Friday, March 13, 2026 Last Updated 15 Min 10 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 10.03 AM

‘സല്ലാപ’ത്തില്‍ ഞാനും മഞ്ജുവും ചേര്‍ന്ന് അഭിനയിച്ചൊരു സീനുണ്ട്; ഒറ്റമുറിയിലെ ആ സീന്‍, അതിന്ന് കാണുമ്പോഴും ഇമോഷണലാകാറുണ്ട്...’ ദിലീപ്

ദിലീപ്, മഞ്ജു വാര്യര്‍ സിനിമകളില്‍ മുന്‍പന്തിയിലാണ് ‘സല്ലാപം’. ഇപ്പോഴിതാ ആ സിനിമയിലെ ഒരു രംഗം തന്നെയിപ്പോഴും ഇമോഷണലാക്കാറുണ്ടെന്ന് പറയുകയാണ് ദിലീപ്.
Dileep, Manju Warrier, Sallapam movie
Dileep about emotional scene in sallapam movie (Image Source: Youtube)

ദിലീപ്, മഞ്ജുവാര്യര്‍, മനോജ് കെ. ജയന്‍ എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തി തിയേറ്ററുകളില്‍ വന്‍വിജയമായി മാറിയ സൂപ്പര്‍ഹിറ്റ് ചിത്രമാണ് സുന്ദര്‍ദാസ് സംവിധാനം ചെയ്ത ‘സല്ലാപം’. ദിലീപിന്റെയും മഞ്ജുവിന്റെയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രണയവും കുടുംബത്തിന്റെ ഉത്തരവാദിത്തങ്ങളുടെ പേരില്‍ പ്രണയത്തെ ഉപേക്ഷിക്കുകയും ചെയ്യുന്ന നായകന്റെ കഥാപാത്രമാണ് ദിലീപ് അതില്‍ ചെയ്തത്. അന്നുമിന്നും പ്രേക്ഷകര്‍ കാണാനിഷ്ടപ്പെടുന്ന ദിലീപ് സിനിമകളില്‍ മുന്നിലാണ് ‘സല്ലാപം’.
ഇപ്പോഴിതാ തന്റെ പുത്തന്‍ സിനിമയായ ‘ഭഭബ’യുടെ പ്രൊമോഷന്റെ ഭാഗമായുള്ള അഭിമുഖത്തില്‍ ‘സല്ലാപം’ സിനിമയിലെ ഒരു സീന്‍ കാണുമ്പോള്‍ തനിക്ക് ഇപ്പോഴും സങ്കടം വരാറുണ്ടെന്ന് പറയുകയാണ് ദിലീപ്. സിനിമയില്‍ താന്‍ അഭിനയിച്ച സെന്റിമെന്റല്‍ സീന്‍ കണ്ടിട്ട് എപ്പോഴെങ്കിലും കണ്ണു നിറഞ്ഞിട്ടുണ്ടോ എന്ന അവതാരകയുടെ ചോദ്യത്തിനാണ് ദിലീപ് മറുപടി പറഞ്ഞത്.
‘‘പെര്‍ഫോം ചെയ്യുമ്പോള്‍ ഞാന്‍ റിയലായി അനുഭവിച്ചിട്ടുള്ള സീക്വന്‍സുകളില്‍ ഞാന്‍ കരഞ്ഞു പോയിട്ടുണ്ട്. അതുകൊണ്ട് അത്തരം സിനിമകള്‍ ഇപ്പോള്‍ കാണുമ്പോഴും ​ഇമോഷണലാകാറുണ്ട്. മിക്ക​പ്പോഴും സൗന്ദര്യം പോകാതെ കരയാനാണല്ലോ ശ്രമിക്കാറുള്ളത്. പക്ഷേ അങ്ങനെ കൈയില്‍ നിന്ന് പോയത് സല്ലാപത്തിലെ ഒരു സീനിലാണ്. ഞാന്‍ സല്ലാപം ചെയ്യുന്ന സമയത്ത് മഞ്ജു വരുന്ന ഒരു സീനുണ്ട്. എന്റെ ഒറ്റമുറിയുള്ള വീട്ടിലേക്ക് മഞ്ജു ഇറങ്ങിവരുന്ന ഒരു സീനുണ്ട്. ആ മുറിയില്‍ അച്ഛൻ വയ്യാതെ കിടക്കുന്നുണ്ട്. ഈ വീട്ടില്‍ എവിടെയാണ് പായ വിരിച്ചുതരേണ്ടതെന്ന് ഞാൻ ചോദിക്കുന്ന ഒരു സീനാണത്. ആ സമയത്ത് ഞാൻ യഥാർത്ഥത്തില്‍ കരഞ്ഞുപോയി. ഒന്നാമത് ആ സീനില്‍ അച്ഛനായി അഭിനയിക്കുന്നയാള്‍ക്ക് എവിടെയോ എന്റെ അച്ഛന്റെ രൂപസാദൃശ്യമുണ്ടായിരുന്നു. ഞാൻ ചെറുപ്പത്തില്‍ അതൊക്കെ അനുഭവിച്ചിട്ടുണ്ട്. ഞാനതു പോലെയുള്ള അവസ്ഥകളില്‍ കിടന്നിട്ടുണ്ട്, ഒരുപാട് കാലം. അവിടെ എന്റെ കൈയില്‍ നിന്ന് പോയിട്ട് ഞാന്‍ ശരിക്കും കരഞ്ഞുപോയി. കട്ടും പറഞ്ഞു കഴിഞ്ഞിട്ടും ഞാന്‍ ഇരുന്നു കരയുകയാണ്.
‘സദാനന്ദന്റെ സമയം’ എന്ന ചിത്രത്തിലെ ഒരു സീനില്‍ അഭിനയിച്ചപ്പോഴും സമാന അനുഭവം ഉണ്ടായി. വീട്ടില്‍ നിന്ന് ഇറങ്ങിപ്പോകുന്നൊരു സീനുണ്ടായിരുന്നു. എന്റെ ചെറുപ്പത്തില്‍ അപ്പൂപ്പന്റെയടുത്തു നിന്ന് അച്ഛന്‍ എന്റെ കൈ പിടിച്ച്, എന്റെ അനിയത്തിയെ തോളിലിട്ട് ഇറങ്ങിപ്പോയ ഒരു അനുഭവമുണ്ട്. അച്ഛന്റെ ചേട്ടന്‍ കാരണം ഒരു രാത്രിയില്‍ വീടു വിട്ടിറങ്ങേണ്ടി വന്ന അവസ്ഥയുണ്ടായിട്ടുണ്ട്. അതുമായി സാമ്യമുള്ള സീന്‍ സദാനന്ദന്റെ സമയത്തില്‍ വന്നപ്പോള്‍ ഞാന്‍ മാറിനിന്ന് കരഞ്ഞിട്ടുണ്ട്... സിനിമയില്‍ അന്നുമിന്നും കാണുമ്പോഴും ‘സല്ലാപ’ത്തിലെ ആ സീന്‍ ഇമോഷണലാക്കാറുണ്ട്...’’ ദിലീപ് പറഞ്ഞു. ഒരു യൂട്യൂബ് മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് മനസ്സു തുറന്നത്.

മോഹൻലാലുമൊത്ത് സിനിമകള്‍ ചെയ്തപ്പോഴുണ്ടായ മൊമന്റുകളെക്കുറിച്ചും ദിലീപ് അഭിമുഖത്തില്‍ പങ്കുവച്ചു. ‘‘ലാലേട്ടനെ എപ്പോഴും കടല്‍, ആന, മഴ എന്നിങ്ങനെ നോക്കിയിരിക്കുന്ന ചിലതില്‍ പെടുത്താനാണ് എനിക്കിഷ്ടം. നമ്മള്‍ മടുക്കാതെ നോക്കിയിരിക്കുന്നവയോട് ഉപമിക്കാനാണ് ഇഷ്ടം. എനിക്ക് അങ്ങനെയാണ് തോന്നുന്നത്. ചില ഗന്ധർവജന്മങ്ങള്‍ വരുമെന്ന് പറയില്ലേ. ഇതിനു വേണ്ടി വന്നയാളാണ്. അതുപോലെയാണ് മോഹൻലാല്‍. അവരുമായിട്ട് ഇടപഴകാനും കൂടെ നില്‍ക്കാനും അവരുടെ കൂടെ സിനിമ ചെയ്യാനുമൊക്കെ കഴിയുന്നത് ഞങ്ങളുടെ ദൈവാനുഗ്രഹമാണ്. അവർ ചേർത്തുപിടിക്കുന്നതാണ് ഞങ്ങളെ പോലുള്ളവരുടെ ഭാഗ്യം...’’ ദിലീപ് പറഞ്ഞു.

Ads by Google
Tuesday 30 Dec 2025 10.03 AM
YOU MAY BE INTERESTED
Ads by Google
LATEST NEWS
TRENDING NOW