Wednesday, March 11, 2026 Last Updated 6 Min 4 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.31 PM

രാജ്യശ്രദ്ധ നേടിയ കോടതി ഇടപെടല്‍

uploads/news/2025/12/818245/ed.jpg

അനുയായികള്‍ 'ബാഹുബലി' എന്നു വിളിക്കുന്ന ശക്‌തനായ രാഷ്‌ട്രീയ നേതാവിനാണു പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗംചെയ്‌ത കേസില്‍ ജീവപര്യന്തം തടവുശിക്ഷയും പെണ്‍കുട്ടിയുടെ പിതാവിനെ കൊലപ്പെടുത്തിയ കേസില്‍ 10 വര്‍ഷം തടവും കോടതി വിധിച്ചത്‌. പിന്നീടു നേതാവിന്റെ ശിക്ഷ ഹൈക്കോടതി മരവിപ്പിച്ച സംഭവം രാജ്യത്തെ ഞെട്ടിക്കുകയും ആശങ്കപ്പെടുത്തുകയും ചെയ്‌തിരുന്നു. എന്നാല്‍, ഉത്തര്‍പ്രദേശിലെ ഉന്നാവ്‌ ബലാത്സംഗക്കേസില്‍ ബി.ജെ.പി. മുന്‍ എം.എല്‍.എ. കൂടിയായ പ്രതി കുല്‍ദിപ്‌ സിങ്‌ സെന്‍ഗാറിന്റെ ജീവപര്യന്തം തടവുശിക്ഷ മരവിപ്പിച്ച ഡല്‍ഹി ഹൈക്കോടതി വിധി സുപ്രീം കോടതി സ്‌റ്റേ ചെയ്‌തിരിക്കുന്നു. 'എനിക്ക്‌ നീതികിട്ടി' എന്ന പ്രതികരണമാണ്‌ സുപ്രീം കോടതി വിധിയെത്തുടര്‍ന്ന്‌ അതിജീവിത നടത്തിയത്‌. രാജ്യ മനഃസാക്ഷിയെ ഞെട്ടിച്ച സംഭവത്തില്‍ സുപ്രീം കോടതിയുടെ ഭാഗത്തുനിന്നുണ്ടായ ഇടപെടല്‍ രാജ്യത്തിന്റെ നീതിന്യായ സംവിധാനത്തില്‍ ജനങ്ങള്‍ക്കുള്ള വിശ്വാസമാണ്‌ വര്‍ധിപ്പിച്ചത്‌.
സ്വാതന്ത്ര്യവും നിഷ്‌പക്ഷതയുമാണു നീതിന്യായ സംവിധാനത്തിന്റെ നെടുംതൂണുകളെന്നു 'ജനകീയ ജഡ്‌ജി' എന്നറിയപ്പെട്ടിരുന്ന ഇന്ത്യയുടെ മുന്‍ ചീഫ്‌ ജസ്‌റ്റിസ്‌ എന്‍.വി. രമണ ഒരിക്കല്‍ പ്രസംഗിക്കുകയുണ്ടായി. നിയമത്തിന്റെ കേവലപ്രയോഗത്തിനപ്പുറം ധാര്‍മികമായ ഉള്‍ക്കരുത്തുണ്ടെങ്കില്‍ മാത്രമേ ന്യായാധിപന്മാര്‍ക്ക്‌ അവരുടെ ധര്‍മം യഥാവിധി നിര്‍വഹിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. 16 വയസില്‍ താഴെയുള്ള പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്‌ത അതീവ ഹീനമായൊരു കുറ്റത്തിന്റെ എല്ലാ വശങ്ങളും പരിശോധിച്ചശേഷമായിരുന്നു വിചാരണക്കോടതി ശിക്ഷ വിധിച്ചത്‌. ഇത്തരത്തില്‍ പുറത്തുവന്ന വിധിക്കാണ്‌ ഹൈക്കോടതിയില്‍നിന്നു സ്‌റ്റേ അനുവദിക്കപ്പെട്ടത്‌. കേസുമായി ബന്ധപ്പെട്ടുള്ള നിഷ്‌പക്ഷതയും ധാര്‍മികതയുമെല്ലാം സമൂഹം അമ്പരപ്പോടെ പരിശോധിക്കുന്ന ഘട്ടത്തിലാണ്‌ ഹൈക്കോടതി അനുവദിച്ച സ്‌റ്റേ സുപ്രീം കോടതി നീക്കിയത്‌. ഇത്തരം കേസുകളില്‍ ജാമ്യം നല്‍കിയാല്‍ കോടതികള്‍ സാധാരണ ഇടപെടാറില്ലെങ്കിലും ഉന്നാവ്‌ കേസിലെ സാഹചര്യം വളരെ ഗൗരവകരമാണെന്നു കോടതി നിരീക്ഷിക്കുകയുണ്ടായി. 2017ലാണ്‌ കേസിനാസ്‌പദമായ സംഭവമുണ്ടായത്‌. 2019 ഡിസംബറില്‍ വിചാരണക്കോടതി നടത്തിയ വിധിയാണ്‌ കഴിഞ്ഞ 23 ന്‌ ഹൈക്കോടതി മരവിപ്പിച്ചത്‌.
ശിക്ഷ മരവിപ്പിച്ച ഹൈക്കോടതി വിധിക്കെതിരേ കേസ്‌ അന്വേഷിച്ച സി.ബി.ഐയും അതിജീവിതയുമാണ്‌ സുപ്രീം കോടതിയെ സമീപിച്ചത്‌. കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമക്കേസുകള്‍ (പോക്‌സോ കേസുകള്‍) വര്‍ധിച്ചിരിക്കുന്ന നാട്ടില്‍, കേസിലെ വകുപ്പുകളുമായി ബന്ധപ്പെട്ടു ചില വ്യക്‌തതകള്‍ വരുത്താന്‍ സുപ്രീംകോടതിക്കു കഴിഞ്ഞെന്നതും ശ്രദ്ധേയമാണ്‌. പോക്‌സോ കേസിന്റെ അഞ്ചാം വകുപ്പ്‌ പ്രകാരം 'പൊതുസേവകന്‍' എന്ന വാക്കിനു ഹൈക്കോടതി നല്‍കിയ വ്യാഖ്യാനത്തെ സുപ്രീം കോടതി വിമര്‍ശിക്കുകയുണ്ടായി. എം.പിമാര്‍, എം.എല്‍.എമാര്‍ തുടങ്ങിയ നിയമനിര്‍മാതാക്കളെ നിയമപരിധിക്കു പുറത്താക്കാന്‍ ഇതു കാരണമാകുമെന്നു കോടതി ചൂണ്ടിക്കാട്ടി.
സെന്‍ഗാറിനെ പൊതുസേവകനായി പരിഗണിക്കാന്‍ കഴിയില്ലെന്നു വിലയിരുത്തിയ ഹൈക്കോടതിക്കു തെറ്റുപറ്റിയെന്ന വാദം സുപ്രീം കോടതി അംഗീകരിക്കുകയുണ്ടായി. പൊതുസേവകന്‍ എന്ന ഗണത്തില്‍ പോലീസ്‌ കോണ്‍സ്‌റ്റബിള്‍ പോലും ഉള്‍പ്പെടുന്ന സാഹചര്യത്തില്‍ എം.എല്‍.എമാര്‍ എങ്ങനെയാണ്‌ ഈ നിര്‍വചനത്തില്‍നിന്ന്‌ ഒഴിവാക്കപ്പെടുന്നത്‌ ?. സുപ്രീം കോടതിയില്‍ ഉയര്‍ന്ന ഈയൊരു ചോദ്യംതന്നെയാണ്‌ രാജ്യത്തെ ജനങ്ങളുടെ മനസിലുണ്ടായതും. അതിശക്‌തമായ രാഷ്‌ട്രീയ സ്വാധീനമുള്ള വ്യക്‌തികള്‍പോലും നിയമത്തിന്റെ പഴുതിലൂടെ രക്ഷപ്പെടുന്ന സാഹചര്യം രാജ്യത്തിന്റെ നിയമവ്യവസ്‌ഥയെ ദുര്‍ബലപ്പെടത്തുമെന്ന്‌ തിരിച്ചറിയാന്‍ സുപ്രീം കോടതിക്ക്‌ സാധിച്ചിരിക്കുന്നു. കോണ്‍ഗ്രസ്‌, ബി.എസ്‌.പി, എസ്‌.പി. എന്നീ പാര്‍ട്ടികളില്‍ പയറ്റിയശേഷം ബി.ജെ.പിയിലെത്തി സ്വാധീനമുറപ്പിച്ച നേതാവാണ്‌ സെന്‍ഗാര്‍. വിധിക്കു സ്‌റ്റേ അനുവദിച്ച ഹൈക്കോടതി ജഡ്‌ജിമാര്‍ മികച്ചവരാണെന്നു ചൂണ്ടിക്കാട്ടിയ ഹൈക്കോടതി, നമുക്കൊക്കെ തെറ്റുപറ്റാന്‍ സാധ്യതയുണ്ടെന്ന്‌ എടുത്തുപറയുകയും ചെയ്‌തു.
ശക്‌തമായ ജനാധിപത്യം നിലനില്‍ക്കുന്ന രാജ്യത്തു നീതിന്യായ സംവിധാനങ്ങള്‍ ഏറ്റവും കരുത്തോടെ നിലനില്‍ക്കേണ്ടത്‌ ഏറെ പ്രധാനമാണ്‌. രാഷ്‌ട്രീയാധികാര കേന്ദ്രങ്ങള്‍ വഴിവിട്ട ഇടപെടലുകള്‍ നടത്തുന്നതായി സംശയിക്കുന്ന അവസരങ്ങളില്‍ രാജ്യത്തിനു കാവലാകേണ്ടതു കോടതികളാണ്‌. ജനങ്ങള്‍ കടുത്ത ആശങ്കയിലായ എത്രയോ സന്ദര്‍ഭങ്ങളില്‍ സുപ്രീം കോടതി ആശ്വാസവിധികളുമായി എത്തിയിരിക്കുന്നു. അത്തരമൊരു സാഹചര്യത്തിനു കൂടിയാണ്‌ രാജ്യം ഒരിക്കല്‍ക്കൂടി സാക്ഷിയായത്‌.

Ads by Google
Tuesday 30 Dec 2025 11.31 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW