-->
അമേരിക്കന്‍ സൈന്യം വെനസ്വേലന്‍ തലസ്‌ഥാനമായ കാരക്കാസില്‍ നടത്തിയ മിന്നലാക്രമണവും പ്രസിഡന്റ് നിക്കോളാസ് മഡുറോയെ തടവിലാക്കിയതും ലോകരാഷ്‌ട്രങ്ങളെത്തന്നെ രണ്ടായി വിഭജിച്ചിരിക്കുകയാണ്. ഒരുവശത്ത്, റഷ്യയും ചൈനയും ബ്രസീലും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇതിനെ രാജ്യാന്തര നിയമങ്ങളുടെ ലംഘനമായി കണ്ട് ശക്‌തമായി അപലപിക്കുമ്പോള്‍, മറുവശത്ത് ജര്‍മനിയും ഫ്രാന്‍സും അടക്കമുള്ള അമേരിക്കന്‍ സഖ്യകക്ഷികള്‍ 'സമാധാനപരമായ അധികാരമാറ്റത്തിന്' ആഹ്വാനം നല്‍കി പിന്തുണ അറിയിക്കുന്നു. എന്നാല്‍, ഈ വലിയ ചേരിതിരിവിനിടയില്‍ ഇന്ത്യ സ്വീകരിച്ചിരിക്കുന്ന നിലപാട് തികച്ചും ശ്രദ്ധേയവും ഒപ്പം തന്ത്രപരവുമാണ്.
'അഗാധമായ ആശങ്ക' രേഖപ്പെടുത്തിക്കൊണ്ട് വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ പ്രസ്‌താവനയില്‍, അമേരിക്കയെന്നോ ഐക്യരാഷ്‌ട്രസഭയുടെ തത്വങ്ങളെന്നോ പരാമര്‍ശിക്കാതിരുന്നത് യാദൃശ്‌ചികമല്ല. പ്രശ്‌നങ്ങള്‍ ചര്‍ച്ചയിലൂടെ പരിഹരിക്കണമെന്നും വെനസ്വേലന്‍ ജനതയ്‌ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നുവെന്നും പറഞ്ഞ് ഇന്ത്യ തങ്ങളുടെ പ്രതികരണം ചുരുക്കി. ഈ 'മൗനം' ഇന്ത്യയുടെ വിദേശനയത്തിലുണ്ടായ വലിയൊരു മാറ്റത്തെയാണ് സൂചിപ്പിക്കുന്നത്.
ഇന്നത്തെ വെനസ്വേലന്‍ സാഹചര്യം നയതന്ത്ര ചരിത്രം പരിശോധിക്കുന്ന ഏതൊരാള്‍ക്കും 1989-ലെ പനാമ അധിനിവേശത്തെ ഓര്‍മ്മിപ്പിക്കും. അന്ന് പനാമിയന്‍ പ്രസിഡന്റ് മാനുവല്‍ നൊറിഗയെ മയക്കുമരുന്ന് കടത്ത് ആരോപിച്ച് അമേരിക്കന്‍ സൈന്യം പിടികൂടി യു.എസ്. കോടതിയില്‍ വിചാരണ ചെയ്‌തപ്പോള്‍ ലോകം ഇതേപോലെ സ്‌തംഭിച്ചുനിന്നിരുന്നു. എന്നാല്‍, അന്ന് ഇന്ത്യ സ്വീകരിച്ച നിലപാടും ഇന്നത്തെ പ്രതികരണവും തമ്മിലുള്ള അന്തരം നമ്മുടെ വിദേശനയം എത്രത്തോളം മാറിയിരിക്കുന്നു എന്നതിന്റെ കൃത്യമായ സൂചനയാണ്.
1989-ല്‍ അന്നത്തെ ഇന്ത്യന്‍ വിദേശകാര്യ മന്ത്രി ഐ.കെ. ഗുജ്‌റാള്‍ പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം ആദര്‍ശധീരമായ ഒന്നായിരുന്നു. അമേരിക്കയുടെ നടപടിയെ അദ്ദേഹം അപലപിച്ചു. ഐക്യരാഷ്‌ട്രസഭയുടെ ചാര്‍ട്ടറും ഒരു രാജ്യത്തിന്റെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടരുത് എന്ന തത്വവും ഉയര്‍ത്തിപ്പിടിച്ചാണ് ഇന്ത്യ അന്ന് പ്രതികരിച്ചത്. വന്‍ശക്‌തികളുടെ ഏകപക്ഷീയമായ സൈനിക നീക്കങ്ങളെ തത്വങ്ങളുടെ അടിസ്‌ഥാനത്തില്‍ ചോദ്യം ചെയ്‌തിരുന്ന ഒരു കാലമായിരുന്നു അത്.
എന്നാല്‍, മൂന്നര പതിറ്റാണ്ടിനിപ്പുറം, വെനസ്വേലയില്‍ സമാനമായ രീതിയില്‍ അമേരിക്ക ഇടപെടുമ്പോള്‍ ഇന്ത്യ ആദര്‍ശപരമായ ആ വേവലാതികള്‍ മാറ്റിവച്ചിരിക്കുന്നു. റഷ്യന്‍ അധിനിവേശത്തെക്കുറിച്ചോ ഇസ്രായേല്‍ ആക്രമണത്തെക്കുറിച്ചോ പ്രതികരിക്കുമ്പോള്‍ പാലിക്കുന്ന അതേ 'നയതന്ത്ര മിതത്വം' ഇവിടെയും ദൃശ്യമാണ്. അമേരിക്കയുടെ പേരോ രാജ്യാന്തര നിയമങ്ങളുടെ ലംഘനമോ പരാമര്‍ശിക്കാതെ 'ചര്‍ച്ചയിലൂടെ പരിഹാരം കാണണം' എന്ന മിതമായ ഭാഷയിലേക്ക് ഇന്ത്യ മാറിയിരിക്കുന്നു. ഇത് വെറും മൗനമല്ല, മറിച്ച് ഇന്ത്യയുടെ വളര്‍ന്നുവരുന്ന ആഗോള താല്‍പര്യങ്ങളും അമേരിക്കയുമായുള്ള നിര്‍ണായകമായ സാമ്പത്തിക-പ്രതിരോധ ബന്ധങ്ങളും കാത്തുസൂക്ഷിക്കാനുള്ള പ്രായോഗികമായ ഒരു ചുവടുമാറ്റമാണ്. പഴയ ആദര്‍ശങ്ങളേക്കാള്‍ പ്രായോഗികമായ ദേശീയ താല്‍പര്യങ്ങള്‍ക്കാണ് ഇന്നത്തെ ഇന്ത്യ മുന്‍ഗണന നല്‍കുന്നത്.
യുൈക്രനിലെ റഷ്യന്‍ അധിനിവേശത്തിലും ഗാസയിലെ ഇസ്രായേല്‍ ആക്രമണത്തിലും ഇന്ത്യ സ്വീകരിച്ച അതേ നയതന്ത്ര പാതയാണ് വെനസ്വേലയിലും തുടരുന്നത്. അക്രമത്തെ എതിര്‍ക്കുമ്പോഴും അക്രമിയുടെ പേര് പരാമര്‍ശിക്കാതിരിക്കുക എന്ന തന്ത്രം. ഇതിന് പിന്നില്‍ വ്യക്‌തമായ കാരണങ്ങളുണ്ട്. ഒന്ന്, അമേരിക്കയുമായുള്ള വ്യാപാര കരാര്‍ ചര്‍ച്ചകള്‍ നിര്‍ണായക ഘട്ടത്തിലാണ്. ഡൊണാള്‍ഡ് ട്രംപ് ഭരണകൂടവുമായി ഒരു ഏറ്റുമുട്ടലിന് ന്യൂഡല്‍ഹി ആഗ്രഹിക്കുന്നില്ല. രണ്ട്, വെനസ്വേലയിലെ നിലവിലെ സാഹചര്യത്തില്‍ ഇന്ത്യയുടെ ശക്‌തമായ പ്രതിഷേധം കൊണ്ട് വലിയ മാറ്റമൊന്നും ഉണ്ടാകാനില്ലെന്ന തിരിച്ചറിവ്.
എണ്ണ വിപണിയും മാറുന്ന
സമവാക്യങ്ങളും
ഇന്ത്യയുടെ ഊര്‍ജ ആവശ്യങ്ങളില്‍ വെനസ്വേലയ്‌ക്ക് ഒരുകാലത്തുണ്ടായിരുന്ന സ്വാധീനം ഇന്ന് കേവലം നാമമാത്രമാണ്. 2013-ല്‍ ഇന്ത്യയുടെ എണ്ണ ഇറക്കുമതിയുടെ പ്രധാന സ്രോതസ്സുകളിലൊന്നായിരുന്ന വെനസ്വേലയില്‍ നിന്ന് 13 ബില്യണ്‍ ഡോളറിന്റെ എണ്ണയാണ് നാം വാങ്ങിയിരുന്നത്. എന്നാല്‍, അമേരിക്കന്‍ ഉപരോധങ്ങള്‍ കര്‍ശനമായതോടെ ഈ വ്യാപാരം കുത്തനെ ഇടിഞ്ഞു. നിലവിലെ കണക്കുകള്‍ പ്രകാരം ഇന്ത്യയുടെ ആകെ എണ്ണ ഇറക്കുമതിയുടെ വെറും 0.3 ശതമാനം മാത്രമാണ് വെനസ്വേലയില്‍ നിന്നുള്ളത്. അതുകൊണ്ട് തന്നെ കാരക്കാസിലെ ഭരണമാറ്റം ഇന്ത്യയുടെ ഊര്‍ജ സുരക്ഷയെ പെട്ടെന്ന് ബാധിക്കില്ലെന്ന് സാമ്പത്തിക വിദഗ്‌ധര്‍ വിലയിരുത്തുന്നു.
വെനസ്വേലയിലെ എണ്ണ ഖനനത്തിനുള്ള അടിസ്‌ഥാന സൗകര്യങ്ങള്‍ അമേരിക്കന്‍ കമ്പനികളുടെ സഹായത്തോടെ പുനര്‍നിര്‍മിക്കുമെന്നും അവിടുത്തെ എണ്ണ വിതരണം അമേരിക്കയുടെ നിയന്ത്രണത്തിലാക്കുമെന്നുമാണ് ട്രംപിന്റെ പ്രഖ്യാപനം. വെനസ്വേലയുടെ പക്കലുള്ള 'ഹെവി ക്രൂഡ്' ഓയില്‍ ശുദ്ധീകരിക്കാന്‍ ശേഷിയുള്ള ലോകത്തെ ചുരുക്കം ചില രാജ്യങ്ങളില്‍ ഒന്നാണ് ഇന്ത്യ. അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെടുന്നതോടെ, വര്‍ഷങ്ങളായി നിര്‍ത്തിവച്ചിരിക്കുന്ന ഒ.എന്‍.ജി.സി. വിദേശിന്റെ എണ്ണപ്പാട പദ്ധതികള്‍ പുനരാരംഭിക്കാന്‍ ഇന്ത്യയ്‌ക്ക് വഴിതെളിയാം. ഉപരോധങ്ങള്‍ നീങ്ങുകയാണെങ്കില്‍, കുറഞ്ഞ നിരക്കില്‍ കൂടുതല്‍ എണ്ണ ലഭ്യമാകുന്ന സാഹചര്യം ഇന്ത്യയുടെ സാമ്പത്തിക രംഗത്തിന് ഗുണകരമാകും.
എങ്കിലും, ഇന്ത്യയ്‌ക്ക് മുന്നിലുള്ള വെല്ലുവിളികള്‍ ചെറുതല്ല. 2026-ല്‍ ബ്രിക്‌സ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കാനിരിക്കെ, ഗേ്ലാബല്‍ സൗത്ത് രാജ്യങ്ങളുടെ പൊതുവികാരം അവഗണിച്ച് മുന്നോട്ടുപോകാന്‍ ഇന്ത്യയ്‌ക്ക് കഴിയില്ല. കൊളംബിയയും ക്യൂബയും പോലെ ലാറ്റിനമേരിക്കയിലെ മറ്റ് 'സൗഹൃദപരമല്ലാത്ത' ഭരണകൂടങ്ങള്‍ക്കെതിരേ അമേരിക്ക സമാനമായ നീക്കങ്ങള്‍ നടത്തിയാല്‍ ഇന്ത്യയുടെ മൗനം ചോദ്യം ചെയ്യപ്പെട്ടേക്കാം. സ്വന്തം താല്‍പര്യങ്ങള്‍ സംരക്ഷിച്ചുകൊണ്ട് വന്‍ശക്‌തികളുമായും വികസ്വര രാജ്യങ്ങളുമായും ഒരേസമയം ബന്ധം നിലനിര്‍ത്തുക എന്ന നയം ഇന്ത്യക്ക് സ്വീകരിക്കേണ്ടി വരും.
ജോണ്‍ മാത്യു