-->
ന്യൂഡല്‍ഹി: ദേശീയപാത വികസനത്തിന്റെ ഭാഗമായി കേരളത്തില്‍ ഇനി നിര്‍മിക്കുന്ന മേല്‍പ്പാലങ്ങള്‍ പില്ലറുകളില്‍ പണിയും. നിലവിലെ ആര്‍.ഇ. വാള്‍ മാതൃകയ്‌ക്ക് പകരമാണ് പില്ലറുകളില്‍ മേല്‍പ്പാലം വരുന്നത്.
കേരളത്തിലെ ദേശീയപാത നിര്‍മാണവുമായി ബന്ധപ്പെട്ട് ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ ഉന്നയിച്ച ആവശ്യങ്ങള്‍ കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം അംഗീകരിച്ചു. കേന്ദ്രഗതാഗതമന്ത്രി നിതിന്‍ ഗഡ്‌കരിയുമായി ബി.ജെ.പി. സംസ്‌ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ നടത്തിയ കൂടിക്കാഴ്‌ചയിലാണ് തീരുമാനം.
തിരുവനന്തപുരം നഗരത്തിന് പുറത്തായി ഔട്ടര്‍ റിങ് റോഡ് പദ്ധതി ഫെബ്രുവരി-മാര്‍ച്ചില്‍ പ്രഖ്യാപിക്കാനും യോഗത്തില്‍ തീരുമാനമായി.
പില്ലറുകളിലെ മേല്‍പ്പാല പദ്ധതിയില്‍ ചെലവ് ഏറുമെങ്കിലും മണ്ണിട്ടുയര്‍ത്തി മേല്‍പ്പാലം നിര്‍മിക്കുന്ന ആര്‍.ഇ. വാള്‍ രീതി കേരളത്തില്‍ ഉപേക്ഷിക്കാന്‍ ദേശീയ ഗതാഗത മന്ത്രാലയവും ദേശീയപാതാ അതോറിറ്റിയും തീരുമാനിക്കുകയായിരുന്നു.ഓച്ചിറ അടക്കമുള്ള പ്രദേശങ്ങളിലെ ജനങ്ങള്‍ ബി.ജെ.പി.സംസ്‌ഥാന അധ്യക്ഷന് നല്‍കിയ നിവേദനത്തില്‍ മേല്‍പ്പാല നിര്‍മാണം പില്ലറുകളില്‍ ആക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നു. തിരുവനന്തപുരം നിവാസികള്‍ക്ക് പുതുവര്‍ഷ സമ്മാനമായി ഔട്ടര്‍ റിങ് റോഡ് മോദി സര്‍ക്കാര്‍ സമ്മാനിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. അടുത്ത മാസത്തോടെ പ്രഖ്യാപനമുണ്ടാകും. റിങ് റോഡിനാവശ്യമായ സ്‌ഥലം ഏറ്റെടുപ്പ് വേഗത്തില്‍ പൂര്‍ത്തിയാക്കും. മതിയായ നഷ്‌ടപരിഹാരം ഉറപ്പാക്കിയാവും ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കുകയെന്നും നിതിന്‍ ഗഡ്‌കരിയുമായി നടത്തിയ യോഗത്തിനു ശേഷം രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.