-->
കൊച്ചി: സി.പി.എം. മുന്‍ സംസ്‌ഥാന സമിതി ഓഫീസായ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം സ്‌ഥിതി ചെയ്യുന്ന ഭൂമി ഒഴിപ്പിക്കണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. കേരള സര്‍വകലാശാലയുടെ ഉടമസ്‌ഥതയിലുള്ള ഭൂമി സി.പി.എം. നിയമവിരുദ്ധമായി കൈവശപ്പെടുത്തിയതാണെന്നും അതിനാല്‍ കേന്ദ്രം അവിടെനിന്നു മാറ്റണമെന്നുമാണ് ആവശ്യം.
പുറമ്പോക്ക് ഭൂമി ഉള്‍പ്പെടെ 55 സെന്റ് സ്‌ഥലം സി.പി.എം. കൈവശപ്പെടുത്തിയിരിക്കുകയാണെന്നു ഹര്‍ജിയില്‍ ആരോപിക്കുന്നു. ഇതു കേരള സര്‍വകലാശാലക്ക് അവകാശപ്പെട്ട ഭൂമിയാണ്. പ്രമുഖ രാഷ്‌ട്രീയ പാര്‍ട്ടിയെന്ന നിലയിലുള്ള സ്വാധീനവും മസില്‍ പവറും ഉപയോഗിച്ചാണു സി.പി.എം. ഈ സ്‌ഥലം കൈക്കലാക്കിയതെന്നു ഹര്‍ജിക്കാരനായ കേരള സര്‍വകലാശാല മുന്‍ ജോയിന്റ് രജിസ്‌ട്രാര്‍ ആര്‍.എസ്. ശശികുമാര്‍ ആരോപിക്കുന്നു.
തിരുവിതാംകൂര്‍ മഹാരാജാവ് സര്‍വകലാശാലയ്‌ക്കു നല്‍കിയ ഭൂമിയാണിതെന്നും ഇതൊരു രാഷ്‌ട്രീയ പാര്‍ട്ടിയുടെ ഓഫീസിനായി വിട്ടുകൊടുക്കാന്‍ സര്‍വകലാശാലയ്‌ക്കു കഴിയില്ലെന്നും ഹര്‍ജിയില്‍ വ്യക്‌തമാക്കുന്നു. മതിയായ രേഖകളില്ലാതെയാണ് ഭൂമി ഇപ്പോള്‍ പാര്‍ട്ടിയുടെ കൈവശമുള്ളത്. നിലവില്‍ എ.കെ.ജി. പഠന ഗവേഷണ കേന്ദ്രം പ്രവര്‍ത്തിക്കുന്ന കെട്ടിടം നേരത്തെ സി.പി.എമ്മിന്റെ സംസ്‌ഥാന സമിതി ഓഫീസായിരുന്നു.
ഈ ഭൂമി സംബന്ധിച്ച് മുമ്പും പല ആരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ടെങ്കിലും, ഇപ്പോള്‍ ഭൂമി ഒഴിപ്പിക്കണമെന്ന ആവശ്യവുമായി ഔദ്യോഗികമായി ഹര്‍ജി സമര്‍പ്പിക്കപ്പെട്ടതു സമാനമായ നിരവധി ആരോപണങ്ങള്‍ നേരിടുന്ന സി.പി.എമ്മിനു കനത്ത വെല്ലുവിളിയാണ്.