-->
ശബരിമല: മകരവിളക്കിന് ഒരാഴ്‌ച മാത്രം ശേഷിക്കേ, ശബരിമലയില്‍ വന്‍ഭക്‌തജനത്തിരക്ക്. കഴിഞ്ഞ മൂന്നുദിവസവും ഒരുലക്ഷത്തിലേറെപ്പേര്‍ വീതം ദര്‍ശനത്തിനെത്തി. തിങ്കളാഴ്‌ച 1,05,680 പേരാണ് ദര്‍ശനം നടത്തിയത്. പമ്പയില്‍നിന്ന് ഇന്നലെ രാവിലെ ഏഴിന് മലകയറിയവര്‍ക്കു രാത്രി ഏഴി
നാണ് സന്നിധാനത്തെത്താനായത്. ദര്‍ശനത്തിനായി വീണ്ടും മണിക്കൂറുകള്‍ കാത്തുനില്‍ക്കേണ്ടിവന്നു.
നിലയ്‌ക്കലില്‍നിന്ന് രണ്ടുമണിക്കൂര്‍ ഇടവിട്ടാണ് വാഹനങ്ങള്‍ പമ്പയിലേക്കു കടത്തിവിട്ടത്. പമ്പയിലെ 10 ക്യൂ കോംപ്ലക്‌സുകളും മൂന്നുദിവസമായി മുഴുവന്‍ സമയവും നിറഞ്ഞ അവസ്‌ഥയിലാണ്. സന്നിധാനത്തുനിന്ന് തീര്‍ത്ഥാടകര്‍ തൊഴുതിറങ്ങുന്നതനുസരിച്ച് ഘട്ടംഘട്ടമായാണ് പമ്പയില്‍നിന്നു മലകയറാന്‍ അനുവദിക്കുന്നത്. ഇന്നലെ പുലര്‍ച്ചെ നടതുറന്നപ്പോള്‍ തീര്‍ത്ഥാടകനിര രണ്ട് കിലോമീറ്റര്‍ അകലെ ശബരീപീഠം വരെ നീണ്ടു.
താഴേത്തിരുമുറ്റവും വലിയനടപ്പന്തലും വടക്കേനട ഭാഗവും തീര്‍ത്ഥാടകരാല്‍ നിറഞ്ഞു. മാളികപ്പുറം, ഭസ്‌മക്കുളം ഭാഗങ്ങളിലും ആഴിക്കു സമീപം പ്രസാദമണ്ഡപത്തിലും വന്‍തിരക്കനുഭവപ്പെട്ടു. ശരംകുത്തി ഭാഗത്ത് മണിക്കൂറുകളോളം കാത്തുനിന്ന് ക്ഷീണിതരായവര്‍ നിന്നുറങ്ങുന്നത് കാണാമായിരുന്നു. ചില സംഘങ്ങള്‍ വനത്തിലൂടെ കടന്ന് ചന്ദ്രാനന്ദന്‍ റോഡ് വഴി വലിയനടപ്പന്തലിന്റെ തുടക്കഭാഗത്തെത്തി ക്യൂവില്‍ തള്ളിക്കയറാന്‍ ശ്രമിച്ചതു തിക്കുംതിരക്കും വര്‍ധിപ്പിച്ചു. വലിയനടപ്പന്തലിലെ വേദിക്കു മുന്നിലേക്ക് അടുക്കാന്‍ കഴിയാത്തവിധം തിരക്കാണ്.
സന്നിധാനത്ത് തിരക്ക് കൂടിയതിനേത്തുടര്‍ന്ന് എരുമേലി, ചെങ്ങന്നൂര്‍, കോട്ടയം എന്നിവിടങ്ങളില്‍ തീര്‍ത്ഥാടകരുടെ വാഹനങ്ങള്‍ തടഞ്ഞു. വെര്‍ച്ചല്‍ ക്യൂ ഒഴിവില്ലെന്നു കാണിക്കുമ്പോള്‍തന്നെ മണ്ഡലകാലത്ത് ശനിയാഴ്‌ചകളിലും ഞായറാഴ്‌ചകളിലും വലിയനടപ്പന്തല്‍ ഏറെക്കുറേ കാലിയായിരുന്നു. നിലയ്‌ക്കലിലെ സ്‌പോട്ട് ബുക്കിങ് കേന്ദ്രത്തില്‍ നാലും അഞ്ചും മണിക്കൂര്‍ ക്യൂ നില്‍ക്കേണ്ടിവരുന്നതും ഭക്‌തര്‍ക്ക് ഇരട്ടിദുരിതമാകുന്നു.