Friday, March 13, 2026 Last Updated 2 Min 26 Sec ago English Edition
Todays E paper
Ads by Google
Friday 02 Jan 2026 04.01 PM

‘അന്ന് ഞാനുണ്ട് എന്ന് പറയാന്‍ ഒരേ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ; അമ്മയാകണമെങ്കില്‍ പ്രസവിക്കണമെന്ന് നിര്‍ബന്ധമില്ല...’ മനസ്സ് തുറന്ന് സലിം കുമാര്‍

uploads/news/2026/01/818739/Untitled-7_1.jpg
Salim kumar speaks about Mata Amritanandamayi's help (Image Source: Youtube)

മിമിക്രിയിലൂടെ മലയാള സിനിമ രംഗത്തേക്ക് ചുവട് വച്ച്, പിന്നീട് ഹാസ്യകഥാപാത്രങ്ങളിലൂടെ പ്രേക്ഷകമനസ്സ് കീഴടക്കിയ താരമാണ് സലിം കുമാര്‍. കോമഡി റോളുകളിൽ സലിം കുമാറിനെ പോലെ തിളങ്ങിയ നടൻമാർ വിരളമാണ്. ട്രോൾ പേജുകളിലും വീഡിയോകളിലും ഏറ്റവും കൂടുതൽ ഉപയോ​ഗിക്കുന്നത് സലിം കുമാറിന്റെ പല സിനിമകളിലെ മുഖ ഭാവങ്ങളും സംഭാഷണങ്ങളുമാണ്. അത്രമാത്രം വെെവിധ്യമുള്ള കോമഡി വേഷങ്ങൾ സലിം കുമാര്‍ അവതരിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ഹാസ്യകഥാപാത്രങ്ങള്‍ പോലെ തനിക്ക് ക്യാരക്ടര്‍ റോളുകളും വഴങ്ങുമെന്നും സലിം കുമാര്‍ തെളിയിച്ചിട്ടുണ്ട്. ലാൽ ജോസ് സംവിധാനം ചെയ്ത അച്ഛനുറങ്ങാത്ത വീട് എന്ന ചിത്രത്തിലെ നായക കഥാപാത്രം സലിംകുമാറിന്റെ അഭിനയശേഷി എത്രത്തോളം ഉണ്ടെന്നു തെളിയിക്കുന്നതാണ്. ഈ ചിത്രത്തിലെ അഭിനയത്തിന് കേരള സർക്കാരിന്റെ രണ്ടാമത്തെ മികച്ചനടനുള്ള പുരസ്കാരവും 2010-ലെ മികച്ച നടനുള്ള ദേശീയപുരസ്കാരവും സലിം കുമാര്‍ നേടി. ഇപ്പോൾ അഭിനയലോകത്തിൽ നിന്നുംവിട്ടു നിൽക്കുകയാണെങ്കിലും ചാനല്‍ പരിപാടികളിലൂടെ താരം പ്രേക്ഷകര്‍ക്ക് മുന്നിലെത്താറുണ്ട്. സലിം കുമാറിന്റെ മകൻ ചന്തു സിനിമ രംഗത്ത് സജീവമാണ്.
ഇപ്പോഴിതാ തനിക്ക് മാതാ അമൃതാനന്ദമയിയുമായിട്ടുള്ള ആത്മബന്ധത്തെക്കുറിച്ച് പറയുകയാണ് സലിം കുമാര്‍. തന്റെ ജീവിതത്തിലെ ഏറ്റവും വിഷമഘട്ടത്തില്‍ ഒന്നും പറയാതെ എല്ലാമറിഞ്ഞു ചെയ്തത് മാതാ അമൃതാനന്ദമയി ആണെന്നാണ് സലിം കുമാര്‍ പറയുന്നത്.
‘‘അമ്മയുമായി വലിയ അറ്റാച്ച്മെന്റുള്ള മനുഷ്യനാണ് ഞാന്‍. മൂന്ന് നാല് വർഷങ്ങൾക്ക് എനിക്ക് ഒരു മേജര്‍ സര്‍ജറി വേണ്ടി വന്നു. അന്ന് ഞാന്‍ അമൃത ഹോസ്പിറ്റലിലായിരുന്നു. അവിടുത്തെ ഷൈന്‍ ഡോക്ടര്‍ എന്നോട് പറഞ്ഞു, അമ്മയെ ചെന്ന് ഒന്ന് കാണണം എന്ന്. എന്തെങ്കിലും സഹായത്തിന് വേണ്ടിയാണ് ചെന്ന് കാണാൻ പുള്ളിയത് പറഞ്ഞത്. ഞാന്‍ പറഞ്ഞു, വേണ്ട, നമുക്ക് എങ്ങനെയെങ്കിലും ചെയ്യാം എന്ന്. ഇതുവരെ കാണാത്ത ഒരാളോട് എങ്ങനെയാണ് സഹായം ചോദിക്കുക എന്നതായിരുന്നു എന്റെ പ്രശ്നം. പൈസയുടെ കാര്യമൊന്നും പറയേണ്ട, ഒന്നു പോയി കാണാനെന്ന് അവര്‍ നിര്‍ബന്ധിച്ചു.
എനിക്കാണെങ്കില്‍ ഈ രണ്ടു പിള്ളേരും ഭാര്യയുമല്ലാതെ വേറെ ആരുമില്ല. വേറെ ആരും തിരിഞ്ഞു നോക്കുന്നില്ല. എന്റെ കച്ചവടം പൂട്ടിയല്ലോ. സഹായിക്കാനോ മറ്റൊന്നി​നുമോ ആരുമില്ല. ഭാര്യയെന്നോട് പറഞ്ഞു, ‘ഒന്നു പോയി കാണാം എന്ന്...’. അവിടെച്ചന്നാല്‍ പൈസയൊന്നും ചോദിക്കില്ല, വെറുതെ കണ്ടിട്ടു പോരാമെന്നാണ് ഞാന്‍ പറഞ്ഞിട്ടുള്ളത്.
അമ്മയെ കണ്ടു, കണ്ടപ്പോള്‍ ‘എന്താ മോനെ വന്നെ...എന്തേലും പറയാനുണ്ടോ...? എന്ന് അമ്മ ചോദിച്ചു. അപ്പോ ഞാന്‍ പറഞ്ഞു, പറയാനുണ്ട്. അന്ന് എനിക്ക് 45 വയസ്സേ ഉള്ളൂ. അന്ന് അമൃത ഹോസ്പിറ്റലിന്റെ റജിസ്റ്ററിൽ എനിക്ക് 56 വയസാണ് കൊടുത്തിരിക്കുന്നത്. അമ്മയോട് അതൊന്ന് മാറ്റിത്തരണം എന്ന് പറഞ്ഞു. വേറെ ഒന്നും ഞങ്ങള്‍ തമ്മില്‍ സംസാരിച്ചില്ല. അമ്മ ഒരു കൊച്ചുകുട്ടിയെപ്പോലെ ചിരിച്ചു. എന്നിട്ട്, ‘പോ, ​പൊയ്ക്കോ ആശുപത്രിയില്‍ പോയി അഡ്മിറ്റ് ആയിക്കോ. വേറെ ഒന്നിനെക്കുറിച്ചും ചിന്തിക്കേണ്ട. ഞാനുണ്ട്...’ എന്ന് പറഞ്ഞു. ആ സമയത്ത് എന്നോടത് പറയാന്‍ ഒരേ ഒരാള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ.
ഞാനൊരു ദൈവവിശ്വാസിയല്ല, പക്ഷേ അമ്മയില്‍ വിശ്വാസമുണ്ട്. കാരണം ജനങ്ങള്‍ക്ക് വേണ്ടി ഒരുപാട് കാര്യങ്ങള്‍ ചെയ്യുന്നുണ്ട്. ഐക്യരാഷ്ട്രസഭയില്‍ യു എന്നില്‍ ഒരു മലയാളി കയറി മലയാളത്തില്‍ സംസാരിക്കുക എന്നത് ചില്ലറ കാര്യമല്ല. ലോകം മുഴുവന്‍ ആരാധിക്കുന്ന ഒരമ്മയാണ്....അമ്മയാകണമെങ്കില്‍ പ്രസവിക്കണമെന്ന് നിര്‍ബന്ധമില്ല...’’ സലീം കുമാര്‍ പറയുന്നു. അമൃത ടിവിയുടെ ആനീസ് കിച്ചണില്‍ അതിഥിയായി എത്തിയപ്പോഴാണ് സലിം കുമാര്‍ ഇത് പറഞ്ഞത്. എല്ലാ മലയാളികളുടെ മനസ്സിലും ഹൃദയത്തിലുമിത് തൊട്ടുവെന്നാണ് ഇതിന് മറുപടിയായി ആനി പറയുന്നത്.

Ads by Google
Ads by Google
LATEST NEWS
TRENDING NOW