-->
സാമുദായിക സംഘടനയായ നായര്‍ സര്‍വീസ് സൊസൈറ്റി ( എന്‍.എസ്.എസ്) പുലര്‍ത്തിപ്പോരുന്ന പ്രഖ്യാപിത ' സമദൂര ' നയം കേരള രാഷ്‌ട്രീയത്തില്‍ ശ്രദ്ധേയമായ ഒന്നാണ്. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും സമദൂര നിലപാട് തന്നെയായിരിക്കും എന്‍.എസ്.എസിന്റേതെന്ന് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍ നായര്‍ മന്നം ജയന്തി സമ്മേളനത്തോടനുബന്ധിച്ച് വ്യക്‌തമാക്കിയിരിക്കുന്നു.
സര്‍ക്കാര്‍ പിന്തുണയോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പമ്പയില്‍ സംഘടിപ്പിച്ച ആഗോള അയ്യപ്പ സംഗമത്തിന് എന്‍.എസ്.എസ് പിന്തുണ നല്‍കുകയും പങ്കെടുക്കുകയും ചെയ്‌തിരുന്നു. ഇത് എന്‍.എസ്.എസ് നേതൃത്വത്തിനെതിരേ വലിയ വിമര്‍ശനങ്ങള്‍ക്കും സമുദായ അംഗങ്ങള്‍ക്കിടയില്‍ ചിലയിടങ്ങളിലെങ്കിലും ചേരിപ്പോരിനും കാരണമാകുകയുണ്ടായി. എന്‍.എസ്.എസിനു 'ഇടതു ചായ് ' വെന്ന രാഷ്‌ട്രീയ വ്യാഖ്യാനത്തിന് അടിസ്‌ഥാനമില്ലെന്ന് വ്യക്‌തമാക്കുകയാണ് എന്‍.എസ്.എസ് ചെയ്‌തിരിക്കുന്നത്. മറ്റൊരു സമുദായ നേതാവായ വെള്ളാപ്പള്ളി നടേശന്‍ എല്‍.ഡി.എഫിന് പരസ്യ പിന്തുണ പ്രഖ്യാപിച്ചിരിക്കുന്ന സാഹചര്യത്തില്‍ നടന്ന എന്‍.എസ്.എസ് സമ്മേളനവും പ്രഖ്യാപനങ്ങളും ഏറെ ശ്രദ്ധേയമായി.
ആഗോള അയ്യപ്പ സംഗമത്തില്‍ പങ്കെടുത്തതിനെ രാഷ്‌ട്രീയവുമായി കൂട്ടി കുഴയ്‌ക്കുന്നതിലെ ശരികേടാണ് ജി. സുകുമാരന്‍ നായര്‍ ചൂണ്ടിക്കാട്ടിയത്. നിലവിലുള്ള ആചാരങ്ങള്‍ക്കും അനുഷ്‌ഠാനങ്ങള്‍ക്കും കോട്ടം തട്ടാതെ ക്ഷേത്രത്തിന്റെ പവിത്രത സംരക്ഷിച്ചുകൊണ്ടുള്ള വികസന പ്രവര്‍ത്തനങ്ങളാണ് സംഗമം ലക്ഷ്യം ഇടുന്നതെങ്കില്‍ സഹകരിക്കുമെന്നായിരുന്നു എന്‍.എസ്.എസ് നിലപാട്. എന്‍.എസ്.എസിന്റെ പിന്തുണയില്‍ സര്‍ക്കാര്‍ സന്തോഷം രേഖപ്പെടുത്തിയപ്പോള്‍ യു.ഡി.എഫിനും ബി.ജെ.പിക്കും ഒപ്പമുള്ള സമുദായ അംഗങ്ങള്‍ക്കിടയില്‍ വലിയ പ്രതിഷേധമുണ്ടായി. ചില കരയോഗങ്ങള്‍ എന്‍.എസ്.എസ് ജനറല്‍ സെക്രട്ടറിക്കെതിരേ പ്രമേയം അവതരിപ്പിക്കുകയും രാജി ആവശ്യപ്പെടുകയും ചെയ്‌തു. സമുദായത്തിലെ തന്നെ ചില ക്ഷുദ്രജീവികളുടെ പ്രവര്‍ത്തനമായാണ് ജനറല്‍ സെക്രട്ടറി ഇതിനെ കണ്ടിരിക്കുന്നത്. സംഘടനയെ്‌ക്കതിരായ പ്രവര്‍ത്തനങ്ങള്‍ പരാജയപ്പെട്ടതോടെ നേതൃത്വത്തിനെതിരേ വ്യക്‌തിഹത്യ നടത്തുന്നതായും അദ്ദേഹം ആരോപിക്കുകയുണ്ടായി.
ഒരു രാഷ്‌ട്രീയത്തോടും വെറുപ്പില്ലെന്നും തെരഞ്ഞെടുപ്പില്‍ സമദൂരം ആയിരിക്കും സമുദായത്തിന്റെ നിലപാടെന്നും ജനറല്‍ സെക്രട്ടറി ആവര്‍ത്തിച്ചു പറഞ്ഞതിനു പിന്നില്‍ സമുദായ അംഗങ്ങള്‍ക്കിടയില്‍ ഉയര്‍ന്ന വലിയ വിമര്‍ശനങ്ങളും പ്രതിഷേധങ്ങളും കാരണമായിട്ടുണ്ടെന്ന് വിലയിരുത്താനാകും. ശബരിമല വിശ്വാസ സംരക്ഷണത്തിലും ഇപ്പോഴത്തെ സ്വര്‍ണക്കൊള്ള വിവാദത്തിലും എന്‍.എസ്.എസ് തങ്ങളുടെ നിലപാട് ഒന്നുകൂടി വിശദമാക്കുകയുണ്ടായി. ശബരിമലയിലേത് വിശ്വാസ സംരക്ഷണത്തിന്റെ വിഷയമാണെന്ന ബോധം രാഷ്‌ട്രീയക്കാര്‍ക്ക് ഉണ്ടാകണമെന്നും രാഷ്‌ട്രീയ മുതലെടുപ്പിനായി എന്‍.എസ്.എസിനെ കരുവാക്കാമെന്ന് ആരും കരുതേണ്ടതില്ലെന്നുമാണ് ജനറല്‍ സെക്രട്ടറി പറഞ്ഞത്.
എന്നാല്‍, വിശ്വാസ സംരക്ഷണ കാര്യത്തില്‍ ആരുടെയും ഭീഷണിക്ക് തലകുനിക്കേണ്ടെന്ന എന്‍.എസ്.എസിന്റെ നിലപാടില്‍ രാഷ്‌ട്രീയ സൂചനകള്‍ കാണുന്നവരുമുണ്ട്. ശബരിമല സ്വര്‍ണക്കൊള്ളയില്‍ രാഷ്‌ട്രീയ ആരോപണങ്ങള്‍ വച്ചുള്ള ദുഷ്ര്‌പചാരണങ്ങള്‍ നടക്കുന്നതായും എന്‍.എസ്.എസിന് അഭിപ്രായമുണ്ട്. സ്വര്‍ണക്കൊള്ളയില്‍ സര്‍ക്കാര്‍ സംവിധാനങ്ങളും കോടതിയും കൃത്യമായി ഉത്തരവാദിത്വം നിറവേറ്റുന്നുണ്ടെന്നും അതില്‍ എന്തെങ്കിലും പാളിച്ച സംഭവിച്ചാല്‍ മാത്രം മറ്റുള്ളവര്‍ ഇടപെടുകയാണ് വേണ്ടതെന്നും സുകുമാരന്‍ നായര്‍ പറഞ്ഞു. ജനറല്‍ സെക്രട്ടറിയുടെ ഈയൊരു പ്രസ്‌താവന വലിയൊരു രാഷ്‌ട്രീയ വായനയ്‌ക്ക് ഇടം നല്‍കുന്നതായും വാദമുണ്ട്.