-->
പുതിയൊരു വര്‍ഷം തുടങ്ങുമ്പോള്‍ പലവിധ കാര്യങ്ങളും മനസ്സില്‍ തീരുമാനിച്ചുറപ്പിച്ച് ഇനിമുതല്‍ നന്നാവാന്‍ തീരുമാനമെടുത്തവരാകും ഭൂരിഭാഗം പേരും. ഇത്തരം തീരുമാനങ്ങളില്‍ ഏറ്റവും കൂടുതല്‍ പേര്‍ നിശ്‌ചയിച്ചിരിക്കുന്ന ഒരു കാര്യം ചിലവ് ചുരുക്കുക എന്നതാവും. പലപ്പോഴും സ്വയം നിയന്ത്രിച്ചാല്‍ പോലും ഈ തീരുമാനം ഫലപ്രദമായി നടപ്പാക്കി കൊണ്ടുവരാന്‍ സാധിക്കാതെ വരുന്നതാണ് കണ്ടുവരുന്നത്. ചിലവ് എന്നത് പലതരം ഉണ്ടാകും.
ആവശ്യം, അത്യാവശ്യം, അനാവശ്യം എന്നിങ്ങനെ ചിലവുകളെ തരം തിരിച്ചാല്‍ ആദ്യ രണ്ടു വിഭാഗത്തിലുള്ള ചെലവുകള്‍ എന്തായാലും ഉണ്ടാകാന്‍ ഇടയുള്ളതാവും. എന്നാല്‍ മൂന്നാമത്തെ വിഭാഗം ചിലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കുന്നതാണ്. എന്നാല്‍ ആദ്യ രണ്ടു വിഭാഗത്തിനും മാറ്റിവച്ചതിനേക്കാള്‍ അധികം തുകയാവും ഈ വിഭാഗത്തിലേക്ക് മാറ്റിവയ്‌ക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം.
ഇത്തരം അനാവശ്യ ചിലവുകള്‍ വെറുതെ ഉണ്ടാകുന്നതല്ല. ഇതിന് വ്യക്‌തികളുടെ മാനസികാവസ്‌ഥയുമായി ബന്ധമുണ്ട് എന്നാണ് പഠനങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. എല്ലാ ചിലവും മാനസികാവസ്‌ഥയുടെ ഭാഗമാണ് എന്നല്ല ഉദ്ദേശിക്കുന്നത്. ചില കാര്യങ്ങളില്‍ വ്യക്‌തിയുടെ വികാരങ്ങള്‍ക്ക് അനുസരിച്ചാണ് ചിലവ് നടക്കുന്നത്.
ഒരു വ്യക്‌തിയുടെ ആവശ്യങ്ങളെ യുക്‌തിസഹമായി വിലയിരുത്തുന്നതിന് പകരം അയാളുടെ മാനസികാവസ്‌ഥയ്‌ക്ക് അനുസരിച്ച് തീരുമാനങ്ങള്‍ എടുത്ത് ചിലവഴിക്കുന്ന രീതി ഇന്ന് കൂടുതലായി കണ്ടുവരുന്നുണ്ട്. ഇതില്‍ സങ്കടവും സന്തോഷവും എല്ലാം സ്വാധീനിക്കും. ഈ വൈകാരിക കാര്യങ്ങള്‍ക്കിടയില്‍ വലിയ തോതിലുള്ള വാങ്ങിക്കൂട്ടലുകള്‍ ഉണ്ടായേക്കാം. ഇത് വ്യക്‌തികളുടെ സാമ്പത്തിക നിലയെത്തന്നെ തകര്‍ക്കാന്‍ സാധ്യതയുള്ളതാണ്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി തിരിച്ചറിഞ്ഞ് ശരിയായ രീതിയില്‍ കൈകാര്യം ചെയ്യുക എന്നതാണ് പോംവഴി. ഒരു ആവേശത്തില്‍ വാങ്ങിക്കൂട്ടുന്ന സാധനങ്ങള്‍ ഒരു പ്രാവശ്യം പോലും ഉപയോഗിച്ചിട്ടുണ്ടാവില്ല എന്നതും നിലനില്‍ക്കുന്ന ഒരു യാഥാര്‍ത്ഥ്യമാണ്. ചിലവുകള്‍ മാത്രമല്ല, വൈകാരികമായ തീരുമാനങ്ങളില്‍ നിന്ന് തെറ്റായ നിക്ഷേപങ്ങള്‍ നടത്തുന്ന രീതിയും ഉണ്ട്. ഏതായാലും സാമ്പത്തിക നഷ്‌ടമാകും ഇതിന്‍റെ അന്തിമഫലം.
ചിലര്‍ ഒരു സന്തോഷത്തിനായി സാധനങ്ങള്‍ വാങ്ങിക്കും. എല്ലാവര്‍ക്കും ഉണ്ട് എനിക്ക് മാത്രമല്ല എന്ന ഒറ്റ കാര്യം കൊണ്ട് സാധനങ്ങള്‍ വാങ്ങിച്ചു കൂട്ടും.
മറ്റുചിലരെ സ്വാധീനിക്കുന്നത് അവര്‍ കൂടുതല്‍ കഷ്‌ടപ്പെട്ടു അതുകൊണ്ട് ഇന്ന് കുറച്ചു ചെലവാക്കാം എന്ന മാനസികാവസ്‌ഥ ആകാം. കൂടാതെ സങ്കടം, ഉത്‌കണ്‌ഠ, സന്തോഷം എന്നീ പലതരം കാര്യങ്ങള്‍ വൈകാരികമായ ചിലവ് വര്‍ദ്ധിപ്പിക്കാന്‍ കാരണമാകും. ഇത്തരത്തില്‍ വൈകാരികമായി ഉണ്ടാകുന്ന ചിലവുകള്‍ ഒരു വ്യക്‌തിയുടെ സാമ്പത്തിക നിലയെ കാര്യമായി ബാധിച്ചേക്കാം. ഇത് അധിക ചിലവിലേക്ക് നയിക്കുന്നത് മൂലം നിക്ഷേപത്തിനായി തുക മാറ്റിവയ്‌ക്കാന്‍ ഇല്ലാതെ വരികയും അതുവഴി ജീവിതലക്ഷ്യങ്ങള്‍ക്ക് ആവശ്യമായ തുക യഥാസമയം സമാഹരിക്കാന്‍ സാധിക്കാതെ വരികയും ചെയ്യും. ഇത് ചിലപ്പോള്‍ വലിയ കടബാധ്യതയിലേക്കും നയിക്കാന്‍ സാധ്യതയുണ്ട്.
ജീവിതലക്ഷ്യങ്ങള്‍ സഫലീകരിക്കാന്‍ നിക്ഷേപം ഇല്ലാത്ത അവസ്‌ഥയില്‍ വായ്‌പകളെ ആശ്രയിക്കുന്നത് വലിയൊരു തുക പ്രതിമാസ തിരിച്ചടവനായി ആവശ്യം വരികയും അത് തുടര്‍ന്നുള്ള നിക്ഷേപ സാധ്യത കുറയ്‌ക്കാന്‍ കാരണമാകുകയും ചെയ്യും.
സോഷ്യല്‍ മീഡിയകളുടെ സ്വാധീനവും ഓണ്‍ലൈന്‍ ഷോപ്പിംഗ് എന്നിവയും വൈകാരികമായ വാങ്ങിക്കൂട്ടലുകള്‍ക്ക് ആക്കം കൂട്ടുന്നു. ഉദാഹരണമായി വിരസമായി ഇരിക്കുന്ന സമയത്ത് വെറുതെ ഓണ്‍ലൈന്‍ ഷോപ്പിംഗ് സൈറ്റുകളില്‍ കയറി നോക്കുകയും ഇഷ്‌ടപ്പെട്ട ചില വസ്‌തുക്കള്‍ കാണുമ്പോള്‍ പെട്ടെന്ന് വാങ്ങിക്കുകയും ചെയ്യുന്ന സാഹചര്യം ഉണ്ടായേക്കാം.
ഇത് സാഹചര്യമുലം ഉണ്ടാകുന്ന ഒരു അനാവശ്യ ചിലവാണ് മറ്റൊരു ഉദാഹരണം. വളരെ സമ്മര്‍ദ്ദത്തില്‍ ആയി ഇരിക്കുന്ന അവസരത്തില്‍ ഫുഡ് ആപ്പുകളില്‍ കയറി അനാവശ്യമായി ഭക്ഷണസാധനങ്ങള്‍ വാങ്ങുന്നതാണ്. ഇത് പണവും ആരോഗ്യവും നഷ്‌ടപ്പെടുത്തുന്ന ഒരു സാഹചര്യം സൃഷ്‌ടിക്കുന്നു. ഇത്തരത്തില്‍ വിവിധതരത്തില്‍ വാങ്ങിക്കൂട്ടലുകള്‍ പെട്ടെന്ന് ഒരു സംതൃപ്‌തി നല്‍കിയേക്കാം. താല്‍ക്കാലികമായി ഒരു ആശ്വാസം നല്‍കുന്നതായി തോന്നിയേക്കാം. എന്നിരുന്നാലും ഇത് പലപ്പോഴും ഒരാളുടെ ദീര്‍ഘകാല സാമ്പത്തിക സ്‌ഥിതിയെ പ്രതികൂലമായി ബാധിക്കുന്നു.
ഇത്തരം ചിലവുകള്‍ ഫലപ്രദമായി നിയന്ത്രിക്കുന്നതിന് ബോധപൂര്‍വ്വമായ നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്. വൈകാരിക ചിലവുകള്‍ കൈകാര്യം ചെയ്യുന്നതിന് ചില പൊടിക്കൈകള്‍ പരീക്ഷിച്ചു നോക്കാവുന്നതാണ്. പ്രതിമാസ ചിലവുകള്‍ക്ക് പരിധി നിശ്‌ചയിക്കുക എന്നതാണ് ആദ്യപടിയായി ചെയ്യാന്‍ സാധിക്കുന്ന കാര്യം. ഒരു ബഡ്‌ജറ്റ് തയ്യാറാക്കി അതിനനുസരിച്ച് ചിലവഴിക്കുന്ന രീതി എല്ലാത്തരം ചിലവുകള്‍ക്കും ഒരു നിയന്ത്രണം കൊണ്ടുവരാന്‍ സഹായിക്കും.
സാമ്പത്തിക ലക്ഷ്യങ്ങള്‍ നിശ്‌ചയിച്ചുറപ്പിച്ച് അതിനനുസൃതമായ നിക്ഷേപം നടത്തുക എന്നതാണ് മറ്റൊരു കാര്യം. മിച്ചം പിടിക്കുന്ന തുക ലക്ഷ്യബോധത്തോടെ നിക്ഷേപിക്കുക വഴി ജീവിതലക്ഷ്യങ്ങള്‍ വലിയ ബാധ്യതയില്ലാതെ സഫലീകരിക്കാന്‍ സാധിക്കുകയും ചെയ്യും. ഇത് ആത്മവിശ്വാസം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുകയും ചെയ്യും.
ചിലവുകള്‍ സാങ്കേതികവിദ്യയുടെ സഹായത്തോടെ വിശകലനം ചെയ്യുക എന്നതാണ് മറ്റൊരു കാര്യം. ബജറ്റ് അനുസരിച്ചാണ് ചിലവുകള്‍ പോകുന്നത് എന്ന് മനസ്സിലാക്കാന്‍ ഇത് സഹായിക്കും. വികാരപരമായ തീരുമാനങ്ങള്‍ എടുത്ത് ഒരു സാധനം വാങ്ങുന്നതിന് മുമ്പ് കുറച്ചു സമയം കാത്തിരിക്കുക.
ഇത് വിവേകത്തോടെയുള്ള തീരുമാനങ്ങള്‍ എടുക്കാന്‍ സഹായിക്കും. ചിന്തിച്ച് എടുക്കുന്ന തീരുമാനത്തേക്കാള്‍ വൈകാരികമായി എടുക്കുന്ന തീരുമാനങ്ങളില്‍ നിന്നുണ്ടാകുന്ന ചിലവുകള്‍ ഒരു വ്യക്‌തിയുടെ സാമ്പത്തിക സ്‌ഥിരതയില്‍ ശാശ്വതമായ സ്വാധീനം ചെലുത്തും.
ജിബിന്‍ ജോണ്‍