Wednesday, March 11, 2026 Last Updated 7 Min 23 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 11.37 PM

സദ്ദാം, നോറിയേഗ ഇനി മഡുറോയും...

ഒരു രാഷ്‌ട്രത്തലവനെയും ഭാര്യയെയും മറ്റൊരു രാജ്യംതട്ടിക്കൊണ്ടുപോകുക! പഴയ കാലത്ത്‌ അതൊക്കെ പതിവായിരുന്നു. പക്ഷേ, ഇക്കാലത്ത്‌ വെനസ്വേലന്‍ പ്രസിഡന്റ്‌ നിക്കോളാസ്‌ മഡുറോയെയും ഭാര്യ സിലിയയെയും യു.എസ്‌. തട്ടിക്കൊണ്ടുപോയത്‌ ലോകത്തെ ഞെട്ടിച്ചു. വെനസ്വേലയുടെ വൈസ്‌ പ്രസിഡന്റ്‌ റോഡിഗ്രസ്‌ പറയുന്നത്‌ പറയുന്നത്‌, പ്രസിഡന്റ്‌ മഡുറോയുടെയും ഭാര്യയുടെയും നിലവിലെ സ്‌ഥിതിയെക്കുറിച്ച്‌ സര്‍ക്കാരിന്‌ അറിവില്ലെന്നാണ്‌. ഇന്നലെ ടിവിയില്‍ സംപ്രേക്ഷണം ചെയ്‌ത ശബ്‌ദസന്ദേശത്തില്‍, മഡുറോയും ഭാര്യയും ജീവനോടെയുണ്ടെന്നതിന്‌ തെളിവ്‌ നല്‍കണമെന്നു റോഡിഗ്രസ്‌ യു.എസിനോട്‌ ആവശ്യപ്പെട്ടു.
കരീബിയന്‍ കടലിലും കിഴക്കന്‍ പസഫിക്‌ സമുദ്രത്തിലും അമേരിക്കന്‍ സേന നടത്തിയ തുടര്‍ച്ചയായ ആക്രമണങ്ങളോടെയാണു സംഘര്‍ഷങ്ങള്‍ക്കു തുടക്കം. മയക്കുമരുന്ന്‌ മാഫിയ ലക്ഷ്യമിട്ടാണു സൈനിക നീക്കമെന്നായിരുന്നു യു.എസിന്റെ വിശദീകരണം. ഏതാനും ബോട്ടുകളെയും അവര്‍ ആക്രമിച്ചു. പക്ഷേ, അതു മഡുറോയ്‌ക്കെതിരായ നീക്കത്തിന്റെ മുന്നൊരുക്കം മാത്രമായിരുന്നു. മുമ്പും അമേരിക്ക സമാന നീക്കം നടത്തിയിട്ടുണ്ട്‌. പനാമയുടെ മുന്‍ സൈനിക നേതാവ്‌ മാനുവല്‍ നോറിയേഗ, ഇറാഖിന്റെ മുന്‍ പ്രസിഡന്റ്‌ സദ്ദാം ഹുസൈന്‍ എന്നിവരെ അമേരിക്ക ഇതുപോലെ പിടികൂടിയതാണ്‌. അധികാരം നഷ്‌ടമായപ്പോള്‍ സദ്ദാമിന്റെ നിയന്ത്രണത്തിലായിരുന്നില്ല ഇറാഖ്‌ .
മാനുവല്‍ നോറിയേഗ (പനാമ)
ലാറ്റിന്‍ അമേരിക്കയിലെ അമേരിക്കയുടെ മറ്റൊരു നേരിട്ടുള്ള ഇടപെടലായിരുന്നു 1989ല്‍ പനാമയിലെ സൈനിക, യഥാര്‍ത്ഥ ഭരണാധികാരിയായിരുന്ന മാനുവല്‍ നോറിയേഗയെ പുറത്താക്കാന്‍ അമേരിക്ക നടത്തിയ ആക്രമണം. പനാമയിലെ അമേരിക്കന്‍ പൗരന്മാരെ സംരക്ഷിക്കുക, ജനാധിപത്യ വിരുദ്ധ പ്രവൃത്തികള്‍, അഴിമതി, നിയമവിരുദ്ധമായ മയക്കുമരുന്ന്‌ വ്യാപാരം എന്നിവയായിരുന്നു അതിനുള്ള കാരണങ്ങളായി പറഞ്ഞത്‌.
പനാമയെ ആക്രമിക്കുന്നതിന്‌ മുമ്പ്‌, 1988ല്‍ അമേരിക്ക മാനുവല്‍ നോറിയേഗയെ മയക്കുമരുന്ന്‌ കടത്ത്‌ കേസില്‍ പ്രതിചേര്‍ത്തിരുന്നു. ഇതു മഡുറോയെ ലക്ഷ്യംവച്ചുള്ള നീക്കങ്ങളുമായി താരതമ്യപ്പെടുത്താം.
1985ല്‍ നിക്കോളാസ്‌ അഡ്രിറ്റോ ബര്‍ലേറ്റയെ രാജിവയ്‌പ്പിക്കാനും 1989ലെ തെരഞ്ഞെടുപ്പ്‌ റദ്ദാക്കാനും പനാമയില്‍ അമേരിക്ക വിരുദ്ധ വികാരം വളര്‍ത്താനും നോറിയേഗ ശ്രമിച്ചു. അതിനു ശേഷമാണു സൈനിക നടപടി നടന്നത്‌. അന്ന്‌ വിയറ്റ്‌നാം യുദ്ധത്തിന്‌ ശേഷമുള്ള ഏറ്റവും വലിയ അമേരിക്കന്‍ സൈനിക നടപടി പനാമയിലേതായിരുന്നു. നോറിയേഗയെ അമേരിക്കയിലേക്ക്‌ കൊണ്ടുപോയി മയക്കുമരുന്ന്‌ കടത്ത്‌ കേസില്‍ വിചാരണ നടത്തി. ജനങ്ങളുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുമെന്നതായിരുന്നു പനാമയിലെ ജനങ്ങള്‍ക്ക അമേരിക്ക നല്‍കിയ വാഗ്‌ദാനം. അത്‌ പാലിക്കപ്പെട്ടില്ല.
അമേരിക്കയുടെ പ്രാദേശിക തന്ത്രങ്ങളുമായി സഹകരിക്കാന്‍ നോറിയേഗ വിസമ്മതിച്ചപ്പോള്‍, അദ്ദേഹത്തെ വാഷിങ്‌ടണ്‍ അനഭിമതനായി പ്രഖ്യാപിച്ചു എന്നതാണു സത്യം. അമേരിക്കയിലേക്ക്‌ കൊണ്ടുപോയതിനു ശേഷം മിയാമിയിലെ കേസില്‍ വിചാരണ നേരിട്ടു. 2010 വരെ അവിടെ ജയിലില്‍ കഴിഞ്ഞു. പിന്നീട്‌ മറ്റൊരു വിചാരണക്കായി ഫ്രാന്‍സിലേക്ക്‌ നാടുകടത്തപ്പെട്ടു. ഒരു വര്‍ഷത്തിന്‌ ശേഷം ഫ്രാന്‍സ്‌ അദ്ദേഹത്തെ പനാമയിലേക്ക്‌ തിരിച്ചയച്ചു. 2017ല്‍ താന്‍ ചെയ്‌ത കുറ്റങ്ങള്‍ക്ക്‌ ശിക്ഷയനുഭവിച്ചുകൊണ്ടിരിക്കെ പനാമയില്‍ ജയിലില്‍വച്ച്‌ അദ്ദേഹം മരിച്ചു.
യുവാന്‍ ഒര്‍ലാന്‍ഡോ
ഹെര്‍നാഡ്‌നെസ്‌

ഹോണ്ടുറാസ്‌ പ്രസിഡന്റ്‌ യുവാന്‍ ഒര്‍ലാന്‍ഡോ ഹെര്‍നാഡ്‌നെസാണ്‌ അമേരിക്കയുടെ വലയില്‍ കുടുങ്ങിയ മറ്റൊരു രാഷ്‌ട്രത്തലവന്‍.
2022 ഫെബ്രുവരിയില്‍, പ്രസിഡന്റ്‌ സ്‌ഥാനം ഒഴിഞ്ഞതിന്‌ തൊട്ടുപിന്നാലെ അദ്ദേഹത്തിന്റെ വീട്ടില്‍ അമേരിക്കന്‍ ഏജന്റുമാരും ഹോണ്ടുറാസ്‌ സേനയും ഇടിച്ചുകയറി. ഏതാനും മാസം ഹോണ്ടുറാസ്‌ ജയിലില്‍ കഴിഞ്ഞു. അഴിമതിയും നിയമവിരുദ്ധമായ മയക്കുമരുന്ന്‌ വ്യാപാരവും ആരോപിച്ച്‌ അദ്ദേഹത്തെ ഏപ്രിലില്‍ യു.എസിലേക്കു നാടുകടത്തി. 2022 ജൂണില്‍ അദ്ദേഹം 45 വര്‍ഷത്തെ തടവിന്‌ ശിക്ഷിക്കപ്പെട്ടു.എന്നാല്‍, കഴിഞ്ഞ ഡിസംബര്‍ ഒന്നിന്‌ അമേരിക്കന്‍ പ്രസിഡന്റ്‌ ഡോണള്‍ഡ്‌ ട്രംപ്‌ അദ്ദേഹത്തിന്‌ മാപ്പ്‌ നല്‍കി. ദിവസങ്ങള്‍ക്ക്‌ ശേഷം, ഹോണ്ടുറാസിലെ ചീഫ്‌ പ്രോസിക്യൂട്ടര്‍ ഹെര്‍നാഡ്‌നെസിനെതിരേ രാജ്യാന്തര അറസ്‌റ്റ്‌ വാറണ്ട്‌ പുറപ്പെടുവിച്ചു. എങ്കിലും അമേരിക്കന്‍ ജയിലില്‍നിന്ന്‌ അദ്ദേഹം പുറത്തിറങ്ങി.

Ads by Google
Saturday 03 Jan 2026 11.37 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW