-->
വെനസ്വേലൻ പ്രസിഡന്‍റ് നിക്കോളാസ് മഡൂറോയെ അമേരിക്ക പിടികൂടിയതിന് പിന്നാലെയുള്ള നിലവിലെ രാഷ്ട്രീയ സാഹചര്യത്തിലും സംഘർഷങ്ങളിലും ശക്തമായ ആശങ്ക രേഖപ്പെടുത്തി ഇന്ത്യ. വെനസ്വേലയിലെ സംഭവവികാസങ്ങൾ ഇന്ത്യ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്നും വെനസ്വേലയിലെ ജനതക്കൊപ്പമാണ് ഇന്ത്യയെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി.
സമാധാനപരമായ ചർച്ചകളിലൂടെ നിലവിലുള്ള പ്രശ്നങ്ങൾ പരിഹരിക്കണമെന്നാണ് ഇന്ത്യയുടെ നിലപാട്. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി അവിടുത്തെ ഇന്ത്യൻ എംബസി നിരന്തര സമ്പർക്കത്തിലാണെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു.
നേരത്തെ വെനസ്വേലയിലെ സംഘർഷ സാഹചര്യത്തിന്‍റെ പശ്ചാത്തലത്തിൽ ഇന്ത്യൻ പൗരന്മാർക്ക് വിദേശകാര്യമന്ത്രാലയം ജാഗ്രതാ നിർദ്ദേശം പുറപ്പെടുവിച്ചിരുന്നു. സാഹചര്യം കണക്കിലെടുത്ത് വെനസ്വേലയിലേക്കുള്ള അത്യാവശ്യമല്ലാത്ത യാത്രകൾ ഒഴിവാക്കാനാണ് കേന്ദ്ര വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടിട്ടുള്ളത്. വെനസ്വേലയിൽ പ്രതിഷേധങ്ങളും സംഘർഷങ്ങളും തുടരുന്ന സാഹചര്യത്തിലാണ് നടപടിയെന്നും വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. വെനസ്വേലയിലുള്ള ഇന്ത്യൻ പൗരന്മാർ അതീവ ജാഗ്രത പാലിക്കണമെന്നും നിർദേശമുണ്ട്.