-->
2025 അവസാനിച്ചപ്പോള്‍, വലിയ തലക്കെട്ടുകള്‍ എളുപ്പത്തില്‍ ശ്രദ്ധയില്‍പ്പെട്ടേക്കാം. എന്നാല്‍, അതിനേക്കാള്‍ എളുപ്പത്തില്‍ കാണാതെ പോകുന്നത്, ഭരണനിര്‍വഹണത്തിലെ നിശ്ശബ്‌ദമായ പ്രവര്‍ത്തനങ്ങളാണ്. തടസങ്ങള്‍ ഓരോ ആഴ്‌ചയും നീക്കം ചെയ്‌തു കൊണ്ടുള്ള സ്‌ഥിരതയാര്‍ന്ന നീക്കങ്ങളെയാണ്, ഈ മൊത്തത്തിലുള്ള മുന്നേറ്റത്തെ, ഞാന്‍ 'പരിഷ്‌കരണ എക്‌സ്‌പ്രസ് 2025' എന്നു വിളിക്കുന്നു.
ഇന്ത്യ ഏകദേശം 4.1 ട്രില്യണ്‍ അമേരിക്കന്‍ ഡോളര്‍ നോമിനല്‍ ജി.ഡി.പി. കൈവരിക്കുകയും, ലോകത്തിലെ നാലാമത്തെ വലിയ സമ്പദ്‌വ്യവസ്‌ഥയായ ജപ്പാനെ മറികടക്കുകയും ചെയ്‌തു. 'സ്‌റ്റാന്‍ഡേര്‍ഡ് ആന്‍ഡ് പുവേഴ്‌സ്' 18 വര്‍ഷത്തിനുശേഷം ഇന്ത്യയുടെ സോവറിന്‍ റേറ്റിങ് ബി.ബി.ബി. ആയി ഉയര്‍ത്തി. ഇതു നമ്മുടെ സാമ്പത്തിക വളര്‍ച്ച വേഗമുള്ളതു മാത്രമല്ല, സുസ്‌ഥിരവുമാണെന്നു സൂചിപ്പിക്കുന്നു. രാഷ്ര്‌ടീയ അസ്‌ഥിരത സാധാരണമായ പ്രവചനാതീതമായ ലോകത്തില്‍, ഇന്ത്യയുടെ സ്‌ഥിരതയുള്ള നേതൃത്വം പരിഷ്‌കാരങ്ങളെ വിശ്വസനീയമാക്കുന്നു. വിശ്വസനീയമായ പരിഷ്‌കാരങ്ങള്‍ സ്വകാര്യനിക്ഷേപകരുടെ ആശങ്കകളെ ആത്മവിശ്വാസമാക്കി മാറ്റുകയും അവരെ നിക്ഷേപങ്ങളിലേക്കു നയിക്കുകയും ചെയ്യുന്നു.
2024-25 കാലയളവില്‍ ഇന്ത്യയുടെ മൊത്തം കയറ്റുമതി 825.25 ശതകോടി അമേരിക്കന്‍ ഡോളറിലെത്തി. 2025 ജൂലൈയില്‍ ഒപ്പുവച്ച ഇന്ത്യ-ബ്രിട്ടന്‍ സമഗ്ര സാമ്പത്തിക-വ്യാപാര കരാര്‍ ഇന്ത്യന്‍ കയറ്റുമതിക്കാര്‍ക്കു കരുത്തുറ്റ വേദി സൃഷ്‌ടിച്ചു. ഡിസംബറില്‍, ഇന്ത്യ ഒമാനുമായി സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറില്‍ ഒപ്പുവച്ചു. ന്യൂസിലന്‍ഡുമായി സ്വതന്ത്ര വ്യാപാര കരാറിനായുള്ള ചര്‍ച്ചകളും ഇന്ത്യ പൂര്‍ത്തീകരിച്ചു. ഉയര്‍ന്ന മൂല്യമുള്ള വിപണികളിലേക്ക് ഇന്ത്യയുടെ വ്യാപ്‌തി വികസിപ്പിക്കാനും അച്ചടക്കമുള്ളതും വാണിജ്യപരമായി അര്‍ഥവത്തായതുമായ കരാറുകള്‍ക്കായി മാതൃക സ്‌ഥാപിക്കാനും ഇതിനായി.
ഇന്ത്യയുടെ സ്‌റ്റാര്‍ട്ടപ്പ് മേഖല രണ്ടുലക്ഷത്തിലധികം ഗവണ്മെന്റ് അംഗീകൃത സ്‌റ്റാര്‍ട്ടപ്പുകളിലേക്കു വ്യാപിച്ചു. ഇതിലൂടെ 21 ലക്ഷത്തിലധികം തൊഴില്‍ അവസരങ്ങള്‍ സൃഷ്‌ടിക്കപ്പെട്ടു. ഓപ്പണ്‍ നെറ്റ്‌വര്‍ക്ക് ഫോര്‍ ഡിജിറ്റല്‍ കൊമേഴ്‌സ് വഴി 326 ദശലക്ഷത്തിലധികം ഓര്‍ഡറുകള്‍ കൈകാര്യം ചെയ്‌തു;പ്രതിദിനം ശരാശരി 5.9 ലക്ഷത്തിലധികം ഇടപാടുകള്‍ നടക്കുന്നു. കൂടാതെ, ഗവണ്മെന്റ് ഇ-മാര്‍ക്കറ്റ്‌പ്ലേസില്‍ മൊത്തം ഇടപാടുമൂല്യം 16.41 ലക്ഷം കോടി രൂപ കടന്നു;11 ലക്ഷം സൂക്ഷ്‌മ-ചെറുകിട സംരംഭങ്ങള്‍ക്ക് 7.35 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള ഓര്‍ഡറുകള്‍ ലഭിച്ചു.
ആഗോള നൂതനാശയ സൂചികയില്‍, 139 സമ്പദ്‌വ്യവസ്‌ഥകളില്‍ 38-ാം സ്‌ഥാനത്തേക്കുയര്‍ന്ന് ഇന്ത്യ സ്‌ഥാനം മെച്ചപ്പെടുത്തി. പിഎം ഗതിശക്‌തി ദേശീയ ആസൂത്രണ പദ്ധതി സ്വകാര്യ മേഖലയ്‌ക്കു തുറന്നുകൊടുത്തതോടെ അടിസ്‌ഥാനസൗകര്യ ആസൂത്രണത്തിലും മാറ്റങ്ങള്‍ വന്നു. കൂടാതെ പദ്ധതി നിരീക്ഷണ ഗ്രൂപ്പ് പോര്‍ട്ടലില്‍ 76 ലക്ഷം കോടി രൂപയിലധികം മൂല്യമുള്ള 3000-ത്തിലധികം പദ്ധതികള്‍ ഉള്‍പ്പെടുത്തി.
പരിഷ്‌കാരങ്ങളുടെ ഫലങ്ങള്‍ ചെലവുകളില്‍ നേരിട്ടു ദൃശ്യമാകുന്ന മേഖലയാണു ലോജിസ്‌റ്റിക്‌സ്. 2025-ല്‍ വ്യാപാരത്തിന്റെ സമുദ്രാധിഷ്‌ഠിത അടിത്തറ ആധുനികമാക്കുന്നതിനുള്ള ശക്‌തമായ നീക്കങ്ങള്‍ നടന്നു. ഇന്ത്യയുടെ വ്യാപാരത്തിന്റെ ഏകദേശം 95 ശതമാനം അളവും 70 ശതമാനം മൂല്യവും സമുദ്രപാതകളിലൂടെയാണു നടക്കുന്നത്. അതിനാല്‍ തുറമുഖങ്ങളുടെയും കപ്പല്‍ഗതാഗതത്തിന്റെയും കാര്യക്ഷമത ദേശീയ മത്സരക്ഷമതയുമായി നേരിട്ടു ബന്ധപ്പെട്ടിരിക്കുന്നു. കപ്പല്‍ നിര്‍മാണമേഖലയെ ശക്‌തിപ്പെടുത്തുന്നതിനായി 69,725 കോടി രൂപയുടെ പാക്കേജിനു മന്ത്രിസഭ അംഗീകാരം നല്‍കി. ഇതില്‍ 25,000 കോടി രൂപയുടെ സമുദ്രമേഖല വികസനനിധിയും സാമ്പത്തിക സഹായ പദ്ധതികളും ഉള്‍പ്പെടുന്നു. വ്യവസായ മേഖലയില്‍ സ്വയംപര്യാപ്‌തത കൈവരിക്കുക, വിദേശ രാജ്യങ്ങളെ ആശ്രയിക്കുന്നത് കുറയ്‌ക്കുക, ചരക്ക് നീക്കത്തിലൂടെയുള്ള വരുമാനം ഇന്ത്യയില്‍ തന്നെ നിലനിര്‍ത്തുക എന്നിവയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.
ഊര്‍ജമേഖലയിലെ പരിഷ്‌കാരങ്ങള്‍ ദീര്‍ഘകാല നിക്ഷേപങ്ങളെ മുന്‍നിര്‍ത്തിയാണ് രൂപകല്‍പ്പന ചെയ്‌തിരിക്കുന്നത്. ഓയില്‍ഫീല്‍ഡ് ഭേദഗതികളും 2025-ലെ പുതിയ പെട്രോളിയം-പ്രകൃതിവാതക ചട്ടങ്ങളും നിക്ഷേപകരുടെ ആശങ്കകള്‍ കുറയ്‌ക്കാന്‍ ലക്ഷ്യമിടുന്നു. പാട്ടക്കരാര്‍ കാലയളവിലുടനീളം വ്യവസ്‌ഥകളില്‍ സ്‌ഥിരത ഉറപ്പാക്കാനും അനുമതികള്‍ക്കായി വ്യക്‌തമായ സമയപരിധി നിശ്‌ചയിക്കാനും ഇതിലൂടെ സാധിച്ചു. ഓപ്പണ്‍ ഏക്കറേജ് ലൈസന്‍സിങ് പോളിസിയുടെ പത്താം റൗണ്ടില്‍ 0.2 ദശലക്ഷം ചതുരശ്ര കിലോമീറ്റര്‍ വിസ്‌തൃതിയുള്ള 25 ബ്ലോക്കുകള്‍ പര്യവേഷണത്തിനായി നല്‍കി. ഇതില്‍ ഭൂരിഭാഗവും ആഴക്കടലിലും അതിതീവ്ര ആഴക്കടലിലുമുള്ള അവസരങ്ങളാണ്. അതോടൊപ്പം, ദേശീയ ആഴക്കടല്‍ പര്യവേഷണ ദൗത്യം ആഭ്യന്തര വിഭവങ്ങള്‍ക്കും സാങ്കേതിക വിദ്യയ്‌ക്കും മുന്‍ഗണന നല്‍കുന്നു.
'പരിഷ്‌കരണ എക്‌സ്‌പ്രസ് 2025'-ല്‍ തന്ത്രപരമായ ഊര്‍ജ-സാങ്കേതിക മാനങ്ങളും ഉള്‍പ്പെടുന്നു. 2047-ആകുമ്പോള്‍ 100 ജിഗാവാട്ട് ആണവോര്‍ജം എന്ന ലക്ഷ്യം കൈവരിക്കുന്നതിനായി 20,000 കോടി രൂപയുടെ ആണവോര്‍ജദൗത്യം ബജറ്റില്‍ പ്രഖ്യാപിച്ചു. 2033-ആകുമ്പോള്‍ ഇന്ത്യ സ്വന്തമായി രൂപകല്‍പ്പന ചെയ്‌ത 5 സ്‌മോള്‍ മോഡുലാര്‍ റിയാക്‌ടറുകള്‍ പ്രവര്‍ത്തനക്ഷമമാക്കുക എന്നതും ഇതിന്റെ ലക്ഷ്യമാണ്. ഇന്ത്യയുടെ സിവില്‍ ന്യൂക്ലിയര്‍ ചട്ടക്കൂട് ആധുനികവല്‍ക്കരിക്കുന്നതിനും നിയന്ത്രിതമായ രീതിയില്‍ സ്വകാര്യ പങ്കാളിത്തം ഉറപ്പാക്കുന്നതിനുമുള്ള വലിയ ചുവടുവയ്‌പാണ് ശാന്തി ബില്‍. കാര്‍ബണ്‍ പുറന്തള്ളല്‍ കുറഞ്ഞതും സുസ്‌ഥിരവുമായ വൈദ്യുതി ഗ്രിഡിലേക്ക് നല്‍കുന്നതിലൂടെ, അത്യാധുനിക നിര്‍മാണമേഖല, ഡേറ്റ അടിസ്‌ഥാനസൗകര്യം, ഊര്‍ജം കൂടുതല്‍ ആവശ്യമുള്ള വ്യവസായങ്ങള്‍ എന്നിവ ആത്മവിശ്വാസത്തോടെ വളര്‍ത്താന്‍ ആണവോര്‍ജം ഇന്ത്യയെ സഹായിക്കുന്നു.
ഹര്‍ദീപ് എസ്. പുരി