-->
റെക്കോര്‍ഡ് പ്രടകനം കാഴ്‌ച്ചവച്ച് ഓഹരി സൂചിക 2026 നെ വരവേറ്റു. മുന്‍നിര രണ്ടാംനിര ഓഹരികള്‍ സ്വന്തമാക്കാന്‍ കാണിച്ച ഉത്സാഹം നിഫ്‌റ്റി സൂചികയെ എക്കാലത്തെയും ഉയര്‍ന്ന നിലവാരത്തിലേയ്‌ക്ക് നയിച്ചു.
ആഭ്യന്തരഫണ്ടുകള്‍ക്ക് ഒപ്പം പ്രദേശിക നിക്ഷേപകരും വിപണിയില്‍ നിറഞ്ഞു നില്‍ക്കുന്നത് കണ്ട് വാരാന്ത്യം വിദേശ ധനകാര്യസ്‌ഥാപനങ്ങള്‍ ഇന്ത്യന്‍ മാര്‍ക്കറ്റില്‍ വില്‍പ്പനയില്‍ നിന്നും വാങ്ങലിലേയ്‌ക്ക് തിരിഞ്ഞു.
290 കോടി രൂപയുടെ ഓഹരികളാണ് വെളളിയാഴ്‌ച്ച അവര്‍ ശേഖരിച്ചത്. നിഫ്‌റ്റി സൂചിക 286 പോയിന്റും സെന്‍സെക്‌സ് 720 പോയിന്റും പ്രതിവാര നേട്ടത്തിലാണ്.
മുന്‍നിര ഓഹരിയായ ഇന്‍ഫോസീസ്, എച്ച്.സി.എല്‍ ടെക്, ടെക് മഹീന്ദ്ര, ഐ.റ്റി.സി, റ്റി.സി.എസ് തുടങ്ങിയവയ്‌ക്ക് തിരിച്ചടി നേരിട്ടു.
എച്ച്.ഡി.എഫ്.സി ബാങ്ക്, ആക്‌സിസ് ബാങ്ക്, ഐ.സി.ഐ.സി.ഐ ബാങ്ക്, എസ്.ബി.ഐ, ആര്‍.ഐ.എല്‍, എയര്‍ടെല്‍, എം ആന്‍ഡ് എം, മാരുതി, ടാറ്റാ സ്‌റ്റീല്‍, എച്ച്.യു.എല്‍ തുടങ്ങിയ ഓഹരി വിലകള്‍ ഉയര്‍ന്നു. ആഭ്യന്തര ഫണ്ടുകള്‍ പിന്നിട്ട വാരം 17,766 രൂപയുടെ ഓഹരികള്‍ ശേഖരിച്ചു.
വിദേശ ഫണ്ടുകള്‍ നാല് ദിവസങ്ങളിലായി 13,469.89 കോടി രൂപയുടെ ഓഹരികള്‍ വിറ്റുമാറിയെങ്കിലും വാരാന്ത്യ ദിനം അവര്‍ 289.80 കോടി രൂപയുടെ വാങ്ങലിന് താല്‍പര്യം കാണിച്ചു.
ബി.എസ്.ഇ. സൂചിക 85,041-ല്‍ നിന്നും 84,489 ലേയ്‌ക്ക് താഴ്‌ന്ന ശേഷമാണ് തിരിച്ചുവരവ് കാഴ്‌ചവച്ചത്.
ഓഹരികളിലെ വാങ്ങല്‍ ശക്‌തമായതോടെ സൂചിക 85,811 വരെ മുന്നേറി. മുന്‍നിര രണ്ടാംനിര ഓഹരികളോട് ഫണ്ടുകള്‍ കാണിച്ച ഉത്സാഹം വരുംദിനങ്ങളിലും നേട്ടത്തിനു വഴിഒരുക്കാം. വാരാന്ത്യം സൂചിക 85,762 പോയിന്റിലാണ്.
ഈ വാരം ആദ്യ പ്രതിരോധം 86,219 ലാണ്. അനുകൂല റിപ്പോര്‍ട്ടുകള്‍ വന്നാല്‍ സെന്‍സെക്‌സിനെ 86,676-87,998 പോയിന്റ് വരെ ഈ മാസം ഉയര്‍ത്താനാവും. വിപണിയില്‍ വില്‍പ്പന സമ്മര്‍ദ്ദം ഉടലെടുത്താല്‍ 84,897- 84,032 ല്‍ താങ്ങുണ്ട്. വിപണിയുടെ നിലവിലെ ചലനങ്ങള്‍ വീക്ഷിച്ചാല്‍ മാര്‍ച്ചിന് മുന്നേ സൂചിക 90,000 പോയിന്റിനെ ലക്ഷ്യമാക്കാം.
നിഫ്‌റ്റി 26,042 ല്‍ നിന്നും തളര്‍ച്ചയോടെയാണ് വ്യാപാരം തുടങ്ങിയത്.
25,890 ലെ ആദ്യ സപ്പോര്‍ട്ട് ഈ അവസരത്തില്‍ വിപണി തകര്‍ത്ത് 25,880 ലേയ്‌ക്ക് ഇടിഞ്ഞ ഘട്ടത്തില്‍ ഉടലെടുത്ത ശക്‌തമായ വാങ്ങല്‍ താല്‍പര്യം നിഫ്‌റ്റിയെ എക്കാലത്തെയും ഉയര്‍ന്ന തലമായ 26,340 പോയിന്റ് വരെ എത്തിച്ചു. മാര്‍ക്കറ്റ് കേ്ലാസിങില്‍ സൂചിക 26,328 പോയിന്റിലാണ്. ഈ വാരം പ്രതിരോധം 26,485-26,642 ല്‍ പ്രതിരോധവും 26,025 25,722 പോയിന്റില്‍ താങ്ങും പ്രതീക്ഷിക്കാം.
പുതുവര്‍ഷം വിനിമയ വിപണിയില്‍ രൂപയ്‌ക്ക് നേട്ടം സമ്മാനിച്ചില്ല. രൂപയുടെ മൂല്യം 89.74-ല്‍ നിന്നും കരുത്ത് നേടാനുള്ള ശ്രമം വിജയിക്കാതെ 91.40 ലേയ്‌ക്ക് ദുര്‍ബലമായ ശേഷം കേ്ലാസിങില്‍ 90.19 ലാണ്.
രാജ്യാന്തര മാര്‍ക്കറ്റില്‍ ക്രൂഡ് ഓയില്‍വില ബാരലിനു 60.80 ഡോളറിലാണ്. 64 ഡോളറിലെ ആദ്യ പ്രതിരോധം തകര്‍ത്താല്‍ 70 ഡോളര്‍ വരെ വില ഉയരാം. നിലവില്‍ സപ്പോര്‍ട്ട് 58 ഡോളറിലാണ്.
അമേരിക്കന്‍ സൈനിക നീക്കങ്ങള്‍ എണ്ണ വിപണി ചൂട് പിടിക്കാന്‍ ഇടയാക്കാം. ന്യൂയോര്‍ക്കില്‍ സ്വര്‍ണവില ഔണ്‍സിന് 4553 ഡോളറില്‍ നിന്നും 4285 ഡോളര്‍ വരെ വാരാന്ത്യം ഇടിഞ്ഞു.
ഈ അവസരത്തിലെ വാങ്ങല്‍ താല്‍പര്യം മഞ്ഞലോഹത്തെ വീണ്ടും 4400 വരെ ഉയര്‍ത്തിയെങ്കിലും ആ റേഞ്ചില്‍ പിടിച്ച് നില്‍ക്കാനാവാതെ വാരാന്ത്യം 4331 ഡോളറായി കുറഞ്ഞു.
എം.സി.എക്‌സില്‍ സ്വര്‍ണ അവധി വില 10 ഗ്രാമിനു വില 1,35,761 രൂപയിലാണ്. ഫെബ്രുവരി അവധി വില തുടക്കത്തില്‍ 1,34,280 ലേയ്‌ക്ക് ഇടിഞ്ഞങ്കിലും പിന്നീട് 1,36,000 രൂപയായി കയറി. ബുള്‍ റാലി നിലനിര്‍ത്തിയാല്‍ 1.40 ലക്ഷം രൂപ വരെ മുന്നേറാം, വില്‍പ്പന സമ്മര്‍ദ്ദമുണ്ടായാല്‍ 1.34ല്‍ താങ്ങുണ്ട്.