-->
2025 അവസാനിച്ചിരിക്കുന്നു. ആഘോഷത്തിമര്‍പ്പോടെ ലോകം പുതുവര്‍ഷത്തിലേക്ക് ഉണര്‍ന്നുകഴിഞ്ഞു. യഥാര്‍ത്ഥത്തില്‍ , ഉറങ്ങാത്ത രാവില്‍നിന്ന് പുത്തന്‍പ്രതീക്ഷകളിലേക്കുള്ള മനുഷ്യരുടെ ഉയിര്‍പ്പിനാണ് ഓരോ പുതുവര്‍ഷപ്പുലരിയും സാക്ഷ്യംവഹിക്കുന്നത്. സംസ്‌ഥാനത്തിന്റെ വിവിധ മേഖലകളില്‍ അരങ്ങേറിയ ആഘോഷങ്ങളിലും കൂട്ടായ്‌മകളിലും പതിവിലുമുണ്ടായ ജനപങ്കാളിത്തം മാറുന്ന സമൂഹമനസിന്റെ പ്രതിധ്വനിയായി. ആടിപ്പാടി രസിക്കാന്‍ ജെന്‍ സി , ആല്‍ഫാ തലമുറകള്‍ മാത്രമല്ല പ്രായഭേദമില്ലാതെ എല്ലാവരും ഉത്സാഹംകാണിച്ചു. വര്‍ഗ , വര്‍ണ രാഷ്‌ട്രീയ ഭേദമില്ലാത്തൊരു ആഘോഷരാവ് സമ്മാനിച്ചത് ഒരുമയുടെ സന്ദേശം കൂടിയാണെന്നു മറക്കാതിരിക്കാം.
പസഫിക് സമുദ്രത്തിലെ റിപ്പബ്ലക് ഓഫ് കിരിബാത്തിലെ ക്രിസ്‌മസ് ഐലന്റിലാണ് പുതുവര്‍ഷം ആദ്യം പിറന്നത്. ബുധനാഴ്‌ച്ച ഇന്ത്യന്‍ സമയം ഉച്ചകഴിഞ്ഞ് മൂന്നരയ്‌ക്കായിരുന്നു കിരിബാത്തി ദ്വീപുകളില്‍ പുതുവര്‍ഷപ്പിറവി. തൊട്ടുപിന്നാലെ സാമൂഹ്യമാധ്യമങ്ങളിലടക്കം ' ഹാപ്പി ന്യൂ ഇയര്‍ ' നിറയാന്‍ തുടങ്ങിയിരുന്നു. കോവിഡും മഹാപ്രളയവും വേട്ടയാടിയ കഴിഞ്ഞകാലങ്ങളെ അപേക്ഷിച്ച് ആശ്വാസകരമായൊരു വര്‍ഷമാണ് കേരളീയരെ സംബന്ധിച്ച് കടന്നുപോയത്. മുന്‍ മുഖ്യമന്ത്രിയും ജനമനസിലെ കമ്യൂണിസ്‌റ്റ് ആവേശവുമായ വി.എസ് അച്യുതാനന്ദന്‍ , നാടിന്റെ സാംസ്‌ക്കാരിക മുഖമായിരുന്ന എം.കെ സാനു , ഭാവഗായകന്‍ പി.ജയചന്ദ്രന്‍ , അതുല്യ പ്രതിഭ ഷാജി എന്‍.കരുണ്‍ , സിനിമയുടെ രസതന്ത്രം നന്നായി അറിയുകയും അത്രത്തോളം മലയാളിയെ രസിപ്പിക്കുകയും ചെയ്‌ത നടനും സംവിധായകനും തിരക്കഥാകൃത്തുമായ ശ്രീനിവാസന്‍ എന്നിവരുടെ വേര്‍പാട് 2024 ലെ മലയാളി നഷ്‌ടങ്ങളാണ്.
നേട്ടങ്ങളുടെ പട്ടികയില്‍ , കേരളപ്പിറവി ദിനത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ അതിദാരിദ്ര്യമുക്‌ത സംസ്‌ഥാനം എന്നുള്ള പ്രഖ്യാപനം ഒന്നാമതായുണ്ട്. സര്‍ക്കാരിന്റെ ഈയൊരു അവകാശവാദം ഏറെ വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിട്ടുണ്ടെങ്കിലും 2021 ല്‍ സര്‍ക്കാര്‍ ആരംഭിച്ച അതിദാരിദ്ര്യ നിര്‍മാര്‍ജ്‌ജനയജ്‌ഞം സമൂഹത്തില്‍ ചലനമുണ്ടാക്കുന്നതായി. 64,006 കുടുംബങ്ങളായിരുന്നു ഈ പട്ടികയില്‍ ഉണ്ടായിരുന്നത്. കഴിഞ്ഞ ഓഗസ്‌റ്റില്‍ കേരളത്തെ സമ്പൂര്‍ണ ഡിജിറ്റല്‍ സാക്ഷരത നേടുന്ന ആദ്യ ഇന്ത്യന്‍ സംസ്‌ഥാനമായും സര്‍ക്കാര്‍ പ്രഖ്യാപിക്കുകയുണ്ടായി. കമ്പ്യൂട്ടറുകള്‍ക്കെതിരേ സമരം ചെയ്‌ത പാരമ്പര്യത്തില്‍നിന്ന് ആധുനിക സാങ്കതികവിദ്യകളോടു സമരസപ്പെടുന്നൊരു വികസന മനോഭാവം ഇടതുപാര്‍ട്ടികള്‍ക്കു സമ്മാനിക്കാന്‍ ഇതിലൂടെ പിണറായി സര്‍ക്കാരിനു കഴിഞ്ഞു. കേരളത്തെ വ്യവസായ സൗഹൃദ സംസ്‌ഥാനമാക്കാനുള്ള സര്‍ക്കാരിന്റെ ശ്രമങ്ങളും ശ്രദ്ധനേടുകയുണ്ടായി.
പത്താംവര്‍ഷത്തിലേക്കു കടന്നിരിക്കുന്ന ഇടതു സര്‍ക്കാരിനു മൂന്നാമൂഴം ഉണ്ടാകുമോ എന്നുള്ളതാണ് പുതുവര്‍ഷത്തില്‍ കേരളത്തില്‍ ഉയരുന്ന പ്രധാന രാഷ്‌ട്രീയ ചോദ്യം. തദ്ദേശതെരഞ്ഞെടുപ്പില്‍ സര്‍ക്കാരിനു തിരിച്ചടിയാകുന്ന വിധത്തില്‍ മികച്ച മുന്നേറ്റത്തിനു യു.ഡി.എഫിനു കഴിഞ്ഞിരുന്നു. യു.ഡി.എഫിനെ ഇത്തവണ അധികാരത്തില്‍ എത്തിക്കാനായില്ലെങ്കില്‍ രാഷ്‌ട്രീയ വനവാസം സ്വയം പ്രഖ്യാപിച്ചിരിക്കുകയാണ് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. പ്രതിപക്ഷ നേതാവിനു നിരാശപ്പെടേണ്ടിവരില്ലെന്നു തോന്നിപ്പിച്ച ഫലങ്ങള്‍ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഉണ്ടായെങ്കിലും തുടര്‍ന്ന് നേതൃസ്‌ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ് സമയത്ത് കോണ്‍ഗ്രസ് കാട്ടിയ പതിവ് ബലഹീനതകള്‍ എല്‍.ഡി.എഫിന്റെ സാധ്യതകള്‍ അടഞ്ഞിട്ടില്ലെന്ന് വ്യക്‌തമാക്കുന്നതായി. കേരളത്തിന്റെ ജനാധിപത്യ മനസ് ആര്‍ക്കൊപ്പമെന്നും മാറിയ കാലത്ത് അവരെ സ്വാധീനിക്കുന്ന ഘടകങ്ങള്‍ എന്തൊക്കെയെന്നും അറിയാനാകുമെന്നതാണ് ഈവര്‍ഷത്തിന്റെ ഏറ്റവും വലിയ പ്രത്യേകത.
വികസനത്തിലൂന്നി കേരളം കൈവരിച്ച നേട്ടങ്ങള്‍ സര്‍ക്കാര്‍ എണ്ണിപ്പറയുമ്പോഴും അഭിമുഖീകരിക്കുന്ന സാമ്പത്തിക പ്രതിസന്ധി പ്രത്യക്ഷമാണ്. ക്ഷേമപെന്‍ഷന്‍ അടക്കം വര്‍ധിപ്പിച്ച് നേടിയ കൈയടി തെരഞ്ഞെടുപ്പുവരെയെങ്കിലും നിലനിര്‍ത്താനാകും സര്‍ക്കാരിന്റെ ശ്രമം. ശമ്പളവും പെന്‍ഷനും മുടങ്ങുന്ന രീതിയില്‍ കേരളം സാമ്പത്തിക ഞെരുക്കം അനുഭവിക്കുന്നതായി വിലയിരുത്തലുണ്ട്. വരുമാനം വര്‍ധിപ്പിക്കാതെയും കിട്ടാനുള്ളത് നല്‍കാതെ കേന്ദ്രം വരിഞ്ഞുമുറുക്കുകയാണെന്നു കുറ്റപ്പെടുത്തിയും എത്രനാള്‍ മുന്നോട്ടുപോകാനാകും ?. ഇനിയുള്ള മാസങ്ങളില്‍ സംസ്‌ഥാനത്ത് ദൃശ്യമാകുന്ന സാമ്പത്തിക ' ചിത്രങ്ങളും' തെരഞ്ഞെടുപ്പ് ഫലം നിര്‍ണയിക്കുന്നതില്‍ പ്രധാനമാകും. ശബരിമലയിലെ സ്വര്‍ണ്ണവുമായ ബന്ധപ്പെട്ട വിവാദങ്ങള്‍ ഭക്‌തര്‍ക്ക് മനോവിഷമവും നാടിനു നാണക്കേടുമാണ് സമ്മാനിച്ചിരിക്കുന്നത്. നീതിന്യായ സംവിധാനങ്ങളുടെ നിഷ്‌പക്ഷത ചോദ്യം ചെയ്യപ്പെടുന്ന സാഹചര്യങ്ങളുണ്ടായതും നാടിനു ഭൂഷണമല്ല. ക്രൂര കൊലപാതകങ്ങള്‍ , പീഡനങ്ങള്‍ , സൈബര്‍ തട്ടിപ്പുകള്‍ എന്നിവയും വര്‍ധിച്ചു. റോഡ് അപകടങ്ങളും തെരുവ്‌നായ ശല്യവും പരിഹാരമില്ലാത്ത തലവേദനയായി തുടരുന്നു. തൊഴില്‍ തേടി നാടുവിടുന്ന യുവതീയുവാക്കളുടെ ഒഴുക്ക് തടയാന്‍ കഴിയുന്ന പദ്ധതികളൊന്നും നിലവില്‍ സംസ്‌ഥാനത്തില്ല. ഇത്തരത്തില്‍ , ഭരണ, പ്രതിപക്ഷാംഗങ്ങളുടെ ആരോപണങ്ങള്‍ക്കും അവകാശവാദങ്ങള്‍ക്കും അപ്പുറം കേരളം നേരിടുന്ന നിരവധി സാമൂഹിക പ്രശ്‌നങ്ങളും തലയിലേറ്റിയാണ് പുതുവര്‍ഷത്തിലേക്കു കടന്നത്. എല്ലാ പ്രതിസന്ധികള്‍ക്കിടയിലും പ്രത്യാശയുടെ കിരണമായി പുതുവര്‍ഷം സമ്മാനിക്കുന്ന നവോന്മേഷം എറെ വിലപ്പെട്ടതാണ്. എല്ലാ മാന്യവായനക്കാര്‍ക്കും പുതുവര്‍ഷാശംസകള്‍.