Wednesday, March 11, 2026 Last Updated 21 Min 25 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.12 AM

യുൈക്രന്‍ 'അവകാശവാദ' യുദ്ധം

റഷ്യ- യുൈക്രന്‍ യുദ്ധം തീരാന്‍ സാധ്യത തെളിഞ്ഞെന്നു വിശ്വസിച്ചവര്‍ക്കു മുന്നില്‍ അവകാശവാദ 'യുദ്ധ'ത്തിനു തുടക്കം. വിവിധ പക്ഷങ്ങള്‍ വാര്‍ത്തകള്‍ പടച്ചുവിടാന്‍ തുടങ്ങിയതോടെ 'ആശയക്കുഴപ്പം' ഉണ്ടായവരില്‍ ലോകനേതാക്കളും.
യുദ്ധം 1,400 ദിവസം പിന്നിടുമ്പോള്‍ ഇരുപക്ഷത്തിനും അവകാശവാദങ്ങളേറെ. പക്ഷേ, സത്യമെന്തെന്ന്‌ ആര്‍ക്കുമറിയില്ല. റഷ്യക്ക്‌ നാലു ലക്ഷം സൈനികരെ നഷ്‌ടമായെന്നാണു പാശ്‌ചാത്യ മാധ്യമങ്ങളുടെ നിലപാട്‌. റഷ്യ പിടിച്ചെടുത്തത്‌ യുൈക്രന്റെ 0.8 ശതമാനം മാത്രമാണെന്നാണു വിശദീകരണം. ആ കണക്ക്‌ റഷ്യ അംഗീകരിക്കുന്നില്ല. പകരം തങ്ങള്‍ വിജയപാതയിലാണെന്നാണ്‌ അവരുടെ പക്ഷം.
കഴിഞ്ഞ വര്‍ഷം റഷ്യയ്‌ക്ക്‌ വലിയ തിരിച്ചടികള്‍ നേരിടേണ്ടി വന്നെങ്കിലും, തുച്‌ഛമായ ഭൂപ്രദേശങ്ങള്‍ മാത്രമേ നേടാന്‍ കഴിഞ്ഞുള്ളൂവെന്നാണു യുൈക്രന്‍ പറയുന്നത്‌. ദിവസങ്ങള്‍ക്കു മുമ്പ്‌ റഷ്യന്‍ പ്രസിഡന്റ്‌ വ്ലാഡിമിര്‍ പുടിനെ വധിക്കാന്‍ യുൈക്രന്‍ ശ്രമിച്ചതായി റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്‌ ആരോപിച്ചതിന്റെ പിന്നാലെയും ആശയക്കുഴപ്പമുണ്ടായി.
മോസ്‌കോയ്‌ക്ക്‌ 140 കിലോമീറ്റര്‍ വടക്കുകിഴക്കുള്ള വാല്‍ദായ്‌ തടാകത്തിന്‌ സമീപമായിരുന്നു ആക്രമണം. 'യുൈക്രന്‍ ഭരണകൂടം റഷ്യന്‍ പ്രസിഡന്റിന്റെ നോവൊഗൊറോഡ്‌ മേഖലയിലെ ഔദ്യോഗിക വസതിയിലേക്ക്‌ 91 ദീര്‍ഘദൂര ഡ്രോണുകള്‍ ഉപയോഗിച്ച്‌ ഭീകരാക്രമണം നടത്തി. റഷ്യന്‍ സായുധ സേനയുടെ പ്രതിരോധ സംവിധാനങ്ങള്‍ എല്ലാ ഡ്രോണുകളെയും നശിപ്പിച്ചു' - ലാവ്‌റോവ്‌ പ്രസ്‌താവനയില്‍ പറഞ്ഞു. പുടിന്‍ അപ്പോള്‍ അവിടെയുണ്ടായിരുന്നോ എന്ന്‌ അദ്ദേഹം പറഞ്ഞില്ല.
തൊട്ടുപിന്നാലെ യുൈക്രന്‍ പ്രതിനിധി ആന്ദ്രി സിബിഹ ആ ആരോപണം നിഷേധിച്ചു. യുൈക്രന്‍ പുടിന്റെ വസതിയെ ആക്രമിച്ചെന്ന റഷ്യയുടെ ആരോപണങ്ങള്‍ക്ക്‌ യാതൊരുവിധ തെളിവുകളുമില്ലെന്നാണ്‌ യുൈക്രന്റെ നിലപാട്‌. അങ്ങനെയൊരു സംഭവം നടന്നിട്ടില്ലെന്നാണു സിബിഹ അവകാശപ്പെട്ടത്‌.
രണ്ട്‌ ദിവസത്തിന്‌ ശേഷം, ഡ്രോണ്‍ അവശിഷ്‌ടങ്ങളുടെ ചിത്രങ്ങള്‍ റഷ്യ പുറത്തുവിട്ടു. എന്നാല്‍ ഡ്രോണുകളുടെ സ്‌ഥാനം, നിര്‍മ്മാതാക്കള്‍, നശിപ്പിച്ച സമയം എന്നിവ ചിത്രങ്ങളില്‍നിന്നു സ്‌ഥിരീകരിക്കാന്‍ കഴിഞ്ഞില്ല.
വാല്‍ദായ്‌ പ്രദേശത്തെ താമസക്കാര്‍ അങ്ങനെ ഒരു ആക്രമണം അറിഞ്ഞില്ലെന്നാണു പാശ്‌ചാത്യമാധ്യമങ്ങളുടെ നിലപാട്‌. റഷ്യന്‍ ആരോപണം ശരിയാകണമെങ്കില്‍ യുൈക്രന്‍ മിസൈല്‍ കിഴക്കന്‍ കസാഖ്‌സ്‌ഥാന്‍ മേഖല, സൈനിക വിമാനത്താവളങ്ങള്‍, സോള്‍നെച്ചി തുടങ്ങിയ ഉള്‍പ്പെടുന്ന പ്രത്യേക സംരക്ഷിത വ്യോമമേഖലയിലൂടെ കടന്നുപോകണം. ഇത്തരം കേന്ദ്രങ്ങള്‍ക്ക്‌ മുകളിലൂടെ ഒരു ഡ്രോണിന്‌ പ്രസിഡന്റിന്റെ വസതിക്ക്‌ സമീപമെത്താന്‍ കഴിയില്ലെന്നാണ്‌ യുദ്ധ വിദഗ്‌ധരുടെ നിലപാട്‌.
വാഷിങ്‌ടണ്‍ ആസ്‌ഥാനമായുള്ള ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഫോര്‍ ദ്‌ സ്‌റ്റഡി ഓഫ്‌ വാര്‍ പറയുന്നതനുസരിച്ച്‌, യുൈക്രന്‍ നടത്തുന്ന ആക്രമണങ്ങള്‍ക്ക്‌ സാധാരണയായി ഉണ്ടാകുന്ന ദൃശ്യങ്ങള്‍, താപനില സൂചകങ്ങള്‍, പ്രാദേശിക ഉദ്യോഗസ്‌ഥരുടെ പ്രസ്‌താവനകള്‍, പ്രാദേശിക മാധ്യമ റിപ്പോര്‍ട്ടുകള്‍ എന്നിവയൊന്നും ഈ ആരോപണത്തോടൊപ്പമുണ്ടായിരുന്നില്ല. ഡിസംബര്‍ 31ന്‌ റൈബിന്‍സ്‌കില്‍ നടന്ന എണ്ണ ഡിപ്പോയുടെ ആക്രമണം സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി രേഖപ്പെടുത്തപ്പെട്ടിരുന്നു. അതുപോലെ, ഒരാഴ്‌ച മുമ്പ്‌ റോസ്‌തോവിലെ നൊവോശാഖ്‌തിന്‍സ്‌ക്‌ റിഫൈനറിക്ക്‌ നേരെയുണ്ടായ ആക്രമണവും, ആഴ്‌ചയിലെ മറ്റ്‌ നിരവധി ആക്രമണങ്ങളും സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കപ്പെട്ടു.
പുടിന്റെ വസതിയിലെ ആക്രമണം സംബന്ധിച്ച വാര്‍ത്തകള്‍ വന്നത്‌, യുൈക്രന്‍ പ്രസിഡന്റ്‌ വൊളോഡിമിര്‍ സെലെന്‍സ്‌കി ഫേ്ലാറിഡയില്‍ യു.എസ്‌. പ്രസിഡന്റ്‌ ഡോണാള്‍ഡ്‌ ട്രംപുമായി ചര്‍ച്ചകള്‍ നടത്തുന്നതിനു മുമ്പായിരുന്നു. യു.എസ്‌. സേന യുൈക്രന്റെ സുരക്ഷയില്‍ പങ്കാളികളാകുമെന്ന വാഗ്‌ദാനം നേടിയെടുത്തതിന്‌ ശേഷമാണു സെലന്‍സ്‌കി മടങ്ങിയത്‌. യു.എസ്‌. ഇത്തരത്തിലുള്ള സുരക്ഷാ ഉറപ്പ്‌ ആദ്യമായിട്ടാണ്‌ നല്‍കുന്നത്‌.
യുദ്ധം അവസാന ഘട്ടത്തിലാണെന്നാണു യുൈക്രന്റെ അവകാശവാദം. യുൈക്രന്റെ സഖ്യകക്ഷികള്‍ ഇന്നു കീവിലും മൂന്നു ദിവസത്തിന്‌ ശേഷം ഫ്രാന്‍സിലും കൂടിക്കാഴ്‌ച നടത്താന്‍ നിശ്‌ചയിച്ചിട്ടുണ്ട്‌. ചര്‍ച്ചകള്‍ക്കൊടുവില്‍ സമാധാന പാത തെളിയുമെന്നാണ്‌ അവകാശവാദം.
ഈ പ്രത്യാശകള്‍ക്ക്‌ മങ്ങലേല്‍പ്പിക്കുന്നതാണ്‌ റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവിന്റെ പ്രഖ്യാപനം. 'ചര്‍ച്ചകളിലെ നിലപാടുകള്‍ റഷ്യ പുനഃപരിശോധിക്കും'.- അദ്ദേഹം പറഞ്ഞു. തെക്കന്‍ യുൈക്രന്റെ കൈവശപ്പെടുത്താത്ത ഭാഗങ്ങള്‍ പിടിച്ചെടുക്കാനുള്ള ശ്രമങ്ങള്‍ തുടരാന്‍ പുടിന്‍ റഷ്യന്‍ സേനയ്‌ക്ക്‌ ഉത്തരവ്‌ നല്‍കി. റഷ്യ ഈ മേഖലയുടെ മൂന്നില്‍ നാല്‌ ഭാഗവും നിയന്ത്രിക്കുന്നു.
ട്രംപുമായുള്ള തന്റെ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം, സമാധാന ചര്‍ച്ചകളില്‍നിന്ന്‌ ഒഴിഞ്ഞുമാറാന്‍ റഷ്യ കാരണം തേടുകയാണെന്നാണു സെലെന്‍സ്‌കിയുടെ നിലപാട്‌. 'ട്രംപിന്റെ ടീമുമായുള്ള നയതന്ത്ര ശ്രമങ്ങളെ അട്ടിമറിക്കാന്‍ അപകടകരമായ പ്രസ്‌താവനകള്‍ ഉപയോഗിച്ച്‌ റഷ്യ വീണ്ടും കളിക്കുകയാണ്‌,' അദ്ദേഹം സാമൂഹിക മാധ്യമങ്ങളില്‍ എഴുതി.
പുടിന്റെ വസതിക്കു നേരേ ആക്രമണം ഉണ്ടായെന്ന വാര്‍ത്ത യു.എസ്‌. ഭാഗികമായി സ്‌ഥിരീകരിക്കുന്നുണ്ട്‌. 'റഷ്യന്‍ പ്രസിഡന്റിന്റെ വസതിയെ ആക്രമിക്കുന്നത്‌ മറ്റൊരു കാര്യമാണ്‌. അങ്ങനെയൊന്നും ചെയ്യാനുള്ള സമയമല്ലിത്‌. പ്രസിഡന്റ്‌ പുടിനില്‍നിന്ന്‌ ഞാന്‍ ആക്രമണത്തെക്കുറിച്ച്‌ അറിഞ്ഞു. എനിക്ക്‌ കോപം തോന്നി'- ട്രംപ്‌ പറഞ്ഞു.
ട്രംപിന്റെ നിലപാടല്ല, നാറ്റോയിലെ യു.എസ്‌. അംബാസഡര്‍ മാത്യു വിറ്റാക്കറിന്‌. 'ആക്രമണം സംഭവിച്ചോ എന്നത്‌ വ്യക്‌തമല്ല.' എന്നാണ്‌ അദ്ദേഹം പറഞ്ഞത്‌. യു.എസ്‌. രഹസ്യാന്വേഷണ ഏജന്‍സികള്‍ പുടിന്റെ വസതിയെ യുൈക്രന്‍ ലക്ഷ്യം വച്ചില്ലെന്ന്‌ കണ്ടെത്തിയെന്നു വാള്‍സ്‌ട്രീറ്റ്‌ ജേണലും റിപ്പോര്‍ട്ട്‌ ചെയ്‌തു. 2025ല്‍ റഷ്യന്‍ സൈന്യം 6,640 ചതുരശ്ര കിലോമീറ്റര്‍ യുക്രേനിയന്‍ ഭൂപ്രദേശം കൈവശപ്പെടുത്തിയെന്നും 334 യുക്രേനിയന്‍ താവളങ്ങള്‍ പിടിച്ചെടുത്തെന്നുമാണു നിരീക്ഷകര്‍ പറയുന്നത്‌.
യുൈക്രന്റെ 603,550 ചതുരശ്ര കിലോമീറ്റര്‍ ഭൂപ്രദേശത്തിന്റെ 0.8 ശതമാനം മാത്രമേ നഷ്‌ടപ്പെട്ടുള്ളൂ എന്ന്‌ യുൈക്രന്‍ കമാന്‍ഡര്‍ ഇന്‍ചീഫ്‌ ഒലെക്‌സാന്‍ഡര്‍ സിര്‍സ്‌കി പറഞ്ഞു. ഇതിന്‌ ലക്ഷക്കണക്കിനു റഷ്യന്‍ സൈനികര്‍ക്കു ജീവന്‍ നല്‍കേണ്ടിവന്നതായി അദ്ദേഹം അവകാശപ്പെട്ടു. യുൈക്രന്റെ ജനറല്‍ സ്‌റ്റാഫിന്റെ കണക്കനുസരിച്ച്‌ ഏകദേശം 11,500 ടാങ്കുകള്‍, 24,000 കവചിത വാഹനങ്ങള്‍, 37,000ല്‍ അധികം പീരങ്കി സംവിധാനങ്ങള്‍, 781 വിമാനങ്ങള്‍, 4,000ല്‍ അധികം മിസൈലുകള്‍ എന്നിവയും റഷ്യക്ക്‌ നഷ്‌ടമായി.
2025ന്റെ അവസാനം വരെ, ഡോനെറ്റ്‌സ്‌കിലെ കിഴക്കന്‍ യുക്രേനിയന്‍ പട്ടണങ്ങളായ പോക്രോവ്‌സ്‌ക്‌, മിര്‍നോഗ്രാഡ്‌ എന്നിവ പിടിച്ചെടുക്കാന്‍ റഷ്യന്‍ സൈന്യത്തിന്‌ കഴിഞ്ഞിരുന്നില്ല. അഞ്ച്‌ മാസമായി അവര്‍ ഈ പട്ടണങ്ങള്‍ പിടിച്ചെടുക്കാന്‍ ശ്രമിച്ചുവരികയായിരുന്നു. തെക്കന്‍ സപ്പോറിഷ്യ മേഖലയിലെ ഹൂലിയൈപോളിന്റെ 55 ശതമാനം അവര്‍ നിയന്ത്രണത്തിലാക്കിയെന്ന്‌ റഷ്യ അവകാശപ്പെട്ടെങ്കിലും ഇത്‌ പൂര്‍ണമായി സാധിച്ചില്ല. നോര്‍ത്ത്‌ ഖാര്‍കിവി മേഖലയിലെ കുപിയന്‍സ്‌ക്‌ പിടിച്ചെടുത്തതായി അവകാശവാദങ്ങള്‍ നിലനില്‍ക്കെ, റഷ്യന്‍ സൈനിക റിപ്പോര്‍ട്ടര്‍മാര്‍ പോലും റഷ്യന്‍ സൈന്യം അവിടുന്നു പിന്‍വാങ്ങുകയാണെന്ന്‌ സമ്മതിച്ചു.
കഴിഞ്ഞ വര്‍ഷാവസാനത്തിലെ അവസാന ആഴ്‌ചയില്‍, റഷ്യ 1,000ല്‍ അധികം ഡ്രോണുകളും 33 മിസൈലുകളും യുൈക്രന്‍ നഗരങ്ങള്‍ക്ക്‌ നേരെ തൊടുത്തുവിട്ടു. ഇതില്‍ 86 ശതമാനം ഡ്രോണുകളെയും 30 മിസൈലുകളെയും തടഞ്ഞതായി യുൈക്രന്റെ വ്യോമസേന അവകാശപ്പെട്ടു.

Ads by Google
Saturday 03 Jan 2026 10.12 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW