്‍ ആ പ്രാവിണ്യം അദ്ദേഹത്തിനു കരുത്തായി. പുനെയിലെ സെന്റ് വിന്‍സന്റ് ഹൈസ്‌കൂളിലും ഫെര്‍ഗൂസന്‍ കോളജിലുമായിരുന്നു പഠനം. പിന്നീട് പുനെയില്‍നിന്ന് അദ്ദേഹം ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
പൈലറ്റായിട്ടായിരുന്നു അദ്ദേഹത്തിന്റെ തുടക്കം. 1964 മുതല്‍ 1974 വരെ ഇന്ത്യന്‍ വ്യോമസേനയില്‍ അദ്ദേഹം സേവനമനുഷ്‌ഠിച്ചു. കമ്മിഷന്‍ഡ് പൈലറ്റായും പിന്നീട് ഒരു ഇന്‍സ്‌ട്രക്‌ടറായും പ്രവര്‍ത്തിച്ച ശേഷം അദ്ദേഹം സ്‌ക്വാഡ്രണ്‍ ലീഡറായാണു വിരമിച്ചത്.
ശരദ് പവാറാണ് അദ്ദേഹത്തെ രാഷ്‌ട്രീയത്തില്‍ കൊണ്ടുവന്നത്. പുനെ യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷനായാണു തുടക്കം. പിന്നീട് സഞ്‌ജയ് ഗാന്ധി, മുന്‍ പ്രധാനമന്ത്രി രാജീവ് ഗാന്ധി എന്നിവരുമായി അടുത്ത ബന്ധം സ്‌ഥാപിച്ചു.
1980കളുടെ അവസാനം അദ്ദേഹം പവാറിനെ കൈവിട്ടു. കോണ്‍ഗ്രസ് ടിക്കറ്റില്‍ 1982, 1988, 1994, 1998 വര്‍ഷങ്ങളില്‍ അദ്ദേഹം രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 1995ല്‍ പി.വി. നരസിംഹ റാവു സര്‍ക്കാരില്‍ റെയില്‍വേ സഹമന്ത്രിയായി പ്രവര്‍ത്തിച്ചു.
1996ല്‍ പൂനെയില്‍നിന്നു ലോക്‌സഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടെങ്കിലും, തൊട്ടുപിന്നാലെ നടന്ന പൊതുതെരഞ്ഞെടുപ്പില്‍ ആ സീറ്റ് നിലനിര്‍ത്താനായില്ല. എന്നാല്‍ 2004ലെയും 2009ലെയും തെരഞ്ഞെടുപ്പുകളില്‍ വിജയിച്ച് സജ്‌ജീവ രാഷ്‌ട്രീയത്തില്‍ തിരിച്ചെത്തി. വൈകാതെ കായിക ഭരണരംഗത്തേക്കു മാറി.
2003ലെ ആഫ്രോ- ഏഷ്യന്‍ ഗെയിംസ്, 2008ലെ കോമണ്‍വെല്‍ത്ത് യൂത്ത് ഗെയിംസ്, 2010ലെ കോമണ്‍വെല്‍ത്ത് ഗെയിംസ്, 1989ലും 2013ലും ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പുകള്‍ തുടങ്ങി നിരവധി പ്രധാന കായികമേളകള്‍ അദ്ദേഹം ഇന്ത്യയിലേക്ക് കൊണ്ടുവന്നു.
1996 മുതല്‍ 2011 വരെ അദ്ദേഹം ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷന്‍ അധ്യക്ഷനായിരുന്നു. കോമണ്‍വെല്‍ത്ത് ഗെയിംസിലെ അഴിമതി ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ അറസ്‌റ്റില്‍ കലാശിച്ചു. അതോടെ അദ്ദേഹത്തെ കോണ്‍ഗ്രസ് തഴഞ്ഞു. 1997 ല്‍ അദ്ദേഹത്തിനു കോണ്‍ഗ്രസ് സീറ്റ് നല്‍കിയില്ല. അതോടെ പുനെ വികാസ് അഘാഡി എന്ന പാര്‍ട്ടി അദ്ദേഹം രൂപീകരിച്ചു. ബി.ജെ.പി. പിന്തുണയോടെ പുനെ ലോക്‌സഭാ സീറ്റില്‍ മത്സരിച്ചെങ്കിലും കോണ്‍ഗ്രസിന്റെ വിതല്‍ ടൂപ്പേയോട് പരാജയപ്പെട്ടു. വീണ്ടും കോണ്‍ഗ്രസിലേക്കു മടങ്ങി. പിന്നീട് എന്‍ഫോഴ്‌സ്മെന്റ് ഡയറക്‌ടറേറ്റ് കേസ് അവസാനിപ്പിച്ച് അദ്ദേഹത്തിന് ക്ലീന്‍ ചിറ്റ് നല്‍കി.
താന്‍ തെറ്റൊന്നും ചെയ്‌തിട്ടില്ലെന്ന് അദ്ദേഹം ശക്‌തമായി വാദിച്ചെങ്കിലും പൊതുജനങ്ങളുടെ രോഷത്തിലും വാര്‍ത്താ ചാനലുകളിലെ സംവാദങ്ങളിലും അദ്ദേഹത്തിന്റെ വാക്കുകള്‍ മുങ്ങിപ്പോയി. ഈ ആരോപണങ്ങള്‍ അദ്ദേഹത്തിന്റെ പ്രതിച്‌ഛായക്കു തിരിച്ചടിയായി. എങ്കിലും, കാല്‍മാഡിയുടെ പാരമ്പര്യത്തെ കോമണ്‍വെല്‍ത്ത് ഗെയിംസിലെ വിവാദങ്ങളിലേക്ക് മാത്രം ചുരുക്കുന്നത് നീതിയല്ല.
ഐ.ഒ.സി. അധ്യക്ഷന്‍ എന്ന നിലയില്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിജയങ്ങളിലൊന്നു നാഷണല്‍ ഗെയിംസ് പുനരുജ്‌ജീവിപ്പിച്ചതാണ്.
പുനെ, ബംഗളുരു, ചണ്ഡീഗഢ്, ഹൈദരാബാദ്, മണിപ്പുര്‍ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ വിവിധ വേദികളില്‍ അദ്ദേഹം നാഷണല്‍ ഗെയിംസ് കൃത്യമായ ഇടവേളകളില്‍ സംഘടിപ്പിച്ചു.
1987 മുതല്‍ 2006 വരെ 19 വര്‍ഷം അത്‌ലറ്റിക്‌സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യയുടെ പസിഡന്റ് സ്‌ഥാനം വഹിച്ചു. ആ കാലയളവില്‍, 1989 നും 1998 നും ഇടയില്‍ ഡല്‍ഹിയില്‍ എട്ട് ട്രാക്ക് ആന്‍ഡ് ഫീല്‍ഡ് മീറ്റുകളില്‍ രാജ്യാന്തര താരങ്ങളെ എത്തിക്കാന്‍ അദ്ദേഹത്തിന് സാധിച്ചു. പുനെ ഇന്റര്‍നാഷണല്‍ മാരത്തോണ്‍ സംഘടിപ്പിക്കാനും അദ്ദേഹം രംഗത്തിറങ്ങി.
1989ല്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് ആദ്യമായി രാജ്യത്ത് സംഘടിപ്പിച്ചത് ഡല്‍ഹിയില്‍ ആയിരുന്നു.2001ല്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് അസോസിയേഷന്‍ പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 1990ല്‍ ഏഷ്യന്‍ ഗ്രാന്‍ഡ് പ്രിക്‌സ് അത്‌ലറ്റിക്‌സ് മീറ്റ് ആരംഭിച്ചു.2013ല്‍ പൂനെയില്‍ ഏഷ്യന്‍ അത്‌ലറ്റിക്‌സ് ചാമ്പ്യന്‍ഷിപ്പ് സംഘടിപ്പിക്കുകയും ചെയ്‌തു. 2004ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന ലോക ഹാഫ് മാരത്തോണ്‍ അദ്ദേഹം സംഘടിപ്പിച്ചു. 2001 മുതല്‍ 2013 വരെ ലോക അത്‌ലറ്റിക്‌സ് കൗണ്‍സിലില്‍ അംഗത്വം നേടിയ ആദ്യത്തെ ഇന്ത്യക്കാരനായിരുന്നു അദ്ദേഹം. 2008ല്‍ ബെയ്‌ജിങ്ങില്‍ നടന്ന അസോസിയേഷന്‍ ഓഫ് നാഷണല്‍ ഒളിമ്പിക് കമ്മിറ്റീസ് പുരസ്‌കാരം ഒളിമ്പിക് ഗെയിംസിനെക്കുറിച്ചുള്ള അവബോധം പ്രചരിപ്പിക്കുന്നതില്‍ അദ്ദേഹത്തിന്റെ പങ്കിന് ലഭിച്ചു.അദ്ദേഹത്തിന്റെ കാലഘട്ടത്തിലെ പ്രധാന നാഴികക്കല്ലുകളിലൊന്നായിരുന്നു 2008ലെ ബെയ്‌ജിങ് ഒളിമ്പിക്‌സില്‍ ഇന്ത്യയുടെ ചരിത്രപരമായ മുന്നേറ്റം. ഷൂട്ടര്‍ അഭിനവ് ബിന്ദ്ര രാജ്യത്തിന്റെ ആദ്യ വ്യക്‌തിഗത ഒളിമ്പിക് സ്വര്‍ണ മെഡല്‍ നേടി. പുനെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്‌റ്റിവല്‍, ഗണേശോത്സവ സമയത്തെ പൂനെ ഫെസ്‌റ്റിവല്‍ എന്നിവ ആരംഭിക്കുന്നതിലും അദ്ദേഹം പ്രധാന പങ്കുവഹിച്ചു. അഴിമതിക്കേസില്‍ അറസ്‌റ്റിലായതോടെ 2011 ല്‍ അദ്ദേഹത്തെ കോണ്‍ഗ്രസ് പുറത്താക്കി. പിന്നീട് സജ്‌ജീവ രാഷ്‌ട്രീയത്തില്‍നിന്ന് പിന്മാറി.