-->
കേരളത്തിന്റെ സാമൂഹിക-രാഷ്‌ട്രീയ ചരിത്രത്തില്‍ സ്വന്തം കൈയൊപ്പ് ചാര്‍ത്തിയ മഹദ് വ്യക്‌തിത്വങ്ങളില്‍ ഒരാളാണ് മന്നത്ത് പത്മനാഭന്‍. അദ്ദേഹത്തിന്റെ ജന്മദിനം (ജനുവരി രണ്ട്) നായര്‍ സര്‍വീസ് സൊസൈറ്റിക്ക് (എന്‍.എസ്.എസ്.) മാത്രമല്ല, സമസ്‌ത കേരളീയ സമൂഹത്തിനും പുത്തന്‍ ഉണര്‍വ് നല്‍കുന്ന ഓര്‍മപ്പെടുത്തലാണ്. ഒരു സാധാരണ വിദ്യാലയ അധ്യാപകനായി ജീവിതം ആരംഭിച്ച്, പിന്നീട് അഭിഭാഷകന്‍, സംഘാടകന്‍, പ്രക്ഷോഭകാരി, മികച്ച വാഗ്‌മി എന്നീ നിലകളിലേക്ക് വളര്‍ന്ന്, കേരള നവോത്ഥാന പ്രസ്‌ഥാനത്തിലെ ഒരു പ്രധാന ശക്‌തിയായി അദ്ദേഹം മാറി.
നായര്‍ സമുദായത്തിലെ അനാചാരങ്ങളെയും പിന്നാക്കാവസ്‌ഥയെയും ദൂരീകരിക്കാന്‍ വേണ്ടി നായര്‍ സര്‍വീസ് സൊസൈറ്റിക്ക് രൂപം നല്‍കിയ അദ്ദേഹം, സമുദായ ഉന്നമനത്തിനായി ജീവിതം സമര്‍പ്പിച്ചു. എന്നാല്‍, അദ്ദേഹത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ഒരു സമുദായത്തില്‍ മാത്രം ഒതുങ്ങിനിന്നില്ല. വൈക്കം സത്യഗ്രഹം, ഗുരുവായൂര്‍ സത്യഗ്രഹം, സവര്‍ണജാഥ എന്നിവയിലൂടെ അയിത്തത്തിനും സാമൂഹിക അസമത്വത്തിനും എതിരേ പോരാടിയ മന്നം, കേരളത്തിലെ എല്ലാ വിഭാഗം ജനങ്ങള്‍ക്കും തുല്യത ഉറപ്പാക്കാനുള്ള പോരാട്ടത്തില്‍ മുന്‍നിരയില്‍ നിന്നു. സാമൂഹിക പരിഷ്‌കര്‍ത്താവ് എന്ന നിലയില്‍ അദ്ദേഹത്തിന്റെ സംഘടനാചാതുരിയും, നേതൃപാടവവും, പ്രക്ഷോഭണ വൈദഗ്‌ദ്ധ്യവും ഇരുപതാം നൂറ്റാണ്ടിലെ കേരളീയ സമൂഹത്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. രാഷ്‌ട്രീയം, വിദ്യാഭ്യാസം, സാമൂഹികപരിഷ്‌കരണം എന്നീ മേഖലകളില്‍ അദ്ദേഹം കാഴ്‌ചവച്ച സുദീര്‍ഘവും കര്‍മനിരതവുമായ സേവനം ഇന്നും കേരളത്തിന് മാതൃകയാണ്.
1878 ജനുവരി രണ്ടിനാണ് മന്നത്തുപത്മനാഭന്റെ ജനനം. പെരുന്നയില്‍ മന്നത്തുവീട്ടില്‍ പാര്‍വതിയമ്മയുടെയും, വാകത്താനം നീലമന ഇല്ലത്ത് ഈശ്വരന്‍നമ്പൂതിരിയുടെയും പുത്രനായി ജനിച്ച അദ്ദേഹത്തിന് മാതാവിന്റെ വാത്സല്യം മാത്രമായിരുന്നു ആശ്രയമായിട്ടുണ്ടായിരുന്നത്. അഞ്ചാമത്തെ വയസ്സില്‍ അമ്മ എഴുത്തിനിരുത്തി. എട്ടു വയസ്സുവരെ കളരിയാശാന്റെ ശിക്ഷണത്തില്‍ കഴിയവേ, സാമാന്യം നല്ലവണ്ണം എഴുതാനും വായിക്കാനും കണക്കുകൂട്ടാനും പഠിച്ചു. പിന്നീട് ചങ്ങനാശേരിയിലെ സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ന്നെങ്കിലും സാമ്പത്തിക പരാധീനതകളാല്‍ അവിടെ തുടരാന്‍ കഴിഞ്ഞില്ല.
പിന്നീട് ഒരു നാടകസംഘത്തില്‍ ബാലനടനായി ചേര്‍ന്നു. അനുഗൃഹീതനടന്‍ എന്ന പേര് രണ്ടുവര്‍ഷംകൊണ്ട് അദ്ദേഹം സമ്പാദിച്ചു. ബാല്യകാലത്തുതന്നെ തുള്ളല്‍ക്കഥകള്‍, ആട്ടക്കഥകള്‍, നാടകങ്ങള്‍ മുതലായ സാഹിത്യഗ്രന്ഥങ്ങള്‍ വായിച്ച് ഭാഷാജ്‌ഞാനവും സാഹിത്യവാസനയും പരിപുഷ്‌ടമാക്കി. ചങ്ങനാശ്ശേരി മലയാളം സ്‌കൂളില്‍ പഠിച്ച് സര്‍ക്കാര്‍ കീഴ്‌ജീവനപരീക്ഷ വിജയിച്ചശേഷം കാഞ്ഞിരപ്പള്ളിയില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. പിന്നീട് പല സര്‍ക്കാര്‍ൈപ്രമറിസ്‌കൂളുകളിലും പ്രഥമാധ്യാപകന്‍ ആയി ജോലി ചെയ്‌തു.
27-ാമത്തെ വയസ്സില്‍ മിഡില്‍ സ്‌കൂള്‍ അധ്യാപകന്‍ ആയിരിക്കുമ്പോള്‍ ഹെഡ്‌മാസ്‌റ്ററുടെ നീതിനിഷേധനടപടിയില്‍ പ്രതിഷേധിച്ച് ഉദ്യോഗം രാജിവച്ചു. ഇതിനു രണ്ടുവര്‍ഷം മുമ്പ് തുറവൂര്‍ സ്‌കൂളില്‍ അധ്യാപകനായിരിക്കവേ മജിസ്‌ട്രേറ്റ്‌പരീക്ഷയില്‍ ൈപ്രവറ്റായി ചേര്‍ന്നു ജയിച്ചിരുന്നതിനാല്‍, സന്നതെടുത്ത് ചങ്ങനാശ്ശേരി മജിസ്‌ട്രേറ്റ് കോടതിയില്‍ വക്കീലായി പ്രാക്‌ടീസ് ചെയ്‌ത അദ്ദേഹം അഭിഭാഷകവൃത്തിയിലും പേരെടുത്തു.
തുടര്‍ന്ന് പെരുന്ന കരയോഗ ഉദ്‌ഘാടനം, ചങ്ങനാശ്ശേരി നായര്‍സമാജരൂപീകരണം, നായര്‍ ഭൃത്യജനസംഘപ്രവര്‍ത്തനാരംഭം - ഇങ്ങിനെ ഒന്നിനു പുറകേ മറ്റൊന്നായി അദ്ദേഹത്തിന്റെ സമുദായപ്രവര്‍ത്തനമണ്ഡലം കൂടുതല്‍ വിപുലമായി. 1914 ഒക്‌ടോബര്‍ 31-ന് നായര്‍സമുദായ ഭൃത്യജനസംഘം രൂപീകരിച്ച് അധികം കഴിയുന്നതിനു മുമ്പ് അതിന്റെ നാമധേയം നായര്‍ സര്‍വീസ് സൊസൈറ്റി എന്നാക്കുകയും, പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതപ്പെടുത്തുകയും ചെയ്‌തു. സൊസൈറ്റിയുടെ ആദ്യ സെക്രട്ടറിയായി അദ്ദേഹത്തെ തെരഞ്ഞെടുത്തു.
1924-ല്‍ നടന്ന ചരിത്രപ്രസിദ്ധമായ വൈക്കം സത്യഗ്രഹം, അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വൈക്കത്തുനിന്നും കാല്‍നടയായി രാജധാനിയിലേക്കു പുറപ്പെട്ട സവര്‍ണജാഥ, ഗുരുവായൂര്‍ സത്യഗ്രഹം തുടങ്ങിയവ അദ്ദേഹത്തിന്റെ സംഘടനാചാതുരിയേയും നേതൃപാടവത്തേയും, പ്രക്ഷോഭണവൈദഗ്‌ദ്ധ്യത്തേയും വെളിപ്പെടുത്തുന്ന സംഭവങ്ങളാണ്.
1914 ഒക്‌ടോബര്‍ 31 മുതല്‍ 1945 ഓഗസ്‌റ്റ് 17 വരെ 31 വര്‍ഷഷം എന്‍.എസ്.എസ്സിന്റെ ജനറല്‍ സെക്രട്ടറിയായിരുന്നു. പിന്നീട് മൂന്നുവര്‍ഷം പ്രസിഡന്റായി. 1947-ല്‍ സംഘടനയുമായുള്ള ഔദ്യോഗികബന്ധങ്ങള്‍ വേര്‍പെടുത്തി സ്‌റ്റേറ്റ് കോണ്‍ഗ്രസ്സിനും, ഉത്തരവാദഭരണപ്രക്ഷോഭണത്തിനും നേതൃത്വം നല്‍കി. മുതുകുളത്തു ചേര്‍ന്ന സ്‌റ്റേറ്റ് കോണ്‍ഗ്രസ് യോഗത്തില്‍ ചെയ്‌ത പ്രസംഗത്തെ തുടര്‍ന്ന് അദ്ദേഹത്തിന് ജയില്‍വാസം അനുഭവിക്കേണ്ടിവന്നു. രണ്ടരമാസത്തിനുശേഷം അദ്ദേഹം ജയില്‍ വിമോചിതനായി. പ്രായപൂര്‍ത്തി വോട്ടവകാശപ്രകാരം തിരുവിതാംകൂറില്‍ ആദ്യമായി നടന്ന തെരഞ്ഞെടുപ്പില്‍ പത്തനംതിട്ട നിയോജകമണ്ഡലത്തില്‍നിന്നു വിജയിച്ച് അദ്ദേഹം നിയമസഭാസാമാജികനായി. 1949 ഓഗസ്‌റ്റില്‍ ആദ്യമായി രൂപീകരിച്ച തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ പ്രസിഡന്റായി. തുടര്‍ന്ന് പത്തുകൊല്ലം സജീവരാഷ്‌ട്രീയത്തില്‍ പ്രവേശിക്കാതെ സാമൂഹ്യപ്രവര്‍ത്തനങ്ങളിലും എന്‍.എസ്.എസ്സിന്റെ വളര്‍ച്ചയിലും ബദ്ധശ്രദ്ധനായി.
തിരുക്കൊച്ചി സംസ്‌ഥാനവും, അനന്തരം കേരളസംസ്‌ഥാനവും രൂപം പ്രാപിച്ചപ്പോള്‍ കോണ്‍ഗ്രസ് അദ്ദേഹത്തെ വീണ്ടും ക്ഷണിച്ചെങ്കിലും, രാഷ്‌ട്രീയപ്രവര്‍ത്തനത്തില്‍ അദ്ദേഹം സജീവമായി ഏര്‍പ്പെട്ടില്ല. 1957-ലെ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തോറ്റു. കമ്യുണിസ്‌റ്റ് പാര്‍ട്ടി അധികാരത്തില്‍ വന്നു. കമ്യുണിസ്‌റ്റ് ഭരണത്തില്‍ മനംമടുത്ത് അദ്ദേഹം വിമോചനസമരത്തിനു നേതൃത്വം നല്‍കി. ആ മന്ത്രിസഭ പിരിച്ചുവിടപ്പെടുകയും, പ്രസിഡന്റുഭരണം നടപ്പിലാവുകയും ചെയ്‌തു.
രാഷ്‌ട്രീയസമരരംഗത്ത് അത്ഭുതം സൃഷ്‌ടിച്ച മഹാനായ സേനാനി എന്ന നിലയില്‍ അദ്ദേഹം ലോകപ്രസിദ്ധനായി. മികച്ച ഒരു വാഗ്‌മിയായിരുന്നു അദ്ദേഹം. സരളമായ ഭാഷാശൈലിയും രചനാരീതിയും അദ്ദേഹത്തിന് അധീനമായിരുന്നു. പഞ്ചകല്യാണിനിരൂപണം, ചങ്ങനാശ്ശേരിയുടെ ജീവിതചരിത്രനിരൂപണം, ഞങ്ങളുടെ എഫ്.എം.എസ്. യാത്ര, എന്റെ ജീവിതസ്‌മരണകള്‍ എന്നിവ അദ്ദേഹത്തിന്റെ കൃതികളാണ്.
സുദീര്‍ഘവും കര്‍മനിരതവുമായ സേവനത്തില്‍ അഭിമാനംകൊണ്ട് സമുദായം 1960-ല്‍ അദ്ദേഹത്തിന്റെ ശതാഭിഷേകം കൊണ്ടാടി. വിശ്രമരഹിതമായ പ്രവര്‍ത്തനങ്ങളില്‍ മുഴുകിയിരിക്കെ, 1970 ഫെബ്രുവരി 25-ന് അദ്ദേഹം ഭൗതികമായി നമ്മില്‍നിന്നു യാത്ര പറഞ്ഞു. എങ്കിലും അദ്ദേഹത്തിന്റെ ആത്മസാന്നിദ്ധ്യം ജീവവായുവായി കരുതുന്ന സമുദായവും നായര്‍ സര്‍വീസ് സൊസൈറ്റിയും അതിനായി ക്ഷേത്രമാതൃകയില്‍ തന്നെ അദ്ദേഹത്തിന്റെ അന്ത്യവിശ്രമസങ്കേതം സ്‌ഥാപിച്ച് അദ്ദേഹത്തെ ഈശ്വരതുല്യം ആരാധിക്കുന്നു. ഇന്ന് സര്‍വീസ് സൊസൈറ്റിയുടെ ഏതു നീക്കത്തിനും ആരംഭം കുറിക്കുന്നത് ആ സന്നിധിയില്‍നിന്നുമാണ്.
സേവനപ്രവര്‍ത്തനങ്ങള്‍ മുഖ്യമായും നായര്‍സമുദായത്തെ കേന്ദ്രീകരിച്ചുള്ളതായിരുന്നെങ്കിലും, അതിന്റെ ഗുണഭോക്‌താക്കള്‍ നാനാജാതിമതസ്‌ഥരായ ബഹുജനങ്ങളാണെന്ന വസ്‌തുത അംഗീകരിച്ച് 1966-ല്‍ ഇന്ത്യാ ഗവണ്‍മെന്റ് പത്മഭൂഷണ്‍ പുരസ്‌കാരം നല്‍കി അദ്ദേഹത്തെ ആദരിച്ചു. കൂടാതെ, 1989-ല്‍ തപാല്‍വകുപ്പ് അദ്ദേഹത്തിന്റെ സ്‌മാരകമായി സ്‌റ്റാമ്പ് പ്രസിദ്ധീകരിക്കുകയും ചെയ്‌തു. വൈകിയാണെങ്കിലും 2014-ല്‍ കേരളാ ഗവണ്‍മെന്റ് അദ്ദേഹത്തിന്റെ ജന്മദിനം പൊതുഅവധിയായി പ്രഖ്യാപിച്ചു. ആ മഹാത്മാവിന്റെ ജന്മദിനം കേരളത്തിലുടനീളമുള്ള കരയോഗാംഗങ്ങളെയും മറ്റ് അഭ്യുദയകാംക്ഷികളെയും പങ്കെടുപ്പിച്ചുകൊണ്ട് എല്ലാവര്‍ഷവും ജനുവരി ഒന്ന്, രണ്ട് തീയതികളില്‍ നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ആഭിമുഖ്യത്തില്‍ കൊണ്ടാടിവരുന്നു.
ജി. സുകുമാരന്‍ നായര്‍