Wednesday, March 11, 2026 Last Updated 2 Min 28 Sec ago English Edition
Todays E paper
Ads by Google
Tuesday 30 Dec 2025 09.05 AM

ജനാധിപത്യത്തെ വില്‍പ്പനയ്‌ക്ക്‌ വയ്‌ക്കുമ്പോള്‍

uploads/news/2025/12/818127/1.jpg

തെരഞ്ഞെടുപ്പിനു ശേഷം തദ്ദേശ സ്വയംഭരണ സ്‌ഥാപനങ്ങള്‍ അധികാരക്കച്ചവടത്തിന്റെ ലേലത്തറകളായി മാറുന്ന കാഴ്‌ചയാണ്‌ കേരളത്തില്‍ ചിലയിടങ്ങളില്‍ കണ്ടുകൊണ്ടിരിക്കുന്നത്‌. വോട്ടര്‍മാര്‍ തങ്ങളില്‍ അര്‍പ്പിച്ച വിശ്വാസത്തെയും, തങ്ങള്‍ പ്രതിനിധീകരിക്കുന്ന പ്രസ്‌ഥാനങ്ങളുടെ രാഷ്‌ട്രീയത്തെയും കാറ്റില്‍ പറത്തിക്കൊണ്ട്‌ ജനപ്രതിനിധികള്‍ കൂറുമാറുന്ന പ്രവണത ജനാധിപത്യ സംവിധാനത്തോടുള്ള പരസ്യമായ വെല്ലുവിളിയാണ്‌. തൃശൂരിലെ മറ്റത്തൂര്‍ മുതല്‍ തിരുവനന്തപുരത്തെ നാവായിക്കുളം വരെയും ആലപ്പുഴയിലെ പുളിങ്കുന്ന്‌ വരെയും നീളുന്ന ഈ കൂറുമാറ്റ പരമ്പരകള്‍ നല്‍കുന്ന സൂചന അത്യന്തം അപകടകരമാണ്‌. ജനവിധി എന്നത്‌ സാങ്കേതികമായി മാത്രം നിലനില്‍ക്കുന്ന ഒന്നാണെന്നും, ജയിച്ചുകഴിഞ്ഞാല്‍ പിന്നെ അധികാരം നേടാന്‍ എന്ത്‌ കുറുക്കുവഴിയും സ്വീകരിക്കാമെന്നുമുള്ള തെറ്റായ ധാരണ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ക്കും ജനപ്രതിനിധികള്‍ക്കും ഇടയില്‍ വര്‍ധിച്ചുവരുന്നു.
മറ്റത്തൂരില്‍ നടന്നത്‌ 'ഓപ്പറേഷന്‍ ലോട്ടസ്‌' ആണെന്ന്‌ മുഖ്യമന്ത്രിയും, മറിച്ച്‌ അത്‌ സി.പി.എമ്മിന്റെ കുതിരക്കച്ചവടത്തിനുള്ള മറുപടിയാണെന്ന്‌ കോണ്‍ഗ്രസും വാദിക്കുമ്പോള്‍, യഥാര്‍ത്ഥത്തില്‍ തോല്‍ക്കുന്നത്‌ വോട്ടറാണ്‌. ഒരു ചിഹ്‌നത്തില്‍ വോട്ടുചെയ്‌ത്‌ വിജയിപ്പിച്ച ജനപ്രതിനിധി, പിറ്റേന്ന്‌ വോട്ടര്‍മാര്‍ രാഷ്‌ട്രീയമായി എതിര്‍ക്കുന്ന ചേരിയില്‍ പോയി നിന്ന്‌ അധികാരം പങ്കിടുമ്പോള്‍ അത്‌ ആ വോട്ടറുടെ രാഷ്‌ട്രീയബോധത്തെ പരിഹസിക്കലാണ്‌. മറ്റത്തൂരില്‍ കോണ്‍ഗ്രസ്‌ അംഗങ്ങള്‍ ബി.ജെ.പി പിന്തുണയോടെ വിമതയെ പ്രസിഡന്റാക്കിയതും, നാവായിക്കുളത്തും പുളിങ്കുന്നിലും കോണ്‍ഗ്രസ്‌ അംഗങ്ങള്‍ എല്‍.ഡി.എഫിനൊപ്പം ചേര്‍ന്ന്‌ ഭരണം അട്ടിമറിച്ചതും ഒരേ നാണയത്തിന്റെ ഇരുവശങ്ങള്‍ തന്നെയാണ്‌. പ്രത്യയശാസ്‌ത്രപരമായ വിയോജിപ്പുകള്‍ മാറ്റിവെച്ച്‌, കേവലമായ അധികാരസ്‌ഥാനങ്ങള്‍ക്ക്‌ വേണ്ടി രൂപപ്പെടുന്ന ഇത്തരം അവിശുദ്ധ കൂട്ടുകെട്ടുകള്‍ രാഷ്‌ട്രീയ സദാചാരത്തിന്റെ എല്ലാ സീമകളും ലംഘിക്കുന്നവയാണ്‌.
പാര്‍ട്ടികള്‍ നല്‍കുന്ന വിപ്പുകള്‍ ലംഘിക്കപ്പെടുന്നതും, നേതൃത്വത്തിന്റെ അറിവോടെയോ അല്ലാതെയോ പ്രാദേശിക തലത്തില്‍ സഖ്യങ്ങള്‍ രൂപപ്പെടുന്നതും രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്കുള്ളിലെ അച്ചടക്കമില്ലായ്‌മയെയാണ്‌ തുറന്നുകാട്ടുന്നത്‌. 'വിപ്പ്‌ നല്‍കിയില്ല' എന്ന സാങ്കേതിക ന്യായങ്ങള്‍ നിരത്തി കൂറുമാറ്റത്തെ ന്യായീകരിക്കുന്നത്‌ പരിഹാസ്യമാണ്‌. തങ്ങളെ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിച്ച പാര്‍ട്ടിയോടും, ആ പാര്‍ട്ടി മുന്നോട്ട്‌ വയ്‌ക്കുന്ന രാഷ്‌ട്രീയത്തോടും പ്രാഥമികമായ കൂറ്‌ പുലര്‍ത്താന്‍ കഴിയാത്തവര്‍ എങ്ങനെയാണ്‌ പൊതുജനങ്ങളോട്‌ നീതി പുലര്‍ത്തുക? സി.പി.എം, ബി.ജെ.പി, എസ്‌.ഡി.പി.ഐ തുടങ്ങിയ കക്ഷികളുമായി സഖ്യം പാടില്ലെന്ന കോണ്‍ഗ്രസിന്റെ പ്രഖ്യാപിത നിലപാടും, വര്‍ഗീയ കക്ഷികളുമായി കൂട്ടുകൂടില്ലെന്ന സി.പി.എമ്മിന്റെ അവകാശവാദങ്ങളും പ്രാദേശിക തലത്തില്‍ അധികാരത്തിനു വേണ്ടി സൗകര്യപൂര്‍വം മറക്കുകയാണ്‌.
കൂറുമാറ്റ നിരോധന നിയമം നിലവിലുണ്ടെങ്കിലും, അതിന്റെ സാങ്കേതിക പിഴവുകളിലൂടെ നുഴഞ്ഞുകയറി അധികാരം പിടിച്ചെടുക്കാനുള്ള തന്ത്രങ്ങളാണ്‌ എങ്ങും നടക്കുന്നത്‌. സ്വന്തം പാര്‍ട്ടിയിലെ അംഗങ്ങളെ പോലും വിശ്വസിക്കാന്‍ കഴിയാത്ത അവസ്‌ഥയിലേക്ക്‌ നേതൃത്വങ്ങള്‍ എത്തിയിരിക്കുന്നു. അരുണാചലിലും ഗോവയിലും പുതുച്ചേരിയിലും നടന്ന കൂറുമാറ്റങ്ങളെ ചൂണ്ടിക്കാട്ടി പരസ്‌പരം പഴിചാരുമ്പോള്‍, കേരളത്തിലെ മുഖ്യധാരാ രാഷ്‌ട്രീയപ്പാര്‍ട്ടികള്‍ തിരിച്ചറിയേണ്ട ഒരു സത്യമുണ്ട്‌;ഇവിടെയും മണ്ണൊരുങ്ങുന്നത്‌ അത്തരം 'ആയാറാം ഗയാറാം' രാഷ്‌ട്രീയത്തിനാണ്‌. അധികാരത്തിന്റെ അപ്പക്കഷ്‌ണങ്ങള്‍ക്ക്‌ വേണ്ടി ആദര്‍ശം പണയം വയ്‌ക്കുന്ന ജനപ്രതിനിധികള്‍ ജനാധിപത്യത്തിന്റെ അന്തകരാണ്‌. ജനങ്ങള്‍ നല്‍കിയ വിധി മാനിക്കാനും, അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരിക്കേണ്ടി വന്നാലും ആദര്‍ശത്തില്‍ ഉറച്ചുനില്‍ക്കാനുമുള്ള രാഷ്‌ട്രീയ മാന്യത ഇല്ലാതാകുന്നിടത്ത്‌ ജനാധിപത്യം ഒരു പ്രഹസനമായി മാറും. വോട്ടര്‍മാര്‍ അത്‌ തിരിച്ചറിയുകയും തക്കസമയത്ത്‌ പ്രതികരിക്കുകയും ചെയ്യുമെന്ന്‌ ഈ കൂറുമാറ്റക്കാര്‍ ഓര്‍ക്കുന്നത്‌ നന്ന്‌.ന്റ

Ads by Google
Tuesday 30 Dec 2025 09.05 AM
YOU MAY BE INTERESTED
Ads by Google
TRENDING NOW