Wednesday, March 11, 2026 Last Updated 3 Min 41 Sec ago English Edition
Todays E paper
Ads by Google
Monday 05 Jan 2026 11.36 PM

കേരളത്തെ പിന്നില്‍നിന്ന്‌ കുത്തുന്നു

ജനങ്ങളുടെ ജീവിതാവശ്യങ്ങള്‍ക്ക്‌ വിനിയോഗിക്കേണ്ട പണം കേന്ദ്ര സര്‍ക്കാര്‍ നിഷേധിക്കുന്നതാണ്‌ കേരളം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. സംസ്‌ഥാനത്തിന്‌ അര്‍ഹതപ്പെട്ട വിവിധ മേഖലകളിലെ തുകകള്‍ വെട്ടിക്കുറയ്‌ക്കുന്ന കേന്ദ്ര നിലപാട്‌ മുമ്പെല്ലാം ചര്‍ച്ച ചെയ്‌തിട്ടുള്ളതാണ്‌. ഇതിന്റെ അവസാനത്തെ ഉദാഹരണമാണ്‌ ഈ ജനുവരി മുതല്‍ മാര്‍ച്ചുവരെ സംസ്‌ഥാനത്തിന്‌ വിനിയോഗിക്കാന്‍ ലഭിക്കേണ്ട തുകയുടെ പകുതിയിലധികം വെട്ടിക്കുറച്ച കേന്ദ്ര തീരുമാനം.
ഓരോ വര്‍ഷവും നമുക്ക്‌ ആകെയയെടുക്കാവുന്ന വായ്‌പത്തുക വര്‍ഷാദ്യം കേന്ദ്ര സര്‍ക്കാര്‍ തീരുമാനിക്കുകയും, ആദ്യത്തെ ഒമ്പതുമാസം എടുക്കാവുന്ന തുക ഏപ്രിലില്‍ത്തന്നെ അറിയിക്കുന്നതുമാണ്‌ രീതി. അവസാനത്തെ മൂന്നുമാസത്തേക്കുള്ള തുകയ്‌ക്ക്‌ പിന്നീട്‌ അറിയിപ്പുവരും. ഇതനുസരിച്ച്‌ ഈ സാമ്പത്തിക വര്‍ഷത്തിന്റെ അവസാനത്തെ മൂന്നുമാസത്തേക്ക്‌ 12,000 കോടി രൂപയാണ്‌ ലഭിക്കേണ്ടിരുന്നത്‌. തനത്‌ വരുമാനങ്ങള്‍ക്കുപുറമെ ഈ വായ്‌പയുംകൂടി എടുത്താണ്‌ അവസാനമാസത്തെ ചെലവുകള്‍ നിര്‍വഹിക്കേണ്ടത്‌. ഇതിലാണ്‌ 5,900 കോടി രൂപയുടെ വെട്ടിക്കുറവ്‌ വരുത്തിയിരിക്കുന്നത്‌. കിഫ്‌ബിക്കും പെന്‍ഷന്‍ കമ്പനിക്കുമായി ബജറ്റിനു പുറത്തെടുത്ത വായ്‌പകളുടെ പേരിലാണ്‌ കടാനുമതിയില്‍ വെട്ടിക്കുറവ്‌ വരുത്തിയിട്ടുള്ളതെന്നാണ്‌ ഡിസംബര്‍ 17 ന്‌ ലഭിച്ച കത്തില്‍ പറയുന്നത്‌. ഇത്‌ ശമ്പളവും പെന്‍ഷനും, നിര്‍മാണ പ്രവര്‍ത്തനങ്ങളുടെയടക്കം ബില്ലുകള്‍ മാറിനല്‍കല്‍ ഉള്‍പ്പെടെയുള്ള സര്‍ക്കാരിന്റെ വര്‍ഷാന്ത്യ ചെലവുകളെ തടസപ്പെടുത്താനാണെന്ന്‌ വ്യക്‌തമാണ്‌.
ഈവര്‍ഷംമാത്രം സംസ്‌ഥാന സര്‍ക്കാരിന്‌ അനുവദനീയമായ കടത്തില്‍നിന്ന്‌ 17,000 കോടി രൂപയാണ്‌ കുറയുന്നത്‌. സംസ്‌ഥാനത്തിന്റെ അഭ്യന്തര വരുമാനത്തിന്റെ മൂന്ന്‌ ശതമാനമാണ്‌ കടമെടുക്കാന്‍ അനുവദിച്ചിട്ടുള്ളത്‌. ധന ഉത്തരവാദിത്ത നിയമവും, ധനകാര്യ കമ്മീഷന്റെ ശിപാര്‍ശയും പരിഗണിച്ച്‌ കേന്ദ്ര സര്‍ക്കാര്‍ അംഗീകരിക്കുന്ന വായ്‌പാപരിധിയ്‌ക്കുള്ളില്‍നിന്ന്‌ ആര്‍.ബി.ഐയുടെ അനുമതിയോടായാണ്‌ കടമെടുക്കുന്നത്‌.
സാമ്പത്തിക ചിട്ടപ്പെടുത്തലിന്റെ കാര്യത്തില്‍ ഏറ്റവും മുന്നില്‍നില്‍ക്കുന്ന അഞ്ച്‌ സംസ്‌ഥാനങ്ങളിലൊന്നാണ്‌ കേരളമെന്നത്‌ റിസര്‍വ്‌ ബാങ്കിന്റെയും സി ആന്‍ഡ്‌ എ.ജിയുടെയും റിപ്പോര്‍ട്ടുകളില്‍ വ്യക്‌തമാക്കുന്നു. സംസ്‌ഥാനത്തിന്റെ ആളോഹരി വരുമാനം ഇക്കാലയളവില്‍ ഇരട്ടിയായി വര്‍ദ്ധിച്ചിട്ടുണ്ട്‌.
2016 ല്‍ 1,66,246 രൂപയായിരുന്ന ആളോഹരി വരുമാനം കഴിഞ്ഞ വര്‍ഷം 3,08,338 രൂപയായതായി ആര്‍.ബി.ഐ. വ്യക്‌തമാക്കിയിട്ടുണ്ട്‌. സംസ്‌ഥാനത്തിന്റെ അഭ്യന്തര ഉല്‍പാദനവും ഇരട്ടിയായി. 2015-16 ല്‍ 5.62 ലക്ഷം കോടി രൂപയായിരുന്ന അഭ്യന്തര ഉല്‍പാദനം കഴിഞ്ഞ വര്‍ഷം 12.49 ലക്ഷം കോടി രൂപയായി ഉയര്‍ന്നു. കേരളത്തിന്‌ ശരാശരി 12 ശതമാനം സാമ്പത്തിക വളര്‍ച്ച നേടാന്‍ സാധിക്കുന്നു. സംസ്‌ഥാനത്തിന്റെ മൊത്തം തനതുവരുമാനം ഒരു ലക്ഷം കോടി രൂപയെന്ന നാഴികക്കല്ല്‌ പിന്നിട്ടിരിക്കുന്നു. 2015-16 ലെ 54,000 കോടി രൂപയില്‍നിന്ന്‌ കഴിഞ്ഞവര്‍ഷം ഇത്‌ 1,03,240 കോടി രൂപയായി ഉയര്‍ന്നു.

കടം- ജി.എസ്‌.ഡി.പി.
അനുപാതം കുറയുന്നു
സംസ്‌ഥാനത്തിന്റെ പൊതുകടവും അഭ്യന്തര ഉല്‍പാദനവും തമ്മിലുള്ള അനുപാതം ദേശീയ ശരാശരിയേക്കാള്‍ താഴെയാണെന്ന്‌ സി.എ.ജി.കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച സ്‌റ്റേറ്റ്‌ ഫിനാന്‍സെസ്‌ 2023-24 റിപ്പോര്‍ട്ട്‌ ചൂണ്ടികാട്ടുന്നു. നമ്മുടെ പൊതുകടം-ജി.എസ്‌.ഡി.പി. അനുപാതം 24.88 ശതമാനമാണ്‌. ദേശീയ ശരാശരി 26.11 ശതമാനവും. മൂന്ന്‌ ശതമാനത്തില്‍ കൂടുതല്‍ ധനകമ്മിയുള്ള 18 സംസ്‌ഥാനങ്ങളുണ്ടെന്ന്‌ സി.എ.ജി. റിപ്പോര്‍ട്ടില്‍ വ്യക്‌തമാക്കിയിട്ടുണ്ട്‌. കേരളത്തിന്റെ ധനകമ്മി 3.02 ശതമാനമാണ്‌. ബാക്കി 17 സംസ്‌ഥാനങ്ങള്‍ക്കും കേരളത്തേക്കാള്‍ ഉയര്‍ന്ന ധനകമ്മിയാണുള്ളത്‌. ബിഹാര്‍, ആന്ധ്രാപ്രദേശ്‌ ഉള്‍പ്പെടെയുള്ള സംസ്‌ഥാനങ്ങളുടെ ധനകമ്മി നാല്‌ ശതമാനത്തിനു മുകളിലാണ്‌. സംസ്‌ഥാനത്തിന്റെ ആകെ ബാധ്യതയും ജി.എസ്‌.ഡി.പിയും തമ്മിലുള്ള അനുപാതം കോവിഡുകാലത്ത്‌ 38.47 ശതമാനത്തിലേക്ക്‌ ഉയര്‍ന്നിരുന്നു. ഇപ്പോഴത്‌ 34.2 ശതമാനമായി കുറയ്‌ക്കാനായിട്ടുണ്ട്‌.
വി.എസ്‌. അച്യുതാനന്ദന്‍ മുഖ്യമന്ത്രിയായിരുന്നപ്പോള്‍ 78,673 കോടി രൂപയായിരുന്നു കേരളത്തിന്റെ കടം. അത്‌ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലവധി പൂര്‍ത്തിയാക്കിയപ്പോള്‍ 1,57,370 കോടി രൂപയായി. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത്‌ ഇത്‌ 2,96,901 കോടി രൂപയായി. ഈ വര്‍ദ്ധനയുടെ തോതനുസരിച്ച്‌ ഈ സര്‍ക്കാരിന്റെ കാലത്ത്‌ അത്‌ ആറുലക്ഷം കോടി രൂപയിലേക്കെത്തണം. എന്നാല്‍, യഥാര്‍ത്ഥ കടം 4.75 ലക്ഷം കോടി രൂപയില്‍ കവിയില്ല. കടം ഇരട്ടിയാകുകയെന്ന മുന്‍ സര്‍ക്കാരുകളുടെ കാലത്തെ പ്രവണത ഈ സര്‍ക്കാരിന്റെ കാലത്ത്‌ ഇല്ലന്നുള്ളതാണ്‌ യാഥാര്‍ത്ഥ്യം. വിവിധ കാരണങ്ങള്‍ പറഞ്ഞ്‌ കടാനുമതി വെട്ടിക്കുറയ്‌ക്കുന്നതും കടമെടുക്കുന്നതില്‍ സംസ്‌ഥാനം സ്വയം നിയന്ത്രണം പാലിക്കുന്നതുമാണ്‌ ഇത്തരത്തില്‍ കടം കുറയാന്‍ കാരണം. ശരാശരി ഒരു വര്‍ഷം 25,000 കോടി രൂപയുടെ വായ്‌പാവസരമാണ്‌ നമുക്ക്‌ നിഷേധിക്കപ്പെടുന്നത്‌. എന്നിട്ടും കേരളം പിടിച്ചുനില്‍ക്കുന്നു. ഇതൊക്കെയാണ്‌ റിസര്‍വ്‌ ബാങ്കും സി.എ.ജിയും അടക്കമുള്ള സ്‌ഥാപനങ്ങള്‍ നമ്മുടെ സാമ്പത്തിക പ്രവര്‍ത്തനങ്ങള്‍ മെച്ചപ്പെട്ടതാണെന്ന്‌ വിലയിരുത്താനുള്ള കാരണങ്ങള്‍.
കേരളത്തെ ശ്വാസംമുട്ടിക്കുന്നു
സംസ്‌ഥാനത്തിന്റെ റവന്യൂ വരുമാനത്തിന്റെ 25 ശതമാനത്തോളം മാത്രമാണ്‌ കേന്ദ്ര നികുതി വിഹിതവും മറ്റ്‌ ഗ്രാന്റുകളും അടക്കമുള്ളത്‌. ബാക്കി 75 ശതമാനവും സംസ്‌ഥാനത്തിന്റെ തനത്‌ വരുമാനമാണ്‌. എന്നാല്‍, ഇന്ത്യയിലെ ഇതര സംസ്‌ഥാനങ്ങളുടെ ആകെ വരുമാനത്തിന്റെ 53 ശതമാനവും കേന്ദ്ര സര്‍ക്കാരില്‍നിന്ന്‌ ലഭിക്കുന്ന നികുതി വിഹിതവും ഗ്രാന്റുകളുമാണ്‌. ചില സംസ്‌ഥാനങ്ങള്‍ക്ക്‌ റവന്യൂ വരുമാനത്തിന്റെ 73 ശതമാനംവരെ കേന്ദ്ര വിഹിതമായി കിട്ടുന്നുണ്ട്‌. കേരളത്തിന്‌ ലഭിക്കുന്ന തുച്‌ഛമായ വിഹിതത്തില്‍ പ്രതിഫലിക്കുന്നത്‌ കേന്ദ്ര സര്‍ക്കാരിന്റെ ഈ സംസ്‌ഥാനത്തോടുള്ള സമീപനമാണ്‌.
കേന്ദ്രാവിഷ്‌കൃത പദ്ധതികളില്‍ ഈ വര്‍ഷം ഏതാണ്ട്‌ 5,784 കോടി രൂപയാണ്‌ കിട്ടാനുള്ളത്‌. മറ്റ്‌ പല സംസ്‌ഥാനങ്ങള്‍ക്കും ലഭിക്കുന്ന വിഹിതം നമുക്ക്‌ കിട്ടുന്നില്ല. പല കാര്യങ്ങളിലും മുന്നിട്ടുനില്‍ക്കുന്നു എന്നതിനാലാണ്‌ നമുക്ക്‌ അര്‍ഹതപ്പെട്ട പദ്ധതി വിഹിതങ്ങള്‍ നിഷേധിക്കുന്നത്‌. നല്ല സ്‌കൂളും ആശുപത്രിയും റോഡുകളുമൊക്കെ നമ്മള്‍ ഉണ്ടാക്കിയതിനാല്‍, അതിന്റെപേരില്‍ നമ്മേ ശിക്ഷിക്കുന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. പി.എം-ശ്രീ, എന്‍.എച്ച്‌.എം, സമഗ്ര ശിക്ഷ കേരള ഉള്‍പ്പെടെ പല പദ്ധതികള്‍ക്കും ബ്രാന്‍ഡിങ്ങിന്റെയും മറ്റും പേരുപറഞ്ഞ്‌ നമ്മുടെ പദ്ധതി വിഹിതം വെട്ടിക്കുറയ്‌ക്കുന്നു.

അര്‍ഹമായത്‌ കിട്ടിയേ തീരൂ
കേരളത്തിലെ മൂന്നര കോടി ജനങ്ങള്‍ക്ക്‌ അര്‍ഹതപ്പെട്ട പണം ഏകപക്ഷീയമായി തടയുന്ന നിലപാടാണ്‌ കേന്ദ്ര സര്‍ക്കാര്‍ സ്വീകരിക്കുന്നത്‌. ഇതിനെതിരായി ഒറ്റക്കെട്ടായ സമീപനം സ്വീകരിച്ചേ മതിയാകൂ. തദ്ദേശ സ്വയംഭരണസ്‌ഥാപനങ്ങള്‍തൊട്ട്‌ പാര്‍ലമെന്റുവരെ വ്യത്യസ്‌തമായ പാര്‍ട്ടികള്‍ക്ക്‌ പങ്കാളിത്തമുള്ള സംസ്‌ഥാനമാണ്‌ കേരളം. എല്ലാ രാഷ്‌ട്രീയ പാര്‍ട്ടിയിലുംപെട്ട കേരളീയര്‍ക്ക്‌ അവകാശപ്പെട്ട പണമാണ്‌ നിഷേധിക്കപ്പെടുന്നത്‌. മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയും പലതവണ കേന്ദ്ര ഭരണാധികാരികളെകണ്ട്‌ ഈ വിഷയങ്ങളെല്ലാം ബോധ്യപ്പെടുത്തിയിട്ടുള്ളതാണ്‌. ഡിസംബര്‍ 24ന്‌ കേന്ദ്ര ധനകാര്യ മന്ത്രിയെ നേരില്‍ക്കണ്ട്‌ നിവേദനം സമര്‍പ്പിച്ചതുമാണ്‌.
ദേശീയപാത വികസനത്തിന്‌ ഭൂമിയേറ്റെടുക്കലിന്‌ കേരളം നല്‍കിയ 6,000 കോടി രൂപയ്‌ക്കു പകരം വായ്‌പ എടുക്കാന്‍ അനുവദിക്കണമെന്നും, ഐ.ജി.എസ്‌.ടി. റിക്കവറി എന്നപേരില്‍ പിടിച്ച 965 കോടി രൂപ സംസ്‌ഥാനത്തിന്‌ തിരിച്ചുതരണമെന്നും ഗ്യാരന്റി നിക്ഷേപത്തിന്റെ പേരില്‍ വെട്ടിക്കുറച്ച 3,300 കോടി രൂപയുടെ വായ്‌പയ്‌ക്ക്‌ അനുമതി ലഭ്യമാക്കണമെന്നതും അടക്കമുള്ള ആവശ്യങ്ങളും മുന്നോട്ടുവച്ചിരുന്നു. എന്നിട്ടും അനുകൂലമായ ഒരു നിലപാടും ഉണ്ടായിട്ടില്ല.
നമ്മുടെ അവകാശങ്ങള്‍ക്കുവേണ്ടി സംസ്‌ഥാന സര്‍ക്കാര്‍ മുഖ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഡല്‍ഹിയില്‍ സമരം നടത്തി. സുപ്രീം കോടതിയെ സമീപിച്ചു. നമ്മുടെ ആവശ്യങ്ങളില്‍ വസ്‌തുത ഉണ്ടെന്നുകണ്ട സുപ്രീം കോടതി ഹര്‍ജി ഭരണഘടനാ ബെഞ്ചിന്‌ വിട്ടിരിക്കുകയാണ്‌. ഈ നാട്ടിലെ ജനങ്ങളോട്‌ ഉത്തരവാദിത്വമുണ്ടെങ്കില്‍ കേന്ദ്ര നയത്തിനെതിരായ പ്രക്ഷോഭത്തില്‍ യു.ഡി.എഫും അണിചേരുകയാണ്‌ വേണ്ടത്‌. കേന്ദ്ര അവഗണനയ്‌ക്കെതിരെ ശക്‌തമായ പ്രതിഷേധം ഉയര്‍ന്നുവരേണ്ടതുണ്ട്‌.

കെ.എന്‍. ബാലഗോപാല്‍
(ധനമന്ത്രി)

Ads by Google
Monday 05 Jan 2026 11.36 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW