Thursday, March 12, 2026 Last Updated 55 Min 34 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.05 AM

ഇന്ത്യന്‍ സിനിമയ്‌ക്ക്‌ സമാന്തര ഭാഷ ഒരുക്കിയ ചലച്ചിത്രകാരന്‍

uploads/news/2025/12/818129/3.jpg

ഇന്ത്യന്‍ സിനിമയ്‌ക്ക്‌ സമാന്തര ഭാഷയും ധാരയും നല്‍കിയവരില്‍ പ്രമുഖ ചലച്ചിത്ര സംവിധായകനായിരുന്നു ശ്യാം ബെനഗല്‍. ആ അതുല്യ ചലച്ചിത്രകാരന്‍ ഓര്‍മ്മയുടെ ഫ്രെയിമില്‍ ആയിട്ട്‌ ഒരു വര്‍ഷം പിന്നിടുന്നു. ബെനഗല്‍ ചിത്രങ്ങള്‍ വിവിധ കാരണങ്ങള്‍ കൊണ്ടാണ്‌ അനന്യമാകുന്നത്‌. അതില്‍ ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ ചലച്ചിത്ര സപര്യയുടെ സമ്പന്നതയും വൈവിധ്യവുമാണ്‌.
ശ്യാം ബെനഗല്‍ തന്റെ ജീവിതത്തില്‍ താരതമ്യേന വൈകിയാണ്‌ മുഴുനീള കഥാചിത്ര സംവിധാനത്തിലേക്ക്‌ കടന്നത്‌. 1934 ല്‍ ജനിച്ച ബെനഗല്‍ തന്റെ ആദ്യ ചിത്രമായ അങ്കൂര്‍ ചിത്രീകരിക്കുന്നത്‌ 1973ലാണ്‌. അതിനു മുന്‍പ്‌ തന്നെ അദ്ദേഹം ഒട്ടനവധി പരസ്യ ചിത്രങ്ങളും, രേഖാചിത്രങ്ങളും, ഹ്രസ്വചിത്രങ്ങളും നിര്‍മിച്ചിരുന്നു. ഈ മാധ്യമ പരിചയം ബെനഗല്‍ചിത്രങ്ങള്‍ എപ്പോഴും പുലര്‍ത്താറുള്ള സാങ്കേതിക മികവില്‍ പ്രകടമായി കാണാം. അഭിനേതാക്കളെ തെരഞ്ഞെടുക്കുന്നതിലും, ഛായാഗ്രഹണം, സന്നിവേശനം, ശബ്‌ദലേഖനം, സംഗീതം തുടങ്ങിയ മേഖലകളിലുമെല്ലാം ശ്യാം ബെനഗലിനുള്ള കൈയടക്കം ശ്രദ്ധേയമാണ്‌. മറ്റൊരു സവിശേഷത അദ്ദേഹം കൈകാര്യം ചെയ്യുന്ന വിഷയങ്ങളിലെ വൈവിധ്യമാണ്‌.
ആദ്യകാല റിയലിസ്‌റ്റിക്‌ ശൈലിയിലുള്ള ചിത്രങ്ങളില്‍ തുടങ്ങി സാഹിത്യ കൃതികളും ചരിത്ര പുരുഷന്മാരെ കുറിച്ചുമുള്ള ചിത്രങ്ങളും കുട്ടികള്‍ക്കായുള്ള സിനിമയും പിന്നീട്‌ ജനപ്രിയ ശൈലികള്‍ പിന്‍പറ്റുന്ന സമകാലിക ചിത്രങ്ങളും വരെ അദ്ദേഹത്തിന്റെതായിട്ടുണ്ട്‌. പല സ്‌ഥലങ്ങളെയും കാലഘട്ടങ്ങളെയും ഈ ആഖ്യാനങ്ങള്‍ പശ്‌ചാത്തലമാക്കി. ഗ്രാമീണ ഇന്ത്യയും ചരിത്രവും ആണ്‌ ബെനഗലിന്റെ ഇഷ്‌ട സ്‌ഥലകാല പരിസരം. കൊളോണിയലിസം, ഫ്യൂഡലിസം, ജാതീയത, സ്വാതന്ത്ര്യസമരം, സ്വാതന്ത്ര്യ ലബ്‌ധി, തീവ്രവാദ പ്രസ്‌ഥാനങ്ങള്‍, ദേശീയ വികസന പദ്ധതികള്‍, വര്‍ഗീയതയുടെ ഉദയം, ആഗോളവല്‍ക്കരണം തുടങ്ങി കഴിഞ്ഞ ഒരു നൂറ്റാണ്ടിലെ ഇന്ത്യന്‍ ചരിത്രത്തിലെ മാറ്റങ്ങളും ഗതിവിഗതികളും സിനിമകളില്‍ പ്രതിപാദ്യ വിഷയമാക്കാന്‍ അദ്ദേഹത്തിന്‌ സാധിച്ചിരുന്നു.
ശ്യാം ബെനഗലിന്റെ സിനിമാ ജീവിതത്തെ ഏറെ സ്വാധീനിച്ചത്‌ സത്യജിത്‌ റായ്‌ ആയിരുന്നു. പഥേര്‍ പാഞ്ചാലിയില്‍ തുടങ്ങുന്ന റായ്‌ സിനിമകളുടെ ലാളിത്യവും ഗ്രാമ്യയാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ ആവിഷ്‌കാരവും ബെനഗലിനെ കൂടുതല്‍ ആകര്‍ഷിച്ചു. തന്റെ ചലച്ചിത്ര അവബോധം കരുപ്പിടിപ്പിക്കുന്നതില്‍ റായ്‌ സിനിമകളുടെ പങ്ക്‌ അദ്ദേഹം ആവര്‍ത്തിച്ച്‌ പറയാറുണ്ട്‌.
ഇന്ത്യന്‍ നവതരംഗ പ്രസ്‌ഥാനത്തെ പൂര്‍ണമായും ശ്യാംബെനഗല്‍ പ്രതിനിധാനം ചെയ്യുന്നില്ല. നവതരംഗത്തിന്റെ ആവിഷ്‌കാര സംഗീതങ്ങള്‍ സ്വാംശീകരിച്ചു കൊണ്ട്‌ ഹിന്ദി റിയലിസ്‌റ്റിക്‌ സിനിമകളുടെ പാത സ്വീകരിക്കുകയായിരുന്നു ആഖ്യാനത്തില്‍ പുതുമ തേടുമ്പോഴും ഇന്ത്യന്‍ യാഥാര്‍ത്ഥ്യങ്ങളുടെ സത്യസന്ധമായ മുഖം അദ്ദേഹം മറയ്‌ക്കുന്നില്ല. അരനൂറ്റാണ്ടി ലേറെ നീളുന്ന ചലച്ചിത്രകാലത്തില്‍ സംവിധാനം ചെയ്‌ത എല്ലാ ചിത്രങ്ങളിലും അദ്ദേഹം ഈ നിഷ്‌കര്‍ഷത പുലര്‍ത്തിയിരുന്നു എന്ന്‌ കാണാം.
ബെനഗലിന്റെ
ഗ്രാമീണ ചിത്രത്രയങ്ങള്‍

ശ്യാംബെനഗലിന്‌ ഇന്ത്യന്‍ സമാന്തര സിനിമകളില്‍ ശക്‌തമായ സ്‌ഥാനം നേടിക്കൊടുത്ത ആദ്യകാല സിനിമകളാണ്‌ അങ്കൂര്‍, നിശാന്ത്‌, മന്ഥന്‍ എന്നിവ. അദ്ദേഹത്തിന്റെ പ്രശസ്‌തമായ ഗ്രാമീണ ചിത്രത്രയങ്ങളായാണ്‌ ഇവയെ നിരൂപകര്‍ വിശേഷിപ്പിക്കുന്നത്‌. തെലങ്കാന കര്‍ഷക സമരത്തിന്റെ ഫലമായുണ്ടായ തൊഴിലാളി മുന്നേറ്റത്തിന്റെ പശ്‌ചാത്തലത്തിലാണ്‌ അങ്കൂറിന്റെ കഥാതന്തു വികസിക്കുന്നത്‌. ഫ്യൂഡല്‍ വ്യവസ്‌ഥിതി കൊടികുത്തി വാണിടുന്ന ആന്ധ്രാ പ്രദേശിലെ ഒരു ഗ്രാമത്തില്‍ ദളിത്‌ വിഭാഗത്തിലുള്ള തൊഴിലാളികള്‍ അനുഭവിക്കേണ്ടിവരുന്ന കൊടും പീഡനങ്ങള്‍ ആണ്‌ അങ്കൂറില്‍ പ്രതിപാദിക്കുന്നത്‌. നിശാന്തില്‍ എത്തുമ്പോള്‍ ഫ്യൂഡല്‍ അടിച്ചമര്‍ത്തലും സാധാരണ ജനതയുടെ പ്രതിരോധവും കുറെ കൂടി തീവ്രമായി ആവിഷ്‌കരിക്കപ്പെടുന്നു. മന്ഥനില്‍ അടിച്ചമര്‍ത്തലിന്റെയും ചൂഷണത്തിന്റെയും വിമോചനത്തിന്റെയും പ്രമേയം ആവര്‍ത്തിക്കുകയാണ്‌. ദേശീയോദ്‌ഗ്രഥന മാതൃകയിലേക്ക്‌ നയിക്കുന്നു എന്ന സവിശേഷതയും ഉണ്ട്‌.
70-കളിലെയും 80-കളിലെയും സമാന്തര സിനിമ പ്രസ്‌ഥാനത്തില്‍ ശ്യാം ബെനഗലിന്റെ ചലച്ചിത്രങ്ങള്‍ പ്രധാന പങ്കുവഹിച്ചു. രാജ്യത്തെ ജാതിവ്യവസ്‌ഥ ഗ്രാമീണ ഫ്യൂഡലിസം എന്നിവയെ രൂക്ഷമായി വിമര്‍ശിച്ച അങ്കൂര്‍ ദേശീയ, രാജ്യാന്തര പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടി. മൂന്നാമത്തെ ചിത്രമായ നിശാന്ത്‌ കാന്‍ ചലച്ചിത്രമേളയില്‍ പാം ഡി ഓറിന്‌ നാമനിര്‍ദേശം ചെയ്യപ്പെട്ടു.
അദ്ദേഹത്തിന്റെ ഗ്രാമീണ ചിത്രങ്ങള്‍ക്കു പുറമേ ഭൂമിക, ജുനൂണ്‍ എന്നിവ ശക്‌തമായ സിനിമാറ്റിക്‌ ആഖ്യാനങ്ങളായി. 80-കളില്‍ ഇറങ്ങിയ കലിയുഗ്‌, ആരോഹന്‍, മണ്ടി, ത്രികാല, സുസ്‌മാന്‍ എന്നീ ചിത്രങ്ങള്‍ നിരൂപക പ്രശംസ നേടി. 18 ദേശീയ പുരസ്‌കാരങ്ങള്‍ ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്‌. ഇന്ത്യന്‍ സിനിമയിലെ പരമോന്നത ബഹുമതിയായ ദാദാസാഹിബ്‌ ഫാല്‍ക്കെ അവാര്‍ഡിനും അര്‍ഹനായി. 1976-ല്‍ പത്മശ്രീയും 1991-ല്‍ പത്മഭൂഷണും നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചു.
23 ഫീച്ചര്‍ ചിത്രങ്ങളും നാല്‍പതോളം ഡോക്യുമെന്ററികളും നിരവധി ഹ്രസ്വ ചിത്രങ്ങളും നിറഞ്ഞുനിന്ന ചലച്ചിത്ര വര്‍ഷങ്ങള്‍. സമാന്തര സിനിമയിലെ ഒരു സംവിധായകനെ സംബന്ധിച്ചിടത്തോളം അത്രയും കര്‍മനിരതനായ ഒരു ചലച്ചിത്രകാരന്റെ ജീവിതത്തിനാണ്‌ 2024 ഡിസംബര്‍ 23ന്‌ തിരശ്ശീല വീണത്‌.
സ്‌ത്രീകള്‍ക്ക്‌ എന്നും ശ്യാംബെനഗല്‍ സിനിമകളില്‍ പ്രധാനസ്‌ഥാനം ഉണ്ടായിരുന്നു. ചെറുത്തു നില്‍പിന്റെ ശക്‌തിയായി സ്‌ത്രീയെ അവതരിപ്പിക്കുകയായിരുന്നു അദ്ദേഹം. അങ്കൂറിലും മന്ഥനിലും ഇത്തരം സ്‌ത്രീ കഥാപാത്രങ്ങളെ അദ്ദേഹം ആവിഷ്‌കരിച്ചിരുന്നു.
പുരുഷമേധാവിത്വം കൊടി കുത്തി വാഴുന്ന ഒരു സാമൂഹികക്രമത്തില്‍ സ്‌ത്രീ ചൂഷണ വസ്‌തുവായി തീരുന്ന സാഹചര്യം നിലനില്‍ക്കുന്നു. സ്‌ത്രീ കഥാപാത്രങ്ങളിലൂടെ മധ്യവര്‍ഗ സദാചാര മൂല്യങ്ങളെ ചോദ്യം ചെയ്യാനും പരമ്പരാഗത കുടുംബ സങ്കല്‍പങ്ങളില്‍നിന്നും വിമോചിതരാകാന്‍ വെമ്പല്‍ കൊള്ളുന്ന സ്‌ത്രീകളെ അവതരിപ്പിക്കാനും അദ്ദേഹം ശ്രമിച്ചു.
ശ്യാം ബെനഗലിനെ മറ്റ്‌ സമാന്തര സിനിമ സംവിധായകരില്‍നിന്നു വേറിട്ട്‌ നിര്‍ത്തുന്ന ഒട്ടേറെ ഘടകങ്ങളുണ്ട്‌. ഏറ്റവും പ്രധാനം അദ്ദേഹത്തിന്റെ സിനിമകള്‍ പുലര്‍ത്തുന്ന വൈവിധ്യവും സത്യസന്ധതയും തന്നെയാണ്‌. സാമൂഹിക പ്രശ്‌നങ്ങളെ വെല്ലുവിളികളോടെ നേരിടുകയും പാര്‍ശ്വവല്‍ക്കരിക്കപ്പെട്ടവരോടൊപ്പം എന്നും നിലയുറപ്പിക്കുകയും ചെയ്‌തു. ഹിന്ദി ഭാഷാ സിനിമയ്‌ക്ക്‌ സാമൂഹിക പ്രതിബദ്ധതയുടെയും രാഷ്‌ട്രീയ സ്‌പന്ദനങ്ങളുടെയും ഒരു യഥാര്‍ത്ഥ മുഖം നല്‍കാനാണ്‌ അദ്ദേഹം ശ്രമിച്ചത്‌.
താരത്തിളക്കത്തിലും ആഡംബരങ്ങളിലും നിറഞ്ഞാടിയിരുന്ന ഹിന്ദി സിനിമയ്‌ക്ക്‌ യാഥാര്‍ത്ഥ്യങ്ങളുടെ ഒരു മുഖം സമ്മാനിച്ചത്‌ ആയിരിക്കും അദ്ദേഹത്തിന്റെ ഏറ്റവും വലിയ സംഭാവന. സമാന്തര സിനിമയിലെ മൗനത്തിന്റെ ഇടവേളകളും ആഖ്യാന ത്തിലെ ദുരൂഹതയൊന്നും ബെനഗല്‍ സിനിമകളില്‍ കാണാനാവില്ല.
സമാന്തര സിനിമ പ്രസ്‌ഥാനത്തിന്റെ കുത്തൊഴുക്കുകള്‍ നിലച്ചപ്പോള്‍ പല സംവിധായകരും പിന്നാക്കം പോയ സമയത്തും ശ്യാം ബെനഗല്‍ വെള്ളിത്തിരയില്‍ ശക്‌തമായ വിസ്‌മയം തീര്‍ത്തു കൊണ്ടിരിന്നു. ഇന്ത്യന്‍ മാസ്‌റ്റര്‍ സംവിധായകരായ സത്യജിത്‌ റായ്‌, ഋത്വിക്‌ ഘട്ടക്‌, മൃണാള്‍ സെന്‍ എന്നിവരടങ്ങുന്ന സിനിമകള്‍ക്കുള്ളില്‍നിന്നും വ്യത്യസ്‌തമായ വിഭാഗം പ്രേക്ഷകരെ അദ്ദേഹം കണ്ടെത്തി.
രാജേഷ്‌ പുത്തന്‍പുരയില്‍

Ads by Google
Tuesday 30 Dec 2025 09.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW