Wednesday, March 11, 2026 Last Updated 53 Min 48 Sec ago English Edition
Todays E paper
Ads by Google
Saturday 03 Jan 2026 10.12 AM

കാലുമാറ്റം കലയാക്കിയവര്‍

ഇക്കഴിഞ്ഞ പഞ്ചായത്ത്‌, മുനിസിപ്പാലിറ്റി കോര്‍പ്പറേഷന്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചവരെ എല്ലാ പാര്‍ട്ടികളുടെയും അനുയായികള്‍ തോളിലേറ്റിയും മാലയിട്ടും ഘോഷയാത്ര നടത്തിയും അനുമോദനങ്ങള്‍ ആവുന്നത്ര നടത്തി.
ഭാരവാഹികളുടെ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച്‌ പ്രബുദ്ധ കേരളത്തിലെ സംസ്‌കാര സമ്പന്നരായ ജനപ്രതിനിധികള്‍ ചില സ്‌ഥലങ്ങളില്‍ കൂട്ടമായും മറ്റു ചില സ്‌ഥലങ്ങളില്‍ ഒറ്റയ്‌ക്കും പെട്ടക്കും ഒക്കെ കുരങ്ങന്മാര്‍ ഉയര്‍ന്ന മരത്തില്‍നിന്ന്‌ മറ്റൊരു മരത്തിലേക്ക്‌ താഴെവീഴാതെ അന്തരീക്ഷത്തിലൂടെ പൊങ്ങിച്ചാടുന്നതു പോലെ കൂടു വിട്ട്‌ കൂടു മാറ്റം നടത്തിയത്‌ അമ്പരപ്പിക്കുന്നതാണ്‌.
കൂറുമാറ്റം, കുതികാല്‍വെട്ട്‌, കാലുവാരല്‍, പഞ്ചായത്ത്‌ പ്രസിഡന്റ്‌, വൈസ്‌ പ്രസിഡന്റ്‌ തെരഞ്ഞെടുപ്പില്‍ ഇതെല്ലാം ഉണ്ടായിരുന്നു. പ്രതീക്ഷിച്ച പലരും വീണുപോയി. അപ്രതീക്ഷിത നേട്ടങ്ങള്‍ ചിലര്‍ക്കു കിട്ടി. നറുക്ക്‌ ഭാഗ്യവും ചിലര്‍ക്ക്‌് നിര്‍ഭാഗ്യവും സമ്മാനിച്ചു. കൈയ്യബദ്ധവും പലര്‍ക്കുമുണ്ടായി. അതു പലതരത്തിലുള്ള പ്രതികരണങ്ങള്‍ അണികളില്‍ ഉണ്ടാക്കി. പാര്‍ട്ടി വിപ്പ്‌ കൈപ്പറ്റാതിരിക്കുകയും കിട്ടിയില്ലെന്നു പറഞ്ഞവരും ഇക്കൂട്ടത്തിലുണ്ട്‌.
പലയിടത്തും സ്വതന്ത്രന്മാര്‍ നിര്‍ണായക ശക്‌തിയായി മാറി. അവര്‍ പറയുന്നപോലെ പ്രസിഡന്റ്‌ സ്‌ഥാനവും വൈസ്‌ പ്രസിഡന്റ്‌ സ്‌ഥാനവും കൊടുത്ത്‌ കൂടുതല്‍ സീറ്റു ലഭിച്ച പാര്‍ട്ടികളും ഭരണം ലഭിക്കാന്‍ വിട്ടുവീഴ്‌ച ചെയ്‌തു. നിത്യശത്രുക്കള്‍ ഉറ്റബന്ധുക്കളാകുന്ന കാഴ്‌ചയും കണ്ടു. അങ്ങനെ പിന്തുണ ലഭിച്ചു പ്രസിഡന്റായവര്‍ പാര്‍ട്ടി നിര്‍ദേശം അനുസരിച്ച്‌ രാജിവച്ച സംഭവങ്ങളുമുണ്ടായി. തുല്യമായി സീറ്റു ലഭിച്ച പലയിടത്തും ഒരു മുന്നണിയില്‍നിന്നും കൂറുമാറി അടുത്ത മുന്നണിയില്‍ പ്രസിഡന്റായി വിരാജിക്കുന്നവരുമുണ്ട്‌. വോട്ട്‌ അസാധുവാക്കി എതിര്‍മുന്നണിയെ രക്ഷിച്ചവരും ഇക്കൂട്ടത്തിലുണ്ട്‌.
നറുക്കെടുപ്പിലൂടെ ഭാഗ്യം ലഭിക്കുന്ന മുന്നണിക്ക്‌ കാലാവധി തീരുംവരെ പ്രസിഡന്റ്‌ സ്‌ഥാനം ലഭിക്കുന്നത്‌, വോട്ടര്‍മാരുടെ താല്‍പര്യത്തിനു വിരുദ്ധമാണ്‌. ഇരു മുന്നണിക്കും പകുതിവീതം ഭരണകാലാവധി കൊടുക്കണം. അതില്‍ നറുക്കെടുപ്പ്‌ നടത്തിയാലാണ്‌ ശരിയായ ജനാധിപത്യം, നടപ്പാകുന്നത്‌.
കൂറുമാറ്റം ഇങ്ങനെ തുടരുന്നത്‌ അപമാനകരമാണ്‌. ഇത്തരക്കാരോട്‌, വോട്ടു ചെയ്‌തവര്‍ ശക്‌തമായി പ്രതികരിക്കണം. കൂടാതെ മറുകണ്ടം ചാടാന്‍ വലിയ സാമ്പത്തികം നല്‍കിയും അല്ലാതെയും ചാക്കിട്ടുപിടുത്തം നടത്തുന്ന പ്രവണത രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം. മറുകണ്ടം ചാടി വരുന്നവരെ രണ്ടുകൈയും നീട്ടി വാരിപ്പുണര്‍ന്ന്‌് ആലിംഗനം ചെയ്‌ത്‌ എടുത്തുയര്‍ത്തിപ്പിടിക്കുന്ന ഇപ്പോഴത്തെ രീതി രാഷ്‌ട്രീയ പാര്‍ട്ടികള്‍ ഉപേക്ഷിക്കണം. മുന്നണികളും പാര്‍ട്ടികളും ഒരുമിച്ചു തീരുമാനമെടുക്കണം.
ഓരോ രാഷ്‌ട്രീയ പാര്‍ട്ടിയും സ്‌ഥാനാര്‍ഥി നിര്‍ണയം നടത്തുമ്പോള്‍ കഴിവിനൊപ്പം ആത്മാര്‍ഥതകൂടി പരിഗണിക്കണം. ജയിച്ചാല്‍ കൂറുമാറില്ലെന്നു സത്യവാങ്‌മൂലം എഴുതി വാങ്ങണം. വോട്ടര്‍മാരെ വഞ്ചിച്ച്‌ അധികാരത്തിന്റെ മധുചഷകം നുകരാന്‍ മറുകണ്ടം ചാടിയവര്‍ ഒരു പുനരാലോചന നടത്തണം. ജയിപ്പിച്ച വോട്ടര്‍മാരോടും പാര്‍ട്ടിയോടുമുള്ള കടപ്പാട്‌ കാത്തുസൂക്ഷിച്ച്‌ എവിടെയാണോ നിന്നത്‌, അവിടേക്കു തിരിച്ചുവരണം. തെറ്റുതിരുത്തി തിരികെ വരുന്നവരോട്‌ ഉദാരമനോഭാവത്തോടെ പെരുമാറണം. കൂടുവിട്ടു കൂടുമാറ്റം ജനഹിതത്തിനു വിപരീതമാണ്‌ എന്ന കാര്യം ജയിച്ചവര്‍ ഒരിക്കലും മറക്കരുത്‌.
ഭരണത്തില്‍ കയറിക്കഴിഞ്ഞ്‌ തന്റെ രാഷ്‌ട്രീയ ചിന്താഗതികളോടും ആശയങ്ങളോടും വിരുദ്ധമായി ആണ്‌ ഭരണസമിതിയുടെ പ്രവര്‍ത്തനം എന്നു കണ്ടാല്‍ രാജിവയ്‌ക്കുന്നതില്‍ യാതൊരു അപാകതയുമില്ല. രാജിയോടൊപ്പം, ജനപ്രതിനിധി സ്‌ഥാനവും രാജിവച്ച്‌ തെരഞ്ഞെടുപ്പ്‌ നടത്തണം. ജനഹിതം അനുകൂലമെങ്കില്‍ വീണ്ടും ജയിക്കും. ഇല്ലെങ്കില്‍ തോല്‍ക്കും. ഇങ്ങനെ മുമ്പ്‌ ജയിച്ചവരും തോറ്റവരുമുണ്ട്‌.
കൂറുമാറ്റത്തിലൂടെ താല്‍ക്കാലിക ലാഭമുണ്ടായാലും കാത്തിരിക്കുന്നത്‌ തെരഞ്ഞെടുപ്പു കമ്മിഷന്റെ നടപടികളാണ്‌. സ്‌ഥാനത്തുനിന്നു പുറത്തുപോകുന്നതു കൂടാതെ പിന്നീടുവരുന്ന രണ്ടു തെരഞ്ഞെടുപ്പുകളില്‍ മത്സരിക്കാന്‍ ഇവരെ അനുവദിക്കുകയില്ല. കര്‍ശന നടപടികള്‍ നേരിട്ട്‌ നാണംകെട്ടു പുറത്താക്കപ്പെടുന്നതിലും നല്ലത്‌ തെറ്റുതിരുത്തി പഴയ പാര്‍ട്ടിയില്‍തന്നെ എത്തുന്നതാണ്‌.
അധികാരത്തിനായുള്ള ചെയ്‌തികളെല്ലാം സൂക്ഷ്‌മമായി നിരീക്ഷിക്കുന്ന യുവതലമുറയ്‌ക്ക്‌ രാഷ്‌ട്രീയത്തോടു പുച്‌ഛം തോന്നുകയും രാഷ്‌ട്രീയത്തോട്‌ നിസഹകരണം കാണിക്കുകയും ചെയ്‌താല്‍ അറിവും കഴിവും വിവേകവുമുള്ളവര്‍ നേതൃസ്‌ഥാനത്തെത്താത്ത സാഹചര്യമുണ്ടാകും. അങ്ങനെ വന്നാല്‍ ഇപ്പോള്‍ അധികാരസ്‌ഥാനത്തുള്ളവരില്‍ ചിലര്‍ കാണിക്കുന്നതുപോലുള്ള അഴിമതികള്‍ പതിന്മടങ്ങു വര്‍ധിക്കുകയും കേരളം അരാജകത്വത്തിലേക്കു എത്തിച്ചേരുകയും ചെയ്യുമെന്നതാണ്‌ ഏറ്റവും വലിയ അപകടം.

ഡോ. ഏബ്രഹാം ജോസഫ്‌

(ഹ്യൂമന്‍ പ്ര?ട്ടക്‌ഷന്‍ പീസ്‌ കൗണ്‍സില്‍ (എച്ച്‌.പി.പി.സി.) അംഗമാണ്‌ ലേഖകന്‍. ഫോണ്‍: 9747036236)

Ads by Google
Saturday 03 Jan 2026 10.12 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW