-->
ചോലനായ്‌ക്കര്‍ക്ക് പൊതു സമൂഹവുമായുള്ള സമ്പര്‍ക്കം മൂലം ഇതുവരെ കാണാതിരുന്ന അസുഖങ്ങളും വന്നു തുടങ്ങിയിട്ടുണ്ട്. മാനസികാരോഗ്യ തകരാര്‍ മുതല്‍ രക്‌തസമ്മര്‍ദവും പ്രമേഹവും വരെ ഇവരില്‍ ഇപ്പോള്‍ കണ്ടുവരുന്നു.
മാനസികവെല്ലുവിളി നേരിടുന്ന ചോലനായ്‌ക്കരുടെ എണ്ണം അനുദിനം വര്‍ധിച്ചുവരുകയാണ്. നിലവില്‍ 11പേര്‍ക്കാണു മാനസികാരോഗ്യ ബുദ്ധിമുട്ടുള്ളത്. കൂടുതലും കുപ്പമല ഭാഗത്താണ് കണ്ടുവരുന്നത്. പുരുഷന്മാരെ അപേക്ഷിച്ച് സ്‌ത്രീകളിലാണ് മാനസികാരോഗ്യ പ്രശ്‌നങ്ങള്‍ കൂടുതലായുള്ളത്. ഇത് മറ്റ് അസുഖങ്ങളിലേക്കു നയിക്കുന്ന സാഹചര്യങ്ങളും നിലനില്‍ക്കുന്നു.
അച്ചനളയിലും അസുഖ ബാധിതരുണ്ട്. 2017ലെ കണക്ക് പ്രകാരം മാഞ്ചീരി മേഖലയിലെ ബാലന്‍, മണ്ണള സച്ചിന്‍, മണ്ണള കുങ്കന്‍, കൂട്ടുമല ചാത്തന്‍, കുപ്പുമല ചാത്തന്‍, മാതു, കുപ്പുമല കാളന്‍, ജയരാജ്, പൂച്ചപ്പാറ ആനി, കരിക്ക, വീരന്‍, ചാത്തന്‍, അച്ചനള ചാത്തി, മണ്ണള വീരന്റെ മകന്‍, പാട്ടക്കരിമ്പിലെ നിഷയുടെ സഹോദരി എന്നിവരെല്ലാം മനസിന്റെ താളം തെറ്റിയവരായിരുന്നു. ഇവരില്‍ ചിലര്‍ മരിച്ചു. ഉള്‍ക്കാടുകളില്‍ കഴിയുന്ന ഇവരെ ചികിത്സിക്കാനോ കൗണ്‍സലിങ് നല്‍കാനോ സംവിധാനങ്ങളൊന്നുമില്ല. നാട്ടിലെത്തിച്ചാല്‍തന്നെ ഇവര്‍ക്കു ഡോക്‌ടര്‍മാരോട് ആശയ വിനിമയം സാധ്യമാകുന്നില്ല. ചികിത്സ നല്‍കിയാലും തുടര്‍പരിചരണത്തിനും പുനരധിവാസത്തിനും മാര്‍ഗമില്ല.
കുഷ്‌ഠരോഗം ഇന്ന് സമുദായത്തിലെ പ്രധാന അസുഖമായി മാറിക്കൊണ്ടിരിക്കുകയാണ്. മാഞ്ചീരി വന മേഖലയില്‍നിന്നും നിലവില്‍ മൂന്ന് ആളുകള്‍ക്കാണ് ഈ രോഗം റിപ്പോര്‍ട്ട് ചെയ്പ്പെട്ടിട്ടുള്ളത്. ഷുഗര്‍, പ്രഷര്‍ പോലെയുള്ളവ കൂടുതല്‍ കാണാന്‍ ഇടയാവുകയും വേണ്ട രീതിയിലുള്ള പരിചരണങ്ങള്‍ ലഭിക്കാതെ പോകുന്നു. രണ്ടു മരണങ്ങള്‍ വരെ സംഭവിച്ചിട്ടുണ്ട്.
തലച്ചോറിലെ വെന്‍ട്രിക്കിളുകളില്‍ സെറിബ്രോസ്‌പൈനല്‍ ദ്രാവകംഅസാധാരണമായി അടിഞ്ഞുകൂടുന്ന ഹെഡ്രോസെഫാലസ് എന്ന അസുഖവും മേഖലയില്‍ റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. നിലവില്‍ അസുഖ ബാധിതനായ ഒരാള്‍ ചികിത്സയിലാണ്. മൂന്നു പേര്‍ ടി.ബി. രോഗികളാണ്.
കൂടുതല്‍പേര്‍ക്കും ഹീമോഗേ്ലാബിന്റെ കുറവ്
സമുദായത്തില്‍ നേരിടുന്ന പ്രധാന പ്രശ്‌നങ്ങളില്‍ ഒന്നാണ് രക്‌തത്തിലെ ഹീമോഗേ്ലാബിന്റെ അളവ് കുറഞ്ഞുവരുന്നത്. രക്‌തം പരിശോധിച്ച ആളുകളില്‍നിന്ന് 16 പേര്‍ക്ക് ഹീമോഗേ്ലാബിന്റെ അളവ് വളരെ കുറവായി രേഖപ്പെടുത്തിയിട്ടുണ്ട്. രണ്ട് പുരുഷന്മാരും 14 സ്‌ത്രീകളുമാണ് ഹീമോാേബിന്‍ വളരെ കുറഞ്ഞതായി കണ്ടെത്തിയിട്ടുള്ളത്.
പുതിയ കാര്യങ്ങള്‍ പഠിക്കാനും വിവരങ്ങള്‍ മനസിലാക്കാനും ഓര്‍മിക്കാനും ബുദ്ധിമുട്ടുണ്ടാക്കുന്ന പഠന വൈകല്യം നിരവധി പേര്‍ക്കു റിപ്പോര്‍ട്ട് ചെയ്‌തിട്ടുണ്ട്. കുട്ടികള്‍ക്ക് ഈ അവസ്‌ഥ ഒരു പ്രശ്‌നമായി മാറുന്നു എന്നുള്ളത് അവരുടെ സ്‌കൂള്‍ കാലഘട്ടം പരിശോധിച്ചാല്‍ മനസിലാക്കാന്‍ സാധിക്കുന്നുവെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടുന്നു.
ആഹാര രീതിയില്‍ വന്ന മാറ്റങ്ങളാണ് ഇവരില്‍ പല അസുഖങ്ങള്‍ക്കും കാരണമാകുന്നത്. താമസസ്‌ഥലത്തിന്റെ പരിസരങ്ങളില്‍ കൃഷി ചെയ് അത്യാവശ്യ ഭക്ഷ്യവസ്‌തുക്കള്‍ ഉത്‌പാദിപ്പിക്കുക എന്നതാണ് ഒരു പരിഹാരമാര്‍ഗമായി ചൂണ്ടിക്കാട്ടുന്നത്. ഊരുകളിലെ ആരോഗ്യ സ്‌ഥിതി നിരന്തരം നിരീക്ഷിക്കാന്‍ ഹെല്‍ത്ത് കീപ്പര്‍മാരെ നിയമിക്കുന്നത് ഏറെ സഹായകരമായിരിക്കും. ഓരോ രോഗിയെയും നിരീക്ഷിക്കാനും അവരുടെ വിവരങ്ങള്‍ സൂക്ഷിക്കാനും ഇത് അത്യന്താപേക്ഷിതമാണ്.
ഊരുകളില്‍നിന്ന് ആശുപത്രിയിലെത്തിക്കുന്നവര്‍ക്ക് കൂട്ടിരിക്കാന്‍ ആളില്ലാത്തത് പലപ്പോഴും പ്രതിസന്ധിയുണ്ടാക്കുന്നു. ആശുപത്രിയിലെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാതെ കൂടെ വരുന്നവര്‍ തിരിച്ചു പോകുകയാണ് പലപ്പോഴും. ഇതുമൂലം രോഗി ഒറ്റപ്പെടും. ഇതു പരിഹരിക്കാന്‍ ഇവര്‍ക്കായി ഷെല്‍ടര്‍ ഹോമുകള്‍ ഉണ്ടാക്കുന്നത് സഹായകമാകും. പഠന ആവശ്യങ്ങള്‍ക്ക് വരുന്നവര്‍ക്കും ഇത് സഹായകമാകും. വന്യജീവി ആക്രമണമുണ്ടാകുമ്പോള്‍ പ്രാഥമിക ശുശ്രൂഷ നല്‍കാനുള്ള പരിശീലനം ഊരുകളിലുള്ളവര്‍ക്ക് നല്‍കേണ്ടതുണ്ട്.
കുരങ്ങുപനി പിടിച്ചുനിര്‍ത്തി
മാഞ്ചീരിയിലെ വിവിധമേഖലയില്‍ പടര്‍ന്നുപിടിച്ച, കുരങ്ങുപനി എന്നറിയപ്പെടുന്ന ക്യാസനൂര്‍ ഫോറസ്‌റ്റ് ഡിസീസ് (കെ.എഫ്.ഡി.) ആരോഗ്യവകുപ്പിന്റെ ഇടപെടല്‍മൂലം പിടിച്ചുനിര്‍ത്താനായതു രക്ഷയായി. ഒരുപക്ഷേ, ഈ രോഗം കണ്ടുപിടിക്കാന്‍ വൈകിയിരുന്നെങ്കില്‍ ചോലനായ്‌ക്കരുടെ വംശനാശം ഇതിനുമുമ്പേ സംഭവിക്കുമായിരുന്നെന്നു പ്രതിരോധ വാക്‌സിനേഷന്‍ നടത്തിയ ഉദ്യോഗസ്‌ഥര്‍ പറയുന്നു.
പരിശോധനയില്‍ അഞ്ചുപേര്‍ക്കാണു കുരങ്ങുപനി സ്‌ഥിരീകരിച്ചത്. മാഞ്ചീരി നാഗമലയിലെ വെള്ളക(36)യാണു വര്‍ഷങ്ങള്‍ക്കു മുമ്പ് ആദ്യം രോഗബാധിതയായത്. തുടക്കത്തില്‍ ഡെങ്കിപ്പനിയെന്നാണു ഡോക്‌ടര്‍മാര്‍ കരുതിയത്. വിശദമായ പരിശോധനയില്‍ കുരങ്ങുപനിയാണെന്നു സ്‌ഥിരീകരിച്ചു. ഈ രോഗത്തിനുള്ള പ്രതിരോധ വാക്‌സിന്‍ അന്നു കേരളത്തില്‍ ഇല്ലായിരുന്നു. ഡെപ്യൂട്ടി ഡി.എം.ഒയായിരുന്ന ഡോ. നൂനമര്‍ജയുടെ ശ്രമഫലമായി കര്‍ണാടകയില്‍നിന്നാണു വാക്‌സിന്‍ എത്തിച്ചത്. മാനസികവിഭ്രാന്തിക്കു പുറമേ രക്‌തസ്രാവവും പിടിപെട്ട് മരണംവരെ സംഭവിക്കാവുന്ന രോഗമായിരുന്നു കുരങ്ങുപനി. രോഗം കണ്ടുപിടിച്ചതോടെ കോളനിക്കാര്‍ക്കു മുഴുവന്‍ പ്രതിരോധകുത്തിവയ്‌പ്പു നടത്തിയതാണു രക്ഷയായത്.
കിലോമീറ്ററുകള്‍ മല കയറിയാലേ ഇവരുടെ അളകളില്‍ (താമസസ്‌ഥലം) എത്താന്‍ കഴിയൂ. കരുളായി പ്രാഥമികാരോഗ്യകേന്ദ്രത്തില്‍നിന്നാണ് അടിയന്തരഘട്ടങ്ങളില്‍ ആരോഗ്യപ്രവര്‍ത്തകര്‍ അവിടെയെത്തിയിരുന്നത്. എന്നാല്‍ ആദിവാസികളുടെ ദുഃസ്‌ഥിതി സംബന്ധിച്ച വാര്‍ത്തകള്‍ പുറത്തുവരുന്നതു തടയാന്‍ അവരുടെ സന്ദര്‍ശനം അധികൃതര്‍ വിലക്കി. പനി ബാധിച്ച് ഒരാഴ്‌ചയോളം അളയില്‍ കിടന്ന താടിമാതനെ ഡി.എം.ഒയുടെ വിലക്ക് മറികടന്ന്, കരുളായി പി.എച്ച്.സിയിലെ ജീവനക്കാരാണു നിലമ്പൂരിലെ ജില്ലാ ആശുപത്രിയിലെത്തിച്ചത്.
ആശുപത്രിയില്‍ പോയാല്‍
കേസെടുക്കുമെന്ന് ഭയം
പലവിധ അസുഖങ്ങള്‍ ഉണ്ടാകുമ്പോഴും ആസുപത്രിയില്‍ ചികിത്സയ്‌ക്കു പോകാന്‍ ഇവര്‍ക്കു ഭയമാണ്. പ്രായപൂര്‍ത്തിയാകാത്ത കുട്ടികളെ ആശുപത്രിയിലെത്തിച്ചപ്പോള്‍ രണ്ടു പേര്‍ക്ക് എതിരേ പോക്‌സോ കേസ് എടുത്തതാണ് ഇതിനു കാരണം. ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ശൈശവ വിവാഹം നടന്ന കാര്യം ഡോക്‌ടര്‍മാര്‍ അറിയുന്നത്. അവര്‍ ഇക്കാര്യം പോലീസിനെ അറിയിച്ചപ്പോള്‍ കേസെടുത്തു. എന്നാല്‍, നിയംവിരുദ്ധകാര്യം ചെയ്‌തതിനാണ് കേസെടുത്തതെന്ന് ഇവര്‍ മനസിലാക്കിയില്ല. ചികിത്സയ്‌ക്കു പോയപ്പോള്‍ കേസെടുത്തു എന്നു കരുതിയവര്‍ക്ക് ഇപ്പോള്‍ ആശുപത്രിയില്‍ പോകാന്‍ ഭയമാണ്. ഇതുകൊണ്ടുതന്നെ പല അസുഖങ്ങള്‍ക്കും ഇപ്പോഴും നാടന്‍ ചികിത്സ നടത്തുന്നവരുണ്ട്.
(അവസാനിച്ചു)