-->
ബന്ധുക്കളെയും പ്രിയപ്പെട്ടവരെയും സര്‍ക്കാര്‍ തസ്‌തികളില്‍ തിരുകിക്കയറ്റുന്ന പിന്‍വാതില്‍ നിയമനമെന്ന ശാപം കേരളത്തെ വിട്ടൊഴിയുന്നില്ല. ഒന്നാം പിണറായി സര്‍ക്കാരിന്റെ അവസാനകാലത്തു നടത്തിയ സ്‌ഥിരപ്പെടുത്തല്‍ ശ്രമങ്ങള്‍ കോടതി തടഞ്ഞ അനുഭവം മറന്നുകൊണ്ടു രണ്ടാമൂഴത്തിന്റെ അവസാന വര്‍ഷത്തിലും വീണ്ടും സ്‌ഥിരപ്പെടുത്തലുമായി സര്‍ക്കാര്‍ മുന്നോട്ടുവന്നിരിക്കുന്നു. ഗ്രാമപഞ്ചായത്തുകള്‍, നഗരസഭകള്‍, സംസ്‌കാരിക കേന്ദ്രങ്ങള്‍, പഞ്ചായത്ത് ലൈബ്രറികള്‍, ശിശുമന്ദിരങ്ങള്‍, നഴ്‌സറി സ്‌കൂളുകള്‍ എന്നിവിടങ്ങളില്‍ കരാര്‍ ജീവനക്കാരെ സ്‌ഥിരപ്പെടുത്താനാണ് കഴിഞ്ഞ മന്ത്രിസഭായോഗത്തിന്റെ തീരുമാനം. ഏതൊരാള്‍ക്കും ജോലി സ്‌ഥിരത ലഭിക്കുക എന്നത് ആശ്വാസകരവും അഭിനന്ദനീയവുമാണ്. എന്നാല്‍, ഇത്തരം സ്‌ഥിരനിയമനം വഴിവിട്ട രീതിയിലാക്കുന്നതിനോടാണു വിയോജിപ്പ്. നിയമനം ലഭിക്കുന്നവരില്‍ ഭൂരിപക്ഷവും രാഷ്‌ട്രീയ താല്‍പര്യത്തോടെ നിയമിക്കപ്പെട്ടവര്‍ ആണെങ്കിലോ? അഭ്യസ്‌തവിദ്യരായ ലക്ഷക്കണക്കിനു യുവതീയുവാക്കളുടെ ജീവിത പ്രതീക്ഷകളാണ് സര്‍ക്കാര്‍ ഇതിലൂടെ തകര്‍ത്തെറിയുന്നത്. അതുകൊണ്ടുതന്നെ, ഇത്തരത്തിലുള്ള പിന്‍വാതില്‍ നിയമനങ്ങള്‍ എതിര്‍ക്കപ്പെടുകയും വേണം.
പല രൂപത്തിലും ഭാവത്തിലുമാണു സംസ്‌ഥാനത്തു പിന്‍വാതില്‍ നിയമനം നടന്നുകൊണ്ടിരിക്കുന്നത്. 25 ലക്ഷത്തിലേറെ ഉദ്യോഗാര്‍ഥികള്‍ എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചില്‍ രജിസ്‌റ്റര്‍ ചെയ്‌തു ജോലിക്കു കാത്തിരിക്കുന്ന നാടാണിത്.
പാര്‍ട്ടിക്കാരെയും പാര്‍ട്ടി ബന്ധമുള്ളവരെയും പിന്‍വാതില്‍ വഴി നിയമിക്കുന്നത് ശരിയല്ലെന്നു സമൂഹം ശക്‌തമായി പറയുമ്പോഴും സര്‍ക്കാരുകള്‍ കേട്ടഭാവം കാണിക്കാറില്ല. എല്ലാ വകുപ്പുകളും താല്‍ക്കാലിക കരാര്‍ ഒഴിവുകള്‍ എംപ്‌ളോയ്‌മെന്റ് വകുപ്പില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് വ്യവസ്‌ഥ. എന്നാല്‍, ഒരു ഒഴിവുപോലും എംപ്‌ളോയ്‌മെന്റില്‍ അറിയിക്കാത്ത വകുപ്പുകളും സംസ്‌ഥാനത്തുണ്ട്. ഇവിടങ്ങളിലെല്ലാം കരാര്‍ നിയമനവും തിരുകിക്കയറ്റവും തകൃതിയാണുതാനും. എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകള്‍ വഴിയല്ലാതെ സംസ്‌ഥാനത്തെ വിവിധ വകുപ്പുകളിലും പൊതുമേഖലാ സ്‌ഥാപനങ്ങളിലും നടത്തിയ അനധികൃത നിയമനങ്ങളില്‍ സര്‍ക്കാര്‍ വിശദപഠനം നടത്തണമെന്നു കഴിഞ്ഞ വര്‍ഷം മധ്യത്തില്‍ ഉദ്യോഗസ്‌ഥ ഭരണപരിഷ്‌കാര വകുപ്പ് ആവശ്യപ്പെട്ടിരുന്നു. എല്ലാ വകുപ്പിലെയും താല്‍ക്കാലിക ജീവനക്കാരുടെ വിവരവും നിയമനരീതിയും ശേഖരിച്ചു നിയമവിരുദ്ധമായ വ റദ്ദാക്കണമെന്നും എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നിയമനം നടത്തണമെന്നും ആവശ്യപ്പെട്ടെങ്കിലും ഒന്നും സംഭവിച്ചില്ല. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരത്തിലെത്തിയ 2021 മേയ് 20 മുതല്‍ 2024 മേയ് 31 വരെ പൊതു വിദ്യാഭ്യാസ വകുപ്പില്‍ 323 നിയമനങ്ങളാണ് എംപ്‌ളോയ്‌മെന്റ് എക്‌സ്‌ചേഞ്ച് വഴി നടന്നത്. അധ്യാപക തസ്‌തിക ഉള്‍പ്പെടെ പതിനായിരക്കണക്കിന് താല്‍ക്കാലിക ഒഴിവുകള്‍ ഓരോ വര്‍ഷവും ഉണ്ടാകുമ്പോഴും അതിന്റെ പത്തിലൊന്ന് നിയമനം മാത്രമാണ് സംസ്‌ഥാനത്ത് നടക്കുന്നത്. കൃത്യമായി അപേക്ഷ ക്ഷണിച്ച് പരീക്ഷ നടത്തി നിയമനങ്ങള്‍ നടക്കുകയാണെങ്കില്‍ മാത്രമേ യോഗ്യരായവര്‍ക്കു നിയമനം ലഭിക്കൂ. ഇത്തരത്തില്‍ യോഗ്യരായവര്‍ക്ക് ജോലി നല്‍കണമെന്ന കാര്യത്തില്‍ സര്‍ക്കാരിനു വാശിയോ ആഗ്രഹമോ ഇല്ല. പകരം തങ്ങള്‍ക്ക് താല്‍പര്യമുള്ളവര്‍ക്ക് പരിഗണന നല്‍കണമെങ്കില്‍ പിന്‍വാതില്‍ നിയമനങ്ങള്‍ ഇത്തരത്തില്‍ തുടര്‍ന്നുകൊണ്ടു പോയേ പറ്റൂ.
പിന്‍വാതില്‍ അടയ്‌ക്കുന്നില്ല എന്നു മാത്രമല്ല, യോഗ്യരായവരുടെ നിയമനങ്ങള്‍ വൈകിപ്പിച്ച് പ്രതികാര ബുദ്ധിയോടെ സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതായും ആക്ഷേപിക്കപ്പെടാറുണ്ട്. റാങ്ക് പട്ടികയുടെ കാലാവധി അവസാനിക്കുന്ന ദിവസം അര്‍ദ്ധരാത്രി ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതുമൂലം ജോലി നഷ്‌ടപ്പെട്ട കൊല്ലം ചവറ സ്വദേശി നിഷാ ബാലകൃഷ്‌ണന്റെ അനുഭവം ജോലിക്കായി കാത്തിരിക്കുന്നവര്‍ക്ക് എന്നും ഒരു പാഠമാണ്. നിഷ നല്‍കിയ പരാതിയില്‍ മുഖ്യമന്ത്രി അന്വേഷണം പ്രഖ്യാപിക്കുകയും വര്‍ഷങ്ങള്‍ക്കുശേഷം 2024 ല്‍ ജോലി നല്‍കാന്‍ മന്ത്രിസഭായോഗം തീരുമാനമെടുക്കുകയും ചെയ്‌തതു നല്ല കാര്യംതന്നെ. കെ.എസ്. ആന്‍ഡ് എസ്.എസ്.ആര്‍. റൂള്‍ 39 ലെ സവിശേഷ അധികാരം ഉപയോഗിച്ചാണ് നിഷയ്‌ക്ക് തദ്ദേശ വകുപ്പില്‍ എല്‍.ഡി. ക്‌ളര്‍ക്ക് തസ്‌തികയില്‍ ജോലി നല്‍കിയത്.
നിഷയുടെ അനുഭവം വിവാദമാവുകയും വലിയ വാര്‍ത്താപ്രാധാന്യം നേടുകയും ചെയ്‌തിരുന്നു. എന്നാല്‍, ഒരാളും അറിയാതെ എത്രയോ നിഷ ബാലകൃഷ്‌ണന്മാരുടെ അവസരമാകും പല ഉദ്യോഗസ്‌ഥരുടെയും അലംഭാവവും കെടുകാര്യസ്‌ഥതയും മൂലം തട്ടിത്തെറിച്ച് പോയിട്ടുണ്ടാവുക. പിന്‍വാതില്‍ നിയമനം എന്ന ക്രൂരതയില്‍ പൊലിയുന്ന സ്വപ്‌നങ്ങള്‍ പുറംലോകം അറിയാറില്ലെന്നതുകൊണ്ട് എന്തുമാകാം എന്ന ധാര്‍ഷ്‌ട്യമാണ് സര്‍ക്കാരിന്റെത്.