-->
നാഗ്പൂര്‍: മഹാരാഷ്ട്രയിലെ നാഗ്പൂരില്‍ മലയാളി പുരോഹിതനെയും ഭാര്യയെയും അറസ്റ്റ് ചെയ്ത സംഭവത്തില്‍ ശക്തമായി വിമര്‍ശിച്ച് സിഎസ്‌ഐ സഭ. ഇന്ത്യ നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരായിട്ടാണ് അറസ്റ്റ് എന്നും ഇത്തരം നടപടികളില്‍ നിന്നും സര്‍ക്കാര്‍ പിന്മാറണമെന്നും സഭ ആവശ്യപ്പെട്ടു. തിരുവനന്തപുരം അമരവിള സ്വദേശിയും നാഗ്പൂര്‍ മിഷനിലെ സിഎസ്‌ഐ വൈദികനുമായ സുധീര്‍, ഭാര്യ ജാസ്മിന്‍ എന്നിവരെയായിരുന്നു മതപരിവര്‍ത്തനം ആരോപിച്ച് മഹാരാഷ്ട്ര പോലീസ് അറസ്റ്റ് ചെയ്തത്.
എന്നാല്‍ സംഭവത്തെ ശക്തമായി അവലപിക്കുന്നുവെന്ന് സിഎസ്ഐ ബിഷപ്പ് കൗണ്‍സില്‍ ആവശ്യപ്പെട്ടു. അറസ്റ്റ് ഇന്ത്യന്‍ ഭരണഘടന നല്‍കുന്ന മതസ്വാതന്ത്ര്യത്തിന് എതിരായിട്ടാണ് അറസ്റ്റ്. രാഷ്ട്രീയ നേതൃത്വം നിശബ്ദത പാലിക്കുന്നത് ശരിയല്ല. അത് അക്രമം നടത്തുന്നവരെ പ്രോത്സാഹിപ്പിക്കുകയാണ്. അതുകൊണ്ടുതന്നെ ഭരണത്തില്‍ ഇരിക്കുന്നവര്‍ ഇത് തടയാന്‍ നടപടി സ്വീകരിക്കണം. ഉപരാഷ്ട്രപതിയോട് ക്രൈസ്തവര്‍ക്കെതിരായ ആക്രമണത്തെക്കുറിച്ച് പറഞ്ഞിരുന്നതായും ഇവര്‍ പറയുന്നു.
ഇന്ത്യയിലെ കുഗ്രാമങ്ങളില്‍ പോയി സാക്ഷരത പോലെ ആളുകളെ സാമൂഹ്യമായി മെച്ചപ്പെടുത്തുന്നതിനായുള്ള സേവനമാണ് ചെയ്യുന്നതെന്നും കൗണ്‍സില്‍ ആരോപിച്ചു. നിര്‍ബന്ധിത മതപരിവര്‍ത്തനം ആരോപിച്ചാണ് മലയാളി വൈദികനെയും കുടുംബത്തെയും അറസ്റ്റ് ചെയ്തത്.
നാഗ്പൂരിലെ ഷിംഗോഡിയില്‍ ക്രിസ്മസ് പ്രാര്‍ത്ഥനാ യോഗത്തില്‍ പങ്കെടുക്കുമ്പോഴായിരുന്നു ഇവരെ അറസ്റ്റ് ചെയ്തത്. പ്രാര്‍ത്ഥന നടത്തിയ വീട്ടിലെ കുടുംബാംഗങ്ങളെയും അറസ്റ്റിനെക്കുറിച്ച് അന്വേഷിക്കാന്‍ സ്‌റ്റേഷനില്‍ എത്തിയവരെയും ഉള്‍പ്പെടെ കേസില്‍ 12 പേരെയാണ് പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. പുരോഹിതന്‍, ഭാര്യ, പ്രദേശത്തുള്ള വിശ്വാസികളായ നാല് പേര്‍, വീട്ടുടമ, ഭാര്യ, പോലീസ് സ്റ്റേഷനില്‍ പുരോഹിതനെയും പിടിയിലായവരേയും അന്വേഷിച്ചെത്തിയ നാല് പേര്‍ എന്നിവരെയാണ് പൊലീസ് പ്രതിചേര്‍ത്തിരിക്കുന്നത്.