Wednesday, March 11, 2026 Last Updated 0 Min 2 Sec ago English Edition
Todays E paper
Ads by Google
Sunday 04 Jan 2026 11.40 PM

ആരവല്ലി പാഠം പശ്‌ചിമഘട്ടത്തിനൊരു മുന്നറിയിപ്പ്‌

വൈദേശികാക്രമണങ്ങളില്‍ നിന്നും കടന്നുകയറ്റങ്ങളില്‍ നിന്നും രാജ്യത്തെ രക്ഷിക്കുന്ന ജവാന്മാരെപ്പോലെ പരിസ്‌ഥിതിയെയും കാലാവസ്‌ഥയെയും പ്രകൃതിസമ്പത്തിനെയും സംരക്ഷിക്കുന്ന കാവലാളുകളാണ്‌ ഹിമാലയം, ആരവല്ലി, കാരക്കോറം, പശ്‌ചിമഘട്ടം, വിന്ധ്യാ, സത്‌പുര, പൂര്‍വഘട്ടം എന്നീ പര്‍വത നിരകളും അനേകം കൊടുമുടികളും മലനിരകളും. ഇക്കുട്ടത്തില്‍ ഡല്‍ഹി, ഹരിയാന, രാജസ്‌ഥാന്‍, ഗുജറാത്ത്‌ എന്നീ സംസ്‌ഥാനങ്ങളിലൂടെ 692 കിലോമീറ്റര്‍ നീളത്തില്‍ കിടക്കുന്ന ആരവല്ലി മലനിരകള്‍ പൊടുന്നനെ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധയും സഹതാപവും നേടിയിരിക്കുന്നു.
അര, വാലി എന്നീ ധാതുക്കളില്‍ നിന്നുണ്ടായ സംസ്‌കൃതപദമാണ്‌ ആരവല്ലി. കൊടുമുടികളുടെ വരി എന്നാണര്‍ത്ഥം. ഭൂമിയിലെ ഏറ്റവും പഴക്കമുള്ള ആരവല്ലി മലനിരയുടെ പ്രായം ഏകദേശം 250 കോടി വര്‍ഷമാണെന്നാണ്‌ പഠനങ്ങള്‍ പറയുന്നത്‌. ഉത്തരേന്ത്യയുടെ ആവാസവ്യവസ്‌ഥയെ സംരക്ഷിക്കുകയും പാരിസ്‌ഥിതികഭാവിയെ ഭദ്രമായി നിലനിര്‍ത്തുകയും ചെയ്യുന്ന സ്വാഭാവിക പച്ചമതില്‍ക്കെട്ടും ഹരിത ശ്വാസകോശവും ആണ്‌ ആരവല്ലി പര്‍വത നിരകളന്നു വിശേഷിപ്പിക്കപ്പെടുന്നു.
ആരവല്ലി മലനിരകളുടെ പടിഞ്ഞാറെ ഭാഗത്ത്‌ കണ്ണെത്താ ദൂരം പരന്നുകിടക്കുന്ന ഥാര്‍ മരുഭൂമി കിഴക്കോട്ടു വളരാനനുവദിക്കാതെ ഡല്‍ഹിയെയും ഹരിയാനായെയും രക്ഷപ്പെടുത്തുന്നത്‌ ആരവല്ലിയാണ്‌. മരുഭൂമിയില്‍നിന്നു ശക്‌തിയോടെ വീശിയടിക്കുന്ന പൊടിക്കാറ്റില്‍നിന്ന്‌ ഈ സംസ്‌ഥാനങ്ങളെ സംരക്ഷിക്കുന്നതും ആരവല്ലി തന്നെയാണ്‌. മധ്യേഷ്യയില്‍ നിന്നുള്ള അസഹ്യമായ ശൈത്യക്കാറ്റിനു മറയായി നില്‍കുന്നതും ഇതേ മലനിരകള്‍ തന്നെയാണ്‌. തെക്കുപടിഞ്ഞാറന്‍ മണ്‍സൂണ്‍മഴ ഡല്‍ഹിയിലും ഹരിയാനയിലും കൃത്യമായി വിതരണം ചെയ്യുന്നതും ഈ മലനിരകളുടെ ഔദാര്യമാണ്‌.

സര്‍ക്കാര്‍ വക അസ്‌തിത്വ ഭീഷണി
കോടാനുകോടി വര്‍ഷങ്ങളായി സ്വസ്‌ഥമായി രാജ്യത്തെ കാത്തു സംരക്ഷിച്ചുകൊണ്ടിരിക്കുന്ന ആരവല്ലി പെട്ടെന്ന്‌ രാജ്യത്തിന്റെ മുഴുവന്‍ ശ്രദ്ധ പിടിച്ചുപറ്റാന്‍ കാരണമുണ്ട്‌. 20 മീറ്ററും അതില്‍ കൂടുതലും ഉയരമുള്ള കുന്നുകളെല്ലാം ആരവല്ലി പര്‍വതനിരയുടെ ഭാഗമായി അംഗീകരിച്ച്‌ നിയമപരമായ എല്ലാ സംരക്ഷണാനുകുല്യങ്ങളും നല്‍കിയിരുന്നു. എന്നാല്‍, ഇനിമുതല്‍ 100 മീറ്ററിന്‌ മുകളില്‍ ഉയരമുള്ളവയ്‌ക്കു മാത്രമേ ആരവല്ലിയുടെ സംരക്ഷണകവചത്തിന്‌ അര്‍ഹത ഉണ്ടായിരിക്കുകയുള്ളൂ എന്ന്‌ കേന്ദ്ര വനം പരിസ്‌ഥിതി മന്ത്രാലയം ഉത്തരവിറക്കി. കൂടാതെ 500 മീറ്റര്‍ ചുറ്റളവില്‍ 100 മീറ്ററിന്‌ മുകളില്‍ ഉയരമുള്ള രണ്ടു കുന്നുകളെങ്കിലും ഉണ്ടെങ്കില്‍ മാത്രമേ ഇടയിലുള്ള ഭാഗത്ത്‌ സംരക്ഷണാനുകുല്യങ്ങള്‍ ലഭ്യമാകൂ. ആരവല്ലി മലനിരകളുടെ 80 ശതമാനവും സ്‌ഥിതി ചെയ്യുന്ന രാജസ്‌ഥാനിലെ 12,081 കുന്നുകളില്‍ 1048ന്‌ മാത്രമേ 100 മീറ്റര്‍ ഉയരമുള്ളൂ. അതായത്‌ മലനിരകളുടെ 90 ശതമാനവും സംരക്ഷണ പരിധിക്ക്‌ പുറത്താകും. ഇങ്ങനെ പുറത്താകുന്ന ഇത്ര വലിയ ഭുപ്രദേശമൊന്നാകെ ഖനനത്തിനും വികസനാവശ്യങ്ങള്‍ക്കുമായി മാഫിയകള്‍ക്കു തുറന്നു കിട്ടുമെന്നതാണ്‌ കാത്തിരിക്കുന്ന വിപത്ത്‌. 1,47,000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള ആരവല്ലി മലനിരകളുടെ 90% ഭൂമിയും കച്ചവട ലോബികളുടെ കൈകളില്‍ എത്താന്‍ പോകുന്നു എന്നത്‌ രാജ്യസ്‌നേഹികള്‍ക്ക്‌ താങ്ങാനാവുന്നതല്ല. അതുകൊണ്ടാണ്‌ ശക്‌തമായ ജനകീയ സമരങ്ങള്‍ പ്രതിരോധം തീര്‍ത്തു കൊണ്ടിരിക്കുന്നത്‌.
കേന്ദ്രസര്‍ക്കാരിന്റെ പുതിയ നിര്‍വചനത്തിനും മാനദണ്ഡങ്ങള്‍ക്കും നവംബര്‍ 20ന്‌ സുപ്രീംകോടതി അംഗീകാരം നല്‍കിയതോടെയാണ്‌ ജനവികാരം ഉണര്‍ന്നത്‌. ഏതായാലും ഡിസംബര്‍ 29ലെ സുപ്രീംകോടതിയുടെ ഇടപെടല്‍ ആശ്വാസകരമാണ്‌. നേരത്തെ പുറപ്പെടുവിച്ച ഉത്തരവിലെ അവ്യക്‌തത തിരുത്തുന്നതിനായും ശാസ്‌ത്രീയവും ഭൂമിശാസ്‌ത്രപരമായ സമഗ്രപരിശോധനയ്‌ക്കും പഠനത്തിനുമായി ഒരു വിദഗ്‌ധസമിതിയെ കോടതി നിയമിച്ചിട്ടുണ്ട്‌.

ആരവല്ലിയെ വിഴുങ്ങാന്‍
മാഫിയാ സംഘങ്ങള്‍

ആരവല്ലി മലനിരകളില്‍ സമൃദ്ധമായുള്ള ചെമ്പ്‌, ലെഡ്‌, സിങ്ക്‌ തുടങ്ങിയ ലോഹങ്ങളിലും ധാതുസമ്പത്തിലും മാര്‍ബിള്‍ അടരുകളിലും നോട്ടമിട്ടിരിക്കുന്ന ഖനനമാഫിയകള്‍ വിദഗ്‌ധസമിതിയെപ്പോലും വീഴ്‌ത്താനുള്ള കുതന്ത്രങ്ങള്‍ മനയുമോ എന്ന ഭയാശങ്കകള്‍ പ്രദേശവാസികള്‍ക്കുണ്ട്‌. ബി.സി. അഞ്ചാം നൂറ്റാണ്ടു മുതല്‍ ചെമ്പും മറ്റു ലോഹങ്ങളും ഖനനം ചെയ്‌തിരുന്ന ചരിത്രമുണ്ട്‌. 2018 മുതല്‍ 2025 വരെയുള്ള വര്‍ഷങ്ങളില്‍ 40,175 അനധികൃത ഖനനങ്ങള്‍ നടന്ന റിപ്പോര്‍ട്ടുകളുണ്ട്‌. ഇന്ത്യന്‍ വൈല്‍ഡ്‌ ലൈഫ്‌ ഇന്‍സ്‌റ്റിറ്റ്യൂട്ടിന്റെ പഠന പ്രകാരം ആരവല്ലി മലനിരകളുടെ 25 ശതമാനത്തിലധികം ഭാഗങ്ങളും ഖനനകാരണത്താല്‍ നഷ്‌ടപ്പെട്ടു കഴിഞ്ഞു. 100 മീറ്റര്‍ ഉയരം മാനദണ്ഡമാക്കുമ്പോള്‍ ലക്ഷക്കണക്കിന്‌ ഹെക്‌ടര്‍ വനഭൂമിയെങ്കിലും റിയല്‍ എസേ്‌റ്ററ്റ്‌ മാഫിയകളുടെ കൈപ്പിടിയിലാകും. വനത്തെ ആശ്രയിച്ച്‌ ഉപജീവനം നടത്തുന്ന ആയിരക്കണക്കിന്‌ ആദിവാസി - ഗോത്ര ജനങ്ങളെ സംബന്ധിച്ചിടത്തോളം അസ്‌തിത്വപരമായ പ്രതിസന്ധിയുണ്ടാകും. ആയിരക്കണക്കിന്‌ ചെറുകിട - നാമമാത്രകര്‍ഷകരുടെ ജീവിതം വഴിമുട്ടും. ആത്മഹത്യകള്‍ പെരുകാനുള്ള സാധ്യതയുമുണ്ട്‌.
ആരവല്ലി മലകളില്‍ കാണപ്പെടുന്ന ക്വാര്‍ട്‌സൈറ്റ്‌ പാറകളിലെ വിള്ളലുകളിലൂടെ മഴവെള്ളം ഭൂമിയിലേക്കു കിനിഞ്ഞിറങ്ങി ഭൂഗര്‍ഭജല അറകള്‍ നിറയുന്നു. കേന്ദ്രഭൂഗര്‍ഭജല ബോര്‍ഡിന്റെ പഠന പ്രകാരം 100 മീറ്റര്‍ താഴെ ഉയരമുള്ള ചെറുകുന്നുകളുള്ള പ്രദേശത്തെ പാറക്കെട്ടുകള്‍ക്ക്‌ രണ്ടു ലക്ഷം ലിറ്റര്‍ വരെ വെള്ളം ഭൂഗര്‍ഭ അറകളില്‍ ശേഖരിക്കാന്‍ ശേഷിയുണ്ട്‌. അതുകൊണ്ട്‌ ഇത്തരം ചെറുകുന്നുകള്‍ നികത്തപ്പെടുമ്പോള്‍ സ്വാഭാവിക നീര്‍ത്തടങ്ങള്‍ അപ്രത്യക്ഷമാകുന്നു.
രാജസ്‌ഥാന്‍, ഹരിയാന മേഖലകളിലെ ജാട്ട്‌, ഗുജ്‌ജര്‍ കര്‍ഷക സമൂഹങ്ങള്‍ക്ക്‌ ആരവല്ലി മലനിരകള്‍ ജല ഗോപുരങ്ങളാണ്‌. കൃഷിഭൂമി നനയ്‌ക്കാനുള്ള വെള്ളം മണ്ണിനടിയില്‍ സംഭരിച്ചു നിര്‍ത്തി ജലബാങ്കുകള്‍ സൃഷ്‌ടിച്ചുസഹായിക്കുന്നത്‌ ഈ മലനിരകളാണ്‌. അനധികൃത ഖനനം നടന്നിടത്തെല്ലാം ഭൂഗര്‍ഭ ജലവിതാനം രണ്ടായിരത്തോളം മീറ്ററിലധികം താഴ്‌ന്നുപോയിട്ടുണ്ട്‌. ഇത്രയും ആഴത്തില്‍ നിന്ന്‌ വെള്ളം പമ്പ്‌ ചെയ്‌ത്‌ കയറ്റാന്‍ 20,000 രൂപായെങ്കിലും കര്‍ഷകര്‍ക്ക്‌ അധികചെലവുണ്ടാകുന്നു. കാര്‍ഷിക - ഗോത്ര സമൂഹങ്ങളില്‍ സംഭവിക്കാന്‍ പോകുന്ന സാമ്പത്തിക സാമൂഹിക സാംസ്‌കാരിക ആഘാതങ്ങള്‍ ഗുരുതരമായിരിക്കും. ഇവരുടെ ഉപജീവന സ്രോതസ്സുകള്‍ ഇല്ലാതാകുമ്പോള്‍ അവരുടെ കുടുംബഘടനതന്നെ തകരുകയും അഭയാര്‍ത്ഥി സമൂഹങ്ങളായി മാറുകയും ചെയ്യാന്‍ സാധ്യതയുണ്ട്‌.

പശ്‌ചിമഘട്ടവും ഭീഷണിയിലോ?

നമ്മുടെ സംസ്‌ഥാനത്തിന്റെ സംരക്ഷണ കോട്ടയായ പശ്‌ചിമഘട്ടത്തിലും ആരവല്ലി അനുഭവം ആവര്‍ത്തിക്കപ്പെടില്ല എന്നതിന്‌ എന്താണുറപ്പ്‌? 100 മീറ്റര്‍ താഴെയുള്ള ഭാഗങ്ങള്‍ സംരക്ഷണത്തിന്‌ പുറത്തായാല്‍ പശ്‌ചിമഘട്ടത്തിന്റെ തണലില്‍ കഴിയുന്ന കേരളം, തമിഴ്‌നാട്‌, മഹാരാഷ്‌ട്ര, ഗോവ, ഗുജറാത്ത്‌ എന്നീ സംസ്‌ഥാനങ്ങള്‍ ക്രമേണ ഊഷര ഭൂമികളാകും. 1600 കിലോമീറ്റര്‍ ദൈര്‍ഘ്യവും 1,60,000 ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുമുള്ള മഹാ ജൈവ വൈവിധ്യ സ്‌പോട്ട്‌ എന്ന അസാധാരണ ബഹുമതി ലഭിച്ച പശ്‌ചിമഘട്ടത്തിന്റെ സമ്പൂര്‍ണ നാശം കാണേണ്ടിവരും. 2012ല്‍ ലോക പൈതൃക പട്ടികയില്‍ സ്‌ഥാനം പിടിച്ച നമ്മുടെ അഭിമാനവും അഹങ്കാരവുമായ പശ്‌ചിമഘട്ടം അസ്‌ഥിപഞ്‌ജരം മാത്രമായി ശേഷിച്ചെന്നും വരാം.മണ്‍സൂണ്‍ മേഘങ്ങളില്‍ നിന്നു മഴ പെയ്യിക്കുന്നതും 44 നദികള്‍ക്ക്‌ ജന്മം കൊടുക്കുന്നതും ശക്‌തമായ കടല്‍ക്കാറ്റിനെയും ചുഴലിക്കാറ്റിനെയും തടഞ്ഞു നിര്‍ത്തുന്നതും അന്തരീക്ഷ കാര്‍ബണിനെ ആഗിരണം ചെയ്‌തു ന്യൂട്രലാക്കി താപ വര്‍ദ്ധന തടയുന്നതുമെല്ലാം നമ്മുടെ പശ്‌ചിമഘട്ടമാണെന്നത്‌ നാമോര്‍ക്കാറില്ല.
ആരവല്ലിയുടെ മേല്‍ പതിയുന്ന കരങ്ങള്‍ തന്നെ പശ്‌ചിമഘട്ടത്തിന്മേലും പതിയാതിരിയാന്‍ കേരളം നിതാന്ത ജാഗ്രത പുലര്‍ത്തിയെ മതിയാകൂ.
കുന്നുകള്‍ കാവല്‍ക്കാര്‍

കല്ലും മണ്ണും കൊണ്ട്‌ പ്രകൃതി മനഞ്ഞ വെറും ഭൂമിശാസ്‌ത്രപരമായ അതിരു മാത്രമല്ല ആരവല്ലിയായാലും പശ്‌ചിമഘട്ടമായാലും. മനുഷ്യര്‍ ഉള്‍പ്പെടുന്ന ജീവജാലങ്ങളെയും പരിസ്‌ഥിതിയെയും സംരക്ഷിക്കാന്‍ നിയോഗിക്കപ്പെട്ട ഭൂമിശാസ്‌ത്ര അതിരുകള്‍ മാറ്റിവരയ്‌ക്കുമ്പോള്‍ ദശലക്ഷക്കണക്കിനു നിസ്സഹായരായ മനുഷ്യരുടെ ജീവിതരേഖ തന്നെ മായിച്ചു കളയുകയാണെന്ന വീണ്ടുവിചാരവും വിവേകവും ബന്ധപ്പെട്ട നയങ്ങളും നിയമങ്ങളും രൂപപ്പെടുത്തുന്ന സര്‍ക്കാര്‍ ബുദ്ധജീവികള്‍ക്കും വിദഗ്‌ധര്‍ക്കും ഉണ്ടായിരിക്കേണ്ടതാണ്‌. കുന്നുകളും മലകളും പാഴ്‌സൃഷ്‌ടികളല്ല;അവ എന്നും മനുഷ്യന്റെയും ജീവജാലങ്ങളുടെയും കാവലാളുകളും സംരക്ഷകരുമാണ്‌. അവയോടൊപ്പമുള്ള സഹവാസം മനുഷ്യന്റെ അനിഷേധ്യമായ മൗലികാവകാശമാണ്‌.

തോമസ്‌ പീലിയാനി

Ads by Google
Sunday 04 Jan 2026 11.40 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW