Thursday, March 12, 2026 Last Updated 1 Min 35 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.27 PM

ട്രംപിന്റെ ഗുണ്ടാ നയതന്ത്രം

അമേരിക്കന്‍ ഐക്യനാടുകളുടെ പ്രസിഡന്റ്‌ പദവിയിലിരുന്ന്‌ ഡോണള്‍ഡ്‌ ട്രംപ്‌ നടത്തുന്ന പ്രസ്‌താവനകളും നീക്കങ്ങളും കേവലം അധികാരപ്രകടനങ്ങള്‍ക്കപ്പുറം, ആഗോള നയതന്ത്ര മര്യാദകളെത്തന്നെ വെല്ലുവിളിക്കുന്ന തലത്തിലേക്ക്‌ വളര്‍ന്നിരിക്കുന്നു.
കഴിഞ്ഞ ഞായറാഴ്‌ച ഇന്ത്യയെക്കുറിച്ച്‌ അദ്ദേഹം നടത്തിയ പരാമര്‍ശങ്ങള്‍ ഒരു പരമാധികാര രാഷ്‌ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അഭിമാനത്തിന്‌ ക്ഷതമേല്‍പ്പിക്കുന്നതാണ്‌. റഷ്യയില്‍ നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വെട്ടിക്കുറച്ചത്‌ തന്നെ 'സന്തോഷിപ്പിക്കാന്‍' വേണ്ടിയാണെന്ന ട്രംപിന്റെ അവകാശവാദം, ഉഭയകക്ഷി ബന്ധങ്ങളിലെ തുല്യതയെ ചോദ്യം ചെയ്യുന്നതും ഇന്ത്യയെ ഒരു ആശ്രിത രാജ്യമായി ചിത്രീകരിക്കുന്നതുമാണ്‌. ഇന്ത്യയെപ്പോലൊരു ജനാധിപത്യ രാജ്യത്തിന്റെ നയപരമായ തീരുമാനങ്ങളെ, ഒരു വ്യക്‌തിയുടെ ഇഷ്‌ടാനിഷ്‌ടങ്ങളിലേക്ക്‌ ചുരുക്കിക്കെട്ടുന്ന ഈ ശൈലി അങ്ങേയറ്റം അപലപനീയമാണ്‌.
ഇന്ത്യന്‍ അംബാസഡര്‍ വിനയ്‌ ക്വാത്രയുമായി നടത്തിയ കൂടിക്കാഴ്‌ചയെ ഉദ്ധരിച്ച്‌ സെനറ്റര്‍ ലിന്‍ഡ്‌സി ഗ്രഹാം നടത്തിയ വെളിപ്പെടുത്തലുകള്‍ കാര്യങ്ങളുടെ ഗൗരവം വര്‍ധിപ്പിക്കുന്നു. അധികമായി ചുമത്തിയ 25 ശതമാനം നികുതി ഒഴിവാക്കാന്‍ ഇന്ത്യ അപേക്ഷിച്ചുവെന്നും, റഷ്യന്‍ എണ്ണ വാങ്ങുന്നത്‌ കുറയ്‌ക്കാന്‍ ഇന്ത്യ തയാറായെന്നും പറയുന്നത്‌, അമേരിക്കയുടെ സാമ്പത്തിക ഭീഷണികള്‍ക്ക്‌ മുന്നില്‍ ഇന്ത്യ മുട്ടുമടക്കി എന്ന ധ്വനിയാണ്‌ നല്‍കുന്നത്‌. റഷ്യയുമായുള്ള എണ്ണ വ്യാപാരത്തില്‍ ഇന്ത്യ സ്വന്തം ഊര്‍ജ സുരക്ഷയും സാമ്പത്തിക ലാഭവും മുന്‍നിര്‍ത്തിയാണ്‌ തീരുമാനങ്ങളെടുക്കുന്നത്‌ എന്നിരിക്കെ, അത്‌ അമേരിക്കന്‍ പ്രസിഡന്റിനെ പ്രീതിപ്പെടുത്താനുള്ള നീക്കമായി വ്യാഖ്യാനിക്കപ്പെടുന്നത്‌ ഇന്ത്യന്‍ വിദേശനയത്തിന്റെ സ്വതന്ത്ര സ്വഭാവത്തിന്‌ മങ്ങലേല്‍പ്പിക്കുന്നു. ജൂണ്‍ മുതല്‍ ഒകേ്‌ടാബര്‍ വരെ ഇറക്കുമതി കുറഞ്ഞെങ്കിലും, നവംബറില്‍ അത്‌ വീണ്ടും വര്‍ധിച്ചുവെന്ന കണക്കുകള്‍ ട്രംപിന്റെ അവകാശവാദങ്ങള്‍ക്കും യാഥാര്‍ത്ഥ്യത്തിനും ഇടയിലുള്ള അന്തരം വ്യക്‌തമാക്കുന്നുണ്ട്‌.
ലാറ്റിനമേരിക്കന്‍ രാജ്യങ്ങളോടുള്ള ട്രംപിന്റെ സമീപനം സാമ്രാജ്യത്വ അധിനിവേശത്തിന്റെ പുതിയ രൂപമായി മാറിയിരിക്കുന്നു. കൊളംബിയന്‍ പ്രസിഡന്റ്‌ ഗുസ്‌താവോ പെട്രോയെ 'മയക്കുമരുന്ന്‌ കടത്തുകാരന്‍' എന്ന്‌ പരസ്യമായി അധിക്ഷേപിച്ചതും, വെനസ്വേലയിലെ പോലെ സൈനിക നടപടികള്‍ ഉണ്ടായേക്കാമെന്ന ഭീഷണി മുഴക്കിയതും, ഒരു രാഷ്‌ട്രത്തലവന്‌ ചേര്‍ന്ന മാന്യതയല്ല. കൊളംബിയന്‍ പ്രസിഡന്റിന്റെ 'എന്നെ അപവാദം പറയുന്നത്‌ നിര്‍ത്തൂ' എന്ന പ്രതികരണം, അമേരിക്കയുടെ അയല്‍പക്കത്തുള്ള രാജ്യങ്ങള്‍ അനുഭവിക്കുന്ന അരക്ഷിതാവസ്‌ഥയുടെ തെളിവാണ്‌. വെനസ്വേലന്‍ പ്രസിഡന്റിനെയും ഭാര്യയെയും തട്ടിക്കൊണ്ടുപോയ അമേരിക്കന്‍ നടപടിയുടെ പശ്‌ചാത്തലത്തില്‍ വേണം കൊളംബിയയ്‌ക്കെതിരായ ഭീഷണിയെയും നോക്കിക്കാണാന്‍.
ഇതിനൊപ്പം ചേര്‍ത്തുവായിക്കേണ്ടതാണ്‌ ഗ്രീന്‍ലാന്‍ഡിനെപ്പറ്റിയുള്ള ട്രംപിന്റെ വിചിത്രമായ മോഹങ്ങള്‍. ഡെന്മാര്‍ക്കിന്റെ കീഴിലുള്ള ഈ ദ്വീപിനെ പ്രതിരോധ ആവശ്യങ്ങള്‍ക്കായി അമേരിക്കയോട്‌ ചേര്‍ക്കണമെന്ന ആവശ്യം, 'അധിനിവേശ ഫാന്റസി' എന്നാണ്‌ ഗ്രീന്‍ലാന്‍ഡ്‌ പ്രധാനമന്ത്രി വിശേഷിപ്പിച്ചത്‌. പണവും സൈനികശക്‌തിയും ഉണ്ടെങ്കില്‍ ഏത്‌ രാജ്യത്തെയും വിലയ്‌ക്കുവാങ്ങാമെന്നോ പിടിച്ചെടുക്കാമെന്നോ ഉള്ള ധാരണ, പത്തൊന്‍പതാം നൂറ്റാണ്ടിലെ കൊളോണിയല്‍ ചിന്താഗതിയുടെ ബാക്കിപത്രമാണ്‌. ഡെന്മാര്‍ക്കും ബ്രിട്ടനും ഇതിനെതിരേ ശക്‌തമായി പ്രതികരിച്ചത്‌ യൂറോപ്പിലെ അമേരിക്കന്‍ സഖ്യകക്ഷികള്‍ പോലും ട്രംപിന്റെ ഏകപക്ഷീയമായ നിലപാടുകളില്‍ അസ്വസ്‌ഥരാണെന്നതിന്റെ സൂചനയാണ്‌.
അധികാരക്കൊതിയും മറ്റുള്ളവരെ ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനുള്ള വ്യഗ്രതയുമാണ്‌ ട്രംപിന്റെ നിലവിലെ നീക്കങ്ങളില്‍ കാണുന്നത്‌. 'എന്നെ സന്തോഷിപ്പിക്കുക' എന്നതാണ്‌ മറ്റ്‌ രാജ്യങ്ങളുടെ ബാധ്യതയെന്ന തരത്തിലുള്ള അദ്ദേഹത്തിന്റെ ചിന്താഗതി, രാജ്യാന്തര ബന്ധങ്ങളുടെ ജനാധിപത്യവല്‍ക്കരണത്തിന്‌ വലിയ ഭീഷണിയാണ്‌. റഷ്യയില്‍ നിന്ന്‌ എണ്ണയോ യുറേനിയമോ വാങ്ങുന്ന രാജ്യങ്ങള്‍ക്കെതിരേ 500 ശതമാനം വരെ നികുതി ചുമത്തുമെന്ന ഭീഷണി, സ്വതന്ത്ര വ്യാപാര കരാറുകളെയും ആഗോള വിപണിയെയും അട്ടിമറിക്കാന്‍ പോന്നതാണ്‌. അമേരിക്കന്‍ താല്‍പര്യങ്ങള്‍ സംരക്ഷിക്കാന്‍ എന്ന പേരില്‍ നടത്തുന്ന ഈ ഏകപക്ഷീയ ഉപരോധങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇരട്ടത്താപ്പ്‌ ആണെന്ന്‌ ഇന്ത്യ നേരത്തെ തന്നെ വ്യക്‌തമാക്കിയിട്ടുണ്ട്‌. അമേരിക്ക റഷ്യയില്‍ നിന്ന്‌ അവശ്യവസ്‌തുക്കള്‍ വാങ്ങുമ്പോള്‍ തന്നെ, മറ്റ്‌ രാജ്യങ്ങളെ അതില്‍ നിന്ന്‌ വിലക്കുന്നത്‌ നീതീകരിക്കാനാവില്ല.
ട്രംപ്‌ മുന്നോട്ടുവെക്കുന്ന ലോകക്രമത്തില്‍ സൗഹൃദത്തിനോ പരസ്‌പര ബഹുമാനത്തിനോ സ്‌ഥാനമില്ല; അവിടെ വിധേയത്വം മാത്രമാണ്‌ പ്രതീക്ഷിക്കപ്പെടുന്നത്‌. ഇന്ത്യയെപ്പോലുള്ള വളരുന്ന സാമ്പത്തിക ശക്‌തികള്‍ക്ക്‌ ഇത്‌ വലിയൊരു പാഠമാണ്‌. അമേരിക്കയുമായുള്ള തന്ത്രപരമായ പങ്കാളിത്തം തുടരുമ്പോഴും, നമ്മുടെ നയപരമായ സ്വാശ്രയത്വവും അന്തസ്സും അടിയറവു വയ്‌ക്കുന്നില്ലെന്ന്‌ ഉറപ്പാക്കേണ്ടതുണ്ട്‌. ഒരു വ്യക്‌തിയുടെ മനോനിലയ്‌ക്കും പ്രീതിക്കും അനുസരിച്ചല്ല, മറിച്ച്‌ രാഷ്ര്‌ടത്തിന്റെ പരമാധികാരത്തിന്‌ മുന്‍ഗണന നല്‍കിക്കൊണ്ടാവണം ഇന്ത്യയുടെ ഭാവി നീക്കങ്ങള്‍. ട്രംപിന്റെ വാക്കുകള്‍ വെറും വീണ്‍വാക്കുകളായി തള്ളിക്കളയാതെ, അതിനു പിന്നിലെ അപകടകരമായ രാഷ്‌ട്രീയത്തെ തിരിച്ചറിഞ്ഞ്‌ പ്രതിരോധിക്കാന്‍ ലോകരാജ്യങ്ങള്‍ തയാറെടുക്കേണ്ടിയിരിക്കുന്നു.

കെ.ജി. സന്ദീപ്‌

Ads by Google
Tuesday 06 Jan 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW