Wednesday, March 11, 2026 Last Updated 12 Min 29 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.27 PM

സൗദിയും യു.എ.ഇയും തമ്മിലെന്ത്‌?

ഒരു ടീമായി കളത്തിലിറങ്ങിയിട്ട്‌ പരസ്‌പരം ഗോളടിക്കുന്നവരെക്കുറിച്ച്‌ കേട്ടിട്ടുണ്ടോ? സഹോദര രാജ്യങ്ങള്‍ എന്ന്‌ വിഖ്യാതമായ സൗദി അറേബ്യയുടെയും യു.എ.ഇയുടെയും സമകാലീന അവസ്‌ഥയാണിത്‌. ഇരു രാജ്യങ്ങളും സ്വന്തം താല്‍പര്യങ്ങള്‍ക്കായി ഗോളടിക്കുന്നു. അതാകട്ടെ പലതും സെല്‍ഫ്‌ ഗോളാക്കുന്നു.
എണ്ണയുടെ രാഷ്ര്‌ടീയത്തിലാണ്‌ തുടക്കം. കൂടുതല്‍ എണ്ണ ഉല്‍പാദനം നടത്തണമെന്ന്‌ യു.എ.ഇ. ആവശ്യപ്പെടുമ്പോള്‍ എണ്ണ വില നിയന്ത്രിക്കാന്‍ ഉല്‍പാദനം കുറയ്‌ക്കണം എന്ന ആവശ്യമാണ്‌ സൗദിക്ക്‌ ഉള്ളത്‌.
ഇതിനു പുറമെ യെമന്‍, സുഡാന്‍ എന്നീ രാജ്യങ്ങളുടെ ആഭ്യന്തര യുദ്ധങ്ങളില്‍ ഇരു രാജ്യങ്ങളും രണ്ടു പക്ഷത്തായി നിലയുറപ്പിച്ചിരിക്കുന്നു. തുടക്കത്തില്‍ ഒരുമിച്ചായിരുന്നു ഇവര്‍. എന്നാല്‍, തങ്ങളുടെ സാമ്പത്തിക, മേഖലാ താല്‍പര്യങ്ങള്‍ എന്തുവില കൊടുത്തും ഉറപ്പിച്ചു നിര്‍ത്താന്‍ ഇരുവരും ഭിന്ന മാര്‍ഗങ്ങള്‍ സ്വീകരിച്ചതോടെയാണ്‌ ഇരുരാജ്യങ്ങളും അകന്നത്‌. ഇത്‌ മേഖലയിലെ സമവാക്യങ്ങള്‍ മാറാന്‍ ഇടയാക്കും. ആശങ്കയുടെ കരിനിഴല്‍ ഗള്‍ഫിനെ മാത്രമല്ല മലയാളികളെയും ബാധിക്കുന്നുണ്ട്‌.

യെമനിലെ യുദ്ധത്തില്‍ വിരുദ്ധപക്ഷം

യെമനിലെ ഇറാന്‍ അനുകൂല വിഭാഗമായ ഹൂതികള്‍ക്ക്‌ നേരെ മാത്രമല്ല തെക്കന്‍ യെമനിലെ സതേണ്‍ ട്രാന്‍സിഷനല്‍ കൗണ്‍സിലിന്‌ (എസ്‌.ടി.സി.) നേരെയും സൗദി അറേബ്യ ആക്രമണം അടുത്തിടെ കടുപ്പിച്ചു. ഇതുകൂടാതെ സഖ്യ കക്ഷിയായിരുന്ന യു.എ.ഇക്കെതിരേ കടുത്ത ആരോപണം ഉയര്‍ത്തുകയും ചെയ്‌തു.
എസ്‌.ടി.സിക്ക്‌ ആയുധം നല്‍കിയെന്നും, യെമനെ വിഭജിക്കാന്‍ പിന്തുണയ്‌ക്കുന്നത്‌ യു.എ.ഇ. ആണെന്നും സൗദി ആരോപിച്ചു. എന്നാല്‍, ഭീകരവാദത്തെ ചെറുക്കാനാണ്‌ ആയുധം നല്‍കുന്നത്‌ എന്നാണ്‌ യു.എ.ഇയുടെ വാദം. യു.എ.ഇയുമായുള്ള സുരക്ഷാ കരാറുകള്‍ റദ്ദാക്കിയതായും 24 മണിക്കൂറിനുള്ളില്‍ രാജ്യം വിടണമെന്നും യെമന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ യു.എ.ഇ യോട്‌ ആവശ്യപ്പെട്ടു. യു.എ.ഇക്കും എസ്‌.ടിസിക്കുമെതിരായ നീക്കത്തിന്‌ സൗദിയില്‍ ചേര്‍ന്ന യെമന്‍ ദേശീയ പ്രതിരോധ സമിതി യോഗം അനുമതി നല്‍കി.
സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള സഖ്യസേന യമനിലെ മുകല്ല തുറമുഖത്ത്‌ കഴിഞ്ഞ ദിവസം ബോംബിട്ടു. ഇവിടെ വിദേശത്ത്‌ നിന്ന്‌ ആയുധ കപ്പല്‍ എത്തിയെന്ന സംശയത്തിലാണ്‌ ബോംബാക്രമണം. ഒരു കപ്പല്‍ ആക്രമിക്കപ്പെട്ടു എന്ന്‌ സ്‌ഥിരീകരിച്ചിട്ടുണ്ട്‌. ഈ കപ്പല്‍ യു.എ.ഇയില്‍ നിന്ന്‌ വന്നു എന്നാണ്‌ ആരോപണം. ഈ മേഖലയില്‍ തെക്കന്‍ യെമന്‍ സ്വതന്ത്ര രാജ്യമാകണം എന്ന്‌ ആവശ്യപ്പെടുന്ന എസ്‌.ടി.സിക്കാണ്‌ സ്വാധീനം. അവര്‍ക്ക്‌ പിന്തുണ നല്‍കുന്നതാകട്ടെ യു.എ.ഇയും.
പുറമെ ഭായി- ഭായി (അറബിയില്‍ ഹബീബി - ഹബീബി എന്ന്‌ വിളിക്കാം!) എന്ന്‌ പറയാറുണ്ടെങ്കിലും സൗദി അറേബ്യയും, യു.എ.ഇയും തമ്മിലുള്ള തര്‍ക്കം ഒരേ സഖ്യത്തിനുള്ളിലെ വ്യത്യസ്‌ത താല്‍പര്യങ്ങളും തന്ത്രങ്ങളും മൂലമാണ്‌. ഇവര്‍ ഒരുമിച്ചാണ്‌ യെമനില്‍ ഹൂതികള്‍ക്കെതിരേ യുദ്ധത്തിലേക്ക്‌ ഇറങ്ങിയത്‌. എന്നാല്‍, രണ്ട്‌ രാജ്യങ്ങളുടെയും ലക്ഷ്യങ്ങള്‍ ഭിന്നമായിരുന്നു.
10 വര്‍ഷം മുന്‍പ്‌, അതായത്‌ 2015 ലാണ്‌ യെമന്‍ യുദ്ധത്തിന്റെ തുടക്കം. ഇറാന്‍ അനുകൂല സംഘമായ ഹൂതി വിമതരെ രാജ്യത്തിന്റെ അധികാരം പിടിച്ചടക്കുന്നതില്‍ നിന്ന്‌ തടയുക എന്നതായിരുന്നു ലക്ഷ്യം. അബ്‌ദു റബ്ബ്‌ മന്‍സൂര്‍ ഹാദി സര്‍ക്കാരിനെ തിരിച്ചുകൊണ്ടുവരിക എന്ന ലക്ഷ്യത്തോടെ സൗദി നയിച്ച സഖ്യത്തില്‍ യു.എ.ഇയും പങ്കുചേരുകയായിരുന്നു. 33 വര്‍ഷം പ്രസിഡന്റായിരുന്ന അലി അബ്‌ദുള്ള സാലിഹിന്‌ 'അറബ്‌ വസന്തം' എന്ന വിപ്‌ളവ മുന്നേറ്റത്തിന്റെ പശ്‌ചാത്തലത്തില്‍ അധികാരം നഷ്‌ടപ്പെട്ടപ്പോള്‍ ഉപരാഷ്ര്‌ടതിയായിരുന്ന അബ്‌ദു റബ്ബു മന്‍സൂര്‍ ഹാദി പ്രസിഡന്റായി.
അഴിമതിയും വിഭാഗീയതയും വര്‍ധിപ്പിച്ച സ്വേച്‌ഛാധിപത്യ ഭരണമായിരുന്നു അലി അബ്‌ദുള്ള സാലിഹിന്റേത്‌. അധികാരത്തില്‍ നിന്ന്‌ പുറത്തായെങ്കിലും യെമന്‍ രാഷ്ര്‌ടീയത്തില്‍ അലി സജീവമായിരുന്നു. ആദ്യം ഹൂതികളോടൊപ്പം ആയിരുന്ന അദ്ദേഹം പിന്നീട്‌ സൗദി പക്ഷത്ത്‌ ചേര്‍ന്നു. ഇത്‌ വഞ്ചനയാണെന്ന്‌ തിരിച്ചറിഞ്ഞ ഹൂതികള്‍ 2017 ഡിസംബര്‍ നാലിന്‌ അദ്ദേഹത്തെ വധിക്കുകയായിരുന്നു.
2012ലാണ്‌ അലി അബ്‌ദുള്ളക്ക്‌ അധികാരം നഷ്‌ടപ്പെടുകയും ഹാദി പ്രസിഡന്റാവുകയും ചെയ്‌തത്‌. എന്നാല്‍, അദ്ദേഹത്തിന്‌ വിവിധ വിഭാഗം ജനങ്ങളുടെ പിന്തുണ കുറവായിരുന്നു. ഹൂതികള്‍ മാത്രമല്ല, തെക്കന്‍ യെമന്‍ വേര്‍പെട്ട്‌ പോകണം എന്ന്‌ ആവശ്യപ്പെടുന്ന എസ്‌.ടി.സിയും എതിരായി.
സൗദിയുടെ പ്രധാന ലക്ഷ്യം ഉത്തര യെമന്റെ നിയന്ത്രണം ആയിരുന്നു. ഹൂതികള്‍ യമനില്‍ അധികാരത്തില്‍ വന്നാല്‍ ഇറാന്റെ സ്വാധീനം അവിടെ ഉണ്ടാകും. തങ്ങളുടെ അതിര്‍ത്തിയിലെ ഭീഷണി ഒഴിവാക്കുക എന്നത്‌ മാത്രമല്ല തങ്ങള്‍ പിന്തുണയ്‌ക്കുന്ന ഏക യെമന്‍ സര്‍ക്കാര്‍ വേണമെന്നും സൗദി ആഗ്രഹിക്കുന്നു. യെമന്‍ വിഭജിക്കപ്പെടുന്നതില്‍ സൗദിക്ക്‌ താല്‍പ്‌സ്ര്യമില്ല.
സൗദി അറേബ്യ കഴിഞ്ഞ ദിവസങ്ങളില്‍ തെക്കന്‍ യമനിലെ സ്വാധീന ശക്‌തിയായ എസ്‌ടി.സിക്ക്‌ താക്കീത്‌ നല്‍കിയിരുന്നു. ഹളര്‍മൗത്ത്‌, അല്‍ മഹ്‌റ എന്നീ പ്രദേശങ്ങളുടെ നിയന്ത്രണം എസ്‌.ടി.സി . പിടിച്ചതോടെയാണിത്‌. തുടര്‍ന്നായിരുന്നു സൗദിയുടെ ആക്രമണം. കിഴക്കന്‍ യെമനില്‍ ഒമാനുമായും സൗദിയുമായും അതിര്‍ത്തി പങ്കിടുന്ന പ്രദേശങ്ങളാണിത്‌. ഇവിടെ എസ്‌.ടി.സി ശക്‌തിപ്പെടുന്നതില്‍ സൗദിക്ക്‌ ആശങ്കയുണ്ട്‌. ചുരുക്കത്തില്‍ എസ്‌.ടി.സിയും ഹൂതികളും സൗദിക്ക്‌ എതിരാണ്‌. രാജ്യത്ത്‌ അടിയന്തരാവസ്‌ഥ പ്രഖ്യാപിച്ചിരിക്കുകയാണ്‌. തുറമുഖം, വിമാനത്താവളം, കര അതിര്‍ത്തികള്‍ എന്നിവ അടച്ചിടാന്‍ പ്രസിഡന്‍ഷ്യല്‍ കൗണ്‍സില്‍ നിര്‍ദേശം നല്‍കി. ഹളര്‍മൗത്തില്‍ നിന്ന്‌ സൈന്യത്തെ പിന്‍വലിക്കാന്‍ ഉദ്ദേശിക്കുന്നില്ല എന്ന്‌ എസ്‌.ടി.സി മേധാവി മുഹമ്മദ്‌ അബ്‌ദുല്‍ മാലിക്‌ അല്‍ സുബൈദി പ്രഖ്യാപിച്ചിട്ടുണ്ട്‌.
1990ന്‌ മുമ്പ്‌ യമന്‍ രണ്ട്‌ രാജ്യമായിട്ടാണ്‌ നിലനിന്നിരുന്നത്‌. പിന്നീടാണ്‌ മേഖലയിലെ പ്രധാന ശക്‌തികള്‍ ഒരുമിക്കാന്‍ തീരുമാനിച്ചതും യമന്‍ ഒന്നായതും. ഏതാനും വര്‍ഷം മുമ്പ്‌ വടക്കന്‍ മേഖലയില്‍ ഹൂതികള്‍ മുന്നേറ്റം നടത്തിയതോടെ തെക്കന്‍ യമനിലും വിഘടനവാദം ശക്‌തിപ്പെടുകയായിരുന്നു
ഈ വിഷയത്തില്‍ യു.എ.ഇക്ക്‌ വ്യത്യസ്‌ത അജന്‍ഡയുണ്ട്‌. വാണിജ്യ താല്‍പര്യങ്ങളാണ്‌ യു.എ.ഇക്ക്‌ പ്രധാനം. തെക്കന്‍ യമന്‍ തുറമുഖങ്ങളായ ഏഡന്‍, മൊക്ക, സോകോത്ര എന്നിവിടങ്ങളില്‍ യു.എ.ഇക്ക്‌ താല്‍പര്യങ്ങളുണ്ട്‌. അറബിക്കടല്‍, ചെങ്കടല്‍ എന്നിവിടങ്ങളിലൂടെയുള്ള വ്യാപാര നിയന്ത്രണം യു.എ.ഇയുടെ വാണിജ്യ താല്‍പര്യങ്ങളെ ബാധിക്കും.
ഇസ്ലാമിസ്‌റ്റ് ഗ്രൂപ്പുകള്‍ (മുസ്ലിം ബ്രദര്‍ഹുഡ്‌/ഇസ്ലാഹ്‌ പാര്‍ട്ടി) വളര്‍ന്നു വരുന്നതിനെ നേരിടാന്‍ എസ്‌.ടി.സി. ശക്‌തിപ്പെടണമെന്നും രാജ്യം രണ്ടായി വിഭജിക്കപ്പെട്ട്‌ തെക്കന്‍ യെമന്‍ രൂപീകരിക്കണം എന്നുമുള്ള നിലപാടാണ്‌ യു.എ.ഇയ്‌ക്ക്. അതേസമയം ഹൂതികളുമായി പോലും ചര്‍ച്ച നടത്തി യുദ്ധം അവസാനിപ്പിക്കാന്‍ സൗദി ശ്രമിക്കുന്നു. തെക്കന്‍ യെമനിലെ എണ്ണ സമ്പത്തിലും ഇരു രാജ്യങ്ങള്‍ക്കും കണ്ണുണ്ട്‌. ദരിദ്ര രാഷ്ര്‌ടമായ യെമന്റെ വികസനത്തിന്റെ കുന്ത മുനയാണ്‌ ഇവിടുത്തെ എണ്ണപ്പാടങ്ങള്‍. എന്നാല്‍, ഇപ്പോള്‍ അത്‌ അധികാര പോരാട്ടത്തിന്റെ ഇന്ധനമാണ്‌.
തങ്ങളുടെ താല്‍പര്യങ്ങള്‍ മുന്‍നിര്‍ത്തി സൗദിയും യു.എ.ഇയും പോരാടുമ്പോള്‍ ദുരിതത്തിലാകുന്നത്‌ യമനിലെ സാധാരണക്കാരായ മനുഷ്യരാണ്‌. കടുത്ത ദാരിദ്ര്യമാണിവിടെ. വിശപ്പ്‌, രോഗങ്ങള്‍ എന്നിവരുടെ പിടിയിലാണ്‌ ഈ രാജ്യം. നഗരങ്ങളും ഗ്രാമങ്ങളും യുദ്ധത്തില്‍ നശിച്ചു. ലക്ഷക്കണക്കിന്‌ ആളുകള്‍ വീടുവിട്ടു അഭയാര്‍ത്ഥികളായി.
കുട്ടികളില്‍ ഗുരുതര പോഷകാഹാരക്കുറവ്‌ വ്യാപകമായി. തൊഴിലവസരങ്ങള്‍ ഇല്ലാതായി. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ പോലും ശമ്പളമില്ല. ഭൂരിഭാഗം ആശുപത്രികളും പ്രവര്‍ത്തനരഹിതമായി.
ശുദ്ധജലം ലഭിക്കാത്തതിനാല്‍ മലിനജല രോഗങ്ങള്‍ വര്‍ദ്ധിക്കുന്നു. ലക്ഷക്കണക്കിന്‌ കുട്ടികള്‍ക്ക്‌ സ്‌കൂളില്‍ പോകാന്‍ കഴിയുന്നില്ല. ബാലവിവാഹം വര്‍ധിച്ചു. സ്‌ത്രീകള്‍ക്ക്‌ ആരോഗ്യസംരക്ഷണവും സുരക്ഷയും കുറഞ്ഞു. കുട്ടികളെ സൈനികരായി ഉപയോഗിക്കുന്ന സംഭവങ്ങളും റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു.

സുഡാനിലെ
സൗദി-യു.എ.ഇ. കളി

കളിക്കളം മാറുന്നു എന്നേയുള്ളു. യെമനിലെ കളിയുടെ തുടര്‍ച്ചയാണ്‌ സുഡാനിലും നടക്കുന്നത്‌. ഇവിടുത്തെ രക്‌തരൂഷിതമായ ആഭ്യന്തര യുദ്ധത്തിലും സൗദി-യു.എ.ഇ. ഭിന്നത ശക്‌തമാണ്‌. ഇവിടെയും ഇരു രാജ്യങ്ങള്‍ക്കും താല്‍പര്യങ്ങളുണ്ട്‌.
ഇവിടെ ഇപ്പോഴും ആഭ്യന്തര യുദ്ധം രൂക്ഷമായി തുടരുകയാണ്‌. 2023 ഏപ്രില്‍ 15-ന്‌ സുഡാനീസ്‌ ആര്‍മിയും (എസ്‌.എ.എഫ്‌.) റാപ്പിഡ്‌ സപ്പോര്‍ട്ട്‌ ഫോഴ്‌സും (ആര്‍.എസ്‌.എഫ്‌.) തമ്മില്‍ യുദ്ധം ആരംഭിച്ചു. രാജ്യത്തിലെ ഒരു സൈന്യത്തിലെ തന്നെ ഭാഗമായിരുന്നു ഇവര്‍. രണ്ടു കൂട്ടരുടെയും നിയന്ത്രണത്തില്‍ നിരവധി പ്രദേശങ്ങളുണ്ട്‌.
ആര്‍.എസ്‌.എഫിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ്‌ യു.എ.ഇയുടേത്‌. സ്വര്‍ണ വിപണികളും, വ്യാപാര മാര്‍ഗങ്ങളും കൈവശപ്പെടുത്തുകയാണ്‌ അവരുടെ ലക്ഷ്യമെന്ന്‌ ആരോപിക്കുമ്പോള്‍ ഔദ്യോഗികമായി യു.എ.ഇ. ഇക്കാര്യം നിരാകരിച്ചിട്ടുണ്ട്‌. ഏതായാലും സാമ്പത്തിക നേട്ടങ്ങള്‍, ഭൂമി ശാസ്‌ത്രപരമായൊരു തന്ത്രപരമായ സ്‌ഥാനം ഉറപ്പാക്കല്‍ എന്നിവയിലുള്ള യുഎഇയുടെ താല്‌പര്യം സജീവമാണ്‌. സുഡാനിലെ സ്വര്‍ണം, കൃഷി, കടല്‍പ്പാതകള്‍ എന്നിവ യു.എ.ഇക്ക്‌ പ്രധാനമാണ്‌.
സൗദി പൂര്‍ണ്ണമായും സുഡാനീസ്‌ ആര്‍മിയെ (എസ്‌.എ.എഫ്‌.) പിന്തുണയ്‌ക്കുന്നു. ദീര്‍ഘകാലമായി ഇവരുമായി സൗദിക്ക്‌ ബന്ധം ഉണ്ട്‌. സുഡാന്‍ എന്ന രാജ്യം ഒരു പിളര്‍പ്പിലേക്ക്‌ പോകരുത്‌ എന്നും എസ്‌.എ.എഫിന്റെ നേതൃത്വത്തില്‍ അധികാരം ഉറപ്പിക്കണമെന്നും അവര്‍ ആഗ്രഹിക്കുന്നു. യുദ്ധം അവസാനിപ്പിക്കാനായി മധ്യസ്‌ഥ ശ്രമങ്ങള്‍ക്കും അവര്‍ ഊന്നല്‍ നല്‍കുന്നു.
സുഡാന്റെ ഒരു അതിര്‌ ചെങ്കടലാണ്‌. കടല്‍ എന്നൊന്നും പറയാനില്ല. ഒരു ചെറിയ ഉള്‍ക്കടലാണ്‌ റെഡ്‌ സീ. അതിന്റെ മറുകരയിലാണ്‌ സൗദി അറേബ്യ. അതിനാല്‍ തന്നെ ഇവിടെ സൗദിക്ക്‌ ഭൂമിശാസ്‌ത്രപരമായ, സൈനികമായ താല്‍പര്യങ്ങള്‍ ഏറെയുണ്ട്‌.
കൂടാതെ സൗദി അറേബ്യ സുഡാനില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തിയിട്ടിയിട്ടുണ്ട്‌. തുറമുഖം മറ്റ്‌ അടിസ്‌ഥാന വികസന മേഖലകള്‍, കാര്‍ഷിക മേഖലകള്‍ എന്നിവയിലാണ്‌ പ്രധാന നിക്ഷേപം. സുഡാന്‍ സെന്‍ട്രല്‍ ബാങ്കിനും സൗദിയുടെ വന്‍ സഹായം ലഭിച്ചതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. അതിനാല്‍ തന്നെ യുദ്ധം എത്രയും വേഗം അവസാനിപ്പിക്കാന്‍ സൗദി അറേബ്യയ്‌ക്ക് താല്‌പര്യമുണ്ട്‌. അതേസമയം റാപ്പിഡ്‌ സപ്പോര്‍ട്ട്‌ ഫോഴ്‌സിനെ ആയുധവും സമ്പത്തും നല്‍കി യു.എ.ഇ. സഹായിക്കുന്നു. ആയുധങ്ങള്‍ക്കു പുറമെ, ഡ്രോണ്‍ സപ്പോര്‍ട്ട്‌, ലോജിസ്‌റ്റിക്‌സ് സഹായം എന്നിവയും നല്‍കുന്നുണ്ട്‌.
ആയുധ കച്ചവടം നടത്തുന്ന പാശ്‌ചാത്യ രാജ്യങ്ങള്‍ക്കാണ്‌ ഇതുകൊണ്ട്‌ ഗുണം. സൗദിക്കും യു.എ.ഇക്കും ആയുധങ്ങള്‍ വിറ്റ്‌ അവര്‍ തടിച്ചു കൊഴുക്കുന്നു.
സുഡാനില്‍ നിന്ന്‌ യു.എ.ഇയിലേക്ക്‌ വന്‍ തോതില്‍ സ്വര്‍ണം ഇറക്കുമതി നടക്കുന്നുണ്ട്‌. ജൈവവളം, കാര്‍ഷിക മേഖലകള്‍, തുറമുഖങ്ങള്‍ തുടങ്ങിയവയിലും യു.എ.ഇക്ക്‌ താല്‍പര്യമുണ്ട്‌. പല യു.എ.ഇ.-സുഡാന്‍ കരാറുകളും ഇതിനകം റദ്ദാക്കപ്പെട്ടു. മറ്റ്‌ രാജ്യങ്ങളിലെ സേനകളെയും പോരാളികളെപ്പോലും ആര്‍.എസ്‌.എഫിന്‌ വേണ്ടി ഇറക്കുമതി ചെയ്യാന്‍ യു.എ.ഇ. ശ്രമിക്കുന്നു എന്ന്‌ സുഡാന്‍ രാജ്യാന്തര കോടതിയില്‍ വാദിക്കുന്നു.
എണ്ണപ്പണത്തില്‍ തടിച്ച്‌ കൊഴുത്ത രണ്ട്‌ രാജ്യങ്ങളുടെ യുദ്ധക്കളിക്കിടയില്‍ ഞെരിഞ്ഞമരുന്ന കുറെ മനുഷ്യരുണ്ട്‌ സുഡാനില്‍. അവരുടെ രക്‌തവും കണ്ണീരും കൊണ്ട്‌ കുതിര്‍ന്ന ചാവുനിലമായി അത്‌ മാറിയിരിക്കുന്നു.

വെടിയുണ്ടകളില്ലാത്ത എണ്ണ യുദ്ധം

പുതിയ സമവാക്യങ്ങള്‍ അനുസരിച്ച്‌ വെടിയുണ്ടകളെക്കാള്‍ മാരകമായ യുദ്ധമാണ്‌ സാമ്പത്തിക യുദ്ധം. അത്‌ രാജ്യങ്ങളെയും അതിലെ മനുഷ്യരെയും പാടെ തകര്‍ത്തുകളയും. ഇറാനെതിരെയുള്ള പാശ്‌ചാത്യ ഉപരോധം മൂലം അവിടെ നാണ്യപ്പെരുപ്പം 42.5 % ആയി ഉയര്‍ന്നു. ജനങ്ങള്‍ തെരുവിലിറങ്ങി അക്രമം നടത്തുന്നത്‌ ഒരു ഉദാഹരണം. വെനസ്വേലയില്‍ കഴിഞ്ഞ ദിവസം യു.എസ്‌. നടത്തിയ സൈനിക നടപടി മറ്റൊന്ന്‌.
സൗദിയും യു.എ.ഇയും തമ്മില്‍ തുറന്ന യുദ്ധമല്ല നടക്കുന്നത്‌. ആഗോള എണ്ണവിപണിയിലെ നിയന്ത്രണം, വില, ഭാവിയിലെ ആധിപത്യം എന്നിവയെച്ചൊല്ലിയുള്ള തന്ത്രപരമായ ഏറ്റുമുട്ടലാണ്‌. ഒരേ സഖ്യത്തിലാണെങ്കിലും വ്യത്യസ്‌ത ലക്ഷ്യങ്ങള്‍ ആണ്‌ സൗദിക്കും യു.എ.ഇക്കും. ഇരുവരും എണ്ണ ഉല്‍പാദക സംഘടനയായ ഒപ്പെക്കില്‍ അംഗങ്ങളാണ്‌.
ഉല്‍പാദനം നിയന്ത്രിക്കുക, വില വര്‍ധിപ്പിക്കുക എന്ന നിലപാടാണ്‌ സൗദി അറേബ്യക്ക്‌. എണ്ണവില ഉയര്‍ന്നാല്‍ തങ്ങളുടെ വിഷന്‍ 2030 പദ്ധതികള്‍ക്ക്‌ കൂടുതല്‍ പണം ലഭിക്കും എന്ന്‌ സൗദി പ്രതീക്ഷിക്കുന്നു. സൗദിയെ ലോകത്തിലെ ഒന്നാംനിര രാജ്യമാക്കാനുള്ള ശ്രമമാണ്‌ വിഷന്‍ 2030. അതിന്‌ എണ്ണ വിപണിയില്‍ ചാഞ്ചാട്ടങ്ങള്‍ ഇല്ലാതെ ഉയര്‍ന്ന വില വേണം എന്നാണ്‌ അവരുടെ ആഗ്രഹം.
യു.എ.ഇ. എണ്ണമേഖലയില്‍ വന്‍ തോതില്‍ നിക്ഷേപം നടത്തി ഉല്‍പാദന ശേഷി കൂട്ടിയ രാജ്യമാണ്‌. പക്ഷേ, ഒപ്പെക്‌ ക്വാട്ട നിയന്ത്രണം കാരണം കൂടുതല്‍ ഉല്‍പദിപ്പിക്കാനും വില്‍ക്കാനും കഴിയുന്നില്ല. തങ്ങളുടെ നിക്ഷേപത്തിന്‌ ഫലം കാണുന്നില്ല എന്നാണ്‌ യു.എ.ഇയുടെ പരാതി. ക്വാട്ട ഉയര്‍ത്തുകയോ ഒപ്പെക്‌ നിയമങ്ങള്‍ തിരുത്തുകയോ ചെയ്യണം എന്നാണ്‌ അവരുടെ ആവശ്യം.
ഇരു രാജ്യങ്ങളും തമ്മിലുള്ള ഭിന്നതകള്‍ മറനീക്കി പുറത്തുവന്നെങ്കിലും ഒരു തുറന്ന യുദ്ധത്തിലേക്ക്‌ അതു മാറുമെന്ന്‌ കരുതാന്‍ വയ്യ. എന്നാല്‍, യമനിലും സുഡാനിലും ഈ രാജ്യങ്ങള്‍ നടത്തുന്നത്‌ നിഴല്‍ യുദ്ധമാണ്‌. ഇത്‌ ആ രാജ്യങ്ങളിലെ ജനങ്ങളുടെ ജീവിതത്തെ പൂര്‍ണമായും തകര്‍ത്തെറിഞ്ഞു കളഞ്ഞു. അതിപ്പോഴും തുടരുകയാണ്‌. ഇത്‌ ഗള്‍ഫ്‌ മേഖലയിലാകെ അശാന്തിയുടെ വിത്തുകള്‍ വിതയ്‌ക്കും. അതാകട്ടെ ഈ രാജ്യങ്ങളെ ആശ്രയിച്ച്‌ കഴിയുന്ന മലയാളികള്‍ ഉള്‍പ്പെടുന്ന ലക്ഷക്കണക്കിന്‌ മനുഷ്യരെ ബാധിക്കും.

ഷാര്‍ളി ബെഞ്ചമിന്‍

Ads by Google
Tuesday 06 Jan 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW