Thursday, March 12, 2026 Last Updated 4 Min 29 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.12 AM

സ്‌ഥൂല സാമ്പത്തിക പരിവര്‍ത്തനവും ഗ്രാമീണ തൊഴില്‍ സൃഷ്‌ടിയും

uploads/news/2026/01/818841/2.jpg

ദീര്‍ഘകാലീനമായ സാമൂഹിക, സാമ്പത്തിക ക്ലേശങ്ങള്‍, പരിമിതമായ കാര്‍ഷികേതര തൊഴിലവസരങ്ങള്‍, ദുര്‍ബലമായ അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവ ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയുടെ മുഖമുദ്രയായിരുന്ന കാലത്താണ്‌ ഗ്രാമീണ തൊഴിലുറപ്പ്‌ പദ്ധതിക്ക്‌ ഇന്ത്യ രൂപം നല്‍കിയത്‌. എന്നാല്‍, രണ്ട്‌ പതിറ്റാണ്ടുകള്‍ക്കിപ്പുറം സ്‌ഥൂല സാമ്പത്തിക സാഹചര്യങ്ങള്‍ ഗണ്യമായി മെച്ചപ്പെട്ടിരിക്കുന്നു. ദാരിദ്ര്യം കുറഞ്ഞു. ഗ്രാമീണ കണക്‌ടിവിറ്റിയും സാമ്പത്തിക സ്‌ഥിതിയും പൊതുവില്‍ മെച്ചപ്പെട്ടു. എന്നിരുന്നാലും, തൊഴിലവസരങ്ങള്‍ക്കായുള്ള പൊതു ആവശ്യകത ഇപ്പോഴും നിലനില്‍ക്കുന്നു.ഇത്‌ കേവലമായ ദാരിദ്ര്യത്തേക്കാള്‍ ഉപജീവന മാര്‍ഗങ്ങളിലെ അസ്‌ഥിരത, കാലാവസ്‌ഥാ അനിശ്‌ചിതത്വം, അസന്തുലിതമായ പ്രാദേശിക വികസനം എന്നിവയുമായാണ്‌ ബന്ധപ്പെട്ടാണിരിക്കുന്നത്‌. തൊഴിലുറപ്പ്‌ പദ്ധതിയില്‍നിന്ന്‌ പിന്മാറുകയല്ല, മറിച്ച്‌ അതിനെ നവീകരിച്ചും ശക്‌തിപ്പെടുത്തിയും മുന്നോട്ട്‌ കൊണ്ടുപോകാനുതകുന്ന പരിഷ്‌കരണത്തിന്റെ ആവശ്യകതയിലേക്കാണ്‌ മാറിയ കാലത്തെ ഈ യാഥാര്‍ത്ഥ്യം വിരല്‍ ചൂണ്ടുന്നത്‌.
സ്‌ഥൂല സാമ്പത്തിക വീക്ഷണത്തില്‍, വേതനതൊഴില്‍ പദ്ധതികള്‍ ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയുടെ സ്‌ഥിരത നിലനിര്‍ത്തുന്നതില്‍ ദീര്‍ഘകാലമായി നിര്‍ണായക പങ്ക്‌ വഹിച്ചു പോരുന്നു. ഇത്തരം പദ്ധതികള്‍ മാന്ദ്യകാലങ്ങളില്‍ ഉപഭോഗം വര്‍ധിപ്പിക്കുകയും, ദുരിതബാധിതരുടെ കുടിയേറ്റം നിയന്ത്രിക്കുകയും, സീസണല്‍ തൊഴിലുകള്‍ക്ക്‌ പ്രാധാന്യമുള്ള പ്രദേശങ്ങളില്‍ ആവശ്യകതയെ പിന്തുണയ്‌ക്കുകയും ചെയ്യും. മൊത്ത ആഭ്യന്തര ഉത്‌പാദനത്തിലെ കാര്‍ഷിക മേഖലയുടെ പങ്കില്‍ കുറവ്‌ സംഭവിച്ചിട്ടുണ്ടെങ്കിലും, വലിയൊരു വിഭാഗം ജനങ്ങള്‍ക്ക്‌ ഈ മേഖല ഇപ്പോഴും തൊഴില്‍ നല്‍കി വരുന്നു;എന്നാല്‍, ഗ്രാമീണ കാര്‍ഷികേതര തൊഴില്‍ സൃഷ്‌ടിയാകട്ടെ ദീര്‍ഘകാലീനവും വിശ്വാസയോഗ്യവുമായ ബദലുകള്‍ പ്രദാനം ചെയ്യും വിധം ദ്രുതഗതിയില്‍ വികാസം പ്രാപിക്കുന്നില്ല. ഘടനാപരമായ ഈ അസന്തുലിതാവസ്‌ഥയാണ്‌ സര്‍ക്കാരിന്റെ തൊഴില്‍ ദാന പദ്ധതികള്‍ ഇന്നും പ്രസക്‌തമായി തുടരുന്നതിനുള്ള അടിസ്‌ഥാന കാരണം. ഈ പശ്‌ചാത്തലത്തിലാണ്‌ സര്‍ക്കാര്‍ഗ്രാമീണ തൊഴിലിനെ വിശാലമായ സ്‌ഥൂല സാമ്പത്തിക ചട്ടക്കൂടിനുള്ളില്‍ സമന്വയിപ്പിക്കാന്‍ ശ്രമിക്കുന്നത്‌.
ഗ്രാമീണ തൊഴിലുറപ്പിനുള്ള ആവശ്യകത കുറഞ്ഞിട്ടില്ലെന്ന സത്യം ഏകദേശം രണ്ട്‌ പതിറ്റാണ്ടു കാലത്തെ അനുഭവത്തിലൂടെ വെളിവായിട്ടുണ്ട്‌. അതിദാരിദ്ര്യം ഗണ്യമായി കുറഞ്ഞിട്ടുണ്ടെങ്കിലും, ഗ്രാമീണ കുടുംബങ്ങളില്‍ വലിയൊരു വിഭാഗം ഇന്നും കാലാവസ്‌ഥാ ആഘാതങ്ങള്‍, ആരോഗ്യ അടിയന്തരാവസ്‌ഥകള്‍, വിപണിയിലെ ഏറ്റക്കുറച്ചിലുകള്‍ തുടങ്ങിയ പ്രതിസന്ധികള്‍ നേരിടുന്നു. മഴയെ ആശ്രയിച്ചു നിലനില്‍ക്കുന്ന പ്രദേശങ്ങള്‍, ഗോത്ര മേഖലകള്‍, വരള്‍ച്ചാ സാധ്യതയുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊതു തൊഴിലിനുള്ള ആവശ്യകത തുടരുന്നത്‌, അതിദാരിദ്ര്യത്തേക്കാളുപരി വരുമാനത്തിലെ അസമത്വത്തെയും ഉപജീവനത്തിലെ അസ്‌ഥിരതയെയും പ്രതിഫലിപ്പിക്കുന്നു. നിര്‍വഹണ ഫലങ്ങളാകട്ടെ നിയമപരമായ അവകാശത്തിനും യഥാര്‍ത്ഥ വിതരണത്തിനും മധ്യേയുള്ള സ്‌ഥായിയായ വിടവ്‌ തുറന്നുകാട്ടുന്നു. ഒരു കുടുംബത്തിന്‌ വര്‍ഷത്തില്‍ 100 ദിവസത്തെ തൊഴില്‍ ഉറപ്പുനല്‍കുന്ന നിയമം നിലവിലുണ്ടെങ്കിലും, മിക്ക വര്‍ഷങ്ങളിലും യഥാര്‍ത്ഥത്തില്‍ ലഭിക്കുന്ന ശരാശരി തൊഴില്‍ദിനങ്ങള്‍ ഇതിലും താഴെയാണ്‌. ഇത്‌ ഒരു ഓട്ടോമാറ്റിക്‌ സെ്‌റ്റബിലൈസര്‍ എന്ന നിലയിലുള്ള പൊതു തൊഴിലിന്റെ പങ്കിനെ ദുര്‍ബലപ്പെടുത്തുകയും മാന്ദ്യകാലത്ത്‌ ഗ്രാമീണ ആവശ്യകതയെ പിന്തുണയ്‌ക്കാനുള്ള അതിന്റെ ശേഷി പരിമിതപ്പെടുത്തുവകയും ചെയ്യുന്നു. ഈ സാഹചര്യത്തില്‍, ഒരു കുടുംബത്തിന്‌ ഉറപ്പുനല്‍കുന്ന തൊഴില്‍ദിനങ്ങള്‍ 100ല്‍നിന്ന്‌ 125ലേക്ക്‌ വര്‍ധിപ്പിക്കാനുള്ള തീരുമാനത്തെ നിര്‍ണായകമായ സ്‌ഥൂല-സാമ്പത്തിക ഇടപെടലായി തന്നെ കാണണം. ഇത്‌ ദുര്‍ബല വിഭാഗങ്ങളിലെ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം വരുമാനത്തിലെ പ്രവചനക്ഷമത വര്‍ധിപ്പിക്കുകയും, പൊതു ചെലവിന്റെ പ്രതി-ചാക്രിക വിവിഹിതം ശക്‌തിപ്പെടുത്തുകയും ചെയ്യും. കാലാവസ്‌ഥാ സമ്മര്‍ദങ്ങളോ കാര്‍ഷിക പ്രശ്‌നങ്ങളോ ഉണ്ടാകുന്ന ഘട്ടങ്ങളില്‍, ഉപഭോഗം നിലനിര്‍ത്താനും പ്രാദേശിക സമ്പദ്‌വ്യവസ്‌ഥകളിലെ മാന്ദ്യം പരിമിതപ്പെടുത്താനും ഈ വിപുലീകരണം സഹായിക്കും.
ആസ്‌തിസൃഷ്‌ടിയ്‌ക്കായി വിനിയോഗിക്കുമ്പോള്‍ ഗ്രാമീണ തൊഴിലവസരങ്ങള്‍ ദീര്‍ഘകാലീനവും ബഹുഗുണീകൃതവുമായ ഫലങ്ങള്‍ ഉളവാക്കുന്നുവെന്നതാണ്‌ മുന്‍കാല അനുഭവങ്ങളില്‍നിന്ന്‌ ലഭിക്കുന്ന പ്രധാന സാമ്പത്തിക പാഠം. കാലാന്തരത്തില്‍, ജലസംരക്ഷണം, ഭൂവികസനം, പ്രകൃതിവിഭവ പരിപാലനം തുടങ്ങിയ പ്രവര്‍ത്തനങ്ങളിലൂടെ സൃഷ്‌ടിക്കപ്പെട്ട തൊഴില്‍, മെച്ചപ്പെട്ട വിളവ്‌, സ്‌ഥിരതതയാര്‍ന്ന ഭൂഗര്‍ഭജലനിരപ്പ്‌, വരള്‍ച്ചയ്‌ക്കെതിരായ പ്രതിരോധശേഷി എന്നിവ ഉള്‍പ്പെടെ ഗണ്യമായ നേട്ടങ്ങള്‍ ഇത്‌ പ്രദാനം ചെയ്യുന്നു. പുതിയ ചട്ടക്കൂട്‌ ജലസുരക്ഷ, ഗ്രാമീണ അടിസ്‌ഥാന സൗകര്യങ്ങള്‍, ഉപജീവനബന്ധിത ആസ്‌തികള്‍, കാലാവസ്‌ഥയെ പ്രതിരോധിക്കുന്ന ഇടപെടലുകള്‍ എന്നിവയെ തൊഴില്‍ ആസൂത്രണത്തിന്റെ കേന്ദ്രബിന്ദുവാക്കി മാറ്റുന്നു. പ്രധാനമായും വരുമാന ചെലവെന്ന നിലയില്‍ വീക്ഷിക്കപ്പെടുന്ന തൊഴില്‍ ചെലവുകളെ വികേന്ദ്രീകൃത പൊതു നിക്ഷേപമായി അംഗീകരിക്കുന്നതിലേക്കുള്ള പരിവര്‍ത്തനമാണിത്‌. സാമ്പത്തിക വീക്ഷണകോണില്‍, ഇത്‌ പൊതു ചെലവിന്റെ ഉത്‌പാദന മൂല്യം വര്‍ധിപ്പിക്കുകയും ഇടത്തരം വളര്‍ച്ചയെ പിന്തുണയ്‌ക്കുകയും ചെയ്യുന്നു. ദുര്‍ബല പ്രദേശങ്ങളില്‍ ആവര്‍ത്തിച്ചുള്ള ദുരിതാശ്വാസ ചെലവുകള്‍ കുറയുന്നതിനാല്‍, ആസ്‌തി കേന്ദ്രീകൃത തൊഴില്‍, ഭാവിയിലെ സാമ്പത്തിക സമ്മര്‍ദങ്ങളെ ലഘൂകരിക്കാന്‍ സഹായിക്കുന്നു.
വികേന്ദ്രീകൃത ആസൂത്രണമായിരുന്നു മുന്‍കാല നടത്തിപ്പിലെ മറ്റൊരു പ്രധാന പരിമിതി. ഒറ്റപ്പെട്ടതും പദ്ധതി-നിര്‍ദിഷ്‌ടവുമായ പ്രവൃത്തികള്‍ പരിമിതവും ദുര്‍ബലവുമായ ആസ്‌തികള്‍ മാത്രമാണ്‌ സൃഷ്‌ടിച്ചത്‌. വികസിത ഗ്രാമപഞ്ചായത്ത്‌ പദ്ധതികള്‍ അവതരിപ്പിക്കുന്നതിലൂടെ, തൊഴില്‍ പ്രവര്‍ത്തനങ്ങളെ സംയോജിത, ഗ്രാമതല വികസന പദ്ധതികളില്‍ ഉള്‍പ്പെടുത്തിക്കൊണ്ട്‌ ഇത്‌ പരിഹരിക്കുന്നു. പ്രവൃത്തികളെ ഏകീകൃത ഗ്രാമീണ അടിസ്‌ഥാന സൗകര്യ ചട്ടക്കൂടിനുള്ളില്‍ സമന്വയിപ്പിക്കുന്നത്‌ ഇരട്ടിപ്പ്‌ ഒഴിവാക്കുകയും, പൊതു നിക്ഷേപത്തിന്റെ കാര്യക്ഷമത ഗണ്യമായി ഉയര്‍ത്തുകയും ചെയ്യുന്നു. തദ്വാരാ ഗ്രാമീണ തൊഴിലിനെ ഒരു സമാന്തര സംവിധാനമായി കാണുന്ന സമീപനത്തില്‍നിന്ന്‌ മാറി, വിശാലമായ ഗ്രാമീണ വികസന പ്രക്രിയയില്‍ അതിനെ സന്നിവേശിപ്പിക്കുന്നു. ഒപ്പം, വിത്തുവിതയും വിളവെടുപ്പും കൂടുതലായി നടക്കുന്ന സീസണുകളില്‍ 60 ദിവസം വരെ പൊതു തൊഴിലുകള്‍ (തൊഴിലുറപ്പ്‌) താല്‍കാലികമായി നിര്‍ത്തിവയ്‌ക്കാന്‍ സംസ്‌ഥാനങ്ങളെ അനുവദിക്കുന്ന വ്യവസ്‌ഥ തൊഴില്‍-വിപണി ആഘാതങ്ങള്‍ കൈകാര്യം ചെയ്യുന്നതിന്‌ സഹായകമാണ്‌. ഈ ഘട്ടങ്ങളില്‍ കാര്‍ഷിക തൊഴിലാളികളുടെ ആവശ്യകത ഉയരുകയും, വിപണി വേതനങ്ങളില്‍ വര്‍ധന ഉണ്ടാകുകയും ചെയ്യുന്നു. പൊതു തൊഴിലുകള്‍ തുടരുന്നത്‌ തൊഴിലാളി ലഭ്യത കുറയ്‌ക്കുകയും, കര്‍ഷകരുടെ ചെലവുകള്‍ വര്‍ധിപ്പിക്കുകയും, കാര്‍ഷിക ഉത്‌പാദനത്തെ പ്രതികൂലമായി ബാധിക്കുകയും ചെയ്യും. സമയബന്ധിതവും പ്രാദേശികവുമായ സാഹചര്യങ്ങള്‍ പരിഗണിച്ചു നടപ്പാക്കുന്ന ഇത്തരം താല്‍കാലിക നിര്‍ത്തിവയ്‌ക്കലുകള്‍ , പൊതു തൊഴില്‍ പദ്ധതികള്‍ കാര്‍ഷിക പ്രവര്‍ത്തനങ്ങള്‍ക്ക്‌ തടസ്സമാകുന്നത്‌ ഒഴിവാക്കാന്‍ സഹായിക്കുന്നു. പ്രധാനമായി, വാര്‍ഷിക തൊഴിലുറപ്പ്‌ ദിവസങ്ങള്‍ ഉയര്‍ത്തിയതിലൂടെ, സീസണല്‍ ഇടവേളകളിലെ താല്‍ക്കാലികമായ കുറവ്‌ നികത്താന്‍ സഹായിക്കും. ഫലപ്രദമായ ആസൂത്രണം മുന്‍കൂട്ടി നടത്തുകയാണെങ്കില്‍, മൊത്തത്തിലുള്ള തൊഴില്‍ ലഭ്യത കുറയാതെ തന്നെ കുറഞ്ഞ ആവശ്യകതയുള്ള ഘട്ടങ്ങളില്‍ തൊഴില്‍ ലഭ്യമാക്കാന്‍ സാധിക്കും. ഇതിലൂടെ കാര്‍ഷിക ഉത്‌പാദനക്ഷമതയും ഗ്രാമീണ വേതന വരുമാനവും ഒരേസമയം പിന്തുണയ്‌ക്കപ്പെടുന്നു.
സാമ്പത്തിക പ്രവചനാത്മകത ശക്‌തിപ്പെടുത്തുന്നതിനായി, സാധാരണ വിഹിതങ്ങളുടെ ഒരു സംവിധാനമാണ്‌ ഇതിലൂടെ നടപ്പാകുന്നത്‌. നിയമാധിഷ്‌ഠിതമായ ഈ വിഹിതങ്ങള്‍ സംസ്‌ഥാനങ്ങള്‍ക്ക്‌ ഇടത്തരം സാമ്പത്തിക ചട്ടക്കൂടുകളുടെ പരിധിയില്‍ തൊഴില്‍ ചെലവുകള്‍ മുന്‍കൂട്ടി ആസൂത്രണം ചെയ്യാന്‍ അവസരമൊരുക്കുകയും, വൈകിയ റീഇംബേഴ്‌സ്‌മെന്റുകള്‍, പ്രതികരണാത്മക ബജറ്റിങ്‌ തുടങ്ങിയ ദീര്‍ഘകാല പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തുല്യമായ ധനകാര്യ ഉത്തരവാദിത്വം മികച്ച ആസ്‌തി തെരഞ്ഞെടുപ്പിനെയും ദീര്‍ഘകാല പരിപാലനത്തെയും പ്രോത്സാഹിപ്പിക്കുകയും, ചെലവിന്റെ ഗുണനിലവാരം മെച്ചപ്പെടുത്തുകയും ചെയ്യുന്നു. സുതാര്യവും വസ്‌തുനിഷ്‌ഠവുമായ വിഹിത മാനദണ്ഡങ്ങള്‍, സമയബന്ധിതമായ ഫണ്ട്‌ വിതരണം, സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന സംസ്‌ഥാനങ്ങള്‍ക്കായി സംയുക്‌ത സുരക്ഷാ സംവിധാനങ്ങള്‍ എന്നിവ വിഹിതം സംബന്ധിച്ച ആശങ്കകള്‍ പരിഹരിക്കുന്നതിന്‌ അനിവാര്യമാണ്‌. ഡിജിറ്റല്‍ നിരീക്ഷണം, പൊതുവായ വിവരവിനിമയം, ശാക്‌തീകരിച്ച സാമൂഹിക ഓഡിറ്റുകള്‍ എന്നിവയ്‌ക്ക്‌ നല്‍കുന്ന ഊന്നല്‍, ചെലവിലെ അച്ചടക്കം ശക്‌തിപ്പെടുത്തുന്നതിനോടൊപ്പം വിതരണ സംവിധാനങ്ങലെ വിശ്വാസം പുനഃസ്‌ഥാപിക്കാനും ലക്ഷ്യമിടുന്നു.
തൊഴിലുറപ്പിലൂടെ വിഭാവനം ചെയ്യുന്ന അടിസ്‌ഥാന അവകാശങ്ങളെ നിലനിര്‍ത്തുന്നു എന്നത്‌ നിര്‍ണായകമാണ്‌; പ്രഖ്യാപിത വേതനവും തൊഴില്‍ ലഭിക്കാത്ത സാഹചര്യത്തില്‍ ഉറപ്പാക്കുന്ന തൊഴിലില്ലായ്‌മ വേതനവും ഇതില്‍ ഉള്‍പ്പെടുന്നു. വിഭാവനം ചെയ്‌തിരിക്കുന്ന ചട്ടക്കൂടിനുള്ളില്‍നിന്നു കൊണ്ട്‌ മാത്രമേ ഈ അവകാശങ്ങള്‍ ലഭ്യമാവുകയുള്ളൂ. കാലാവസ്‌ഥാബന്ധിതമായ അപകടസാധ്യതകള്‍, അസന്തുലിതമായ പ്രാദേശിക വളര്‍ച്ച, തൊഴില്‍ വിപണി പരിമിതികള്‍ എന്നിവയാല്‍ രൂപപ്പെടുന്ന ഗ്രാമീണ സമ്പദ്‌വ്യവസ്‌ഥയില്‍, പൊതു തൊഴില്‍ ഒരു അനിവാര്യ സ്‌ഥൂല -സാമ്പത്തിക ഉപാധിയായി തുടരുന്നു. അവകാശങ്ങള്‍ വിപുലമാക്കുന്നതിലൂടെയും, ആസൂത്രണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിലൂടെയും, ആസ്‌തി നിലവാരവും സാമ്പത്തിക അച്ചടക്കവും ശക്‌തിപ്പെടുത്തുന്നതിലൂടെയും ഗ്രാമീണ തൊഴില്‍ മേഖലയെ നവീകരിക്കാന്‍ പുതിയ ചട്ടക്കൂട്‌ ശ്രമിക്കുന്നു. മാറിക്കൊണ്ടിരിക്കുന്ന സ്‌ഥൂല-സാമ്പത്തിക ഭൂമികയില്‍, ഈ പരിഷ്‌കാരം മുന്‍കാല അനുഭവങ്ങളില്‍നിന്നാണ്‌ പാഠം ഉള്‍ക്കൊള്ളുന്നത്‌;ഇത്‌ പിന്മാറ്റമല്ല, മറിച്ച്‌ സമഗ്രവും കാലികവുമായ നവീകരണമാണ്‌.

പ്രഫ. ജ്യോതിസ്‌ സത്യപാലന്‍

(നാഷണല്‍ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ റൂറല്‍ ഡെവലപ്‌മെന്റ്‌ ആന്‍ഡ്‌ പഞ്ചായത്തിരാജ്‌ പ്രഫസര്‍ ആണ്‌ ലേഖകന്‍ )

Ads by Google
Saturday 03 Jan 2026 10.12 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW