Thursday, March 12, 2026 Last Updated 32 Min 48 Sec ago English Edition
Todays E paper
Ads by Google
Tuesday 06 Jan 2026 11.27 PM

റെയില്‍വേ പരിസരത്ത്‌ കത്തിയ അനാസ്‌ഥ

uploads/news/2026/01/819419/ed.jpg

തൃശൂരില്‍ റെയില്‍വേ സ്‌റ്റേഷനിലെ പാര്‍ക്കിങ്‌ സ്‌ഥലത്തുണ്ടായ വന്‍ അഗ്നിബാധ ആശങ്കയ്‌ക്കു കാരണമായിരിക്കുന്നു. തീപിടിത്തത്തിനു വ്യത്യസ്‌ത കാരണങ്ങള്‍ പറയുന്നതുകൊണ്ടുതന്നെ ഇതിനൊരു വ്യക്‌തത വരേണ്ടതുണ്ട്‌. അഞ്ഞൂറിലധികം ബൈക്കുകളാണ്‌ നിമിഷങ്ങള്‍ക്കകം കത്തിനശിച്ചത്‌. ഇത്തരം അപകട സാധ്യതയുള്ള സ്‌ഥലങ്ങള്‍ സംസ്‌ഥാനത്ത്‌ നിരവധിയുള്ളതിനാല്‍ തൃശൂരില്‍ സ്വീകരിക്കുന്ന നടപടികള്‍ മറ്റിടങ്ങളിലും മാതൃകയാക്കാന്‍ കഴിയുന്ന ഇടപെടല്‍ ശക്‌തിപ്പെടുത്താന്‍ സാധിക്കണം.
കേരളത്തിലെ ഒരു പാര്‍ക്കിങ്‌ സ്‌ഥലത്ത്‌ ഇത്തരത്തിലൊരു വലിയ അഗ്നിബാധയുണ്ടാകുന്നത്‌ ആദ്യമാണ്‌. റെയില്‍വേ ലൈനില്‍നിന്നുള്ള തീപ്പൊരിയാണ്‌ തീപിടിത്തമുണ്ടാക്കിയതെന്ന്‌ ദൃക്‌സാക്ഷി പറഞ്ഞതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. എന്നാല്‍, റെയില്‍വേ ഈക്കാര്യം സ്‌ഥിരീകരിക്കുകയുണ്ടായില്ല. ഇലക്‌ട്രിക്‌ സ്‌കൂട്ടര്‍ കത്തിയാകാം തീപിടിച്ചതെന്നും അഭ്യൂഹമുണ്ടായി. വളരവേഗം കത്തിപ്പടരുകയായിരുന്നു. തീകെടുത്താനുള്ള അടിയന്തര സംവിധാനങ്ങള്‍ യാതൊന്നുമുണ്ടായില്ല. ഫയര്‍ഫോഴ്‌സ് സ്‌ഥലത്തെത്തി തീയണക്കുന്നതുവരെ ആശങ്കയേറിനിന്നു. റെയില്‍വേ പരിസരം വലിയൊരു തീഗോളമായി മാറിയെങ്കിലും ആളപായം ഉണ്ടാകാത്തതും ട്രെയിന്‍ ഗതാഗതത്തിനു തടസമോ ട്രാക്കിനു കേടുപാടുകളോ സംഭവിച്ചില്ലെന്നതും ഭാഗ്യമായി. എന്നാല്‍, തൃശൂര്‍ കോര്‍പറേഷന്റെ അനുമതിയില്ലാതെ പ്രവര്‍ത്തിച്ച പാര്‍ക്കിങ്‌ സ്‌ഥലത്താണ്‌ അപകടമുണ്ടായതെന്നത്‌ ഏറെ ഗൗരവത്തോടെ കാണേണ്ട കാര്യമാണ്‌. സംസ്‌ഥാനത്തെ തിക്കും തിരക്കമുള്ള എല്ലാ പേ പാര്‍ക്കിങ്‌ പ്രദേശങ്ങളും പരിശോധിക്കാനാണ്‌ പോലീസിനുള്ള നിര്‍ദേശം. റെയില്‍വേയും ആര്‍.പി.എഫും പ്രാദേശിക പോലീസും ഒന്നിച്ച്‌ സുരക്ഷ വര്‍ധിപ്പിക്കുന്ന കാര്യങ്ങളിലേക്ക്‌ കടക്കുമെന്നാണ്‌ പോലീസ്‌ മേധാവി റവഡാ ചന്ദ്രശേഖര്‍ പറഞ്ഞത്‌.
പാര്‍ക്കിങ്‌ ഏരിയകളിലെ സുരക്ഷ സംബധിച്ച്‌ ജാഗ്രത വര്‍ധിപ്പിക്കാനുള്ള ശ്രമമാണ്‌ ഈയൊരു സംഭവത്തേടെ ഉണ്ടാകേണ്ടത്‌. അടിസ്‌ഥാന സുരക്ഷാ സംവിധാനങ്ങള്‍ പാര്‍ക്കിങ്‌ സ്‌ഥലത്ത്‌ ഉറപ്പുവരുത്തേണ്ടതിന്റെ പ്രാധാന്യം ഒന്നുകൂടി വ്യക്‌തമാക്കപ്പെട്ടിരിക്കുന്നു. സ്‌ഥല പരിമിതി റെയില്‍വേയുമായി ബന്ധപ്പെട്ട മിക്ക പാര്‍ക്കിങ്‌ പ്രദേശങ്ങളിലേയും പ്രശ്‌നമാണ്‌. റെയില്‍വേ പരിസരമാകെ വാഹനങ്ങളാല്‍ അലങ്കോലപ്പെട്ടു കിടക്കുന്ന ചിത്രമാകും ഭൂരിപക്ഷം റെയില്‍വേ സ്‌റ്റേഷനുകളുടേം. യാത്രക്കാര്‍ വാഹനങ്ങള്‍ എങ്ങനെയെങ്കിലും തിരുകിക്കയറ്റാന്‍ പെടാപ്പാടുപെടുന്ന കാഴ്‌ച്ചയാകും ഉണ്ടാകുക. വാഹനങ്ങള്‍ സുരക്ഷിതമായി പാര്‍ക്ക്‌ ചെയ്‌ത് പോകാനുള്ള സൗകര്യം ഉണ്ടാകാറില്ല. എന്നാല്‍ , പാര്‍ക്കിങ്‌ ഫീസ്‌ എല്ലാവരില്‍നിന്നും കൃത്യമായി പിരിക്കാന്‍ കരാര്‍ കമ്പനിയുടെ ആളുകള്‍ ഉണ്ടാകുകയും ചെയ്യും. സുരക്ഷിതവും നനയാത്തതുമായ പാര്‍ക്കിങ്‌ ഏരിയകള്‍ ട്രെയിന്‍ യാത്രികരെ സംബന്ധിച്ച്‌ അപൂര്‍വം മാത്രമാണുള്ളത്‌.
കത്തിയമര്‍ന്ന ബൈക്കുകള്‍ക്ക്‌ ഇന്‍ഷുറന്‍സ്‌ പരിരക്ഷ ഉറപ്പാക്കുമെന്ന റെയില്‍വേ അധികൃതരുടെ ഉറപ്പ്‌ ഉടമകള്‍ക്ക്‌ ആശ്വാസമാകും. വാഹനം നിര്‍ത്തിയിട്ടതിന്റെ പാസും രേഖകളുമായി തൃശൂര്‍ വെസറ്റ്‌ പോലീസ്‌ സ്‌റ്റേഷനില്‍ എത്തിച്ചേരണമെന്നാണ്‌ നിര്‍ദേശം. പാര്‍ക്കിങ്‌ ഏരിയകളില്‍ ഉണ്ടായിരിക്കേണ്ട സൗകര്യങ്ങളെക്കുറിച്ചും പ്രവര്‍ത്തന രീതിയെക്കുറിച്ചും നടത്തിപ്പുകാര്‍ക്കും വാഹന ഉടമകള്‍ക്കും കൃത്യമായൊരു അവബോധം ഇപ്പോഴില്ല. ഇതിലൊരു മാറ്റം വരുത്താനാകണം. അഗ്നിശമന സംവിധാനങ്ങള്‍ ഉള്ള ഇടങ്ങളില്‍ അതു പ്രവര്‍ത്തിപ്പിക്കാന്‍ ജീവനക്കാരെ പഠിപ്പിക്കുന്നതിലും ശ്രദ്ധവേണം.
ട്രെയിന്‍ യാത്രക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടായതിനൊപ്പം സുരക്ഷയുടെ കാര്യത്തില്‍ പുരോഗതി ഉറപ്പുവരുത്താന്‍ റെയില്‍വേ അധികൃതര്‍ക്കു ഇപ്പോഴുമായിട്ടില്ല. ഓണം, ക്രിസ്‌മസ്‌ പോലുള്ള ഉത്സവ കാലത്തു മാത്രമല്ല ഓഫീസ്‌ ദിവസങ്ങളിലും ട്രെയിനുള്ളിലും റെയില്‍വേ പരിസരങ്ങളും പൂരപ്പറമ്പ ്‌പോലെയാകും അനുഭവപ്പെടുക. അത്രയ്‌ക്കുണ്ടാകും ആളുകളും വാഹനങ്ങളും നിറഞ്ഞുള്ള തിരക്ക്‌. ഈയൊരു അവസരങ്ങളില്‍ ചെറിയൊരു വീഴ്‌ച്ചപോലും വലിയ അപകടങ്ങള്‍ക്കു കാരണമാകാമെന്നതുകൊണ്ട്‌ ജാഗ്രതയും സുരക്ഷാ സംവിധാനങ്ങളും നിരീക്ഷണവും പിഴവില്ലാതെ മുന്നോട്ടുകൊണ്ടുപോകാനുള്ള ശ്രമമാണ്‌ ഉറപ്പുവരുത്തേണ്ടത്‌.

Ads by Google
Tuesday 06 Jan 2026 11.27 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW