Thursday, March 12, 2026 Last Updated 4 Min 6 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 11.30 PM

ഹരിത കവചത്തിന്‌ കാവല്‍ ആര്‌

അരക്കോടി വര്‍ഷത്തിലധികം പഴക്കമുള്ള, ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയ പര്‍വതനിരകളിലൊന്നായ ആരവല്ലി മലനിരകളുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകള്‍ക്ക്‌ താല്‍ക്കാലിക ആശ്വാസം നല്‍കിക്കൊണ്ട്‌ സുപ്രീം കോടതി നടത്തിയ പുതിയ ഇടപെടല്‍ ശ്രദ്ധേയമാണ്‌. ഒരു ഹരിത കവചമായി നിന്ന്‌, താര്‍ മരുഭൂമിയുടെ കിഴക്കോട്ടുള്ള വ്യാപനത്തെ തടയുകയും ഡല്‍ഹി പോലുള്ള മഹാനഗരങ്ങളിലെ മലിനീകരണത്തിന്റെ തീവ്രത കുറയ്‌ക്കുകയും ചെയ്യുന്ന ഈ മലനിരകളുടെ സംരക്ഷണം, കേവലം പ്രാദേശികമായ ഒരു വിഷയമല്ല;രാജ്യത്തിന്റെ പാരിസ്‌ഥിതിക സമഗ്രതയുമായി ബന്ധപ്പെട്ട അതിപ്രധാനമായ കാര്യമാണ്‌.
നവംബര്‍ 20ന്‌ സുപ്രീം കോടതി ശരിവച്ച, സര്‍ക്കാര്‍ വിദഗ്‌ദ്ധ സമിതിയുടെ 'നിയന്ത്രിത നിര്‍വചനം' ആണ്‌ ഇപ്പോഴത്തെ വിവാദങ്ങള്‍ക്ക്‌ ആധാരം. 100 മീറ്ററോ അതില്‍ കൂടുതലോ ഉയരമുള്ള കുന്നുകളേയും, 500 മീറ്റര്‍ ചുറ്റളവില്‍ സ്‌ഥിതി ചെയ്യുന്ന കുന്നിന്‍കൂട്ടങ്ങളേയും, ചരിവുകളേയും മാത്രം ആരവല്ലി മലനിരകളായി കണക്കാക്കാനുള്ള ഈ നിര്‍വചനം, പരിസ്‌ഥിതി പ്രവര്‍ത്തകരുടെയും പൊതുസമൂഹത്തിന്റെയും ഇടയില്‍ വലിയ ആശങ്കയാണ്‌ സൃഷ്‌ടിച്ചത്‌. ഈ നിയന്ത്രണം അംഗീകരിക്കപ്പെട്ടാല്‍, രാജസ്‌ഥാനില്‍ മാത്രമുള്ള 12,081 ആരവല്ലി കുന്നുകളില്‍ 1,048 എണ്ണത്തിന്‌ മാത്രമേ പാരിസ്‌ഥിതിക സംരക്ഷണം ലഭിക്കൂ എന്ന ഭീതി പരക്കെ ഉയര്‍ന്നു.
പരിസ്‌ഥിതി സംരക്ഷണത്തിന്റെ കാര്യത്തില്‍ ഇത്രയും 'ലളിതവല്‍ക്കരിച്ച' ഒരു നിര്‍വചനം സ്വീകാര്യമാണോ എന്ന ചോദ്യം പ്രസക്‌തമാണ്‌. കുറഞ്ഞ ഉയരമുള്ള കുന്നിന്‍പ്രദേശങ്ങളെ സംരക്ഷണ വലയത്തില്‍നിന്ന്‌ ഒഴിവാക്കുന്നത്‌, അവിടെയുള്ള ഖനന പ്രവര്‍ത്തനങ്ങള്‍ക്ക്‌ വാതില്‍ തുറന്നു കൊടുക്കുമെന്നും, അത്‌ പര്‍വതനിരകളുടെ മൊത്തത്തിലുള്ള പാരിസ്‌ഥിതിക ഭീഷണിക്ക്‌ കാരണമാകുമെന്നും ആരോപണമുയര്‍ന്നു.
സുപ്രീംകോടതിയുടെ ദീര്‍ഘവീക്ഷണം

ഈ പൊതു ആശങ്കകളെ സ്വമേധയാ പരിഗണിച്ചുകൊണ്ടാണ്‌ ചീഫ്‌ ജസ്‌റ്റിസ്‌ സൂര്യ കാന്ത്‌ അധ്യക്ഷനായ മൂന്നംഗ ബെഞ്ച്‌ സുപ്രധാനമായ വിധി പുറപ്പെടുവിച്ചത്‌. നവംബര്‍ 20ലെ വിധിക്ക്‌ സ്‌റ്റേ നല്‍കിയത്‌, 'നിയമപരമായ അന്തിമ തീരുമാനത്തില്‍ എത്തുന്നതുവരെ', നിലവിലുള്ള ചട്ടക്കൂടിന്റെ അടിസ്‌ഥാനത്തില്‍ മാറ്റാനാവാത്ത ഭരണപരമായതോ പാരിസ്‌ഥിതികമായതോ ആയ നടപടികള്‍ എടുക്കുന്നില്ലെന്ന്‌ ഉറപ്പാക്കാനാണ്‌.
ഏറ്റവും പ്രധാനമായി, കോടതിയുടെ മുന്‍കൂര്‍ അനുമതിയില്ലാതെ പുതിയതോ പുതുക്കിയതോ ആയ ഖനന പാട്ടങ്ങള്‍ അനുവദിക്കരുതെന്നും ഉത്തരവിട്ടു. ഇത്‌ ആരവല്ലി മലനിരകളുടെ സംരക്ഷണത്തിനായുള്ള സുപ്രീം കോടതിയുടെ ഉറച്ച നിലപാടിനെയാണ്‌ സൂചിപ്പിക്കുന്നത്‌. കുറഞ്ഞ കുന്നിന്‍പ്രദേശങ്ങളെ ഒഴിവാക്കുന്നത്‌ 'നിയന്ത്രണപരമായ ഒരു വലിയ പാളിച്ച' ആയിരിക്കുമെന്ന കോടതിയുടെ നിരീക്ഷണം, പാരിസ്‌ഥിതിക പ്രശ്‌നങ്ങളുടെ ഗൗരവം എത്രത്തോളമുണ്ടെന്ന്‌ വ്യക്‌തമാക്കുന്നു.

വിദഗ്‌ദ്ധ സമിതിയുടെ പ്രസക്‌തി

'സുസ്‌ഥിര ഖനനം' അല്ലെങ്കില്‍ 'നിയന്ത്രിത ഖനനം' അനുവദിക്കുന്നത്‌ പാരിസ്‌ഥിതികമായി ദോഷകരമാകുമോ എന്ന്‌ വിശകലനം ചെയ്യാന്‍ ഒരു ഉന്നതാധികാര സമിതിയെ രൂപീകരിക്കാനുള്ള ബെഞ്ചിന്റെ നിര്‍ദേശവും ഏറെ പ്രാധാന്യമര്‍ഹിക്കുന്നു. എല്ലാ പങ്കാളികളുമായും കൂടിയാലോചിച്ച്‌ സ്വതന്ത്രമായ വിദഗ്‌ദ്ധാഭിപ്രായങ്ങള്‍ തേടേണ്ടതിന്റെ ആവശ്യകത ചീഫ്‌ ജസ്‌റ്റിസ്‌ എടുത്തുപറഞ്ഞു.
പുതിയ നിര്‍വചനത്തില്‍നിന്ന്‌ ഒഴിവാക്കപ്പെട്ട പ്രദേശങ്ങള്‍, അവയുടെ പാരിസ്‌ഥിതിക തകര്‍ച്ചയ്‌ക്ക്‌ വിധേയമാകുമോയെന്നും, അത്‌ ആരവല്ലി ശൃംഖലയുടെ മൊത്തത്തിലുള്ള പാരിസ്‌ഥിതിക സമഗ്രതയെ അപകടത്തിലാക്കുമോ എന്നും ഈ സമിതി വിലയിരുത്തും. ചുരുക്കത്തില്‍, നിയമത്തിന്റെ 'സാങ്കേതിക പരിമിതികള്‍ക്ക്‌' അപ്പുറം, പ്രകൃതിയുടെ 'പാരിസ്‌ഥിതിക തുടര്‍ച്ച' പരിഗണിക്കപ്പെടണം എന്ന ചിന്താഗതിയാണ്‌ കോടതി മുന്നോട്ട്‌ വയ്‌ക്കുന്നത്‌.

ഇനി വേണ്ടത്‌ ശാസ്‌ത്രീയ സമീപനം

'നിയന്ത്രിത അതിര്‍വരമ്പുകള്‍, 'നോണ്‍ആരവല്ലി' പ്രദേശങ്ങളുടെ വ്യാപ്‌തി വര്‍ധിപ്പിക്കുകയും, അതുവഴി പാരിസ്‌ഥിതികമായി അടുത്ത ബന്ധമുള്ളതും എന്നാല്‍, സാങ്കേതികമായി ഒഴിവാക്കപ്പെട്ടതുമായ പ്രദേശങ്ങളില്‍ അനിയന്ത്രിതമായ ഖനനവും മറ്റ്‌ വിനാശകരമായ പ്രവര്‍ത്തനങ്ങളും തുടരുന്നതിന്‌ വഴിയൊരുക്കുകയും ചെയ്‌തിട്ടുണ്ടോ?' എന്ന കോടതിയുടെ ചോദ്യം വളരെ പ്രസക്‌തമാണ്‌.
ആരവല്ലി മലനിരകളുടെ നിര്‍വചനം സമഗ്രമായ ശാസ്‌ത്രീയവും, ഭൂമിശാസ്‌ത്രപരവുമായ കണക്കുകൂട്ടലുകള്‍ക്ക്‌ ശേഷവും, എല്ലാ കുന്നുകളുടേയും കൃത്യമായ അളവുകള്‍ എടുത്തതിനു ശേഷം മാത്രമേ എത്തിച്ചേരാന്‍ പാടുള്ളൂ എന്ന്‌ കോടതി അടിവരയിടുന്നു. 'മുഴുവന്‍ മലനിരകളുടെയും പാരിസ്‌ഥിതിക സമഗ്രത' നിലനിര്‍ത്തുന്നതിന്‌ നിര്‍വചനം കൂടുതല്‍ സൂക്ഷ്‌മവും അളന്നു തൂക്കിയതുമായിരിക്കണം.
ഭൂമിശാസ്‌ത്രപരമായി ഏറെ പ്രാധാന്യമുള്ള ഒരു പര്‍വതനിരയുടെ സംരക്ഷണം അതിന്റെ ചരിത്രപരവും പാരിസ്‌ഥിതികവുമായ മൂല്യങ്ങളെ അടിസ്‌ഥാനമാക്കിയുള്ളതായിരിക്കണം. കേവലം 100 മീറ്റര്‍ എന്ന ഉയരപരിധി വച്ച്‌ അതിന്റെ വിധി നിശ്‌ചയിക്കുന്നത്‌ അശാസ്‌ത്രീയമാണ്‌. ആരവല്ലിയുടെ ആത്‌മാവിനെ സംരക്ഷിക്കാനുള്ള ഈ പോരാട്ടത്തില്‍, സുപ്രീം കോടതിയുടെ പുതിയ നീക്കം വഴിത്തിരിവാകുമെന്ന്‌ പ്രതീക്ഷിക്കാം. ജനുവരി 21ന്‌ വീണ്ടും കേസ്‌ പരിഗണിക്കുമ്പോള്‍, ആരവല്ലിയുടെ ഭാവിക്കായി കൂടുതല്‍ വ്യക്‌തമായ മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാകുമെന്ന്‌ കരുതാം.

Ads by Google
Tuesday 30 Dec 2025 11.30 PM
YOU MAY BE INTERESTED
Ads by Google
TRENDING NOW