-->
കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ നിരവധി ആഘാതങ്ങള്‍ ആഗോളതലത്തില്‍ അസ്‌ഥിരതയും അനിശ്‌ചിതത്വവും വര്‍ധിപ്പിച്ചു. ഭൗമരാഷ്‌ട്രീയ വിഭജനം, വ്യാപാര മേഖലയിലെ അനിശ്‌ചിതത്വം, വിതരണ ശൃംഖലകളിലെ അഴിച്ചുപണികള്‍, സാങ്കേതിക മേധാവിത്വത്തിനുവേണ്ടി നടന്ന പോരാട്ടം എന്നിവയാല്‍ അടയാളപ്പെടുത്തപ്പെട്ട വര്‍ഷമാണ് 2025. അസ്വസ്‌ഥമായ ഇത്തരം ആഗോള സാഹചര്യങ്ങള്‍ക്കിടയിലും ഇന്ത്യയുടെ ബൃഹദ് സാമ്പത്തിക സ്‌ഥിരത വേറിട്ടുനില്‍ക്കുന്നു. ശുഭാപ്‌തിവിശ്വാസമേറിയ കണക്കുകൂട്ടലുകളെപ്പോലും മറികടന്ന് 8.2% വളര്‍ച്ചയാണ് കഴിഞ്ഞ പാദത്തില്‍ രാജ്യം കൈവരിച്ചത്. പണപ്പെരുപ്പം കുറഞ്ഞ നിലയിലാണെന്ന് മാത്രമല്ല, ധനക്കമ്മി നിയന്ത്രണവിധേയവുമാണ്. പലകുറി ആവര്‍ത്തിച്ച ബാഹ്യ ആഘാതങ്ങളുടെ പശ്‌ചാത്തലത്തില്‍ ആഭ്യന്തര സാമ്പത്തിക ഭദ്രതയും അതിജീവനശേഷിയും ശക്‌തിപ്പെടുത്തുക എന്നതായിരുന്നു ഇന്ത്യയുടെ നയം.
ഏതൊരു സുസ്‌ഥിര സമ്പദ്‌വ്യവസ്‌ഥയുടെയും അടിത്തറ ആഭ്യന്തര ആവശ്യകതയാണ്. ദശലക്ഷക്കണക്കിന് ഇന്ത്യന്‍ കുടുംബങ്ങളെ സംബന്ധിച്ചിടത്തോളം ഉപഭോഗം ഉത്തേജിപ്പിക്കുന്നതില്‍ നികുതി നയം സുപ്രധാന പങ്കുവഹിക്കുന്നു. പ്രത്യക്ഷവും പരോക്ഷവുമായ നികുതി പരിഷ്‌കാരങ്ങള്‍ക്ക് ഈ വര്‍ഷം ഇന്ത്യ സാക്ഷ്യം വഹിച്ചു. ഫെബ്രുവരിയിലെ ബജറ്റില്‍ 12 ലക്ഷം രൂപ വരെ ശമ്പളം നികുതിരഹിതമാക്കി ജനങ്ങളുടെ കൈകളില്‍ കൂടുതല്‍ പണമെത്തിക്കാന്‍ സര്‍ക്കാരിന് സാധിച്ചു. 1961-ലെ സങ്കീര്‍ണമായ ആദായനികുതി നിയമത്തെ 2025-ലെ ആദായനികുതി നിയമത്തിലൂടെ ലളിതമാക്കി. തുടര്‍ന്ന് സെപ്‌റ്റംബറില്‍ ചരക്കുസേവന നികുതിയില്‍ വരുത്തിയ പരിഷ്‌കാരങ്ങളിലൂടെ രണ്ട് നിരക്കുകള്‍ മാത്രമുള്ള നികുതി ഘടനയും ലളിതമായ നികുതി നിര്‍വഹണ രീതികളും അവതരിപ്പിച്ചു. ഇതോടെ ഉപഭോക്‌തൃ മനോഭാവം മെച്ചപ്പെടുകയും ഉത്സവകാല വില്‍പന ആറു ലക്ഷം കോടി രൂപയിലെത്തുകയും ചെയ്‌തു. ഈ നീക്കങ്ങള്‍ വരുമാന നഷ്‌ടമുണ്ടാക്കുന്നവയല്ലെന്നത് ശ്രദ്ധേയമാണ്. ഉപഭോഗവും വളര്‍ച്ചയും വര്‍ധിപ്പിക്കുന്നത് വരും വര്‍ഷങ്ങളില്‍ നികുതി സമാഹരണം ഉയരാന്‍ വഴിയൊരുക്കും. ആവശ്യകതയ്‌ക്കനുസരിച്ച് വിലയിലെ ഏറ്റക്കുറച്ചിലുകളില്‍ ഈ മാറ്റങ്ങള്‍ ചെലുത്തുന്ന സ്വാധീനത്തെയാണ് ഇതു പ്രതിഫലിപ്പിക്കുന്നത്. രാജ്യത്തെ സമ്പദ്‌വ്യവസ്‌ഥയുടെ 55 മുതല്‍ 60% വരെ ആഭ്യന്തര ഉപഭോഗമാണ്. ഉപഭോഗം ഉയരുമ്പോള്‍ ഉല്‍പാദന ശേഷിയുടെ വിനിയോഗവും വര്‍ധിക്കുന്നു. ഉല്‍പാദനം പൂര്‍ണശേഷിയിലെത്തുന്നതോടെ സമ്പദ്‌വ്യവസ്‌ഥയില്‍ പുതിയ നിക്ഷേപങ്ങള്‍ക്ക് വഴിയൊരുക്കുന്നു. ഇത് വീണ്ടും തുടര്‍ച്ചയായി വലിയ നേട്ടങ്ങള്‍ സൃഷ്‌ടിക്കുന്നു.
ഉപഭോക്‌തൃ ആവശ്യകത സുസ്‌ഥിരമാകണമെങ്കില്‍ ജനങ്ങളുടെ വരുമാനത്തില്‍ കൃത്യമായ വര്‍ധനയുണ്ടാകണം. പുതിയ തൊഴില്‍ നിയമ പരിഷ്‌കാരങ്ങള്‍ ഇത് ഉറപ്പാക്കുന്നു. ഏകീകരിക്കപ്പെടാത്ത 29 നിയമങ്ങളെ നാല് ആധുനിക തൊഴില്‍ നിയമങ്ങളായി ഏകോപിപ്പിച്ചതിലൂടെ രാജ്യത്തെ തൊഴില്‍ മേഖല സംരംഭകര്‍ക്ക് സുതാര്യവും തൊഴിലാളികള്‍ക്ക് കൂടുതല്‍ സുരക്ഷിതവുമായി മാറി. ന്യായമായ വേതനത്തിനും മികച്ച തൊഴിലുടമ-തൊഴിലാളി ബന്ധത്തിനും സാമൂഹ്യ സുരക്ഷയ്‌ക്കും തൊഴിലിട സുരക്ഷയ്‌ക്കുമാണ് ഇതില്‍ മുന്‍ഗണന നല്‍കുന്നത്. രാജ്യത്തെ 64 കോടി തൊഴിലാളി വര്‍ഗത്തിന്റെ ഉന്നമനം ഉറപ്പാക്കുന്ന ഈ നിയമങ്ങള്‍ ഇന്ത്യയുടെ വളര്‍ച്ചാ ഗാഥയ്‌ക്ക് കരുത്തുപകരുന്നു.
കുടുംബ വരുമാനം വര്‍ധിക്കുമ്പോള്‍ കൂടുതല്‍ തുക ചെലവാക്കണോ സമ്പാദിക്കണോ അതോ രണ്ടും ചെയ്യണോ എന്ന് തീരുമാനിക്കാന്‍ ജനങ്ങള്‍ക്ക് സ്വാതന്ത്ര്യം ലഭിക്കുന്നു. ഔദ്യോഗിക മേഖലയിലെ തൊഴിലവസരങ്ങള്‍ വര്‍ധിക്കുന്നതോടെ പ്ര?വിഡന്റ് ഫണ്ട്, പെന്‍ഷന്‍, ഇന്‍ഷുറന്‍സ് എന്നിവയുടെ വിഹിതവും വര്‍ധിക്കുന്നു. ആഗോളതലത്തില്‍ ഇത്തരം തുക ആഭ്യന്തര മൂലധന വിപണിയുടെ പ്രധാന സ്രോതസ്സാണ്. കമ്പനികളിലെയും പദ്ധതികളിലെയും സര്‍ക്കാര്‍ ബോണ്ടുകളിലെയും കടപ്പത്രങ്ങളിലും ഓഹരികളിലും ഇവ നിക്ഷേപിക്കുന്നു. ഇന്‍ഷുറന്‍സ് മേഖലയില്‍ 100% നേരിട്ടുള്ള വിദേശ നിക്ഷേപം അനുവദിക്കുന്നത് ഇന്ത്യയുടെ മൂലധന വിപണിയെ കൂടുതല്‍ കരുത്തുറ്റതാക്കുകയും മത്സരക്ഷമതയും സേവന നിലവാരവും മെച്ചപ്പെടുത്തുകയും ചെയ്യുന്നു. ഇന്‍ഷുറന്‍സ് മേഖലയിലെ നേരിട്ടുള്ള വിദേശ നിക്ഷേപ പരിധി ഉയര്‍ത്തുന്നത് സാമ്പത്തിക പരിഷ്‌കാരം എന്നതിലുപരി സാമൂഹ്യസുരക്ഷ ഉറപ്പാക്കുന്ന ഉപാധികൂടിയാണ്.
ഏകീകൃത മാനദണ്ഡങ്ങള്‍ക്കു പകരം ഓരോ മേഖലയിലെയും അപകടസാധ്യത കണക്കിലെടുത്ത് ആവിഷ്‌കരിക്കുന്ന നിയമപാലന രീതിയിലേക്ക് മാറുന്നതിന്റെ ഭാഗമായി പരിസ്‌ഥിതി, കെട്ടിടനിര്‍മാണ ചട്ടങ്ങളിലും വലിയ മാറ്റങ്ങള്‍ വന്നിട്ടുണ്ട്. ഉദാഹരണത്തിന് എല്ലാ വ്യവസായങ്ങള്‍ക്കും 33% ഹരിത മേഖല വേണമെന്ന നിബന്ധനയില്‍ മാറ്റം വരുത്തിയത് 1.2 ലക്ഷം ഹെക്‌ടര്‍ വ്യവസായ ഭൂമി ലഭ്യമാക്കാന്‍ സഹായിക്കും. പരിസ്‌ഥിതി അനുമതികള്‍ ലഭ്യമായ വ്യാവസായിക പാര്‍ക്കുകളില്‍ പ്രവര്‍ത്തിക്കുന്ന കേന്ദ്രങ്ങള്‍ക്ക് ഇനി മുതല്‍ പ്രത്യേകം അനുമതി തേടേണ്ടതില്ല. മലിനീകരണ സാധ്യത തീരെ കുറഞ്ഞ വ്യവസായങ്ങള്‍ക്കായി പുതുതായി രൂപീകരിച്ച 'ശ്വേത വിഭാഗം' ഇത്തരം മേഖലകളുടെ നിയമപരമായ ബാധ്യതകളും ചിലവുകളും കുറയ്‌ക്കും. മലിനീകരണ സാധ്യതയേറിയതും ഉയര്‍ന്ന സുരക്ഷാ ശ്രദ്ധ ആവശ്യമായതുമായ മേഖലകളില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ഇത് മലിനീകരണ നിയന്ത്രണ ബോര്‍ഡിന് അവസരമൊരുക്കുന്നു.
ചെറിയ വീഴ്‌ചകളെ കുറ്റകൃത്യമാക്കുന്ന രീതി ഒഴിവാക്കി ഇരുനൂറിലധികം നിയമഭേദഗതികള്‍ 'ജന്‍ വിശ്വാസ്' പരിഷ്‌കാരങ്ങളിലൂടെ നടപ്പാക്കുകയും കാലഹരണപ്പെട്ട നൂറുകണക്കിന് നിയമങ്ങള്‍ റദ്ദാക്കുകയും ചെയ്‌തു. ഇതിന് പുറമെ വിവിധ സംസ്‌ഥാന സര്‍ക്കാരുകളും ആയിരത്തിലേറെ കുറ്റകൃത്യങ്ങളെ ശിക്ഷാനടപടികളില്‍ നിന്ന് ഒഴിവാക്കി. ഭൂമി ഏറ്റെടുക്കല്‍, പരിസ്‌ഥിതി അനുമതി, നിര്‍മാണ അനുമതി എന്നിവയില്‍ സംസ്‌ഥാനങ്ങള്‍ വരുത്തിയ പരിഷ്‌കാരങ്ങള്‍ പദ്ധതികള്‍ക്ക് വേഗത്തില്‍ അനുമതി ലഭിക്കാന്‍ വഴിയൊരുക്കുന്നു. ജന്‍ വിശ്വാസ് പദ്ധതിയുടെ അടുത്ത ഘട്ടം ഉടന്‍ നടപ്പാക്കാനൊരുങ്ങുകയാണ്. നിയന്ത്രണങ്ങളിലധിഷ്‌ഠിതമായ സമ്പദ്‌വ്യവസ്‌ഥയില്‍ നിന്ന് വിശ്വാസാധിഷ്‌ഠിത സമ്പദ്‌വ്യവസ്‌ഥയിലേക്കുള്ള രാജ്യത്തിന്റെ മാറ്റത്തെ ഈ നീക്കങ്ങള്‍ സൂചിപ്പിക്കുന്നു.
നിര്‍മിത ബുദ്ധി, ഡേറ്റാ സെന്ററുകള്‍ തുടങ്ങിയ നൂതന സാങ്കേതിക വിദ്യകളുടെ വളര്‍ച്ച ഊര്‍ജ ഉപഭോഗത്തില്‍ വന്‍ വര്‍ധനയും നിക്ഷേപവുമുണ്ടാക്കുന്നു. ഈ മേഖലയില്‍ മാത്രം കഴിഞ്ഞ ഏതാനും ദിവസങ്ങള്‍ക്കകം 70 ബില്യണ്‍ യു.എസ്. ഡോളറിന്റെ നിക്ഷേപമാണ് ഇന്ത്യയിലെത്തിയത്.
പരിഷ്‌കാരങ്ങള്‍ കേവലം സാമ്പത്തിക മേഖലയില്‍ മാത്രം ഒതുങ്ങിനില്‍ക്കുന്നതല്ല. ഗ്രാമീണ തൊഴിലുറപ്പ് നിയമത്തിലെ മാറ്റം കുറഞ്ഞ തൊഴില്‍ ദിനങ്ങള്‍ 100-ല്‍ നിന്ന് 125 ആയി ഉയര്‍ത്തി. തൊഴില്‍ നല്‍കുക എന്നതിലുപരി ഗ്രാമീണ മേഖലയില്‍ ശാശ്വത ആസ്‌തികള്‍ സൃഷ്‌ടിക്കുന്നതിലേക്കും ജലസുരക്ഷ, കാലാവസ്‌ഥാ പ്രതിരോധം, ഉപജീവന മാര്‍ഗങ്ങള്‍ കണ്ടെത്താവുന്ന അടിസ്‌ഥാന സൗകര്യങ്ങള്‍ എന്നിവ ഉറപ്പാക്കുന്നതിലേക്കും പുതിയ നിയമം ശ്രദ്ധ കേന്ദ്രീകരിക്കുന്നു. സുസ്‌ഥിര വളര്‍ച്ച എന്നത് കേവലം സാമ്പത്തിക ഉത്തേജന പാക്കേജുകളില്‍ മാത്രമല്ല, മറിച്ച് രാജ്യത്തെ സ്‌ഥാപനങ്ങളുടെയും നിയമവ്യവസ്‌ഥകളുടെയും ഗുണനിലവാരത്തെക്കൂടി ആശ്രയിച്ചിരിക്കുന്നു എന്ന അടിസ്‌ഥാന സാമ്പത്തിക വസ്‌തുതയെ ഈ പരിഷ്‌കാരങ്ങള്‍ അടിവരയിടുന്നു. ഇനി ഈ പാത പിന്തുടരേണ്ടത് സംസ്‌ഥാന സര്‍ക്കാരുകളാണ്.
അമിതാഭ് കാന്ത്