Friday, March 20, 2026 Last Updated 2 Min 20 Sec ago English Edition
Todays E paper
Ads by Google
ജെബി പോള്‍
Monday 05 Jan 2026 11.35 PM

സതീശനെ പൂട്ടാന്‍ ബി.ജെ.പിയും; ശിപാര്‍ശ കേന്ദ്രം തള്ളില്ല, ശബരിമല, പുനര്‍ജനി കേസുകളില്‍ സി.ബി.ഐ. വന്നാല്‍ ഇരുമുന്നണികളെയും വെട്ടിലാക്കാം

സതീശനെതിരായ സി.ബി.ഐ. അന്വേഷണാവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയാല്‍, കോണ്‍ഗ്രസ്‌-ബി.ജെ.പി. ഒത്തുകളിയെന്ന ഇടതാരോപണം ശക്‌തമാകുമെന്ന്‌ ബി.ജെ.പി. സംസ്‌ഥാനനേതൃത്വം കരുതുന്നു.
Kerala

കൊച്ചി: പ്രതിപക്ഷനേതാവ്‌ വി.ഡി. സതീശനും മണപ്പാട്‌ ഫൗണ്ടേഷന്‍ സി.ഇ.ഒ. അമീര്‍ അഹമ്മദിനുമെതിരേ സര്‍ക്കാര്‍ സി.ബി.ഐ. അന്വേഷണം ശിപാര്‍ശ ചെയ്‌താല്‍ കേന്ദ്രസര്‍ക്കാര്‍ അംഗീകരിക്കാന്‍ സാധ്യതയേറെ. നിലവിലെ രാഷ്‌ട്രീയസാഹചര്യത്തില്‍ ബി.ജെ.പി. സംസ്‌ഥാന നേതൃത്വത്തിന്റെയും താത്‌പര്യം ഇതാണ്‌.

ശബരിമല സ്വര്‍ണക്കവര്‍ച്ചയില്‍ സി.ബി.ഐ. അന്വേഷണമാവശ്യപ്പെട്ട്‌ ബി.ജെ.പി. സംസ്‌ഥാനാധ്യക്ഷന്‍ രാജീവ്‌ ചന്ദ്രശേഖര്‍ നല്‍കിയ ഹര്‍ജി നാളെ വീണ്ടും ഹൈക്കോടതി പരിഗണിക്കുന്നുണ്ട്‌. സതീശനെതിരായ സി.ബി.ഐ. അന്വേഷണാവശ്യം കേന്ദ്രസര്‍ക്കാര്‍ തള്ളിയാല്‍, കോണ്‍ഗ്രസ്‌-ബി.ജെ.പി. ഒത്തുകളിയെന്ന ഇടതാരോപണം ശക്‌തമാകുമെന്ന്‌ ബി.ജെ.പി. സംസ്‌ഥാനനേതൃത്വം കരുതുന്നു. എന്നാല്‍ ശബരിമല, പുനര്‍ജനി കേസുകളില്‍ സി.ബി.ഐ. അന്വേഷണം വന്നാല്‍ ഇരുമുന്നണികളെയും ഒരുപോലെ വെട്ടിലാക്കാം.

സംസ്‌ഥാനസര്‍ക്കാരുകള്‍ ആവശ്യപ്പെട്ടാല്‍ സി.ബി.ഐ. അന്വേഷണം കേന്ദ്രസര്‍ക്കാര്‍ നിരാകരിക്കുന്ന പതിവില്ല. ശബരിമല കേസിലെ ക്ഷീണം നിയമസഭാതെരഞ്ഞെടുപ്പില്‍ പുനര്‍ജനി കേസിലൂടെ മറികടക്കാമെന്നാണ്‌ സി.പി.എം. പ്രതീക്ഷ. അതിനാല്‍, ഈയാഴ്‌ചതന്നെ സി.ബി.ഐ. അന്വേഷണത്തിനു സര്‍ക്കാര്‍ ശിപാര്‍ശ നല്‍കിയേക്കും. മുന്നോടിയായി സര്‍ക്കാര്‍ നിയമോപദേശം തേടി.

വിദേശ ബാങ്ക്‌ അക്കൗണ്ട്‌ ഉള്‍പ്പെടെ പരിശോധിക്കാന്‍ പരിമിതിയുണ്ടെന്നും അതിനാല്‍ സി.ബി.ഐ. അന്വേഷിക്കണമെന്നുമാണു വിജിലന്‍സ്‌ ശിപാര്‍ശ. സതീശനും അമീര്‍ അഹമ്മദും ചേര്‍ന്നുള്ള ഗൂഢാലോചനയുടെ ഭാഗമായാണ്‌ പ്രളയബാധിതരെ പുനരധിവസിപ്പിക്കാനെന്ന പേരില്‍ വിദേശത്തു പണം പിരിച്ച്‌ കേരളത്തിലേക്ക്‌ അയച്ചതെന്നാണ്‌ ആരോപണം.

പുനര്‍ജനി പദ്ധതിക്കാലയളവില്‍ മണപ്പാട്‌ ഫൗണ്ടേഷന്റെ അക്കൗണ്ടിലേക്ക്‌ 1.22 കോടി രൂപയ്‌ക്കുമേല്‍ എത്തിയതായി വിജിലന്‍സ്‌ കണ്ടെത്തിയിരുന്നു. ഈ തുക വിവിധ രാജ്യങ്ങളില്‍നിന്നു സ്വരൂപിച്ചതാണ്‌. വിദേശ ഫണ്ട്‌ സ്വീകരിച്ചതിന്റെ ശരിയായ രേഖകള്‍ മണപ്പാട്‌ ഫൗണ്ടേഷന്‍ സൂക്ഷിച്ചിട്ടില്ലെന്നും എഫ്‌.സി.ആര്‍.എ. നിയമലംഘനം നടന്നെന്നും വിജിലന്‍സ്‌ റിപ്പോര്‍ട്ടില്‍ പറയുന്നു.

ജെബി പോള്‍

Ads by Google
Ads by Google
LATEST NEWS
TRENDING NOW